പ്രധാനമന്ത്രിയുടെ ഓഫീസ്
നെതർലൻഡ്‌സിൽ നടന്ന സിഇഒമാരുടെ റൗണ്ട് ടേബിൾ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
16 MAY 2026 10:17PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രധാനമന്ത്രി റോബ് ജെറ്റൻ,
ഇരുരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിപ്രതിനിധികളേ,
നെതർലാൻഡ്‌സിലെ ബിസിനസ്സ് നേതാക്കളേ,
നമസ്കാരം!
ലോകത്തിലെ ഏറ്റവും നൂതനമായ ചില കമ്പനികളുടെ നേതാക്കൾക്കിടയിൽ ഇന്ന് ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് മുന്നൂറിലധികം ഡച്ച് കമ്പനികൾ ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ ഭാഗമാണ്. നിങ്ങളുടെ കാഴ്ചപ്പാടും ഇന്ത്യയിലുള്ള വിശ്വാസവും കാരണം യൂറോപ്പിൽ നിന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപക രാജ്യമായും രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായും നെതർലൻഡ്‌സ് മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ നിങ്ങളുടെ കമ്പനികൾ പ്രശസ്തമായ ബ്രാൻഡുകൾ മാത്രമല്ല, ഇന്ത്യ-നെതർലൻഡ്‌സ് സൗഹൃദത്തിന്റെ ബ്രാൻഡ് അംബാസഡർമാർ കൂടിയാണ്. എൻഎക്സ്പി, ഫിലിപ്സ്, പ്രോസസ് എന്നീ കമ്പനികൾ ഇന്ത്യയിലെ പ്രതിഭാധനരുമായി ചേർന്ന് ലോകോത്തര പ്രശ്നപരിഹാരങ്ങൾ സൃഷ്ടിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
എപിഎം, ഡെയ്മൻ, റോയൽ വോപാക് തുടങ്ങിയ കമ്പനികൾ ഇന്ത്യയുടെ തുറമുഖങ്ങൾ, കപ്പൽ ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളെ പരിവർത്തനം ചെയ്യുകയാണ്. ലോകത്തിന് മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കുന്നതിനായി മറ്റ് നിരവധി കമ്പനികൾ കൃഷി, സുസ്ഥിരത എന്നീ മേഖലകളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
അടുത്തിടെ, എഎസ്എംഎല്ലും ടാറ്റയും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇനി മുതൽ എഎസ്എംഎല്ലിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ സെമികണ്ടക്ടർ ചിപ്പുകൾ നിർമ്മിക്കും. ഇന്ന് നിങ്ങളുടെ വാക്കുകളിലെല്ലാം ഇന്ത്യയോടുള്ള ശുഭാപ്തിവിശ്വാസം വ്യക്തമായി ദൃശ്യമാണ്. ഈ ശുഭാപ്തിവിശ്വാസത്തെ മികച്ച നേട്ടങ്ങളാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ഉറപ്പ്.
സുഹൃത്തുക്കളേ,
ഇന്നത്തെ ഇന്ത്യ വ്യാപ്തിയുടെയും സ്ഥിരതയുടെയും പ്രതീകമാണ്. വ്യാപ്തിയെക്കുറിച്ച് പറയുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് നമ്മൾ. അതുപോലെ തന്നെ പ്രതിഭാധനരുടെ ഏറ്റവും വലിയ കേന്ദ്രവുമാണ്. അടിസ്ഥാന സൗകര്യങ്ങൾ, ശുദ്ധോർജ്ജം, അല്ലെങ്കിൽ കണക്റ്റിവിറ്റി എന്നിവയിലെല്ലാം ഇന്ത്യയുടെ വേഗതയുമായി പൊരുത്തപ്പെടാൻ ലോകത്ത് ഒന്നിനും സാധ്യമല്ല. അതുകൊണ്ടാണ് ഇന്ന് ആഗോള വളർച്ചയിൽ ഇന്ത്യ പതിനേഴ് ശതമാനം സംഭാവന നൽകുന്നത്.
സ്ഥിരതയെക്കുറിച്ച് പറയുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന എനിക്ക് ഈ ചുമതലയിൽ ഇന്ന് പന്ത്രണ്ട് വർഷം തികയുകയാണ്. ഈ പന്ത്രണ്ട് വർഷത്തിനിടയിൽ തുടർച്ചയായ പരിഷ്കാരങ്ങളിലൂടെ നമ്മൾ നമ്മുടെ സാമ്പത്തിക ഡിഎൻഎയ്ക്ക് മാറ്റം വരുത്തി. നമ്മുടെ ദിശ വ്യക്തമായിരുന്നു, സ്വകാര്യ മേഖലയ്ക്ക് നയപരമായ പ്രവചനസാധ്യത നൽകുകയും അവർക്കുള്ള അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുക എന്നതായിരുന്നു അത്.
ബഹിരാകാശം, ഖനനം, അല്ലെങ്കിൽ ആണവോർജ്ജം തുടങ്ങി എല്ലാ മേഖലകളും നമ്മൾ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്തു. നമ്മൾ നിയമപരമായ അനുവർത്തനങ്ങൾ നിരന്തരം കുറയ്ക്കുകയും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെ നികുതിവിഷയം, തൊഴിൽ നിയമങ്ങൾ, ഭരണം എന്നിവയിൽ നമ്മൾ അടുത്ത തലമുറ പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഇന്ത്യയിലെ ഉത്പാദനം ഇപ്പോൾ വളരെ ചെലവ് കുറഞ്ഞതായി മാറിക്കൊണ്ടിരിക്കുകയാണ്.
മുമ്പ് ഇന്ത്യയുടെ പ്രധാന ഇറക്കുമതിയിനമായിരുന്ന ഇലക്ട്രോണിക്സ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിയിനമായി മാറിയിരിക്കുന്നു. ഈ ഉത്പാദന വളർച്ചയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിനായി പല പ്രധാന മേഖലകളിലും നമ്മൾ പ്രോത്സാഹനങ്ങൾ നൽകിവരുന്നു. ഇതിന്റെ പ്രയോജനം നേടിക്കൊണ്ട്, ലോകമെമ്പാടുമുള്ള വിപണികൾക്കായി നിങ്ങൾക്ക് ഇന്ത്യയിൽ ഉത്പാദനം നടത്താം.
അതുപോലെ തന്നെ, സേവന മേഖലയിൽ ഇന്ത്യ, രാജ്യത്തിൻ്റെ പ്രതിഭകളുടെ കരുത്തിൽ കാര്യക്ഷമതയുടെയും നവീകരണത്തിന്റെയും ചാലകശക്തിയായി മാറിയിരിക്കുന്നു. എല്ലാ ആഗോള സാങ്കേതികവിദ്യാ കമ്പനികളും തങ്ങളുടെ ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ രൂപകൽപ്പന ചെയ്യാനും നവീകരണങ്ങൾ നടത്താനും ഞങ്ങൾ നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു. ഇന്നത്തെക്കാൾ മികച്ച ഒരു സമയം വേറെയില്ല.
സുഹൃത്തുക്കളേ,
2026 മുതൽ ഇന്ത്യ-യൂറോപ്പ് ബന്ധത്തിൽ ഒരു പുതിയ സുവർണ്ണ യുഗം ആരംഭിച്ചിരിക്കുകയാണ്. ഈ വർഷം നമ്മൾ ചരിത്രപ്രധാനമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ-ഉത്തരവാദിത്ത ശക്തികൾ തമ്മിലുള്ള ഈ കരാർ, പങ്കിട്ട സമൃദ്ധിയുടെ ശക്തമായ അടിത്തറയായി മാറും.
ഈ സ്വതന്ത്ര വ്യാപാര കരാറിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ജെറ്റനും ഞാനും ഇന്ന് ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നുണ്ട്. വിശ്വസ്തമായ ഇന്ത്യ-നെതർലൻഡ്‌സ് പങ്കാളിത്തത്തെ നമ്മൾ ഒരു തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേക്ക് ഉയർത്തുകയാണ്. ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ വലിയ ലക്ഷ്യങ്ങളുള്ള ഒരു സംയുക്ത രൂപരേഖയ്ക്ക് നാം തുടക്കം കുറിക്കുകയാണ്. സാങ്കേതികവിദ്യാ രംഗത്തെ നമ്മുടെ ബന്ധങ്ങളെ ഭാവിസജ്ജമാക്കുകയാണ്.
നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിഭകളുടെ കൈമാറ്റം, സർവ്വകലാശാലാ പങ്കാളിത്തങ്ങൾ, സംയുക്ത ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നിവയും നാം ശക്തിപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇന്ത്യ-നെതർലൻഡ്‌സ് പങ്കാളിത്തത്തിന്റെ ഭാവി മുമ്പത്തേക്കാളും ശോഭനമാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയും യൂറോപ്പും തമ്മിൽ ശക്തിപ്പെട്ടുവരുന്ന തന്ത്രപ്രധാന പങ്കാളിത്തം നമ്മുടെ ബിസിനസ്സ് ബന്ധങ്ങൾക്ക് പുതിയ പ്രചോദനം നൽകുന്നു. ഈ ദിശയിൽ അതിവേഗം മുന്നോട്ടുപോകേണ്ടത് ഇനി നിങ്ങളുടെ കൈകളിലാണ്. ഇന്ത്യയിലെ നിങ്ങളുടെ പ്രവർത്തന മേഖലയും നിക്ഷേപവും വലിയ ലക്ഷ്യങ്ങളും നിങ്ങൾ വിപുലീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതോടൊപ്പം, നിങ്ങളുടെ കൂടെ യൂറോപ്പിന്റെ മുഴുവൻ നവീകരണ ആവാസവ്യവസ്ഥയും ഇന്ത്യയിലേക്ക് വരും.
സുഹൃത്തുക്കളേ,
നെതർലൻഡ്‌സിൽ ഒരു ചൊല്ലുണ്ട്:
“കപ്പലുകൾ തുറമുഖത്ത് സുരക്ഷിതമാണ്, എന്നാൽ തുറമുഖത്ത് കിടക്കാനല്ല കപ്പലുകൾ നിർമ്മിച്ചിരിക്കുന്നത്.”
ഡച്ച് ബിസിനസ്സ് സമൂഹത്തേക്കാൾ നന്നായി ആർക്കാണ് ഇത് മനസ്സിലാക്കാൻ കഴിയുക? നൂറ്റാണ്ടുകളായി പുതിയ അവസരങ്ങൾ തേടി നിങ്ങളുടെ രാജ്യം മുന്നേറിയിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഇന്ത്യയിലെ നിങ്ങളുടെ തേടൽ വിജയകരവും അർത്ഥവത്തുമായിരിക്കും. ഇനി നിങ്ങൾ കൂടുതൽ ധീരമായി ഇന്ത്യയിലേക്ക് വരണം.
ബെഡാങ്ക്ത്.
വളരെയധികം നന്ദി.
***
SK
( റിലീസ് ഐ.ഡി: 2262666)
സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada