ആഭ്യന്തരകാര്യ മന്ത്രാലയം
രാജസ്ഥാൻ,മേഘാലയ, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹിയിലെ എം.സി.ഡി (MCD) മേഖല എന്നിവിടങ്ങളിൽ ഭവനങ്ങളുടെ പട്ടികപ്പെടുത്തൽ, ഭവനസെൻസസ് എന്നിവയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി
പോസ്റ്റഡ് ഓണ്‍:
17 MAY 2026 10:42AM by PIB Thiruvananthpuram
2027-ലെ സെൻസസ് ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായി രാജസ്ഥാൻ, മേഘാലയ, മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലും ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) പ്രദേശത്തും ഭവനങ്ങളുടെ പട്ടികപ്പെടുത്തൽ , ഭവനസെൻസസ് (HLO) ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
രാജ്യവ്യാപകമായി നടക്കുന്ന സെൻസസ് നടപടികളുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തുന്നത് .
അതേസമയം ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ബിഹാർ, ചണ്ഡീഗഡ്, ഛത്തീസ്ഗഢ്, ദാദ്ര ആൻ്റ് നഗർ ഹവേലി - ദാമൻ ആൻ്റ് ദിയു, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ എന്യൂമറേറ്റർമാർ (വിവരശേഖരണം നടത്തുന്നവർ) വീടുകൾ സന്ദർശിച്ചുള്ള പട്ടികപ്പെടുത്തൽ (listing) പ്രവർത്തനങ്ങൾ നിലവിൽ നടത്തിവരികയാണ്.
ഗുജറാത്ത്, ജമ്മു കശ്മീർ, ലഡാക്ക്, പുതുച്ചേരി എന്നിവിടങ്ങളിൽ പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള 'സെൽഫ്-എന്യൂമറേഷൻ' (SE) സൗകര്യം ഇന്നുമുതൽ ആരംഭിച്ചു. ഇത് 2026 മേയ് 31 വരെ ലഭ്യമായിരിക്കും. ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനോടനുബന്ധിച്ചുള്ള ഹൗസ്‌ലിസ്റ്റിങ്, ഭവനസെൻസസ് ഫീൽഡ് പ്രവർത്തനങ്ങൾ 2026 ജൂൺ 1 മുതൽ ജൂൺ 30 വരെ നടക്കും.
ഉത്തർപ്രദേശിലും സ്വയം വിവരം രേഖപ്പെടുത്തൽ സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഇത് 2026 മേയ് 21 വരെ തുടരും. ഇതിനുശേഷമുള്ള ഫീൽഡ് പ്രവർത്തനങ്ങൾ മേയ് 22 മുതൽ ജൂൺ 20 വരെ നടക്കും.
നേരത്തെ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, മിസോറാം, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെ എൻ.ഡി.എം.സി (NDMC) പ്രദേശം, ഡൽഹി കൻ്റോൺമെൻ്റ് ബോർഡ് പ്രദേശം എന്നിവിടങ്ങളിലും 2026 ഏപ്രിൽ 16 മുതൽ മേയ് 15 വരെ ഹൗസ്‌ലിസ്റ്റിങ്, ഭവന സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയായി.
സെൻസസ് ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച സ്വയം വിവരം രേഖപ്പെടുത്തൽ (SE) സൗകര്യത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.44 കോടിയിലധികം കുടുംബങ്ങൾ ഔദ്യോഗിക പോർട്ടൽ (se.census.gov.in) വഴി ഇതിനകം വിവരങ്ങൾ രേഖപ്പെടുത്തി കഴിഞ്ഞു . സെൻസസ് പ്രവർത്തനങ്ങളുടെ ഡിജിറ്റലൈസേഷനിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ സംരംഭം. കൂടാതെ ജനങ്ങൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും സെൻസസ് പ്രക്രിയയിൽ പങ്കാളികളാകാനുള്ള അവസരവും ഇത് നൽകുന്നു.
സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയ പൗരന്മാർ , അവർക്ക് ലഭിച്ച സെൽഫ്-ന്യൂമറേഷൻ ഐഡി (SE ID) സൂക്ഷിച്ചു വയ്ക്കേണ്ടതും എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് ഇത് കൈമാറേണ്ടതുമാണ്. സ്വയം വിവരം രേഖപ്പെടുത്തൽ രീതി തിരഞ്ഞെടുക്കാത്ത കുടുംബങ്ങളുടെ വിവരങ്ങൾ എന്യൂമറേറ്റർമാർ നേരിട്ടെത്തി ശേഖരിക്കുന്നതായിരിക്കും.
പൂർണ്ണവും കൃത്യവുമായ വിവരശേഖരണം ഉറപ്പാക്കുന്നതിനായി, പരമ്പരാഗതമായി വീടുതോറും സന്ദർശിക്കുന്ന രീതി നിലനിർത്തിക്കൊണ്ടുതന്നെ, എന്നാൽ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ സംവിധാനങ്ങൾ കൂടി ഉപയോഗിച്ചാണ് സെൻസസ് 2027 നടത്തുന്നത്. ഫീൽഡ് സന്ദർശന വേളയിൽ എന്യൂമറേറ്റർമാർ ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റലായി വിവരങ്ങൾ ശേഖരിക്കുന്നു . ഈ ഘട്ടത്തിൽ, ഭവനങ്ങളുടെ അവസ്ഥ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ലഭ്യമായ സൗകര്യങ്ങൾ, വീടുകളിലുള്ള ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ 33 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയിലൂടെയാണ് ശേഖരിക്കുന്നത്. വികസന-ക്ഷേമ പദ്ധതികളുടെ ആസൂത്രണത്തിനും നടപ്പാക്കലിനും ആവശ്യമായ പ്രധാന അടിസ്ഥാന വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ഇങ്ങനെ സമാഹരിക്കുന്ന എല്ലാ വിവരങ്ങളും 1948-ലെ സെൻസസ് ആക്ട് പ്രകാരം അതീവ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. കൂടാതെ സ്ഥിതിവിവരക്കണക്കുകൾക്കും വികസന ആസൂത്രണങ്ങൾക്കും മാത്രമായിരിക്കും ഈ വിവരങ്ങൾ ഉപയോഗിക്കുക. ഈ ദേശീയ യജ്ഞത്തിൽ സജീവമായി പങ്കാളികളാകാനും, വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റർമാരുമായി പൂർണ്ണമായി സഹകരിക്കാനും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും താമസക്കാരായ പൗരന്മാരോട്അഭ്യർത്ഥിക്കുന്നു.
***
( റിലീസ് ഐ.ഡി: 2261931)
സന്ദര്‍ശക കൗണ്ടര്‍ : 16