ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025–26 സാമ്പത്തിക വർഷം 1.98 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവുമായി പൊതുമേഖലാ ബാങ്കുകൾ; തുടർച്ചയായ നാലാം വർഷവും ലാഭത്തിൽ

പോസ്റ്റഡ് ഓണ്‍: 12 MAY 2026 2:32PM by PIB Thiruvananthpuram
ഇടപാടുകളിലെ തുടര്‍ച്ചയായ വളർച്ച, മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം, റെക്കോഡ് ലാഭം, ശക്തമായ മൂലധന അടിത്തറ എന്നിവ പ്രതിഫലിപ്പിച്ച് 2025–26 സാമ്പത്തിക വർഷവും പൊതുമേഖലാ ബാങ്കുകൾ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വായ്പാ ആവശ്യങ്ങള്‍ പിന്തുണയ്ക്കുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ അതിജീവനശേഷിയും സുസ്ഥിരതയും മെച്ചപ്പെട്ട സ്ഥാപനശേഷിയും തെളിയിക്കുന്നതാണ് ഈ മികച്ച പ്രകടനം.  
 


 
2026 മാർച്ച് 31-ലെ കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ ആകെ ഇടപാടുകള്‍ 283.3 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു.  മുൻ വർഷത്തെ അപേക്ഷിച്ച് 12.8% വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെ നിക്ഷേപം മുൻ വർഷത്തേക്കാൾ 10.6% വർധിച്ച് 156.3 ലക്ഷം കോടി രൂപയിലെത്തിയത് നിക്ഷേപകരുടെ തുടർച്ചയായ വിശ്വാസത്തെയും ബാങ്കുകളുടെ ശക്തമായ വിഭവ സമാഹരണത്തെയും പ്രതിഫലിപ്പിക്കുന്നു. ആകെ വായ്പകൾ 15.7% വളർച്ച രേഖപ്പെടുത്തി 127 ലക്ഷം കോടി രൂപയിലെത്തിയത് സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന വായ്പാ ആവശ്യകതയെ സൂചിപ്പിക്കുന്നു.
 


 
വ്യക്തിഗത ഇടപാടുകള്‍, കൃഷി, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എന്നീ വിഭാഗങ്ങളിലെ വായ്പാ വളർച്ച 2025–26 സാമ്പത്തിക വർഷം വിപുലമായി തുടർന്നു. ഈ മൂന്ന് വിഭാഗങ്ങളിലെ വായ്പകൾ യഥാക്രമം 18.1%, 15.5%, 18.2% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിലും സാമ്പത്തിക ഉൾച്ചേർക്കൽ ശക്തിപ്പെടുത്തുന്നതിലും വിപുലമായ സാമ്പത്തിക വളർച്ച പ്രാപ്തമാക്കുന്നതിലും പൊതുമേഖലാ ബാങ്കുകൾ വഹിക്കുന്ന സുപ്രധാന പങ്കാണ് ഇത് വ്യക്തമാക്കുന്നത്.

2025–26 സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളുടെ ആസ്തി ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടു. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് ആകെ നിഷ്ക്രിയ ആസ്തി അനുപാതം 1.93 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 0.39 ശതമാനമായും കുറഞ്ഞു. ഇത് കിട്ടാക്കടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ ഓരോ പൊതുമേഖലാ ബാങ്കും 90 ശതമാനത്തിന് മുകളിൽ കരുതൽധന അനുപാതം  നിലനിർത്തിയിട്ടുണ്ട്. മികച്ച കരുതൽധന നയങ്ങളെയും വായ്പാ യോഗ്യതാ മാനദണ്ഡങ്ങളെയും ഫലപ്രദമായ അപകട സാധ്യത പ്രതിരോധ സംവിധാനങ്ങളെയും ബാലൻസ് ഷീറ്റിന്റെ കരുത്തിനെയുമാണ് ഇത് സൂചിപ്പിക്കുന്നത്.
 


 
2025–26 സാമ്പത്തിക വർഷം പുതിയ നിഷ്ക്രിയ ആസ്തികൾ കുറഞ്ഞുകൊണ്ടിരുന്നു. പുതിയ കിട്ടാക്കടത്തിന്റെ അനുപാതം 0.7 ശതമാനമായി കുറഞ്ഞു. എഴുതിത്തള്ളിയ അക്കൗണ്ടുകളിലേതടക്കം ആകെ 86,971 കോടി രൂപയാണ് തിരിച്ചുപിടിച്ചത്. പൊതുമേഖല ബാങ്കുകളിലെ മെച്ചപ്പെട്ട തിരിച്ചുപിടിക്കൽ സംവിധാനങ്ങളെയും മികച്ച വായ്പാ അച്ചടക്കത്തെയുമാണ് ഇത് കാണിക്കുന്നത്.

മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം, ആരോഗ്യകരമായ വായ്പാ വിപുലീകരണം, ഉയർന്ന വരുമാനം എന്നിവ 2025–26 സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളുടെ ലാഭക്ഷമത വർധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 3.21 ലക്ഷം കോടി രൂപയിലെത്തി. മൊത്തം അറ്റാദായം 11.1% വർധിച്ച് ചരിത്ര  നേട്ടമായ 1.98 ലക്ഷം കോടി രൂപയിലെത്തി.  പൊതുമേഖലാ ബാങ്കുകൾ തുടർച്ചയായി ലാഭം രേഖപ്പെടുത്തുന്ന നാലാം വർഷമാണിത്.

പൊതുമേഖല ബാങ്കുകളുടെ മൂലധന നില ആരോഗ്യകരമായി തുടർന്നു. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് ആകെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 16.6 ശതമാനമായി ഉയര്‍ന്നു.  ആഭ്യന്തര വരുമാനം, നീക്കിവെച്ച ലാഭം, 2025–26 വർഷം  സമാഹരിച്ച 50,551 കോടി രൂപയുടെ മൂലധനം എന്നിവ ഇതിന് കരുത്തുപകർന്നു. എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും CRAR നിയമാനുസൃതമായ 11.5 ശതമാനത്തേക്കാൾ വളരെ കൂടുതലായിരുന്നു. ഇത് തുടര്‍ച്ചയായ വായ്പാ വളർച്ചയ്ക്ക് മതിയായ സുരക്ഷ നൽകുന്നു.

പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനക്ഷമതയും ഈ വർഷം മെച്ചപ്പെട്ടു. ചെലവ്-വരുമാന അനുപാതം  49.67 ശതമാനമായി. മികച്ച ചെലവ് നിര്‍വഹണത്തിനൊപ്പം സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും ഡിജിറ്റൽ പരിവർത്തനത്തിലൂടെയും ലഭിച്ച നേട്ടങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു.

പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തിലെ തുടർച്ചയായ ഈ പുരോഗതി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയെയും ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്താന്‍ സർക്കാർ നടപ്പാക്കുന്ന പരിഷ്കാരങ്ങളെയും സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട ഭരണനിര്‍വ്വഹണം, സാങ്കേതികവിദ്യയുടെ സ്വീകാര്യത, ഉയര്‍ന്ന വായ്പാ അച്ചടക്കം, ഔദ്യോഗിക വായ്പകളുടെ വിപുലമായ ലഭ്യത എന്നിവ ലക്ഷ്യമിടുന്ന പരിഷ്കാരങ്ങൾ കിട്ടാക്കടങ്ങൾ കുറയ്ക്കാനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ബാങ്കുകളുടെ സാമ്പത്തിക നില ശക്തമാക്കാനും വഴിയൊരുക്കി.  

പൊതുമേഖലാ ബാങ്കുകൾ ഇന്ന് ആവശ്യത്തിന് മൂലധനത്തോടെ ലാഭകരവും സ്ഥാപനപരമായി കരുത്തുറ്റതുമാണ്.  ഇന്ത്യയുടെ വളർച്ചാ അഭിലാഷങ്ങളെ ഫലപ്രദമായി പിന്തുണയ്ക്കാനും 2047-ഓടെ 'വികസിത ഇന്ത്യ' എന്ന കാഴ്ചപ്പാടിലേക്ക് അർത്ഥപൂര്‍ണമായ സംഭാവന നൽകാനും അവ പ്രാപ്തമാണ്.
 
****

( റിലീസ് ഐ.ഡി: 2260262) സന്ദര്‍ശക കൗണ്ടര്‍ : 30
ഈ റിലീസ് വായിക്കുക: Bengali , English , Urdu , हिन्दी , Marathi , Gujarati , Tamil