PIB Backgrounder
വിക്‌സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ), 2025:
VB-G RAM G നിയമം, 2025
പോസ്റ്റഡ് ഓണ്‍:
11 MAY 2026 11:42AM by PIB Thiruvananthpuram
ഗ്രാമീണ തൊഴിൽ സംവിധാനത്തെ സുസ്ഥിര വികസനവുമായും വികസിത ഭാരതം @2047 എന്ന ലക്ഷ്യവുമായും യോജിപ്പിച്ച്, പരിവർത്തനം സാധ്യമാക്കാൻ ലക്ഷ്യമിടുന്ന ഒന്നാണ് ‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ആക്ട്, 2025’. ഈ നിയമപ്രകാരം എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ഓരോ സാമ്പത്തിക വർഷത്തിലുമുള്ള നിയമപരമായ തൊഴിൽ ഉറപ്പ് 100 ദിവസത്തിൽനിന്ന് 125 ദിവസമായി വർധിപ്പിച്ചു. ഫലപ്രദമായ പ്രവൃത്തികളിലൂടെയും ഡിജിറ്റൽ സംവിധാനങ്ങൾ സമന്വയിപ്പിച്ചുള്ള ആസൂത്രണത്തിലൂടെയും ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ, ഉപജീവന ആസ്തികൾ, ദുരന്തനിവാരണ സന്നദ്ധത എന്നിവയ്ക്ക് ഈ ചട്ടക്കൂടു മുൻഗണന നൽകുന്നു. ബയോമെട്രിക് പരിശോധന, ജിയോ-റഫറൻസിങ്, ഡിജിറ്റൽ നിരീക്ഷണം, സമയബന്ധിതമായ വേതനവിതരണം എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിത ഭരണനിർവഹണം സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. നിർബന്ധിത സാമൂഹ്യ കണക്കെടുപ്പുകൾ, ഘടനാപരമായ മേൽനോട്ട സംവിധാനങ്ങൾ, പരാതി പരിഹാര സെല്ലുകൾ എന്നിവ ഇതിന്റെ നടത്തിപ്പിനു കൂടുതൽ കരുത്തുപകരുന്നു. ഗ്രാമീണ തൊഴിലിനെ സുസ്ഥിരമായ ഗ്രാമവികസനത്തിന്റെയും ഈടുനിൽക്കുന്ന ആസ്തി നിർമാണത്തിന്റെയും ഉൽപ്പാദനക്ഷമമായ ചാലകശക്തിയാക്കി ഈ നിയമം മാറ്റുന്നു.
രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലകളിലും VB-G RAM G നിയമം നടപ്പാക്കുന്ന ചരിത്രപരമായ നടപടി
‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ): വി.ബി-ജി റാം ജി ആക്ട്, 2025', 01/07/2026 മുതൽ രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലകളിലും നടപ്പാക്കുന്നതായി ഇന്ത്യാഗവണ്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. VB-G RAM G നിയമം നിലവിൽ വരുന്ന ദിവസം മുതൽ , ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA), 2005’ റദ്ദാക്കപ്പെടും. ഇത് ഇന്ത്യയുടെ ഗ്രാമവികസന ചട്ടക്കൂട്ടിലെ ചരിത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. കൂടാതെ ‘വികസിത ഭാരതം @2047’ എന്ന ദേശീയ ലക്ഷ്യത്തിന് അനുസൃതമായി സംയോജിതവും ഭാവിസജ്ജവും ഉൽപ്പാദനക്ഷമവുമായ പുതിയ ഗ്രാമീണ പരിവർത്തന യുഗത്തിന് ഇതു തുടക്കം കുറിക്കും.
ഈ നിയമം നടപ്പാക്കുന്നത് മഹാത്മാഗാന്ധി NREGA-യുടെ പഴയ ചട്ടക്കൂടിൽനിന്ന് ആധുനികമായ ഗ്രാമവികസന രീതിയിലേക്കുള്ള ചരിത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഉപജീവന സുരക്ഷ, ഈടുനിൽക്കുന്ന ആസ്തി നിർമാണം, സാങ്കേതികവിദ്യാധിഷ്ഠിത ഭരണനിർവഹണം, വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ആസൂത്രണം, കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവ സമന്വയിപ്പിക്കുന്ന ഒന്നാണ് ഈ പുതിയ വികസന മാതൃക.
മുതിർന്ന അംഗങ്ങളുള്ള, അവിദഗ്ദ്ധ കായികാധ്വാനത്തിനു സന്നദ്ധത പ്രകടിപ്പിക്കുന്ന, എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ഓരോ സാമ്പത്തിക വർഷവും വേതനത്തോടുകൂടിയ 125 ദിവസത്തെ തൊഴിൽ ഈ നിയമം ഉറപ്പുനൽകുന്നു. മെച്ചപ്പെട്ട ഈ തൊഴിലുറപ്പ്, ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം, ഉപജീവന സുരക്ഷ, ഗ്രാമീണതലത്തിലുള്ള അടിസ്ഥാനസൗകര്യ നിർമാണം, സുസ്ഥിര ഗ്രാമവികസനം എന്നിവയ്ക്കു പുതിയ ഉണർവേകുമെന്നു പ്രതീക്ഷിക്കുന്നു. അതോടൊപ്പം, ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ, പ്രാദേശിക സാമ്പത്തിക വളർച്ച, കാലാവസ്ഥാ സംബന്ധമായ വെല്ലുവിളികളെ നേരിടാനുള്ള ശേഷി എന്നിവ വർധിപ്പിക്കുന്ന ഈടുനിൽക്കുന്നതും ഉൽപ്പാദനക്ഷമവുമായ ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കാനും ഇതു ലക്ഷ്യമിടുന്നു.
പരിഷ്കരണത്തിന്റെ പശ്ചാത്തലവും ആവശ്യകതയും
പതിറ്റാണ്ടുകളായി, ഇന്ത്യയുടെ ഗ്രാമവികസന തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണു വേതനത്തോടുകൂടിയ തൊഴിൽ പദ്ധതികൾ. തൊഴിൽ ലഭ്യതയുടെ കുറവും ഉപജീവന അരക്ഷിതാവസ്ഥയും നേരിടുന്ന ഗ്രാമീണ കുടുംബങ്ങൾക്കു വരുമാന പിന്തുണ നൽകാൻ ഇത്തരം പദ്ധതികൾ സഹായിക്കുന്നു.
സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം, മെച്ചപ്പെട്ട ഭൗതിക-ഡിജിറ്റൽ കണക്റ്റിവിറ്റി, മെച്ചപ്പെട്ട സാമ്പത്തിക ഉൾച്ചേർക്കൽ, ഉപജീവന മാർഗങ്ങളിലെ വൈവിധ്യവൽക്കരണം എന്നിവയാൽ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ കാലക്രമേണ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ വികസനങ്ങൾ പരിഗണിക്കുമ്പോൾ, നിലവിലുള്ള ഗ്രാമീണ തൊഴിൽ ചട്ടക്കൂട് സമകാലിക ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും ‘വികസിത ഭാരതം @2047’ എന്ന ദേശീയ ലക്ഷ്യത്തിനും അനുസൃതമായി പുനഃക്രമീകരിക്കേണ്ടത് അനിവാര്യമാണ്.
ഈ ലക്ഷ്യം മുൻനിർത്തി, ഒരു സാമ്പത്തിക വർഷത്തിലെ നിയമപരമായ തൊഴിലുറപ്പ് നൂറുദിവസത്തിൽനിന്ന് 125 ദിവസമായി വർധിപ്പിച്ച്, ഉപജീവന സുരക്ഷാ ചട്ടക്കൂടിനെ ശക്തിപ്പെടുത്താൻ നിർദേശിക്കുന്നു. ഗ്രാമവികസനത്തിന്റെ വേഗത വർധിപ്പിക്കുക, കൂടുതൽ മികച്ച വരുമാന സുരക്ഷ ഉറപ്പാക്കുക, വിപുലമായ തൊഴിലവസരങ്ങളിലൂടെ ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കുക എന്നിവയാണ് വർധിപ്പിച്ച ഈ തൊഴിലുറപ്പിലൂടെ ഉദ്ദേശിക്കുന്നത്.
അതനുസരിച്ച്, ‘വികസിത ഭാരതം @2047’ എന്ന ലക്ഷ്യത്തിന് അനുസൃതമായി, ഉപജീവന സുരക്ഷയെ ഉൽപ്പാദനക്ഷമത, ഏകോപനം, അതിജീവനശേഷി, സുസ്ഥിരമായ ആസ്തി നിർമാണം എന്നിവയുമായി സംയോജിപ്പിക്കുന്ന ഭാവിസജ്ജമായ ഗ്രാമവികസന ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി ‘വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ദൗത്യം (ഗ്രാമീൺ): VB G RAM G ആക്ട്, 2025’ എന്ന പേരിൽ പുതിയ നിയമം പാസാക്കി.
‘വികസിത ഭാരതം @2047’ എന്ന ദേശീയ ലക്ഷ്യവുമായി ഗ്രാമീണ തൊഴിലിനെ യോജിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സമഗ്രമായ നിയമനിർമാണ പരിഷ്കാരമാണ് ‘VB G RAM G ആക്ട്, 2025’. 2025 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ ഈ നിയമം രണ്ടു പതിറ്റാണ്ടു പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA, 2005) പകരമുള്ളതാണ്. കേവലം ക്ഷേമ പദ്ധതി എന്ന നിലയിൽനിന്ന്, വികസനത്തിന്റെയും പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യ നിർമാണത്തിന്റെയും സംയോജിത ഉപാധിയായി ഇതു ഗ്രാമീണ തൊഴിൽ മേഖലയെ പരിവർത്തനം ചെയ്യുന്നു.
മെച്ചപ്പെടുത്തിയ ഉപജീവന ഗ്യാരന്റിയും തൊഴിലാളി കേന്ദ്രീകൃത ചട്ടക്കൂടും
ഈ നിയമത്തിന്റെ പ്രധാന സവിശേഷത, എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ഓരോ സാമ്പത്തിക വർഷത്തിലുമുള്ള നിയമപരമായ തൊഴിലുറപ്പ് 100 ദിവസത്തിൽനിന്ന് 125 ദിവസമായി വർധിപ്പിച്ചു എന്നതാണ്. ഉപജീവന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, വരുമാനസ്ഥിരത മെച്ചപ്പെടുത്തുന്നതിനും, ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനും, ദുർബല വിഭാഗത്തിലുള്ള കുടുംബങ്ങൾക്കു കൂടുതൽ സാമ്പത്തിക പ്രതിരോധശേഷി നൽകുന്നതിനുമാണു മെച്ചപ്പെടുത്തിയ ഈ തൊഴിലുറപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
“റോസ്‌ഗാർ ഭീ, സമ്മാൻ ഭീ” (തൊഴിലിനൊപ്പം അന്തസ്സും) എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ ചട്ടക്കൂടു രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേവലം വേതനത്തോടുകൂടിയ തൊഴിൽ നൽകുക എന്നതു മാത്രമല്ല ; മറിച്ച്, ദീർഘകാല ഗ്രാമവികസനത്തിനു സഹായിക്കുന്ന ഈടുനിൽക്കുന്നതും ഉൽപ്പാദനക്ഷമവുമായ പൊതു ആസ്തികളുടെ നിർമാണത്തിൽ ഗ്രാമീണ തൊഴിലാളികൾ സജീവ പങ്കാളികളാകുന്നു എന്ന് ഉറപ്പാക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം.

മഹാത്മാഗാന്ധി NREGA-യിൽനിന്നു പുതിയ ചട്ടക്കൂടിലേക്കുള്ള മാറ്റം വളരെ ലളിതവും തൊഴിലാളികൾക്കു ബുദ്ധിമുട്ടില്ലാത്ത രീതിയിലുമാണു വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമീണ റോസ്‌ഗാർ ഗ്യാരന്റി കാർഡുകൾ വിതരണംചെയ്യുന്നതുവരെ നിലവിലുള്ള e-KYC പൂർത്തിയാക്കിയ തൊഴിൽ കാർഡുകൾക്കു സാധുതയുണ്ടായിരിക്കും. നിലവിൽ തൊഴിൽ കാർഡ് ഇല്ലാത്ത തൊഴിലാളികൾക്കു രജിസ്ട്രേഷനും പുതിയ കാർഡുകൾക്കുമായി ഗ്രാമപഞ്ചായത്തുതലത്തിൽ അപേക്ഷിക്കാവുന്നതാണ്. e-KYC പൂർത്തിയാക്കാനുണ്ട് എന്ന കാരണത്താൽ തൊഴിലാളികൾക്കു തൊഴിൽ നിഷേധിക്കാൻ പാടില്ല. ആവശ്യമുള്ള ഇടങ്ങളിൽ തൊഴിലിടങ്ങളിൽവച്ചുതന്നെ e-KYC പൂർത്തിയാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
തൊഴിലാളികൾക്കു നേരിട്ടോ, നിലവിലുള്ള ഫോം-6 ചട്ടക്കൂടുവഴി രേഖാമൂലമോ അല്ലെങ്കിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ തൊഴിലിനായി തുടർന്നും അപേക്ഷിക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ തൊഴിൽ നൽകുന്നതു തുടരും; വീഴ്ച വരുത്തിയാൽ നിയമത്തിലെ വ്യവസ്ഥകൾപ്രകാരം തൊഴിലില്ലായ്മ വേതനത്തിനു തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും. ഒരു സാമ്പത്തിക വർഷത്തിലെ ആദ്യ 30 ദിവസത്തേക്കു നിശ്ചയിക്കപ്പെട്ട വേതനനിരക്കിന്റെ നാലിലൊന്നിൽ കുറയാത്ത തുകയും, വർഷത്തിലെ ബാക്കി കാലയളവിലേക്കു വേതനനിരക്കിന്റെ പകുതിയിൽ കുറയാത്ത തുകയും തൊഴിലില്ലായ്മവേതനമായി നൽകേണ്ടതാണ്. ഇതു തൊഴിലിനുള്ള നിയമപരമായ ഉറപ്പിനെയും പദ്ധതിനടത്തിപ്പിലെ ഉത്തരവാദിത്വത്തെയും കൂടുതൽ ശക്തിപ്പെടുത്തുന്നു.

സമയബന്ധിതമായ വേതന വിതരണവും മെച്ചപ്പെട്ട സുതാര്യതയും
സമയബന്ധിതവും സുതാര്യവും ഉത്തരവാദിത്വപൂർണവുമായ വേതന വിതരണത്തിന് ഈ നിയമം വലിയ പ്രാധാന്യം നൽകുന്നു. വേതനം നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് DBT വഴി കൈമാറുന്നതു തുടരും. ഇതു സുതാര്യത വർധിപ്പിക്കാനും വേതനം ലഭിക്കുന്നതിലെ താമസം ഒഴിവാക്കാനും സഹായിക്കുന്നു.
ഈ ചട്ടക്കൂടു പ്രകാരം വേതനം ആഴ്ചയിലൊരിക്കലോ, അല്ലെങ്കിൽ മസ്റ്റർ റോൾ പൂർത്തിയാക്കി 15 ദിവസത്തിനകമോ നൽകേണ്ടതാണ്. നിശ്ചിത സമയപരിധിക്കപ്പുറം വേതനം വൈകുന്ന സാഹചര്യത്തിൽ, നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചു നഷ്ടപരിഹാരത്തിനു തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും. മസ്റ്റർ റോൾ പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ വേതനം നൽകിയില്ലെങ്കിൽ, പതിനാറാം ദിവസം മുതൽ ഓരോ ദിവസത്തെയും കാലതാമസം കണക്കാക്കി, നൽകാത്ത വേതനത്തിന്റെ 0.05 ശതമാനം നിരക്കിൽ നഷ്ടപരിഹാരം ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ടെന്നു നിയമം വ്യക്തമാക്കുന്നു. വേതനവിതരണത്തിലെ ഉത്തരവാദിത്വം വർധിപ്പിക്കാനും തൊഴിലാളികൾക്കു കൃത്യസമയത്തു വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ വ്യവസ്ഥകൾ വിഭാവനം ചെയ്തിരിക്കുന്നത്.
തൊഴിലിടങ്ങളിലെ ഹാജർ നില NMMS അധിഷ്ഠിത സംവിധാനങ്ങളിലൂടെയും മുഖം തിരിച്ചറിയുന്ന രീതിയിലുള്ള ഹാജർ സംവിധാനങ്ങളിലൂടെയും രേഖപ്പെടുത്തുന്നതാണ്. അതേസമയം, സാങ്കേതിക തകരാറുകൾ മൂലമോ കണക്റ്റിവിറ്റി പ്രശ്നങ്ങൾ മൂലമോ യഥാർഥ തൊഴിലാളികൾക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ അനുയോജ്യമായ പ്രത്യേക ഇളവുകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുഗമമായ പരിവർത്തനം: “റോസ്‌ഗാർ ഭീ, സമ്മാൻ ഭീ”
ഈ നിയമപ്രകാരം ഗ്രാമീണ തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുള്ള സുഗമമായ മാറ്റമാണ് ഗവണ്മെന്റ് പ്രധാനമായും ലക്ഷ്യമിടുന്നത്.
എല്ലാ ഗ്രാമീണ മേഖലകൾക്കുമുള്ള വിജ്ഞാപനം: ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്ന തീയതിമുതൽ രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലകളിലും ഒരേസമയം പ്രാബല്യത്തിൽ വരും. അതോടൊപ്പം, 01/07/2026 മുതൽ മഹാത്മാഗാന്ധി NREGA റദ്ദാക്കപ്പെടും.
തൊഴിൽ തുടർച്ച: VB- G RAM G നിയമം നടപ്പാക്കുന്നതു വരെ മഹാത്മാഗാന്ധി NREGA പ്രകാരമുള്ള തൊഴിൽ നൽകൽ തടസ്സമില്ലാതെയും സുഗമമായും തുടരും.
തൊഴിലാളികൾക്കു കൃത്യസമയത്തു ജോലി ലഭ്യമാക്കുന്നതിനും വേഗത്തിൽ വേതനം നൽകുന്നതിനുമാണു ഗവണ്മെന്റ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. തടസ്സമില്ലാത്ത തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി, വർധിച്ചുവരുന്ന ആവശ്യങ്ങൾക്കും പ്രാദേശിക സാഹചര്യങ്ങൾക്കും അനുസൃതമായി ആവശ്യമായ തൊഴിൽ ബജറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ തുടർച്ച: പുതിയ ‘ഗ്രാമീൺ റോസ്‌ഗാർ ഗ്യാരന്റി കാർഡുകൾ’ നൽകുന്നതു വരെയുള്ള പരിവർത്തന കാലയളവിൽ, e-KYC പൂർത്തിയാക്കിയ തൊഴിലാളികളുടെ നിലവിലുള്ള തൊഴിൽ കാർഡുകൾക്ക് സാധുതയുണ്ടായിരിക്കും.
തുടരുന്ന പ്രവൃത്തികൾ: ഈ നിയമം നടപ്പാക്കുന്ന തീയതിയിൽ MGNREGA പ്രകാരം നടന്നുവരുന്ന പ്രവൃത്തികൾ പുതിയ നിയമത്തിനു കീഴിൽ തുടർന്നും നടത്താവുന്നതാണ്.
പുതിയ പ്രവൃത്തികൾ: തൊഴിൽ ആവശ്യകത നിറവേറ്റാൻ നിലവിലുള്ള പ്രവൃത്തികൾ മതിയാകാതെ വരുന്ന സാഹചര്യത്തിൽ, പുതിയ നിയമത്തിലെ ഷെഡ്യൂൾ I-ന് അനുസൃതമായ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാവുന്നതാണ്.
ചരിത്രപരമായ ബജറ്റ് വിഹിതം
പുതിയ ചട്ടക്കൂടു രാജ്യത്തുടനീളം നടപ്പാക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് വിപുലമായ സാമ്പത്തിക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തിൽ, ഈ പദ്ധതിക്കായി കേന്ദ്ര വിഹിതമായി 95,692.31 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒരു ഗ്രാമീണ തൊഴിൽ പദ്ധതിക്കായി ബജറ്റ് എസ്റ്റിമേറ്റ് ഘട്ടത്തിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണിത്. ഗവണ്മെന്റിന്റെ മുൻഗണനയും പ്രതിജ്ഞാബദ്ധതയും ഈ വലിയ വിഹിതത്തിലൂടെ വ്യക്തമാക്കുന്നു. ഇതിലൂടെ ഗ്രാമീണ മേഖലയിലെ തൊഴിൽ-ഉപജീവന അവസരങ്ങൾക്ക് പുതിയ ഉണർവു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
സംസ്ഥാന വിഹിതം കൂടി ഉൾപ്പെടുത്തിയാൽ, പദ്ധതിയുടെ ആകെ ചെലവ് 1.51 ലക്ഷം കോടി രൂപയിലധികം വരുമെന്നു പ്രതീക്ഷിക്കുന്നു. ഈ വമ്പിച്ച സാമ്പത്തിക വിഹിതം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വൻതോതിലുള്ള പരിവർത്തനം കൊണ്ടുവരുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ഗ്രാമീണ തലത്തിൽ ഈടുനിൽക്കുന്ന ആസ്തികൾ നിർമിക്കുന്നതിനും, ഗ്രാമീണ കുടുംബങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർധന ഉറപ്പാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ വിശ്വസനീയമായ പ്രതിജ്ഞാബദ്ധതയെയാണു പ്രതിഫലിപ്പിക്കുന്നത്.

ഫീൽഡ് ഉദ്യോഗസ്ഥർ: കാര്യക്ഷമത, ഉത്തരവാദിത്വം, ശാക്തീകരണം
VB-G RAM G പദ്ധതിയുടെ സുഗമമായ നടത്തിപ്പിൽ PO-മാർ, ഗ്രാമ റോസ്‌ഗാർ സേവകർ (GRS) തുടങ്ങിയ ഫീൽഡുതല ഉദ്യോഗസ്ഥരുടെ പങ്ക് ഏറെ നിർണായകമാണ്. ഈ നിയമപ്രകാരം, ഭരണനിർവഹണച്ചെലവ് 6 ശതമാനത്തിൽനിന്ന് 9 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ ശേഷി വർധിപ്പിക്കൽ, പരിശീലനം, മാനവവിഭവശേഷി ശക്തിപ്പെടുത്തൽ, വേതനം നൽകൽ, ഫീൽഡുതലത്തിലുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കു സഹായകമാകും. ഈ വ്യവസ്ഥാപിത പരിഷ്കാരം താഴേത്തട്ടിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കൂടുതൽ കാര്യക്ഷമതയുള്ളവരും ശാക്തീകരിക്കപ്പെട്ടവരും ആക്കി മാറ്റുമെന്ന് ഉറപ്പാക്കുന്നു.
വിപുലീകരിച്ച തൊഴിൽ മേഖലകൾ: വികസനത്തിന് പുതുവേഗം
2025 -ലെ വികസിത് ഭാരത് ജി–റാം-ജി നിയമപ്രകാരം തൊഴില്‍ വ്യാപ്തി ഗണ്യമായി വർധിപ്പിക്കുകയും 2047-ലെ വികസിത ഭാരതമെന്ന ലക്ഷ്യവുമായി അവയെ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, അതിതീവ്ര കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിങ്ങനെ നാല് പ്രധാന മേഖലകളായി പ്രവൃത്തികളെ തിരിച്ചിരിക്കുന്നു. പദ്ധതിനിര്‍വഹണത്തില്‍ ഇത് കൂടുതൽ ഫലപ്രാപ്തിയും ഏകോപനവും ഉറപ്പാക്കുന്നു.
ഈ നിയമത്തില്‍ അനുവദനീയമായ പ്രവൃത്തികൾ കേവലം പരമ്പരാഗത കായിക അധ്വാനത്തിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, ഗ്രാമീണ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം കൂടുതൽ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും സുസ്ഥിര ആസ്തികൾ രൂപപ്പെടുത്തുകയും ചെയ്യുന്ന ബഹുമുഖ പ്രവർത്തനങ്ങളും പദ്ധതിയിലുള്‍പ്പെടുന്നു. വികസന പ്രക്രിയയിൽ തൊഴിലാളികൾ സജീവ പങ്കാളികളാകുന്ന "തൊഴിലും അന്തസ്സും" എന്ന തത്വത്തിലൂന്നിയാണ് ഈ സമീപനം.
ഓരോ തൊഴിൽ ദിനവും സുസ്ഥിരവും ഉല്പാദനക്ഷമവുമായ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നൽകുന്നുവെന്ന് ഉറപ്പാക്കാൻ പ്രവൃത്തികൾക്ക് മുൻഗണനാക്രമവും നിശ്ചയിച്ചിട്ടുണ്ട്.
ജലസേചന പിന്തുണ, ഭൂഗർഭജല റീചാർജിങ് സംവിധാനങ്ങൾ, നീർത്തട വികസനം, ജലാശയ പുനരുജ്ജീവനം, വനവൽക്കരണം, മഴവെള്ള സംഭരണികൾ എന്നിവയാണ് ജലസുരക്ഷാ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. ഗ്രാമീണ മേഖലകളിൽ ദീർഘകാല ജലലഭ്യത ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഗ്രാമീണ റോഡുകൾ, പൊതു കെട്ടിടങ്ങൾ, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, അങ്കണവാടി കേന്ദ്രങ്ങൾ, ശുചീകരണ സംവിധാനങ്ങൾ, പുനരുപയോഗ ഊർജ സംവിധാനങ്ങൾ, പാർപ്പിട നിർമാണം, വിവിധ ഗവൺമെൻറ് പദ്ധതികൾക്ക് കീഴിലെ പ്രവൃത്തികൾ എന്നിവ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും ജനങ്ങൾക്ക് എളുപ്പം ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.
ഗ്രാമീണ വിപണികൾ, സംഭരണ കേന്ദ്രങ്ങൾ, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍, ശീതീകരിച്ച സംഭരണ സൗകര്യങ്ങൾ, കന്നുകാലി പരിപാലന സൗകര്യങ്ങൾ, മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, കമ്പോസ്റ്റ് കേന്ദ്രങ്ങള്‍, നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവയാണ് ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടുന്നത്. ഇത്തരം ഇടപെടലുകൾ പ്രാദേശിക ഉപജീവനമാർഗങ്ങളെ ശക്തിപ്പെടുത്തുകയും ഗ്രാമീണ വരുമാനം വർധിപ്പിക്കുകയും കാര്‍ഷികാധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.
അതിതീവ്ര കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കല്‍, കാലാവസ്ഥാ അതിജീവനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഈ ചട്ടക്കൂട് മുൻഗണന നൽകുന്നു. വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ, തടയണകൾ, ചുഴലിക്കാറ്റ് അഭയകേന്ദ്രങ്ങൾ, ദുരന്താനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾ, കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്.
ഈ പ്രമേയാധിഷ്ഠിത സമീപനത്തിലൂടെ ഉല്പാദനക്ഷമമായ ആസ്തി നിർമിതി, പ്രാദേശിക സാമ്പത്തിക വികസനം, പ്രതിരോധശേഷി കെട്ടിപ്പടുക്കല്‍ എന്നിവയുമായി ഗ്രാമീണ തൊഴിലവസരങ്ങളെ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മൂല്യവർധന, കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ വ്യാപനം, മെച്ചപ്പെട്ട സേവന ലഭ്യത എന്നിവ ഉറപ്പാക്കുന്ന ഈ പ്രവർത്തനങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് സ്ഥിരത നൽകുകയും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയും ചെയ്യുന്നു.
കാർഷിക കാലയളവിലെ സന്തുലിതാവസ്ഥ: കർഷകരുടെയും തൊഴിലാളികളുടെയും താല്പര്യ സംരക്ഷണം
വിതയുടെയും കൊയ്ത്തിന്റെയും തിരക്കേറിയ കാർഷിക കാലയളവുകളില്‍ തൊഴിലാളികളുടെ മതിയായ ലഭ്യത ഉറപ്പാക്കാന്‍ ഒരു സാമ്പത്തിക വർഷം ആകെ 60 ദിവസം വരെ താല്‍ക്കാലികമായി തൊഴിൽ നിർത്തിവെക്കുന്ന കാലയളവായി വിജ്ഞാപനം ചെയ്യാൻ നിയമം സംസ്ഥാനങ്ങളെ അധികാരപ്പെടുത്തുന്നു (സെക്ഷൻ 6).
125 ദിവസത്തെ പൂർണ തൊഴിലുറപ്പ് ഇതിനൊപ്പം നിലനിൽക്കുകയും ചെയ്യുന്നു. ഈ തൊഴിൽ ബാക്കി കാലയളവിൽ നൽകുമെന്ന് ഉറപ്പാക്കി കാർഷിക ഉല്പാദനക്ഷമതയെയും തൊഴില്‍ സുരക്ഷയെയും ഒരുപോലെ പിന്തുണയ്ക്കുന്ന തരത്തില്‍ കൃത്യമായ സന്തുലിതാവസ്ഥ നിയമം ഉറപ്പാക്കുന്നു.
വികസിത ഗ്രാമപഞ്ചായത്ത് പ്ലാൻ (ആസൂത്രണ ചട്ടക്കൂട്)
2047-ലെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിനനുസൃതമായി ഗ്രാമീണ ഇന്ത്യ പുതിയൊരു പരിവർത്തന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വികസന ദിശ കേവലം വേതനാധിഷ്ഠിത തൊഴിലിൽ മാത്രമൊതുങ്ങുന്നില്ല. മറിച്ച് "തൊഴിൽ, ഉപജീവനം, ഉല്പാദനക്ഷമമായ ആസ്തി നിര്‍മിതി" എന്നിവ ഉൾക്കൊള്ളുന്ന സംയോജിത മാതൃകയിലേക്ക് ഇത് മാറിക്കൊണ്ടിരിക്കുകയാണ്. വികസിത് ഭാരത് ജി-റാം-ജി പദ്ധതി സമഗ്രവും വികേന്ദ്രീകൃതവുമായ ഈ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ഗ്രാമപഞ്ചായത്തുകളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഈ നിയമം ആസൂത്രണത്തിലും പദ്ധതിനിര്‍വഹണത്തിലും അവർക്ക് യഥാർത്ഥ അധികാരം നൽകുന്നു. വികസിത ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതിലൂടെ സ്വന്തം വികസന ദിശ ഗ്രാമപഞ്ചായത്തുകൾ തന്നെ തീരുമാനിക്കുന്നു.
ആസൂത്രണ പ്രക്രിയ താഴെത്തട്ടിൽ നിന്നുള്ള സമീപനമായാണ് ഈ ചട്ടക്കൂടിന് കീഴിൽ രൂപകല്പന ചെയ്തിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ ഗ്രാമസഭകള്‍ ചേര്‍ന്ന് പ്രാദേശിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി പ്രവൃത്തികൾ കണ്ടെത്തുകയും മുൻഗണന നൽകുകയും ചെയ്യുന്നു. ഇവ ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ സംയോജിപ്പിക്കുന്നു. പിഎം ഗതിശക്തി, ജി.ഐ.എസ്, മറ്റ് ഡിജിറ്റൽ സംവിധാനങ്ങള്‍ എന്നിവയുമായി ഈ സംവിധാനം സംയോജിപ്പിച്ചതിനാല്‍ ശാസ്ത്രീയ -മേഖലാതല ആസൂത്രണം ഉറപ്പാക്കുന്നു.
തൊഴിലിട സൗകര്യങ്ങൾ: തൊഴിലാളികളുടെ അന്തസ്സിനും സുരക്ഷയ്ക്കും മുൻഗണന
വികസിത് ഭാരത് ജി-റാം-ജി നിയമത്തിലെ പട്ടിക II പ്രകാരം തൊഴിലിടങ്ങളിലെ സൗകര്യങ്ങൾക്ക് നിയമപരമായ ഉറപ്പ് നൽകിയിട്ടുണ്ട്. കേവലം ഭരണപരമായ ക്രമീകരണത്തിനപ്പുറം തൊഴിലുമായി ബന്ധപ്പെട്ട അന്തസ്സിന്റെയും മാനുഷിക ബഹുമാനത്തിന്റെയും ശക്തമായ പ്രതീകമായി ഇത് മാറുന്നു. ഈ വ്യവസ്ഥ പ്രകാരം തൊഴിലിടങ്ങളിലെല്ലാം ശുദ്ധമായ കുടിവെള്ള ലഭ്യത നിർബന്ധമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയുടെ ഗ്രാമീണമേഖലകളിലെ വേനൽക്കാല സാഹചര്യം കണക്കിലെടുത്ത് തൊഴിലാളികളെ ചൂടിൽ നിന്ന് സംരക്ഷിക്കാന്‍ തണലിനും വിശ്രമത്തിനും മതിയായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ തൊഴിലിടങ്ങളിലും പ്രഥമശുശ്രൂഷാ കിറ്റുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഇത് മുൻഗണന നൽകുന്നു.
വനിതാ തൊഴിലാളികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് നിയമത്തിൽ ഒരു സുപ്രധാന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള അഞ്ചോ അതിലധികമോ കുട്ടികളെത്തുന്ന തൊഴിലിടങ്ങളിൽ കുട്ടികളെ പരിചരിക്കാന്‍ ഒരു വനിതാ തൊഴിലാളിയെ നിയമിക്കും. ഇവർക്ക് നിശ്ചിത വേതന നിരക്കിൽ കൂലി നൽകും. ഈ ക്രമീകരണം സ്ത്രീകൾക്ക് തൊഴിലിലെ തുടർച്ച ഉറപ്പാക്കുക മാത്രമല്ല, തൊഴിലിടം കൂടുതൽ ഉൾച്ചേര്‍ക്കലിന്റെയും അവരുടെ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്നതുമാക്കി മാറ്റുന്നു.
കൂടാതെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അപകടസാഹചര്യങ്ങളില്‍ സൗജന്യ ചികിത്സയ്ക്കും അവകാശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നാല്‍ താമസസൗകര്യത്തിനും ചികിത്സ, മരുന്നുകൾ എന്നിവയ്ക്കും വേതന നിരക്കിന്റെ പകുതിക്ക് തുല്യമായ പ്രതിദിന ആനുകൂല്യം നല്‍കാനും വ്യവസ്ഥകളുണ്ട്. മരണമോ സ്ഥിര വൈകല്യമോ സംഭവിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ വ്യവസ്ഥകളനുസരിച്ച് ഇൻഷുറൻസ് സഹായം ലഭിക്കും. ഇപ്രകാരം തൊഴിലിട സുരക്ഷയുടെയും സംവേദനക്ഷമതയുടെയും സാമൂഹ്യ പരിരക്ഷയുടെയും സമഗ്ര ചട്ടക്കൂട് ഈ നിയമം ഉറപ്പാക്കുന്നു.
അംഗീകൃത പ്രവൃത്തികൾ, തൊഴിൽ കണക്കുകൾ, ചെലവ്, ഉപയോഗിച്ച സാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന 'ജനതാ ബോർഡുകൾ' നിർബന്ധമാക്കുന്നതിലൂടെ തൊഴിലിടങ്ങളിലെ സുതാര്യതയും ഉത്തരവാദിത്തവും നിയമം ശക്തിപ്പെടുത്തുന്നു. കൂടാതെ താഴെത്തട്ടിൽ സുതാര്യതയും സാമൂഹ്യപങ്കാളിത്തവും ഫലപ്രദമായ പൊതു മേൽനോട്ടവും ഉറപ്പാക്കാന്‍ പ്രതിവാര പൊതു വെളിപ്പെടുത്തൽ സംവിധാനങ്ങൾ, ആസ്തികളുടെ ജിയോ ടാഗിങ്, തത്സമയ ഡാഷ്ബോർഡുകൾ, മൊബൈൽ അധിഷ്ഠിത നിരീക്ഷണം, ശക്തമായ സാമൂഹ്യ കണക്കെടുപ്പുകള്‍ എന്നിവയും ഈ ചട്ടക്കൂട് വിഭാവനം ചെയ്യുന്നു.

പദ്ധതിനിര്‍വഹണത്തിലെ പ്രത്യേക ഇളവുകൾ
പ്രകൃതിക്ഷോഭങ്ങളോ മറ്റ് അസാധാരണ സാഹചര്യങ്ങളോ ഉണ്ടാകുന്ന പക്ഷം ആവശ്യാനുസരണം പ്രത്യേക ഇളവുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടാകും. ദുരന്തബാധിത മേഖലകളിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ വേഗത്തിൽ നടക്കുന്നുവെന്നും ദുരിതബാധിത സമൂഹങ്ങൾക്ക് സമയബന്ധിത സഹായം ലഭിക്കുന്നുവെന്നും ഇത് ഉറപ്പാക്കും.
വികസിത് ഭാരത് ജി-റാം-ജി നിയമത്തിന്റെ പ്രധാന സവിശേഷതകൾ
ഗ്രാമീണ വികസന ചട്ടക്കൂടിനെ 2047-ലെ വികസിതഭാരത ലക്ഷ്യവുമായി ഏകോപിപ്പിക്കുന്നു
ഗ്രാമീണ വികസന ചട്ടക്കൂടിനെ 2047-ലെ വികസിത ഭാരതമെന്ന ദേശീയ കാഴ്ചപ്പാടുമായി ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബി ജി-റാം-ജി നിയമം-2025 രൂപകല്പന ചെയ്തിരിക്കുന്നത് . വേതനാധിഷ്ഠിത തൊഴിൽ, ആസ്തി നിർമിതി, പൊതു നിക്ഷേപം എന്നിവ ഒത്തുചേർന്ന് കൂടുതൽ സമൃദ്ധവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഗ്രാമീണ ഭാരതം കെട്ടിപ്പടുക്കാന്‍ ഇത് വഴിയൊരുക്കുന്നു. ഗ്രാമങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ശക്തമായ ഉപജീവനമാർഗങ്ങളും മികച്ച കാലാവസ്ഥാ പ്രതിരോധശേഷിയും നൽകുന്ന സുപ്രധാന ഉപാധിയായാണ് നിയമം ഗ്രാമീണ പ്രവൃത്തികളെ വിഭാവനം ചെയ്തിരിക്കുന്നത്. 'വികസിത പഞ്ചായത്തിലൂടെ വികസിത ഭാരതം' യാഥാർത്ഥ്യമാകുമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
ഏകോപനത്തിലും സമ്പൂര്‍ണതയിലും അധിഷ്ഠിതമായ സമീപനം
ഈ കാഴ്ചപ്പാടിനെ പ്രായോഗികരൂപത്തിലേക്ക് കൊണ്ടുവരാന്‍ പരസ്പര പൂരക ഗവൺമെൻറ് പദ്ധതികളെ സുസജ്ജമായ ഏക ഗ്രാമീണ വികസന ചട്ടക്കൂടിന് കീഴില്‍ ആവിഷ്കരിക്കുന്ന സമ്പൂർണതയിലും ഏകോപനത്തിലും അധിഷ്ഠിതമായ സമീപനമാണ് നിയമം അവലംബിക്കുന്നത്. ധനവിനിയോഗ നടപടികളും വിവിധ വകുപ്പുകളും പദ്ധതി നിര്‍വഹണവും ഗ്രാമപഞ്ചായത്ത് തലത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കും. ചിതറിക്കിടക്കുന്നതോ ഒറ്റപ്പെട്ടതോ ആയ പ്രവൃത്തികളെ പിന്തുണയ്ക്കുന്നതിന് പകരം അർഹരായ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി വികസന വിടവുകൾ വ്യവസ്ഥാപിതമായി പരിഹരിക്കാനാണ് ഈ ആസൂത്രണം ലക്ഷ്യമിടുന്നത്.
പ്രമേയാധിഷ്ഠിതവും ആസ്തി കേന്ദ്രീകൃതവുമായ പൊതുമരാമത്ത് പ്രവൃത്തികൾ
ഓരോ തൊഴിൽ ദിനവും ഉല്പാദനക്ഷമവും സുസ്ഥിരവുമായ ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊതുമരാമത്ത് പ്രവൃത്തികൾക്കായി പ്രമേയാധിഷ്ഠിത മുൻഗണനാക്രമം നിയമം ഉപയോഗിക്കുന്നു. വികസിത ഗ്രാമപഞ്ചായത്ത് പ്ലാനുകളിലൂടെ കണ്ടെത്തുന്ന എല്ലാ പ്രവൃത്തികളും 'വികസിത് ഭാരത് – ദേശീയ ഗ്രാമീണ അടിസ്ഥാനസൗകര്യ വിന്യാസ’ത്തിന്റെ (വിബി-എന്‍ആര്‍ഐഎസ്) ഭാഗമാക്കി മാറ്റുന്നു. വികസിത ഭാരതമെന്ന കാഴ്ചപ്പാടുമായി പൂർണമായി പൊരുത്തപ്പെടുന്ന ഏകീകൃതവും ഭാവി അധിഷ്ഠിതവുമായ ഗ്രാമീണ അടിസ്ഥാന സൗകര്യ ചട്ടക്കൂട് ഇതിലൂടെ രൂപപ്പെടുത്തുന്നു.
നാല് മുൻഗണനാ പ്രമേയ മേഖലകൾ
- ജലസുരക്ഷ: ജലസംരക്ഷണ സംവിധാനങ്ങൾ, ജലസേചന പിന്തുണ, ഭൂഗർഭജല റീചാർജിങ്, ജലാശയ പുനരുജ്ജീവനം, നീർത്തട വികസനം, വനവൽക്കരണം തുടങ്ങി ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഗ്രാമീണ മേഖലയിലുടനീളം ജലസുരക്ഷ ശക്തമാക്കും.
- അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങൾ: ഗ്രാമീണ റോഡുകൾ, പൊതു കെട്ടിടങ്ങൾ, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, പുനരുപയോഗ ഊർജ സംവിധാനങ്ങൾ, കേന്ദ്ര ഗവൺമെൻറ് പദ്ധതികൾക്ക് കീഴിലെ പാർപ്പിട നിർമാണം തുടങ്ങിയ അവശ്യ പൗര-സാമൂഹ്യ-സേവന വിതരണ ആസ്തികൾ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സേവന ലഭ്യതയും ഉറപ്പാക്കും.
- ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ: കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം, സംഭരണം, വിപണികൾ, നൈപുണ്യ വികസനം, പുനഃചംക്രമണ സാമ്പത്തിക മാതൃകകൾ എന്നിവയുമായി ബന്ധപ്പെട്ട ഉല്പാദനക്ഷമമായ ആസ്തികൾ സുസ്ഥിര ഉപജീവനമാർഗങ്ങളെയും മൂല്യവര്‍ധനയെയും വൈവിധ്യമാർന്ന വരുമാന അവസരങ്ങളെയും പിന്തുണയ്ക്കും.
- അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പ്രവൃത്തികൾ: ദുരന്ത നിവാരണ സജ്ജീകരണങ്ങളും കാലാവസ്ഥാ അതിജീവന പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നു. അഭയകേന്ദ്രങ്ങൾ, തടയണകൾ, വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ, പുനരധിവാസ പ്രവൃത്തികൾ, കാട്ടുതീ പ്രതിരോധം എന്നിവ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയാര്‍ജിച്ച ഗ്രാമങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

ഈ പ്രമേയങ്ങളിലൂടെ പൊതുമരാമത്ത് പ്രവർത്തനങ്ങൾ ഒരേസമയം ജലസുരക്ഷ ഉറപ്പാക്കാനും ഗ്രാമീണ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും ഉപജീവന അവസരങ്ങൾ വ്യാപിപ്പിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. 2047 -ലെ വികസിത ഭാരതമെന്ന ദേശീയ കാഴ്ചപ്പാടിനനുസൃതമായി ശാക്തീകരണം, വളർച്ച, ഏകോപനം, പദ്ധതിനിര്‍വഹണത്തിലെ സമ്പൂര്‍ണത എന്നിവയെ ഇത് പിന്തുണയ്ക്കുന്നു.
ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത ഭരണനിര്‍വഹണം
ഫലപ്രദമായ പദ്ധതിനിര്‍വഹണം, ഉത്തരവാദിത്തം, വിശ്വാസ്യതയിലൂന്നിയ സേവന വിതരണം എന്നിവ ഉറപ്പാക്കാന്‍ ആധുനികവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഭരണ നിർവഹണ സംവിധാനം ഈ നിയമത്തിലൂടെ സ്ഥാപിക്കുന്നു. ഡിജിറ്റൽ സാക്ഷരതയും ഗതാഗത സംവിധാനങ്ങളും പൊതു സൗകര്യങ്ങളും വർധിച്ചുവരുന്ന ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, തത്സമയ നിരീക്ഷണം, മെച്ചപ്പെട്ട സുതാര്യത എന്നിവയിലൂടെ ഭരണനിര്‍വഹണം കൂടുതൽ ശക്തിയാര്‍ജിക്കുന്നു.
ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങള്‍, മൊബൈൽ അധിഷ്ഠിത നിരീക്ഷണം, മേഖലാ നിര്‍ണയ സംവിധാനത്തിലൂന്നിയ ആസൂത്രണം, തത്സമയ ഡാഷ്ബോർഡുകൾ, നിര്‍മിതബുദ്ധി അധിഷ്ഠിത വിശകലനങ്ങൾ, പൗര പങ്കാളിത്ത സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ ഈ ചട്ടക്കൂട് വിഭാവനം ചെയ്യുന്നു. തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ഇടപാടുകൾ എന്നിവയുടെ കൃത്യമായ സ്ഥിരീകരണത്തിനും മേൽനോട്ടം മെച്ചപ്പെടുത്താനും സമയബന്ധിതമായി റിപ്പോർട്ട് സമര്‍പ്പിക്കാനും തിരുത്തൽ നടപടികൾക്കും ഈ സംവിധാനങ്ങൾ സഹായിക്കുന്നു.

ശക്തമായ സാമൂഹ്യ കണക്കെടുപ്പ് സംവിധാനം ഈ നിയമവ്യവസ്ഥയുടെ സുപ്രധാന ഭാഗമാണ്. പ്രാദേശിക പങ്കാളിത്തം വർധിപ്പിക്കുന്ന ഈ നടപടി ഗ്രാമീണ തലത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു. കൂടാതെ, ദേശീയതല നിര്‍വഹണ സമിതിയും സംസ്ഥാനതല സമിതികളും അതത് മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.
ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ നിയമം നടപ്പാക്കുന്നതിലൂടെ സുനിശ്ചിത സേവന വിതരണത്തിനും ആവർത്തനങ്ങൾ കുറയ്ക്കാനും ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ഒപ്പം ശാക്തീകരണം, വളർച്ച, ഏകോപനം, പദ്ധതിനിര്‍വഹണത്തിലെ പൂര്‍ണത എന്നിവ ഉറപ്പാക്കാനും ഇത് വഴിയൊരുക്കും. 2047-ലെ വികസിത ഭാരതമെന്ന ദേശീയ ലക്ഷ്യത്തിലേക്ക് മുന്നേറാനാവശ്യമായ സംവിധാനങ്ങൾ ഗ്രാമീണ ഇന്ത്യയില്‍ സുസജ്ജമാണെന്ന് ഈ ഭരണനിര്‍വഹണ വ്യവസ്ഥ ഉറപ്പാക്കുന്നു.
നിയമപരമായ പ്രധാന വ്യവസ്ഥകൾ
- മെച്ചപ്പെട്ട ഉപജീവന വാഗ്ദാനം: നൈപുണ്യേതര ശാരീരികാധ്വാനത്തിന് തയ്യാറായ ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഒരു സാമ്പത്തിക വർഷം 125 ദിവസം വേതനത്തോടുകൂടിയ തൊഴിൽ ഉറപ്പാക്കുന്നു. ഇതിലൂടെ ഗ്രാമീണ വികസനത്തെ 2047-ലെ വികസിത ഭാരതത്തിന്റെ ലക്ഷ്യങ്ങളുമായി ഏകോപിപ്പിക്കുന്നു.
- വി.ബി - എൻ.ആർ.ഐ.എസ് സംയോജനം: എല്ലാ പ്രവൃത്തികളും വികസിത് ഭാരത് ദേശീയ ഗ്രാമീണ അടിസ്ഥാനസൗകര്യ വിന്യാസത്തില്‍ (വിബി-എന്‍ആര്‍ഐഎസ്) ഉൾപ്പെടുത്തും. ജലസുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, അതിതീവ്ര കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും.
- വി.ജി.പി.പി അധിഷ്ഠിത ആസൂത്രണം: പ്രാദേശിക വികസന ആവശ്യങ്ങൾ കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കുന്ന 'വികസിത ഗ്രാമപഞ്ചായത്ത് പ്ലാനുകൾ' വഴിയായിരിക്കും ആസൂത്രണം. പിഎം ഗതിശക്തി ഉൾപ്പെടെ ദേശീയ മേഖലാധിഷ്ഠിത പദ്ധതി ആസൂത്രണ സംവിധാനങ്ങളുമായി ഇതിനെ സംയോജിപ്പിക്കും.
- കാർഷിക കാലയളവുകളിലെ സുരക്ഷ: പ്രധാന കാര്‍ഷിക കാലയളവായ വിതയുടെയും കൊയ്ത്തിന്റെയും സമയത്ത് മതിയായ തൊഴിലാളികളെ ലഭ്യമാക്കാന്‍ ഒരു സാമ്പത്തിക വർഷം ആകെ 60 ദിവസം വരെ പദ്ധതിയുടെ കീഴിലെ ജോലികൾ താല്‍ക്കാലികമായി നിർത്തിവെക്കാൻ സംസ്ഥാനങ്ങളെ നിയമപരമായി അധികാരപ്പെടുത്തുന്നു.
- കേന്ദ്രാവിഷ്കൃത പദ്ധതി: കേന്ദ്രവും സംസ്ഥാനങ്ങളും ഉത്തരവാദിത്തങ്ങൾ പങ്കിടുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്.
- നിശ്ചിത മാനദണ്ഡപ്രകാരം സാമ്പത്തിക വിഹിതം: സാമ്പത്തിക സ്രോതസ്സുകളുടെ തുല്യ വിതരണം ഉറപ്പാക്കാൻ ചട്ടങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി കേന്ദ്ര ഗവൺമെൻറ് ഓരോ സംസ്ഥാനത്തിനും വിഹിതം അനുവദിക്കും. ഇതിൽ കൂടുതലായി വരുന്ന ചെലവുകൾ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. പഞ്ചായത്ത് ഉള്‍പ്പെടുന്ന വിഭാഗവും പ്രാദേശിക വികസന ആവശ്യങ്ങളും കണക്കിലെടുത്ത് ജില്ലകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും ഇടയിലെ സാമ്പത്തിക വിഹിതം സുതാര്യവും ആവശ്യാനുസൃതവുമാണെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. നീതിപൂർവ വിതരണവും സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കുന്നു .
- പ്രത്യേക ഇളവുകൾ: പ്രകൃതിക്ഷോഭങ്ങളോ അസാധാരണ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ദ്രുതഗതിയില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് താൽക്കാലിക ഇളവുകൾ നൽകാൻ കേന്ദ്ര ഗവൺമെന്റിന് സാധിക്കും.
- സുതാര്യതയും ഉത്തരവാദിത്തവും: ബയോമെട്രിക് സ്ഥിരീകരണം, മേഖലാതല ആസൂത്രണം, ഡാഷ്ബോർഡ് നിരീക്ഷണം, പ്രതിവാര വെളിപ്പെടുത്തൽ, ശക്തമായ സാമൂഹ്യ കണക്കെടുപ്പ് എന്നിവയിലൂടെ പദ്ധതിനിര്‍വഹണത്തിലെ സുതാര്യത ഉറപ്പാക്കുന്നു.
- സ്ഥാപനപരമായ മേൽനോട്ടം: പദ്ധതി അവലോകനം ചെയ്യാനും നിരീക്ഷിക്കാനും കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് സമിതിയും സംസ്ഥാന ഗ്രാമീണ തൊഴിലുറപ്പ് സമിതികളും രൂപീകരിക്കും. ധനസഹായ വിതരണം, ഏകോപനം എന്നിവയിൽ ശിപാർശകൾക്ക് നിര്‍വഹണ സമിതികളുമുണ്ടാകും.
- വേതന നിരക്ക് നിശ്ചയിക്കൽ: നൈപുണ്യേതര ശാരീരിക അധ്വാനത്തിന്റെ വേതന നിരക്ക് കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്യും.
- ആറ് മാസത്തിനകം സംസ്ഥാന പദ്ധതികൾ: നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം ഓരോ സംസ്ഥാന ഗവൺമെന്റും നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് സ്വന്തം പദ്ധതികള്‍ വിജ്ഞാപനം ചെയ്യണം.
- തൊഴിലില്ലായ്മ വേതനം: അർഹരായ അപേക്ഷകർക്ക് നിശ്ചിത സമയത്തിനകം തൊഴില്‍ നൽകിയില്ലെങ്കിൽ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് അവർക്ക് തൊഴിലില്ലായ്മ വേതനം നൽകണം.
- തൊഴിലാളികളുടെ നിയമപരമായ മിനിമം ഗ്യാരണ്ടി: പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ അവകാശങ്ങളും നിയമപരമായ വാഗ്ദാനങ്ങളും സംരക്ഷിക്കുന്നതിന് അടിസ്ഥാന നിബന്ധനകളും സാഹചര്യങ്ങളും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അവലംബം:
Ministry of Rural Development
Click here to see pdf
***
( റിലീസ് ഐ.ഡി: 2260016)
സന്ദര്‍ശക കൗണ്ടര്‍ : 5