രാജ്യരക്ഷാ മന്ത്രാലയം
രക്ഷാ മന്ത്രിയും റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ദേശസ്നേഹി-പൂർവ്വ സൈനിക കാര്യ വകുപ്പ് മന്ത്രിയും സംയുക്തമായി സിയോളിൽ ഇന്ത്യൻ യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
21 MAY 2026 10:45AM by PIB Thiruvananthpuram
ഇന്ന് (2026 മെയ് 21) രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും റിപ്പബ്ലിക് ഓഫ് കൊറിയയുടെ ദേശസ്നേഹി-പൂർവ്വ സൈനിക കാര്യ വകുപ്പ് മന്ത്രി ശ്രീ ക്വോൺ ഒ-യൂളും സംയുക്തമായി ഉദ്ഘാടനം ചെയ്തു. കൊറിയൻ യുദ്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടികളുടെ ഭാഗമായാണ് ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. കൊറിയൻ യുദ്ധകാലത്ത് ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ആംബുലൻസ് വിഭാഗവും കസ്റ്റോഡിയൻ ഫോഴ്സ് ഓഫ് ഇന്ത്യയും (CFI) കാഴ്ചവെച്ച സമാനതകളില്ലാത്ത ധീരതയ്ക്കും ത്യാഗത്തിനും മാനുഷിക സേവനങ്ങൾക്കുമുള്ള ആദരമായാണ് ഈ യുദ്ധസ്മാരകം നിലകൊള്ളുന്നത്.
കൊറിയൻ റിപ്പബ്ലിക്കൻ ജനത ഇന്ത്യൻ സൈനികരുടെ സേവനം ഇപ്പോഴും ആഴമായ ആദരവോടും നന്ദിയോടും കൂടി സ്മരിക്കുന്ന സ്മാരകത്തിൽ ധീരരായ ഇന്ത്യൻ സൈനികർക്ക് ഇരുമന്ത്രിമാരും ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കൊറിയൻ ഉപദ്വീപിൽ സമാധാനത്തിനും മാനുഷിക സഹായത്തിനും ഇന്ത്യ നൽകിയ സംഭാവനയുടെ ശാശ്വത പാരമ്പര്യത്തെ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഇന്ത്യ-റിപ്പബ്ലിക് ഓഫ് കൊറിയ പ്രത്യേക തന്ത്രപപ്രധാന പങ്കാളിത്തത്തിന് ശക്തമായ അടിത്തറയായി ഇരു രാജ്യങ്ങളുടെയും പങ്കിട്ട ചരിത്രവും ത്യാഗങ്ങളും ഇപ്പോഴും വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്മാരകം സ്ഥാപിക്കുന്നതിൽ വിലപ്പെട്ട പിന്തുണയ്ക്കും സഹകരണത്തിനും കൊറിയൻ റിപ്പബ്ലിക് ഗവൺമെന്റിന്, പ്രത്യേകിച്ച് ദേശസ്നേഹി-പൂർവസൈനിക കാര്യ മന്ത്രാലയത്തിന്, ഇന്ത്യൻ ഗവൺമെന്റിന്റെ പേരിൽ അദ്ദേഹം അഗാധമായ നന്ദി അറിയിച്ചു.
കൊറിയൻ യുദ്ധകാലത്ത് ഇന്ത്യ നൽകിയ വിലയേറിയ സംഭാവനകൾക്കും മാനുഷിക സേവനങ്ങൾക്കും റിപ്പബ്ലിക് ഓഫ് കൊറിയ അതീവ നന്ദിയും ആദരവും രേഖപ്പെടുത്തി. ഇന്ത്യൻ സൈനികരുടെ ത്യാഗങ്ങളിലൂടെയും നിസ്തുലമായ സേവനങ്ങളിലൂടെയും ഇരുരാജ്യങ്ങളും തമ്മിൽ കെട്ടിപ്പടുത്ത സൗഹൃദബന്ധം എന്നും നിലനിൽക്കുമെന്ന് ദക്ഷിണ കൊറിയൻ മന്ത്രി വ്യക്തമാക്കി.
കൊറിയൻ യുദ്ധത്തിലെ പൂർവ്വ സൈനികരെ ആദരിക്കുന്നതിനും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള സഹകരണം ലക്ഷ്യമിട്ടുള്ള ഒരു ധാരണാപത്രത്തിൽ ഇരു മന്ത്രിമാരും ഒപ്പുവച്ചു. ഇതോടൊപ്പം, യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ സ്വാർത്ഥരഹിതമായ ത്യാഗത്തിന്റെ ഓർമ്മകൾ പുതുക്കുന്ന പ്രത്യേക സ്മരണികയും ചടങ്ങിൽ പ്രകാശനം ചെയ്തു.
മഹാ വീർ ചക്ര ജേതാവ് ലഫ്റ്റനന്റ് കേണൽ (ഡോ.) എ.ജി. രംഗരാജിന്റെ നേതൃത്വത്തിലുള്ള 60 പാരാ ഫീൽഡ് ആംബുലൻസ്, കടുത്ത വെടിവെപ്പുകൾക്കിടയിലും ആയിരക്കണക്കിന് പരിക്കേറ്റ സൈനികർക്കും സാധാരണക്കാർക്കും മാതൃകാപരമായ വൈദ്യസഹായവും സേവനവും നൽകി വലിയ രീതിയിൽ ആദരിക്കപ്പെട്ടു. അവരുടെ സമാനതകളില്ലാത്ത ധീരതയും മാനുഷിക പരിഗണനയും കണ്ട റിപ്പബ്ലിക് ഓഫ് കൊറിയയിലെ പരിക്കേറ്റ സൈനികരും ജനങ്ങളും അവർക്ക് 'മെറൂൺ ഏഞ്ചൽസ്' എന്ന പദവി നേടിക്കൊടുത്തു.
കൊറിയൻ യുദ്ധാനന്തര ഘട്ടത്തിലും , ന്യൂട്രൽ നേഷൻസ് റീപാട്രിഷൻ കമ്മീഷന്റെ (NNRC) കീഴിൽ ചുമതലകൾ ഏൽപ്പിക്കപ്പെട്ട കസ്റ്റോഡിയൻ ഫോഴ്സ് ഓഫ് ഇന്ത്യ (CFI) വഴി ഇന്ത്യ നിർണായക പങ്ക് വഹിച്ചു. 1953-ൽ കൊറിയൻ യുദ്ധവിരാമ കരാർ ഒപ്പിട്ടതിനെത്തുടർന്ന്, യുദ്ധത്തടവുകാരെ മാനുഷിക പരിഗണനയോടെ തിരികെ അയക്കുന്നതിനും അവരുടെ സംരക്ഷണത്തിനുമായി ലഫ്റ്റനന്റ് ജനറൽ കെ.എസ്. തിമ്മയ്യയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിലാണ് NNRC രൂപീകരിച്ചത്. ഈ സങ്കീർണ്ണവും സമാന്തരവുമായ ഉത്തരവാദിത്തം വളരെ മാന്യമായും യുക്‌തമായും നിഷ്പക്ഷമായും കാരുണ്യത്തോടെയും നിർവഹിച്ച CFI, കൊറിയൻ ഉപദ്വീപിലെ സമാധാനത്തിനും അനുരഞ്ജനത്തിനും മാനുഷിക തത്വങ്ങൾക്കും നൽകിയ സംഭാവനകളിലൂടെ അന്താരാഷ്ട്ര അംഗീകാരം നേടി. കൊറിയൻ യുദ്ധകാലത്ത് ഇന്ത്യ വഹിച്ച സമാധാനാധിഷ്ഠിതവും നിർമ്മാണാത്മകവുമായ പങ്കിന്റെ ശാശ്വതമായ പ്രതീകമായി ലഫ്റ്റനന്റ് ജനറൽ തിമ്മയ്യയുടെ മികച്ച നേതൃത്വവും നയതന്ത്ര വൈദഗ്ധ്യവും ഇന്നും നിലകൊള്ളുന്നു.
1954 സെപ്റ്റംബറിൽ CFI 'ഹിന്ദ് നഗർ' സ്ഥാപിച്ച അതേ സ്ഥലത്താണ് ഇന്ത്യൻ യുദ്ധ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 22,000 യുദ്ധത്തടവുകാരെ സമാധാനപരമായി സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുവരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട ചരിത്രത്തോടും നിലനിൽക്കുന്ന സൗഹൃദത്തോടുമുള്ള ഇന്ത്യയുടെ ആഴമായ ആദരവിനെ പ്രതിഫലിപ്പിക്കുന്ന, ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ ധനസഹായത്തോടെയാണ് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, സൈനിക പ്രതിനിധികൾ, സൈനികർ, നയതന്ത്ര സമൂഹത്തിലെ അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ലഫ്റ്റനന്റ് കേണൽ (ഡോ.) എ.ജി. രംഗരാജിന്റെ അനന്തരവൾ ശ്രീമതി കൽപന പ്രസാദും ചടങ്ങിൽ പങ്കെടുത്തു. കേണൽ രംഗരാജിനോടുള്ള ആദരസൂചകമായി ദക്ഷിണ കൊറിയയുടെ ദേശസ്നേഹി-പൂർവ്വ സൈനിക കാര്യ മന്ത്രാലയം ഈ മാസം അദ്ദേഹത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
*****
(रिलीज़ आईडी: 2263679)
आगंतुक पटल : 21