യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസ് ദിനാചരണം:രാജ്യവ്യാപകമായി 'ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' 75-ാം മെഗാ പതിപ്പ് സംഘടിപ്പിക്കുന്നു;കോമൺവെൽത്ത് ഗെയിംസ് (CWG) 2030-നോടുള്ള ഇന്ത്യയുടെ മഹത്തായ ഫിറ്റ്നസ് ആദരവിന് അഹമ്മദാബാദ് നേതൃത്വം നൽകും

प्रविष्टि तिथि: 21 MAY 2026 5:17PM by PIB Thiruvananthpuram
കായികക്ഷമതയുടെയും കായികസംസ്കാരത്തിൻ്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട്  മെയ് 24-ന് രാജ്യവ്യാപകമായി 'സൈക്കിൾ ഇന്ത്യ' സൈക്ലത്തോൺ സംഘടിപ്പിക്കുന്നു. 'ഫിറ്റ് ഇന്ത്യ സൺഡേയ്സ്' (Fit India Sundays) പദ്ധതിയുടെ സവിശേഷമായ 75-ാം പതിപ്പാണ് അന്ന് അരങ്ങേറുന്നത്. കോമൺവെൽത്ത് ഗെയിംസ് ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഈ ബൃഹത്തായ കായിക സംഗമം, രാജ്യത്തുടനീളമുള്ള എണ്ണായിരത്തിലധികം  കേന്ദ്രങ്ങളിലാണ് ഒരേസമയം നടക്കുക.കോമൺവെൽത്ത് ഗെയിംസ് ദിനാചരണത്തിൻ്റെ   ഭാഗമായി സംഘടിപ്പിക്കുന്ന ഈ പതിപ്പ്, ഇന്ത്യയുടെ കായിക ഭാവിക്കും 2030-ൽ അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുമുള്ള (CWG 2030) രാജ്യത്തിൻ്റെ   മഹത്തായ ആദരവായി മാറും.

ഗെയിംസിൻ്റെ   മുഖ്യ വേദിയാകുന്ന അഹമ്മദാബാദിലെ സബർമതി നദീതീരത്ത് നടക്കുന്ന  പ്രധാന ചടങ്ങുകൾക്ക് കേന്ദ്ര കായിക-യുവജന കാര്യ, തൊഴിൽ  മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകും. ഗുജറാത്ത് ഉപമുഖ്യമന്ത്രി ശ്രീ ഹർഷ സംഘ്‌വിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

"ആരോഗ്യമുള്ള ഇന്ത്യയ്ക്കൊരു പുതിയ പ്രതീകം – 2030-ലേക്ക് ചവിട്ടിക്കയറാം"(A New Icon for a Fitter India – Pedalling to 2030) എന്ന പ്രമേയത്തിലാണ് അഹമ്മദാബാദിലെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ ഐക്യവും കായിക സംസ്‌കാരവും ജനപങ്കാളിത്തവും വിളിച്ചോതുന്ന ഈ സൈക്ലത്തോണിൽ ആയിരക്കണക്കിന് സൈക്കിൾ യാത്രക്കാർ, കായികതാരങ്ങൾ, യുവജന സന്നദ്ധപ്രവർത്തകർ, ഫിറ്റ്‌നസ് പ്രേമികൾ എന്നിവർ അണിനിരക്കുമെന്ന് അധികൃതർ അറിയിച്ചു.

“2030-ൽ നടക്കാനിരിക്കുന്ന നൂറാമത് (ശതാബ്ദി) കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു എന്ന ചിന്ത രാജ്യത്തെ മുഴുവൻ ആവേശഭരിതരാക്കിയിരിക്കുകയാണ്. കായികപ്രേമികൾ, കായികതാരങ്ങൾ, പരിശീലകർ ഉൾപ്പെടെ കായികരംഗവുമായി ബന്ധപ്പെട്ട എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് മെയ് 24-ന് ഞങ്ങൾ ഇത് വളരെ വിപുലമായി ആഘോഷിക്കാൻ പോവുകയാണ്. സി.ഡബ്ല്യു.ജി (CWG) ബിഡ് ഇന്ത്യ സ്വന്തമാക്കിയതിൻ്റെ   സന്തോഷം പങ്കുവെക്കാനും അതിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കാനും വേണ്ടിയാണിത്. യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഒരു കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു യുവജന കേന്ദ്രീകൃത ആഘോഷമായിരിക്കും,” ഡോ. മാണ്ഡവ്യ പറഞ്ഞു.

പ്രമുഖ നടൻ ആയുഷ്മാൻ ഖുറാന അഹമ്മദാബാദിലെ ആഘോഷങ്ങൾക്ക് താരപ്പൊലിമയേകും. ഹോക്കി താരങ്ങളായ രജനി ഇട്ടിമർപു, ഗുർജിത് കൗർ, സോണിക ടാണ്ടി, ഷൂട്ടർമാരായ അങ്കുർ മിത്തൽ, അഞ്ജും മൗദ്ഗിൽ, ബാഡ്മിൻ്റൺ താരം തൃപ്തി മുർഗുണ്ടെ തുടങ്ങിയ പ്രശസ്തരായ ഇന്ത്യൻ കോമൺവെൽത്ത് - ഒളിമ്പിക് മെഡൽ ജേതാക്കളും അദ്ദേഹത്തോടൊപ്പം പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, പാർലമെൻ്റ്  അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ എന്നിവരും അതത് പ്രദേശങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കായികരംഗത്തെ ജനപങ്കാളിത്തത്തിന് കൂടുതൽ ശക്തി പകരും

.
'സൺഡേയ്സ് ഓൺ സൈക്കിൾ' (Sundays on Cycle) കൂട്ടായ്മയുടെ അഖിലേന്ത്യാ സ്വഭാവം നിലനിർത്തിക്കൊണ്ട്, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോമൺവെൽത്ത് ഗെയിംസ് പ്രമേയമാക്കിയുള്ള ആഘോഷങ്ങൾ അരങ്ങേറും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) പ്രാദേശിക കേന്ദ്രങ്ങൾ, നാഷണൽ സെൻ്റർ ഓഫ് എക്സലൻസ്, ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധയിടങ്ങളിൽ ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് പ്രയാണത്തെ അനുസ്മരിച്ചുകൊണ്ട് പ്രത്യേക റൈഡുകളും പരിപാടികളും സംഘടിപ്പിക്കും. മുൻ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരും ഒളിമ്പ്യന്മാരും പ്രമുഖ കായികതാരങ്ങളും അതത് നഗരങ്ങളിൽ പൊതുജനങ്ങൾക്കൊപ്പം അണിനിരക്കും. സ്റ്റേഡിയങ്ങളിൽ ഒതുങ്ങിനിൽക്കുന്ന കോമൺവെൽത്ത് കായികവീര്യത്തെ തെരുവുകളിലേക്കും സാധാരണക്കാരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗുവാഹത്തിയിൽ നടക്കുന്ന ആഘോഷങ്ങളിൽ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ മുഖ്യാതിഥിയാകും. ധർമ്മശാലയിൽ മുൻ ഗുസ്തി താരം ബബിത ഫോഗട്ടും, മുംബൈയിൽ 'ചക് ദേ! ഇന്ത്യ' എന്ന ചിത്രത്തിന് പ്രചോദനമായ മുൻ ഹോക്കി താരം സബാ അൻജുമും പങ്കെടുക്കും.

ഈ 75-ാം പതിപ്പ് വെറുമൊരു സൈക്ലിംഗ് ക്യാമ്പയിൻ എന്നതിലുപരി, ഇന്ത്യ ഒരു ആഗോള കായിക ശക്തിയായി വളർന്നുവരുന്നത് വിളിച്ചോതുന്ന ഒരു രാജ്യവ്യാപക കായിക ആഘോഷമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഖേലോ ഇന്ത്യ മിഷന് കീഴിലുള്ള നേട്ടങ്ങൾ, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കായിക അടിസ്‌ഥാന സൗകര്യങ്ങൾ , വളർന്നുവരുന്ന കായിക ഉൽപന്ന നിർമ്മാണ മേഖല എന്നിവയുൾപ്പെടെ കഴിഞ്ഞ 12 വർഷത്തെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ എടുത്തുകാണിക്കുന്ന പ്രത്യേക 'കോമൺവെൽത്ത് ഗെയിംസ് പ്രമേയത്തിലുള്ള' പ്രദർശനം അഹമ്മദാബാദിലും എല്ലാ സായ് (SAI) പ്രാദേശിക കേന്ദ്രങ്ങളിലും സംഘടിപ്പിക്കും .

2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ച് പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനൊപ്പം,രാജ്യത്തിൻ്റെ   ദീർഘകാല ഒളിമ്പിക് ലക്ഷ്യങ്ങൾക്ക് ഊർജ്ജം പകരുക കൂടിയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ രാജ്യത്തുടനീളം 'മൈ ഭാരത്' (MY Bharat) പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങൾ, റീൽ നിർമ്മാണ മത്സരങ്ങൾ, ടോർച്ച് ഡിസൈൻ ചലഞ്ചുകൾ എന്നിവയിൽ ഒരു ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തു കഴിഞ്ഞു. ഇത് ഇന്ത്യയുടെ കായിക ഭാവിയെക്കുറിച്ച് യുവതലമുറയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവേശം പ്രതിഫലിപ്പിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിൽ രൂപംകൊണ്ട 'ഫിറ്റ് ഇന്ത്യ മൂവ്‌മെൻ്റിൻ്റെ  ' ഭാഗമായി 2024 ഡിസംബർ 17-നാണ് 'ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിൾ' (Fit India Sundays on Cycle) ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൊതുജന പങ്കാളിത്തത്തോടെയുള്ള രാജ്യത്തെ ഏറ്റവും വലിയ ഫിറ്റ്‌നസ് മുന്നേറ്റങ്ങളിലൊന്നായി മാറാൻ ഇതിന് സാധിച്ചു. ഇതുവരെ പൂർത്തിയായ 74 പതിപ്പുകളിലൂടെ 3.07 ലക്ഷത്തിലധികം കേന്ദ്രങ്ങളിൽ ഈ സന്ദേശമെത്തിക്കാനും, 50 ലക്ഷത്തിലധികം സൈക്കിൾ യാത്രക്കാരെ അണിനിരത്താനും ഇതിനായി. നേരിട്ടുള്ള പരിപാടികൾ, ഡിജിറ്റൽ പങ്കാളിത്തം, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് എന്നിവയിലൂടെ 7 കോടിയിലധികം ഇന്ത്യക്കാരെയാണ് ഈ കാമ്പയിൻ ഇതിനകം ബന്ധിപ്പിച്ചത്.

വെറുമൊരു സൈക്ലിംഗിൽ മാത്രം ഒതുങ്ങാതെ യോഗ, സുംബ, റോപ്പ് സ്കിപ്പിംഗ്, കായിക വിനോദങ്ങൾ, വെൽനസ് ആക്റ്റിവിറ്റികൾ എന്നിവ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കാമ്പയിൻ നിരന്തരം വിപുലീകരിച്ചത്. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഫിറ്റ്‌നസ് എളുപ്പമുള്ളതും ആകർഷകവുമാക്കാൻ സഹായിച്ചു. കൂടുതൽ ആരോഗ്യകരവും ഫിറ്റുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൻ്റെ   ഭാഗമായി, "ഫിറ്റ്‌നസ് കാ ഡോസ്, ആധാ ഘണ്ട റോസ്" (കായികക്ഷമതയ്ക്കായി ദിവസവും അരമണിക്കൂർ) എന്ന സന്ദേശത്തിന് അടിവരയിട്ടുകൊണ്ട്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൻ്റെ   'മൻ കി ബാത്' പരിപാടിയിലൂടെ ഈ സംരംഭത്തെ പലതവണ ഉയർത്തിക്കാട്ടിയിട്ടുണ്ട് .
 

****


(रिलीज़ आईडी: 2263938) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada