ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
കാര്‍ഷിക, ആരോഗ്യ മേഖലകളെ ബന്ധിപ്പിക്കുന്ന 'സേഹത് മിഷൻ' കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയും ശിവരാജ് സിങ് ചൗഹാനും ചേർന്ന് ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
11 MAY 2026 8:35PM by PIB Thiruvananthpuram
കൃഷിയെയും പോഷകാഹാരത്തെയും പൊതുജനാരോഗ്യത്തെയും ശാസ്ത്രീയ സഹകരണത്തിലൂടെ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച കേന്ദ്ര ഗവൺമെന്റിന്റെ സുപ്രധാന പദ്ധതി 'സേഹത് മിഷൻ' കേന്ദ്രമന്ത്രിമാരായ ശ്രീ ജെ.പി. നദ്ദയും ശ്രീ ശിവരാജ് സിങ് ചൗഹാനും ചേർന്ന് തിങ്കളാഴ്ച ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. 'ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ കൃഷിയിടങ്ങൾ, ആരോഗ്യ ഭാരതം' എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഈ ദൗത്യം ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിലും (ഐ.സി.എ.ആർ) ഇന്ത്യൻ ആരോഗ്യ ഗവേഷണ കൗണ്‍സിലും (ഐ.സി.എം.ആർ) സംയുക്തമായാണ് നടപ്പാക്കുന്നത്.

കേന്ദ്ര കാര്‍ഷിക സഹമന്ത്രി ശ്രീ ഭഗീരഥ് ചൗധരി, ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ഡോ. എം.എൽ. ജാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ നയരൂപീകരണ സമീപനത്തിലെ വലിയൊരു മാറ്റമാണ് 'സേഹത് മിഷൻ' എന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി. നദ്ദ പറഞ്ഞു. ചികിത്സയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം രോഗ പ്രതിരോധം, മുന്‍കൂര്‍ രോഗനിർണയം, നിരന്തര പരിചരണം എന്നിവയ്ക്ക് ഗവൺമെന്റ് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിന് പകരം രോഗം വരാതെ തടയുന്ന ആരോഗ്യ പരിരക്ഷാ സമീപനവുമായാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് ഈ സംരംഭം തെളിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കാർഷിക, ആരോഗ്യ സ്ഥാപനങ്ങൾ പതിറ്റാണ്ടുകളായി വെവ്വേറെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിലും ഇന്ത്യൻ ആരോഗ്യ ഗവേഷണ കൗണ്‍സിലും ഒന്നിക്കുന്നത് ശാസ്ത്രീയമായും തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയും ആരോഗ്യ പ്രതിവിധി തേടുന്ന പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും പ്രമേഹം, അമിത രക്തസമ്മർദം, അര്‍ബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ വര്‍ധിച്ചുവരുന്ന ഭീഷണി നേരിടുന്നതിലും ദൗത്യം വലിയ പങ്കുവഹിക്കും. രാജ്യത്തെ ശാസ്ത്രീയ ഗവേഷണങ്ങളിലും സ്ഥാപനപരമായ അനുഭവപരിചയത്തിലും തെളിവുകളിലധിഷ്ഠിതമായ പ്രായോഗിക രീതികളിലും ശ്രദ്ധകേന്ദ്രീകരിച്ച് തദ്ദേശീയ പരിഹാരങ്ങൾ ഇന്ത്യ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചെലവ് കുറഞ്ഞതും ഗുണനിലവാരം കൂടിയതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ പ്രതിവിധികള്‍ രാജ്യത്തിന് ഏറെ ഉപകാരപ്രദമാകുമെന്നും അത്തരം രീതികള്‍ വികസിപ്പിക്കാൻ ഐ.സി.എം.ആർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘സേഹത് മിഷൻ’ കേവലം ഒറ്റപ്പെട്ട പദ്ധതിയല്ലെന്നും മറിച്ച് ശാസ്ത്രവും നയരൂപീകരണവും പദ്ധതിനിര്‍വഹണ സംവിധാനങ്ങളും സംയോജിതമായി പ്രവർത്തിക്കുന്ന “സമഗ്ര ഗവൺമെന്റ്, സമഗ്ര സംവിധാനം” എന്ന സമീപനത്തിന് ഉദാഹരണമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. കൂടുതൽ ആരോഗ്യകരവും കരുത്തുറ്റതുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഈ ദൗത്യം വലിയ സംഭാവന നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൃഷിയും പോഷകാഹാരവും ആരോഗ്യ സംരക്ഷണവും സംയോജിപ്പിച്ച് ആരോഗ്യകരമായ രാജ്യം കെട്ടിപ്പടുക്കാന്‍ സേഹത് ദൗത്യം ശക്തമായ ചട്ടക്കൂട് സ്ഥാപിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ‘സേഹത് മിഷന്‍’ ഉദ്ഘാടനം ചെയ്തതിലൂടെ രാജ്യം ചരിത്രപരവും അഭൂതപൂർവവുമായ ചുവടുവെയ്പ്പ് നടത്തിയതായി അദ്ദേഹം വിശേഷിപ്പിച്ചു.
ഭാരതീയ പാരമ്പര്യം ആരോഗ്യപൂര്‍ണമായ ശരീരത്തെ ഏറ്റവും വലിയ സന്തോഷമായാണ് കണക്കാക്കുന്നതെന്നും മികച്ച ആരോഗ്യം അടിസ്ഥാനപരമായി ശരിയായ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ശ്രീ ചൗഹാൻ പറഞ്ഞു. കാർഷികോല്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം പോഷണമുറപ്പാക്കുന്നതും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതും സമഗ്ര ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതുമായ ഭക്ഷണം ഉല്പാദിപ്പിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുണകരവും മിതവും കാലാനുസൃതവുമായ ഭക്ഷണം ആരോഗ്യത്തിന്റെ യഥാർത്ഥ അടിത്തറയായതിനാൽ ഈ ആശയങ്ങൾ ഇന്നും പ്രസക്തമാണെന്ന് “ഹിതഭുക്, മിതഭുക്, ഋതുഭുക്” എന്ന ഇന്ത്യൻ ദാർശനിക തത്വത്തെ പരാമർശിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. "ജനങ്ങൾ എന്ത് കഴിക്കണം" എന്നതിനെക്കുറിച്ച് മാത്രമല്ല, "രാജ്യം എന്ത് വിളയിക്കണം" എന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചതായി അദ്ദേഹം പറഞ്ഞു.
ഈ ലക്ഷ്യം മുൻനിർത്തിയാണ് 'സേഹത് മിഷൻ' ആരംഭിച്ചിരിക്കുന്നതെന്ന് ശ്രീ ചൗഹാന്‍ വ്യക്തമാക്കി. കൃഷിയിടങ്ങളെയും ഭക്ഷണത്തളികകളെയും പൊതുജനാരോഗ്യത്തെയും ബന്ധിപ്പിക്കുന്ന ശാസ്ത്രീയ ശൃംഖല സൃഷ്ടിക്കാൻ ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിലും ഇന്ത്യൻ ആരോഗ്യ ഗവേഷണ കൗണ്‍സിലും കൈകോർക്കുന്നു. ജൈവ-സമ്പുഷ്ടീകൃത വിളകൾ, പോഷകസമൃദ്ധമായ ഭക്ഷ്യോല്പന്നങ്ങൾ, സംയോജിത കൃഷി രീതികൾ, കർഷകർക്ക് ആരോഗ്യ-പരിരക്ഷാ നടപടികൾ, ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാന്‍ ഭക്ഷണക്രമങ്ങൾ, ഏകോരോഗ്യ സമീപനം എന്നിവയിൽ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇന്ന് മതിയായ ഭക്ഷ്യധാന്യ ഉല്പാദനമുണ്ടെന്നും എന്നാൽ രാജ്യത്തിന്റെ അടുത്ത സുപ്രധാന ലക്ഷ്യം പോഷകസമൃദ്ധമായ കാർഷികോല്പാദനമായിരിക്കണമെന്നും ശ്രീ ചൗഹാൻ പറഞ്ഞു. ജൈവ-സമ്പുഷ്ടീകൃത വിളകളെയും സിങ്ക്, ഇരുമ്പ്, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഇനങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ഒപ്പം കൊടോ, കുട്കി, ജോവർ, റാഗി, ബജ്‌റ തുടങ്ങിയ പരമ്പരാഗത ചെറുധാന്യങ്ങളുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

സംയോജിത കൃഷിയെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്ന ഉപകരണം മാത്രമായി കാണാതെ കുടുംബത്തിലെ പോഷകാഹാരം ശക്തിപ്പെടുത്തുന്ന ഫലപ്രദമായ മാർഗമായി കാണണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിളകൃഷിയ്ക്കൊപ്പം പഴങ്ങളും പച്ചക്കറികളും കന്നുകാലി വളർത്തലും മത്സ്യകൃഷിയും തേനീച്ച വളർത്തലുമെല്ലാം സംയോജിപ്പിക്കുന്നത് സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും ഉറപ്പാക്കാന്‍ ഗ്രാമീണ കുടുംബങ്ങളെ സഹായിക്കും. കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും ആരോഗ്യവും സുരക്ഷയും ഈ ദൗത്യത്തിന്റെ സുപ്രധാന ഘടകമായിരിക്കുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. കീടനാശിനികളുമായി സമ്പർക്കം, രാസവസ്തുക്കളുടെ അമിത ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കൃഷിയ്ക്കിടയിലെ മറ്റ് അപകടകരമായ സാഹചര്യങ്ങളും ലഘൂകരിക്കാന്‍ ശാസ്ത്രീയ ഇടപെടലുകളും സുരക്ഷിത കൃഷിരീതികളും ബോധവൽക്കരണ പരിപാടികളും അടിയന്തരമായി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ശരിയായ ഭക്ഷണശീലങ്ങളും അനുയോജ്യ വിള തിരഞ്ഞെടുപ്പും സംബന്ധിച്ച് ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തിയാൽ ഭക്ഷണത്തിന് തന്നെ ഔഷധമായി പ്രവർത്തിക്കാനാകുമെന്ന് കേന്ദ്ര കൃഷി മന്ത്രി കൂട്ടിച്ചേർത്തു. പ്രമേഹം, അമിത രക്തസമ്മര്‍ദം, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവയെ പരാമർശിച്ച കേന്ദ്രമന്ത്രി രോഗങ്ങൾ തടയാനും രോഗനിയന്ത്രണത്തിന് പിന്തുണ നൽകാനും സഹായിക്കുന്ന ബദല്‍ ഭക്ഷണങ്ങള്‍ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച 'സേഹത് മിഷൻ' നിശ്ചിത സമയപരിധിയ്ക്കകം കൃത്യമായ ഫലങ്ങൾ നൽകുമെന്നും രാജ്യത്തെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ലായി മാറുമെന്നും ശ്രീ ചൗഹാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഭക്ഷ്യോല്പാദനം, പൊതുജന പോഷകാഹാരം, രോഗ പ്രതിരോധം എന്നിവയെ സംയോജിത ആസൂത്രണത്തിലൂടെയും ശാസ്ത്രീയ സഹകരണത്തിലൂടെയും അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ കാർഷിക-ആരോഗ്യ ഗവേഷണ സംവിധാനങ്ങൾക്കിടയിൽ കരുത്തുറ്റ സ്ഥാപനതല ഏകോപനമുറപ്പാക്കാന്‍ ദൗത്യം ലക്ഷ്യമിടുന്നു. കാർഷിക നയം, പോഷകാഹാര തന്ത്രങ്ങൾ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്ക് ഏകോപിച്ച് പ്രവർത്തിക്കാനാവുന്ന ശാസ്ത്രീയ ചട്ടക്കൂട് ഈ സംരംഭം സൃഷ്ടിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യം ഒരു വശത്ത് പോഷകാഹാരക്കുറവും മറുവശത്ത് കൂടിവരുന്ന ജീവിതശൈലീ രോഗങ്ങളും അഭിമുഖീകരിക്കുന്ന സമയത്താണ് ദൗത്യത്തിന് തുടക്കം കുറിയ്ക്കുന്നത്.
പോഷക ഗുണനിലവാരം മെച്ചപ്പെടുത്തൽ, പോഷകദാരിദ്ര്യത്തിനും സൂക്ഷ്മപോഷകങ്ങളുടെ കുറവിനും പരിഹാരം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, കർഷകർക്ക് മെച്ചപ്പെട്ട ആരോഗ്യവും സുരക്ഷയും, സുസ്ഥിര ഭക്ഷ്യസംവിധാനങ്ങളുടെ വികസനം, ശാസ്ത്രീയാടിസ്ഥാനത്തില്‍ ശക്തമായ നയരൂപീകരണം എന്നിവയാണ് സംരംഭത്തിലൂടെ പ്രതീക്ഷിക്കുന്ന ഫലങ്ങൾ. മികച്ച പൊതുജനാരോഗ്യ ഫലങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തെ ഭക്ഷ്യസംവിധാനങ്ങളും പോഷകാഹാര രീതികളും രോഗപ്രവണതകളും തമ്മിലെ ബന്ധത്തെക്കുറിച്ച് ദീർഘകാല ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും ദൗത്യം ലക്ഷ്യമിടുന്നു.

കൃഷിയും ആരോഗ്യവും കൈകോർക്കുന്നത് ഇന്ത്യയ്ക്ക് മാത്രമല്ല, മാനവരാശിക്ക് ഒന്നടങ്കം ഗുണം ചെയ്യുമെന്ന് 'സേഹത് മിഷൻ' സംരംഭവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പങ്കെടുക്കുന്ന സ്ഥാപനങ്ങളെയും അഭിനന്ദിച്ച ശ്രീ ചൗഹാൻ പറഞ്ഞു. ‘സയന്‍സ് എക്സലന്‍സ് ഫോര്‍ ഹെല്‍ത്ത് ത്രൂ അഗ്രികള്‍ച്ചറല്‍ ട്രാന്‍സ്ഫോമേഷന്‍ അഥവാ കാർഷിക പരിവർത്തനത്തിലൂടെ ആരോഗ്യരംഗത്തെ ശാസ്ത്രീയ മികവ് എന്ന 'സേഹത്' മിഷന്റെ പൂർണരൂപം സംബന്ധിച്ചും ചടങ്ങിൽ വിശദീകരിച്ചു. മെച്ചപ്പെട്ട പോഷകാഹാരം, രോഗ പ്രതിരോധം, കർഷക ക്ഷേമം, ശാസ്ത്രീയ നയരൂപീകരണം എന്നിവയുമായി കൃഷിയെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ഇന്ത്യൻ ആരോഗ്യ ഗവേഷണ കൗണ്‍സിലിന്റെയും സംയുക്ത ദേശീയ ദൗത്യമാണ് 'സേഹത്' എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2260079)
സന്ദര്‍ശക കൗണ്ടര്‍ : 3