രാഷ്ട്രപതിയുടെ കാര്യാലയം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും നെയ്ത്തുകാരും രാഷ്ട്രപതിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
19 MAY 2026 5:18PM by PIB Thiruvananthpuram
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെയും നെയ്ത്തുകാരുടെയും ഒരു സംഘം ഇന്ന് (2026 മെയ് 19) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
2026 ജനുവരി 26-ന് നടന്ന അറ്റ് ഹോം സ്വീകരണ ചടങ്ങിൽ, വടക്കുകിഴക്കൻ മേഖലയുടെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും ക്ഷണ കിറ്റ് തയ്യാറാക്കുന്നതിനും സഹായിച്ച കലാകാരന്മാരും നെയ്ത്തുകാരുമാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. നാഗാലാൻഡിൽ നിന്നുള്ള കലാകാരന്മാർ വാഴനാരും മുളയും ഉപയോഗിച്ച് കുട്ടകളും അസമിൽ നിന്നുള്ള നെയ്ത്തുകാർ ഷാളുകളും മണിപ്പൂരിൽ നിന്നുള്ള കലാകാരന്മാർ കറുത്ത മൺപാത്രങ്ങളും സിക്കിമിൽ നിന്നുള്ളവർ പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുമാണ് നിർമ്മിച്ചത് .
രാഷ്ട്രപതി ഭവനിലെ 'അറ്റ് ഹോം' സ്വീകരണത്തിന് വേണ്ടി പ്രവർത്തിച്ചതിൻ്റെ അനുഭവങ്ങൾ കലാകാരന്മാരും നെയ്ത്തുകാരും കൂടിക്കാഴ്ചയ്ക്കിടയിൽ പങ്കുവെക്കുകയും, തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കിയതിന് നന്ദി അറിയിക്കുകയും ചെയ്തു.
അസം, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ, ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരുമായും നെയ്ത്തുകാരുമായും നടത്തിയ ആശയവിനിമയത്തിൽ, വളരെയേറെ പ്രകൃതിഭംഗിയുള്ള പ്രദേശമാണ് വടക്കുകിഴക്കൻ മേഖലയെന്ന് രാഷ്ട്രപതി പറഞ്ഞു. കലാകാരന്മാരുടെയും നെയ്ത്തുകാരുടെയും കലാപരമായ അറിവ് പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനും അവർക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആവശ്യമായ പിന്തുണ നൽകേണ്ടതിൻ്റെ ആവശ്യകത രാഷ്‌ട്രപതി എടുത്തു പറഞ്ഞു. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും കലാകാരന്മാരെയും നെയ്ത്തുകാരെയും ശ്രീമതി മുർമു അഭിനന്ദിച്ചു. രാജ്യത്തിൻ്റെ ജീവസ്സുറ്റ പൈതൃകത്തിൻ്റെ ഉത്തമ ഉദാഹരണമാണ് കലാകാരന്മാരെന്നും ഈ അമൂല്യമായ പാരമ്പര്യങ്ങൾ യുവതലമുറയ്ക്ക് പകർന്നുനൽകാൻ ശ്രദ്ധിക്കണമെന്നും രാഷ്ട്രപതി നിർദേശിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം കലാകാരന്മാരും നെയ്ത്തുകാരും അമൃത് ഉദ്യാൻ ഉൾപ്പെടെയുള്ള രാഷ്ട്രപതി ഭവനിലെ കാഴ്ചകൾ കണ്ടു.
****
( റിലീസ് ഐ.ഡി: 2262938)
സന്ദര്‍ശക കൗണ്ടര്‍ : 9