രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര പ്രതിരോധ സഹമന്ത്രി തിരുവനന്തപുരം മിലിട്ടറി സ്റ്റേഷൻ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 09 MAY 2026 8:05AM by PIB Thiruvananthpuram

കരസേനാ ദക്ഷിണ കമാൻഡിന് കീഴിലുള്ള തിരുവനന്തപുരം മിലിട്ടറി സ്റ്റേഷൻ 2026 മെയ് 08-ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ സഞ്ജയ് സേത്ത് സന്ദർശിക്കുകയും പ്രവർത്തന സജ്ജീകരണങ്ങളും നിലവിലുള്ള വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്തു.


സന്ദർശന വേളയിൽ, മന്ത്രി സൈനികരുമായി ആശയവിനിമയം നടത്തുകയും സ്റ്റേഷനിൽ നടപ്പിലാക്കുന്ന പ്രവർത്തന തയ്യാറെടുപ്പുകളെക്കുറിച്ചും ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നതിനും സ്ഥാപനപരമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന പ്രവർത്തനങ്ങൾ, ഭരണപരമായ കാര്യങ്ങൾ, അടിസ്ഥാനസൗകര്യ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ബന്ധപ്പെട്ടവർ അദ്ദേഹത്തോട് വിശദീകരിച്ചു.

സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും അചഞ്ചലമായ പ്രതിബദ്ധതയെയും ശ്രീ സഞ്ജയ് സേത്ത് അഭിനന്ദിച്ചു. സായുധ സേനാംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം തന്നെ ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തന സന്നദ്ധത നിലനിർത്തുന്ന രീതിയിലുള്ള സജ്ജീകരണങ്ങളെയും  അദ്ദേഹം പ്രശംസിച്ചു.

ഭാവിയിലേക്ക് സജ്ജമായതും സാങ്കേതികമായി പ്രാപ്തവുമായ ഇന്ത്യൻ സൈന്യത്തെ കെട്ടിപ്പടുക്കുക എന്ന ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി, ആധുനികവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, സായുധ സേനാംഗങ്ങൾക്കായുള്ള സുസ്ഥിര ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ ഗവണ്മെന്റ് നൽകുന്ന തുടർച്ചയായ ഊന്നൽ കേന്ദ്ര സഹ മന്ത്രി ആവർത്തിച്ചുറപ്പിച്ചു.

 

-NK-


( റിലീസ് ഐ.ഡി: 2259320) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil