പോസ്റ്റഡ് ഓണ്‍:
24 MAY 2026 5:49PM by PIB Thiruvananthpuram
2026-ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (പ്രിലിമിനറി) പരീക്ഷ ഉൾപ്പെടെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ 2026 മേയ് 24-ന് രാജ്യത്തുടനീളം 83 നഗരങ്ങളിലെ 2,072 പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തി. പരീക്ഷയ്ക്കായി അപേക്ഷിച്ച ആകെ 8,19,732 ഉദ്യോഗാർത്ഥികളിൽ താൽക്കാലിക കണക്കുകൾ പ്രകാരം ഏകദേശം 5.49 ലക്ഷം ഉദ്യോഗാർത്ഥികൾ അഥവാ 67 ശതമാനത്തോളം പേർ പരീക്ഷയെഴുതി. 2025-ൽ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയ്ക്ക് അപേക്ഷിച്ച ആകെ ഒമ്പതര ലക്ഷത്തോളം ഉദ്യോഗാർത്ഥികളിൽ 61 ശതമാനത്തോളം പേർ അതായത് ഏകദേശം 5.8 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്.
പരീക്ഷയിൽ ആൾമാറാട്ടം തടയാനും പരീക്ഷാ നടത്തിപ്പിൻ്റെ സുതാര്യത ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഇത്തവണ കമ്മീഷൻ പരീക്ഷാ വേദികളിൽ ഉദ്യോഗാർത്ഥികളുടെ തത്സമയ മുഖം തിരിച്ചറിയൽ സംവിധാനം ആദ്യമായി അവതരിപ്പിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇ-ഗവേണൻസ് വിഭാഗം വഴി തദ്ദേശീയമായി വികസിപ്പിച്ച ഈ സംവിധാനം 2,072 വേദികളിലും വിജയകരമായി പ്രവർത്തിച്ചു. യുപിഎസ്‌സി നടത്തിയതിൽ ഏറ്റവും വലിയ തത്സമയ മുഖം തിരിച്ചറിയൽ പ്രക്രിയയുടെ 100 ശതമാനം വിജയം കമ്മീഷൻ്റെ സുതാര്യതാ നടപടികളിലെ വലിയ ചുവടുവെപ്പാണ്.
പരീക്ഷ നടത്തിപ്പിന് അശ്രാന്തം പ്രയത്നിച്ച നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ, നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്റർ എന്നിവയിലെ ഉദ്യോഗസ്ഥരുടെയും യുപിഎസ്‌സിയിലെ മുഴുവൻ സംഘത്തിൻ്റെയും പ്രവർത്തനങ്ങളിൽ അങ്ങേയറ്റം സന്തുഷ്ടനാണെന്ന് പരീക്ഷ സുഗമമായി നടത്തിയതിൽ സംതൃപ്തി രേഖപ്പെടുത്തി യുപിഎസ്‌സി ചെയർമാൻ ഡോ. അജയ് കുമാർ പറഞ്ഞു. കൂടാതെ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കുകയെന്നത് ഏറ്റവും സങ്കീർണമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നുവെന്നും അത് സുഗമമായി നടപ്പാക്കാനായത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനപരമായ നിർദിഷ്ട മാർഗനിർദേശങ്ങളും പരീക്ഷാ ചട്ടങ്ങളും കർശനമായി പാലിച്ച് രണ്ട് നിർബന്ധിത സെഷനുകളായാണ് പരീക്ഷ നടത്തിയത്. രാവിലെ 09:30 മുതൽ 11:30 വരെ ജനറൽ സ്റ്റഡീസ് (പേപ്പർ-I) പരീക്ഷയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 02:30 മുതൽ 04:30 വരെ സിവിൽ സർവീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പേപ്പർ-II) പരീക്ഷയും നടത്തി.
ഏറ്റവും കൂടുതൽ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ച നഗരങ്ങളിൽ ഡൽഹിയാണ് മുന്നില്‍. 144 കേന്ദ്രങ്ങളിലായി 70,885 ഉദ്യോഗാർത്ഥികളാണ് ഡല്‍ഹിയില്‍ അപേക്ഷിച്ചത്. തൊട്ടുപിന്നാലെ ഹൈദരാബാദില്‍ 100 കേന്ദ്രങ്ങളിലായി 44,209 ഉദ്യോഗാർത്ഥികളുടെയും പട്നയില്‍ 79 കേന്ദ്രങ്ങളിലായി 39,147 ഉദ്യോഗാർത്ഥികളുടെയും അപേക്ഷ രേഖപ്പെടുത്തി. അതേസമയം ഒരു കേന്ദ്രത്തിലെ 98 ഉദ്യോഗാർത്ഥികളുമായി ഏറ്റവും കുറഞ്ഞ അപേക്ഷ രേഖപ്പെടുത്തിയത് കാർഗിലിലാണ്. പോർട്ട് ബ്ലെയറിൽ ഒരു കേന്ദ്രത്തില്‍ 270 ഉദ്യോഗാർത്ഥികളും ലേയിൽ (ലഡാക്ക്) രണ്ട് കേന്ദ്രങ്ങളിലായി 308 ഉദ്യോഗാർത്ഥികളും അപേക്ഷിച്ചിരുന്നു.
ഉദ്യോഗാർത്ഥികളുടെ സൗകര്യാര്‍ത്ഥം എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് കുടിവെള്ളം, പവർ ബാക്കപ്പ്, മെഡിക്കൽ സഹായം, തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശൗചാലയ സൗകര്യങ്ങൾ, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട മതിയായ നടപടികൾ എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കി. പരീക്ഷ കൃത്യമായി നടത്തുന്നതിന് പരിശീലനം നേടിയ ഇൻവിജിലേറ്റർമാരെയും സുരക്ഷാ ജീവനക്കാരെയും എല്ലാ കേന്ദ്രങ്ങളിലും വിന്യസിച്ചിരുന്നു. പരീക്ഷാ നടത്തിപ്പ് നിഷ്പക്ഷവും സുരക്ഷിതവുമാക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും മൊബൈൽ സിഗ്നൽ ജാമറുകളും സ്ഥാപിച്ചു.
പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ നടത്തിയ ശ്രമത്തിൻ്റെ ഭാഗമായി ഭുവനേശ്വർ, കാൺപൂർ, മീററ്റ് എന്നിവിടങ്ങളിൽ യുപിഎസ്‍സി ഈ വർഷം മൂന്ന് പുതിയ പരീക്ഷാ കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി. ഉദ്യോഗാർത്ഥികൾക്ക് സമീപത്തെ താല്പര്യമുള്ള നഗരങ്ങൾ രേഖപ്പെടുത്താൻ സഹായിക്കുന്ന സംവിധാനവും കമ്മീഷൻ അവതരിപ്പിച്ചു. ഈ പ്രക്രിയയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ മുൻഗണന സംബന്ധിച്ച സർവേയായി കണക്കാക്കുകയും ഭാവിയിൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും.
പരീക്ഷാ നടത്തിപ്പില്‍ സുതാര്യത വർധിപ്പിക്കാൻ നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായി ചരിത്രത്തിലാദ്യമായി പരീക്ഷ പൂർത്തിയായ ഉടൻ താല്ക്കാലിക ഉത്തരസൂചിക യുപിഎസ്‌സി പുറത്തുവിടും. താല്ക്കാലിക ഉത്തരസൂചിക സംബന്ധിച്ച് പരീക്ഷ നടന്ന തീയതി മുതൽ ഏഴാം ദിവസം വൈകിട്ട് 6:00 മണി വരെ, അതായത് 2026 മേയ് 31 വരെ ഉദ്യോഗാർത്ഥികളിൽ നിന്ന് ആക്ഷേപങ്ങൾ ക്ഷണിക്കും. ബന്ധപ്പെട്ട ഉത്തരസൂചികയുടെ കൃത്യത സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച അനുബന്ധ രേഖകൾക്കൊപ്പം ലഭിച്ച എല്ലാ ആക്ഷേപങ്ങളും സൂക്ഷ്മമായി പരിശോധിക്കും.
എന്നിരുന്നാലും കമ്മീഷൻ്റെ നിലവിലെ രീതി പ്രകാരം 2026-ലെ സിവിൽ സർവീസസ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ അന്തിമ ഉത്തരസൂചിക പുറത്തുവിടൂ.
പരീക്ഷയ്ക്ക് അപേക്ഷിച്ച ആകെ ഉദ്യോഗാർത്ഥികളിൽ 11,224 പേർ ബെഞ്ച്മാർക്ക് ഭിന്നശേഷി (40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉള്ളവർ), ഭിന്നശേഷി (40 ശതമാനത്തിൽ താഴെ ഭിന്നശേഷിയുള്ളവർ) എന്നീ വിഭാഗങ്ങളിൽ പെട്ടവരായിരുന്നു. അന്ധത, ചലനവൈകല്യം (രണ്ട് കൈകളെയും ബാധിച്ചത്), സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിലെ ബെഞ്ച്മാർക്ക് ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് മണിക്കൂറിന് ഇരുപത് മിനിറ്റ് വീതം അതായത് ഓരോ സെഷനിലും 40 മിനിറ്റ് അധിക സമയം നൽകി. മറ്റ് ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും 40 ശതമാനത്തിൽ താഴെ ഭിന്നശേഷിയുള്ളവർക്കും എഴുതാൻ ബുദ്ധിമുട്ടുള്ളവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് വിധേയമായി അധിക സമയം അനുവദിച്ചിരുന്നു.
സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ-2026, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (പ്രിലിമിനറി) പരീക്ഷ-2026 എന്നിവയുടെ വിജയകരമായ നടത്തിപ്പ് വിവിധ പങ്കാളികളുടെ കൂട്ടായ ശ്രമങ്ങളെയും പരീക്ഷാ വ്യവസ്ഥയിൽ നിഷ്പക്ഷതയും കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന സ്ഥാപനപരമായ സംവിധാനങ്ങളുടെ നിരന്തര ശാക്തീകരണത്തെയും പ്രതിഫലിപ്പിക്കുന്നതായി കമ്മീഷൻ വിലയിരുത്തി.