പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ- മന്ത്രാലയ പത്ര സമ്മേളനം
പോസ്റ്റഡ് ഓണ്‍:
11 MAY 2026 6:52PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൗരന്മാരെ അറിയിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ഗവണ്മെന്റ് തുടരുന്നു. ഇതിൻ്റെ ഭാഗമായി, നാഷണൽ മീഡിയ സെൻ്ററിൽ ഇന്ന് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേർത്തു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, ഈ മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്കുന്ന പിന്തുണ, പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചു. രാസവളത്തിൻ്റെ നിലവിലെ സ്റ്റോക്ക് നിലയെക്കുറിച്ചും ലഭ്യതയെക്കുറിച്ചുമുള്ള വിവരങ്ങൾ രാസവസ്തു, രാസവളം മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു.
രാസവളത്തിൻ്റെ സ്റ്റോക്ക് നിലയും ലഭ്യതയും
രാജ്യത്തെ രാസവളത്തിൻ്റെ മൊത്തത്തിലുള്ള സ്റ്റോക്ക് നില (ലക്ഷം ടണ്ണിൽ)
|
ഉൽപ്പന്നം
|
11.05.2026-ലെ
സ്റ്റോക്ക് നില
|
കഴിഞ്ഞ വർഷം ഇതേ ദിവസത്തെ സ്റ്റോക്ക് നില |
|
യൂറിയ
|
76.65
|
75.48
|
|
ഡി.എ.പി
|
22.52
|
14.87
|
|
എൻ.പി.കെ-കൾ
|
60.42
|
48.32
|
|
എസ്.എസ്.പി
|
26.99
|
26.92
|
|
എം.ഒ.പി
|
13.07
|
12.99
|
|
ആകെ
|
199.65
|
178.58
|
• 2026-ലെ ഖാരിഫ് സീസണിലേക്ക്, വളത്തിൻ്റെ ആവശ്യകത 390.54 ലക്ഷം മെട്രിക് ടൺ ആണെന്ന് കൃഷി, കർഷക ക്ഷേമ വകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ഇതിനെതിരെ ഇന്നത്തെ സ്റ്റോക്ക് ഏകദേശം 199.65 ലക്ഷം മെട്രിക് ടൺ ( 51 ശതമാനത്തിലധികം) ആണ്. ഇത് സാധാരണ നിലയായ 33 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ഗവണ്മെന്റിൻ്റെ മെച്ചപ്പെട്ട ആസൂത്രണം, മുൻകൂട്ടിയുള്ള സംഭരണം, കാര്യക്ഷമമായ ലോജിസ്റ്റിക് മാനേജ്‌മെൻ്റ് എന്നിവയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
പ്രതിസന്ധിക്ക് ശേഷമുള്ള വളത്തിൻ്റെ ആഭ്യന്തര ഉത്പാദനവും ഇറക്കുമതിയും (ലക്ഷം ടണ്ണിൽ)
|
ഉൽപ്പന്നം
|
പ്രതിസന്ധിക്ക് ശേഷമുള്ള ആഭ്യന്തര ഉത്പാദനം (01.03.2026 മുതൽ 10.05.26 വരെ)
|
ആഭ്യന്തര ഉത്പാദനം (01.03.2025 മുതൽ 10.05.2025 വരെ) |
|
യൂറിയ
|
46.28
|
54.98
|
|
ഡി.എ.പി
|
6.20
|
5.56
|
|
എൻ.പി.കെ-കൾ
|
15.57
|
22.03
|
|
എസ്.എസ്.പി
|
8.73
|
9.44
|
|
ആകെ
|
76.78
|
92.01
|
വളം വില്പന (ലക്ഷം ടണ്ണിൽ)
|
ഉൽപ്പന്നം
|
01.03.2026 മുതൽ 10.05.26 വരെയുള്ള വില്പന
|
01.03.2025 മുതൽ 10.05.2025 വരെയുള്ള വില്പന |
|
യൂറിയ
|
38.94
|
34.60 |
|
ഡി.എ.പി
|
9.40
|
6.17
|
|
എൻ.പി.കെ-കൾ
|
14.25
|
11.71
|
|
എസ്.എസ്.പി
|
5.52
|
4.28
|
| എം.ഒ.പി |
3.08 |
2.89 |
|
ആകെ
|
76.78
|
92.01
|
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജി-യുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധയിൽപ്പെടുത്തിയത്:
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പൗര ബോധവൽക്കരണവും
• പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാൽ ഇവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു.
• വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
• എൽപിജി ഉപഭോക്താക്കൾ ബുക്കിംഗിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
• സാധ്യമായ ഇടങ്ങളിലൊക്കെ പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
• നിലവിലെ സാഹചര്യത്തിൽ, ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
ഗവണ്മെന്റിൻ്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാൻ ഗവണ്മെന്റിന് സാധിച്ചിട്ടുണ്ട്.
• വാണിജ്യ എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നല്കുന്നുണ്ട്. കൂടാതെ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.
• റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
• എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
• ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
• ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ നല്കുന്നതിന് സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
• പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന ഗവണ്മെന്റുകൾക്ക് അധികാരം നല്കിയിട്ടുണ്ട്.
• പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്ര സർക്കാർ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് കൃത്യമായ വിവരങ്ങൾ നല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാർച്ച് 27-ലേയും 2026 ഏപ്രിൽ 2-ലേയും കത്തുകളിലൂടെ ഇന്ത്യ ഗവണ്മെന്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, 2026 ഏപ്രിൽ 2-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിൽ), 2026 ഏപ്രിൽ 6-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാർത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ എന്നിവരുടെ അധ്യക്ഷതയിൽ) യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ഊന്നിപ്പറഞ്ഞു:
◦ ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുക.
◦ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
◦ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ദൈനംദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.
◦ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ പിഎൻജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.
◦ എൽപിജി വിതരണത്തിൽ പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നല്കുക , വിതരണത്തിൽ സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.
• പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.
• ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ ഇടവേളകളിൽ പത്രസമ്മേളനങ്ങൾ നടത്തുകയും വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.
പരിശോധനയും നിരീക്ഷണ നടപടികളും
• എൽപിജി പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കർശന പരിശോധനകൾ രാജ്യത്തുടനീളം തുടരുകയാണ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 1,500-ത്തിലധികം റെയ്ഡുകൾ നടന്നു.
• പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കുകയും തുടരുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, ഇതുവരെ 382 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും ചട്ടങ്ങൾ ലംഘിച്ച 76 എൽപിജി വിതരണകേന്ദ്രങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എൽപിജി വിതരണം
ഗാർഹിക എൽപിജി വിതരണ സ്ഥിതി:
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.
• ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നല്കിയിട്ടുണ്ട്.
• എൽപിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഇൻഡസ്ട്രി അടിസ്ഥാനത്തിലുള്ള ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് ഇന്നലെ 98 ശതമാനമായി വർദ്ധിച്ചു.
• വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 94 ശതമാനമായി ഉയർന്നു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് ഡിഎസി ലഭിക്കുന്നത്.
• ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കുന്നതിനായി ഒട്ടുമിക്ക എൽപിജി വിതരണ കേന്ദ്രങ്ങളും ഞായറാഴ്ചയും പ്രവർത്തിച്ചിരുന്നു.
• കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏകദേശം 1.14 കോടി സിലിണ്ടറുകളുടെ ബുക്കിംഗുകൾ നടന്നപ്പോൾ 1.26 കോടിയിലധികം ഗാർഹിക പാചകവാതക സിലിണ്ടറുകളാണ് വിതരണം ചെയ്തത്.
വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
• മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിൻ്റെ ഏകദേശം 70 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
• അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഇന്ത്യ ഗവണ്മെന്റ് അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിൻ്റെ (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിലാണ് ഈ വർദ്ധനവ്. 2026 മാർച്ച് 21-ലെ കത്തിൽ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമായി വിതരണം ചെയ്യുന്നതിനായി സംസ്ഥാന ഗവണ്മെന്റുകൾക്ക് വിട്ടുനല്കിയിട്ടുണ്ട്.
• കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.4 ലക്ഷത്തിലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.
• 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 2026 ഏപ്രിൽ 3 മുതൽ,പൊതുമേഖലാ എണ്ണക്കമ്പനികൾ 11,300-ലധികം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഏകദേശം 2 ലക്ഷത്തിലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.
• ഇന്നലെ നടന്ന 93 ക്യാമ്പുകളിലൂടെ 2,100 - 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.
• ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ വാണിജ്യ എൽപിജി വില്പനയ്ക്കുള്ള പദ്ധതിക്ക് അന്തിമരൂപം നല്കുന്നു.
• കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൊത്തം 17,044 മെട്രിക് ടൺ (ഇത് 8.97 ലക്ഷത്തിലധികം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുല്യമാണ്) വാണിജ്യ എൽപിജി വിറ്റഴിക്കപ്പെട്ടു.
• കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികൾ വഴിയുള്ള ഓട്ടോ എൽപിജി വില്പന 762 മെട്രിക് ടൺ ആണ്.
പ്രകൃതിവാതക വിതരണവും പിഎൻജി വിപുലീകരണ സംരംഭങ്ങളും
• ഗാർഹിക പിഎൻജി, ഗതാഗത മേഖലയിലെ സിഎൻജി എന്നിവയ്ക്ക് നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നല്കിയിട്ടുണ്ട്.
• നിലവിൽ പ്രവർത്തിക്കുന്ന യൂറിയ പ്ലാൻ്റുകൾക്കുള്ള ഗ്യാസ് വിഹിതം, അവയുടെ ആറുമാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 98 ശതമാനമാണ്.
• കൂടാതെ, സിജിഡി ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകൾക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
• വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് എല്ലാ ജിഎ-കളിലും പിഎൻജി കണക്ഷനുകൾ നല്കുന്നതിന് മുൻഗണന നല്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
• ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതികൾ വേഗത്തിലാക്കാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
• എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ ഇന്ത്യ ഗവണ്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
• പിഎൻജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ അധിക വാണിജ്യ എൽപിജി വിഹിതം കൈപ്പറ്റുന്നുണ്ട്.
• റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2026 മാർച്ച് 24-ലെ കത്തിലൂടെ സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകൾക്ക് മുൻഗണന നൽകുന്നതിനായി സമയപരിധി കുറച്ചുകൊണ്ടുള്ള ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട് മൂന്ന് മാസത്തേക്ക് പ്രത്യേകമായി നടപ്പിലാക്കിയിട്ടുണ്ട്. സിജിഡി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിനാണ് ഈ നടപടി.
• 1955-ലെ അവശ്യവസ്തു നിയമപ്രകാരം, 2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങൾ എന്നിവയിലൂടെ) ഉത്തരവ് 24.03.2026-ലെ ഗസറ്റിലൂടെ ഇന്ത്യ ഗവണ്മെന്റ് വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികൾ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകൾ മെച്ചപ്പെടുത്തുകയും, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യും.
• ഗാർഹിക പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ പിഎൻജിആർബി, സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. പിഎൻജി വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി ദേശീയ പിഎൻജി യജ്ഞം 2.0, 2026 ജൂൺ 30 വരെ പിഎൻജിആർബി ദീർഘിപ്പിച്ചിട്ടുണ്ട്.
• ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യ ഗവണ്മെന്റ് ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കൽ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, അധിക വാണിജ്യ എൽപിജി വിഹിതത്തിൻ്റെ അടുത്ത ഗഡു അനുവദിക്കുന്നതിൽ മുൻഗണന നല്കുന്നതാണ്.
• സിജിഡി ശൃംഖലകൾക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യമായ സ്ഥാപനാനുമതി അല്ലെങ്കിൽ പ്രവർത്തനാനുമതി 15 ദിവസത്തിനുള്ളിൽ നല്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും മലിനീകരണ നിയന്ത്രണ സമിതികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രിൽ 7-ലെ ഉത്തരവിലൂടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
• 2026 മാർച്ച് മുതൽ ഇതുവരെ ഏകദേശം 6.79 ലക്ഷം പിഎൻജി കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കി. കൂടാതെ 2.68 ലക്ഷം കണക്ഷനുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു, ഇതോടെ ആകെ കണക്ഷനുകൾ 9.47 ലക്ഷമായി ഉയർന്നു. കൂടാതെ, ഏകദേശം 7.29 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
• 2026 മെയ് 10 വരെയുള്ള കണക്കുകൾ പ്രകാരം, 52,300-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in വെബ്‌സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ തിരിച്ചേൽപ്പിച്ചു.
അസംസ്കൃത ഇന്ധനത്തിന്റെ തൽസ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
· മതിയായ അസംസ്കൃത ഇന്ധന ലഭ്യതയോടെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യത്തിനുള്ള സംഭരണമുണ്ട് .
· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
•ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു മന്ത്രാലയ തല സംയുക്ത പ്രവർത്തക സമിതി (ജെഡബ്ല്യുജി) രൂപീകരിച്ചു. തുടർന്ന്, സെന്റർ ഫോർ ഹൈ ടെക്‌നോളജി (സിഎച്ച്ടി) നിർണ്ണയിക്കുന്ന പ്രകാരം പ്രധാന മേഖലകൾക്ക് പ്രവർത്തിക്കാൻ ഏറ്റവും മിനിമം ആവശ്യമായ C3 & C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്‌സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 01.04.2026 ലെ ഉത്തരവ് പ്രകാരം ഇന്ത്യാ ഗവൺമെന്റ് അനുമതി നൽകി.
•ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് & പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന വകുപ്പ്, ആഭ്യന്തര വ്യാപാര വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ, കെമിക്കൽ മേഖലയിലെ കമ്പനികൾക്ക് LPG പൂളിൽ നിന്ന് പ്രതിദിനം 1120 മെട്രിക് ടൺ ഇന്ധനം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.
•2026 മേയ് 1 മുതൽ കെമിക്കൽ, ഫാർമ, പെയിന്റ് വ്യവസായ മേഖലയ്ക്ക് മുംബൈ, കൊച്ചി, വിശാഖ പട്ടണം , ചെന്നൈ, മഥുര, ഗുജറാത്ത് എന്നിവിടങ്ങളിലെ റിഫൈനറികൾ 4600 മെട്രിക് ടണ്ണിലധികം പ്രൊപിലീൻ,1700 മെട്രിക് ടൺ ബ്യൂട്ടൈൽ അക്രിലേറ്റ് എന്നിവ വിറ്റു.
ഇന്ധനത്തിന്റെ ചില്ലറ ലഭ്യതയും വിലനിർണ്ണയ നടപടികളും:
· രാജ്യത്തുടനീളമുള്ള ചില്ലറ ഇന്ധന വിൽപ്പന ശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
•പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവൺമെന്റ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് ₹10 കുറച്ചു.
•രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് അറിയിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിലകളിൽ മാറ്റമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വിലവർദ്ധന ഇല്ല.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും:
പേർഷ്യൻ ഗൾഫിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം നൽകി. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. അതിൽ ഇങ്ങനെ അറിയിക്കുന്നു :
•നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ , സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.
· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിക്കുന്ന വാണിജ്യ കപ്പലുകളോ വിദേശ പതാക വഹിക്കുന്ന ഇന്ത്യൻ നാവികരുള്ള വാണിജ്യ കപ്പലുകളോ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം സജീവമാക്കിയതിനുശേഷം ഇതുവരെ 8,889 കോളുകളും 19,758 ഇമെയിലുകളും കൈകാര്യം ചെയ്തു.കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ആകെ 152 കോളുകളും 444 ഇമെയിലുകളും ലഭിച്ചു.
· ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 77 പേർ ഉൾപ്പെടെ ഇതുവരെ 3,096 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു. എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ:
ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർന്നും നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ,സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
•ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും മികച്ച ക്രമീകരണത്തിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ബന്ധപ്പെട്ടുവരുന്നു.
•ഇന്ത്യൻ പൗരന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്.
•ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ മുൻകൈയെടുത്ത് സഹായിക്കുകയും ചെയ്യുന്നു. അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്
•തദ്ദേശ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പതിവായി പുറപ്പെടുവിച്ചുവരുന്നു.
• മേഖലയിലെ താമസക്കാരായ ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ മിഷനുകൾ സജീവമായി ഇടപഴകുന്നു. മേഖലയിലെ വിവിധ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മറ്റു പങ്കാളികൾ എന്നിവരുടെ ആശങ്കകൾ പരിഹരിക്കുന്നതിൻ ഇന്ത്യൻ മിഷനുകൾ സജീവമായി ഇടപഴകുന്നു.
•ഇന്ത്യൻ നാവികരുടെ ക്ഷേമം ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം മുൻഗണനയായി തുടരുന്നു. പ്രാദേശിക അധികാരികളുമായി ഏകോപനം, കോൺസുലാർ പിന്തുണ, ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് വേണ്ട സഹായം മിഷനുകൾ നൽകുന്നു.
• മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സ്ഥിതി മെച്ചപ്പെടുന്നു.
•യുഎഇ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികൾ യുഎഇയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്.
•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു
•ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഖത്തർ എയർവെയ്സ് എന്നീ വിമാന കമ്പനികൾ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ നടത്തുന്നു .
•കുവൈറ്റ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നു .
•ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗൾഫ് എയർ എന്നിവ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്
• ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ. ഇത് ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്ക് ഉപയോഗിക്കാം
• ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു. കൂടാതെ നേരത്തെ ഇറാനിലുള്ളവർ എംബസിയുടെ പിന്തുണയോടെ മടങ്ങാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ, 2,549 ഇന്ത്യൻ പൗരന്മാർക്ക് കര അതിർത്തികൾ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചു, ഇത് ഇന്ത്യയിലേക്ക് തുടർന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം .
****
( റിലീസ് ഐ.ഡി: 2260057)
സന്ദര്‍ശക കൗണ്ടര്‍ : 7