പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 18 MAY 2026 12:12AM by PIB Thiruvananthpuram

2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഇന്ത്യയും യൂറോപ്പും തമ്മിൽ വളർന്നുവരുന്ന തന്ത്രപ്രധാന യോജിപ്പിനെ പ്രധാനമന്ത്രി മോദി മുഖ്യപ്രഭാഷണത്തിൽ എടുത്തുപറയുകയും കൂടുതൽ സങ്കീർണ്ണവും അനിശ്ചിതത്വവുമുള്ള ആഗോള സാഹചര്യത്തിൽ വിശ്വസ്ത പങ്കാളിത്തത്തിന്റെ പ്രാധാന്യം അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു.

ചരിത്രപ്രധാന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ വിജയകരമായി പൂർത്തിയായത് ഉൾപ്പെടെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങളിൽ കൈവരിച്ച, വർധിച്ചുവരുന്ന വേഗതയെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. വ്യാപാരം, സാങ്കേതികവിദ്യ, ഉത്പാദനം, സേവനങ്ങൾ, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന, ഒരു പരിവർത്തനാത്മക സാമ്പത്തിക പങ്കാളിത്തമാണ് ഈ കരാറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC) പോലുള്ള കണക്റ്റിവിറ്റി പ്രോജക്ടുകൾ ഇന്ത്യ-യൂറോപ്പ് ബിസിനസ്സ് പങ്കാളിത്തത്തിന് പുതിയ മൂല്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപം, നവീകരണം, ഉത്പാദനം എന്നിവയ്ക്കായി ഇന്ന് ലോകത്തിലെ ഏറ്റവും ആകർഷക കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച, അടുത്ത തലമുറ സാമ്പത്തിക പരിഷ്കാരങ്ങൾ, ഭരണനിർവഹണത്തിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്' നൽകുന്ന ഊന്നൽ, വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചർ, സജീവമായ ഉത്പാദന ആവാസവ്യവസ്ഥ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന മേഖല എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. "ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്യുക, ഇന്ത്യയിൽ നിർമ്മിക്കുക, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുക" എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം ആവർത്തിക്കുകയും വിശ്വസ്തവും ആശ്രയിക്കാവുന്നതുമായ ഒരു സാമ്പത്തിക പങ്കാളി എന്ന നിലയിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യൂറോപ്യൻ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.

പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവുമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയും യൂറോപ്പും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഗതാഗതം, ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ആണവോർജ്ജം എന്നിവയിലെ വൻതോതിലുള്ള നിക്ഷേപങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ മേഖലയിലും ഊർജ്ജ രംഗത്തും ഇന്ത്യ ലക്ഷ്യമിടുന്ന വൻ പരിവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ടെലികോം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ; എഐ, സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ്, ഡീപ് ടെക് നിർമ്മാണം; ഹരിത പരിവർത്തനവും ശുദ്ധോർജ്ജവും; അടിസ്ഥാന സൗകര്യ വികസനം, മൊബിലിറ്റി, നഗര പരിവർത്തനം; ആരോഗ്യ സംരക്ഷണം, ലൈഫ് സയൻസസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി പങ്കാളികളാകാൻ അദ്ദേഹം യൂറോപ്യൻ വ്യവസായ പ്രമുഖരെ ക്ഷണിച്ചു.

ഇന്ത്യയും യൂറോപ്പും തമ്മിലുള്ള പ്രതിഭകളുടെ സുഗമമായ കൈമാറ്റം, വിദ്യാഭ്യാസം, നൈപുണ്യ പങ്കാളിത്തം എന്നിവയുടെ പ്രാധാന്യവും പ്രധാനമന്ത്രി മോദി അടിവരയിട്ടുപറഞ്ഞു. ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ഇന്ത്യയുടെ യുവത്വവും നൈപുണ്യമുള്ളതുമായ തൊഴിൽ ശക്തി ഒരു വലിയ കരുത്താണെന്ന് അദ്ദേഹം എടുത്തുപറയുകയും ജനങ്ങൾ തമ്മിലുള്ള ബന്ധവും നവീകരണ പങ്കാളിത്തവും കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

ഇന്ത്യ-യൂറോപ്പ് സിഇഒമാരുടെ റൗണ്ട് ടേബിൾ വർഷം തോറും സംഘടിപ്പിക്കാനും ഇആർടിയിൽ ഒരു ഇന്ത്യ ഡെസ്ക് രൂപീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഈ  പരിപാടി ഇന്ത്യ-യൂറോപ്പ് സാമ്പത്തിക-വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി മാറുകയും സുസ്ഥിര വളർച്ച, സാങ്കേതിക സഹകരണം, പ്രതിരോധശേഷിയുള്ള ആഗോള പങ്കാളിത്തം എന്നിവയോടുള്ള ഇന്ത്യയുടെയും യൂറോപ്പിന്റെയും പങ്കുവെക്കപ്പെട്ട പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

***

SK


( റിലീസ് ഐ.ഡി: 2262110) സന്ദര്‍ശക കൗണ്ടര്‍ : 14