പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍ സംബന്ധിച്ച അന്തര്‍ മന്ത്രാലയ പത്ര സമ്മേളനം

പോസ്റ്റഡ് ഓണ്‍: 08 MAY 2026 6:30PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൗരന്മാരെ അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാരത സര്‍ക്കാര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി, നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് ഒരു വാര്‍ത്താ സമ്മേളനം നടന്നു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, പ്രധാന  മേഖലകളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ചു.

ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തുടനീളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും എല്‍പിജിയുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധയില്‍പ്പെടുത്തിയത്:

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പൗര ബോധവല്‍ക്കരണവും

• പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാല്‍ ഇവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു.

•  വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.

•  എല്‍പിജി ഉപഭോക്താക്കള്‍ ബുക്കിംഗിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങള്‍  നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

•  സാധ്യമായ ഇടങ്ങളിലൊക്കെ പിഎന്‍ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ തുടങ്ങിയ ഇതര ഇന്ധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.

• നിലവിലെ സാഹചര്യത്തില്‍, ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.



സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും

• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും, ഗാര്‍ഹിക എല്‍പിജി, ഗാര്‍ഹിക പിഎന്‍ജി, സിഎന്‍ജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

•  വാണിജ്യ എല്‍പിജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാര്‍മ, സ്റ്റീല്‍, ഓട്ടോമൊബൈല്‍, വിത്ത്, കൃഷി തുടങ്ങിയ മേഖലകള്‍ക്കും മുന്‍ഗണന നല്കുന്നുണ്ട്. കൂടാതെ, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകളുടെ വിതരണം 2026 മാര്‍ച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.

•  റിഫൈനറി ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകള്‍ നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും വര്‍ദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുക എന്നിവയുള്‍പ്പെടെ വിതരണ ആവശ്യകത മേഖലകളില്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

• എല്‍പിജി ആവശ്യകതയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

• ചെറുകിട, ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ കല്‍ക്കരി അനുവദിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും സിംഗരേണി കല്‍ക്കരി ഖനികള്‍ക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

• ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പിഎന്‍ജി കണക്ഷനുകള്‍ നല്കുന്നതിന് സൗകര്യമൊരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും

• പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955ലെ അവശ്യവസ്തു നിയമം, 2000ലെ എല്‍പിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്കിയിട്ടുണ്ട്.

• പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാര്‍ച്ച് 27ലേയും 2026 ഏപ്രില്‍ 2ലേയും കത്തുകളിലൂടെ ഭാരത സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതിന്റെ ഭാഗമായി, 2026 ഏപ്രില്‍ 2നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം  സെക്രട്ടറിയുടെ അധ്യക്ഷതയില്‍), 2026 ഏപ്രില്‍ 6നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുടെ അധ്യക്ഷതയില്‍) യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. ഈ യോഗങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞു:

 • ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തുകയും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുക.

•  സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

 •  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദൈനംദിന പരിശോധനകള്‍ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.

•  സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എല്‍പിജി വിതരണം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

 •  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ  വിതരണം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

 • പിഎന്‍ജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.

 • എല്‍പിജി വിതരണത്തില്‍ പ്രത്യേകിച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുക , വിതരണത്തില്‍  സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.

• പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

• ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ ഇടവേളകളില്‍ പത്രസമ്മേളനങ്ങള്‍ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.

പരിശോധനയും നിരീക്ഷണ നടപടികളും

• എല്‍പിജി പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കര്‍ശന പരിശോധനകള്‍  രാജ്യത്തുടനീളം തുടരുകയാണ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 2,000ത്തിലധികം റെയ്ഡുകള്‍ നടന്നു.

•  പൊതുമേഖലാ എണ്ണക്കമ്പനികള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുകയും തുടരുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഇതുവരെ  378 എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തുകയും ചട്ടങ്ങള്‍ ലംഘിച്ച 76 എല്‍പിജി വിതരണകേന്ദ്രങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.


എല്‍പിജി വിതരണം

ഗാര്‍ഹിക എല്‍പിജി വിതരണ സ്ഥിതി:

•  നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.

•  ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്കിയിട്ടുണ്ട്.

•  എല്‍പിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

• വാണിജ്യ അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ഇന്നലെ 99 ശതമാനമായി വര്‍ദ്ധിച്ചു.

•  വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനായി, ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 95 ശതമാനമായി ഉയര്‍ന്നു. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലാണ് ഡിഎസി ലഭിക്കുന്നത്.

•  കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏകദേശം 87.66 ലക്ഷം സിലിണ്ടറുകളുടെ ബുക്കിംഗുകള്‍ നടന്നപ്പോള്‍  97 ലക്ഷത്തിലധികം സിലിണ്ടറുകളാണ് വിതരണം ചെയ്തത്.

വാണിജ്യ എല്‍പിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:

•  മൊത്തം വാണിജ്യ എല്‍പിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിന്റെ ഏകദേശം 70 ശതമാനമായി  വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ 10 ശതമാനം പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.

•  അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോഗ്രാം  എഫ്.ടി.എല്‍ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രില്‍ 6ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 23 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിന്റെ  (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിലാണ് ഈ വര്‍ദ്ധനവ്. 2026 മാര്‍ച്ച് 21ലെ കത്തില്‍ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക്  മാത്രമായി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടാകും.

• കഴിഞ്ഞ 2 ദിവസത്തിനിടെ 1.11 ലക്ഷത്തിലധികം  5 കിലോഗ്രാം  എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടു.

•  5 കിലോ എഫ്.ടി.എല്‍ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 2026 ഏപ്രില്‍ 3 മുതല്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍ 10,700ലധികം ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഏകദേശം  1,89,500ലധികം 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു.

•   ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ  സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ വാണിജ്യ എല്‍പിജി വില്പനയ്ക്കുള്ള പദ്ധതിക്ക് അന്തിമരൂപം നല്കുന്നു.

•  കഴിഞ്ഞ 2 ദിവസത്തിനിടെ മൊത്തം  15,493 മെട്രിക് ടണ്ണിലധികം (ഇത് 8.15 ലക്ഷത്തിലധികം 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് തുല്യമാണ്) വാണിജ്യ എല്‍പിജി വിറ്റഴിക്കപ്പെട്ടു.

•  കഴിഞ്ഞ 2 ദിവസത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴിയുള്ള ഓട്ടോ എല്‍പിജി വില്പന 613 മെട്രിക് ടണ്‍ ആണ്.


പ്രകൃതിവാതക വിതരണവും പിഎന്‍ജി വിപുലീകരണ സംരംഭങ്ങളും

• ഗാര്‍ഹിക പിഎന്‍ജി, ഗതാഗത മേഖലയിലെ സിഎന്‍ജി എന്നിവയ്ക്ക്  നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്കിയിട്ടുണ്ട്.

• രാസവള നിര്‍മ്മാണ ശാലകള്‍ക്കുള്ള മൊത്തത്തിലുള്ള ഗ്യാസ് വിഹിതം അവയുടെ ആറുമാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 98 ശതമാനമായി വര്‍ദ്ധിപ്പിച്ചു.

•  കൂടാതെ, സിജിഡി ശൃംഖലകള്‍ വഴിയുള്ള വിതരണം ഉള്‍പ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകള്‍ക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

• വാണിജ്യ എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് എല്ലാ ജിഎകളിലും  പിഎന്‍ജി കണക്ഷനുകള്‍ നല്കുന്നതിന് മുന്‍ഗണന നല്കാന്‍ സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

• ഐജിഎല്‍, എംജിഎല്‍, ഗെയില്‍ ഗ്യാസ്, ബിപിസിഎല്‍ എന്നിവയുള്‍പ്പെടെയുള്ള സിജിഡി കമ്പനികള്‍ ഗാര്‍ഹിക, വാണിജ്യ പിഎന്‍ജി കണക്ഷനുകള്‍ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും  അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

• എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള ദീര്‍ഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാണിജ്യ എല്‍പിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• പിഎന്‍ജി വിപുലീകരണ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ അധിക വാണിജ്യ എല്‍പിജി വിഹിതം കൈപ്പറ്റുന്നുണ്ട്.

•  റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2026 മാര്‍ച്ച് 24ലെ കത്തിലൂടെ സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി സമയപരിധി കുറച്ചുകൊണ്ടുള്ള ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട്  മൂന്ന് മാസത്തേക്ക് പ്രത്യേകമായി നടപ്പിലാക്കിയിട്ടുണ്ട്. സിജിഡി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിനാണ് ഈ നടപടി.

• 1955ലെ അവശ്യവസ്തു നിയമപ്രകാരം,  2026ലെ പ്രകൃതിവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, നിര്‍മ്മാണം, പ്രവര്‍ത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങള്‍ എന്നിവയിലൂടെ) ഉത്തരവ് 24.03.2026ലെ ഗസറ്റിലൂടെ ഭാരത സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികള്‍ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎന്‍ജി ശൃംഖലയുടെ വളര്‍ച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകള്‍  മെച്ചപ്പെടുത്തുകയും,  പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യും.

•  ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ പിഎന്‍ജിആര്‍ബി, സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പിഎന്‍ജി വിപുലീകരണത്തിന്റെ വേഗത നിലനിര്‍ത്തുന്നതിനായി ദേശീയ പിഎന്‍ജി െ്രെഡവ് 2.0, 2026 ജൂണ്‍ 30 വരെ പിഎന്‍ജിആര്‍ബി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

• ശുദ്ധവും കൂടുതല്‍ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊര്‍ജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കല്‍ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂടായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക്, അധിക വാണിജ്യ എല്‍പിജി വിഹിതത്തിന്റെ അടുത്ത ഗഡു അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കുന്നതാണ്.

•  സിജിഡി ശൃംഖലകള്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആവശ്യമായ സ്ഥാപനാനുമതി അല്ലെങ്കില്‍ പ്രവര്‍ത്തനാനുമതി 15 ദിവസത്തിനുള്ളില്‍ നല്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കും മലിനീകരണ നിയന്ത്രണ സമിതികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രില്‍ 7ലെ ഉത്തരവിലൂടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

• 2026 മാര്‍ച്ച് മുതല്‍ ഇതുവരെ ഏകദേശം 6.50 ലക്ഷം പിഎന്‍ജി കണക്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. കൂടാതെ 2.66 ലക്ഷം കണക്ഷനുകള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു, ഇതോടെ ആകെ കണക്ഷനുകള്‍  9.16 ലക്ഷമായി ഉയര്‍ന്നു. കൂടാതെ, ഏകദേശം  7.08 ലക്ഷം ഉപഭോക്താക്കള്‍ പുതിയ കണക്ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

• 2026 മെയ് 7 വരെയുള്ള കണക്കുകള്‍ പ്രകാരം, 50,400ത്തിലധികം പിഎന്‍ജി ഉപഭോക്താക്കള്‍ MYPNGD.in വെബ്‌സൈറ്റ് വഴി അവരുടെ എല്‍പിജി കണക്ഷനുകള്‍ തിരിച്ചേല്‍പ്പിച്ചു.

ക്രൂഡ് ഓയില്‍ സ്ഥിതിയും റിഫൈനറി പ്രവര്‍ത്തനങ്ങളും

• എല്ലാ റിഫൈനറികളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോള്‍, ഡീസല്‍ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിര്‍ത്തുന്നുണ്ട്.

• ഗാര്‍ഹിക ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

• ആഭ്യന്തര വിപണിയില്‍ പെട്രോകെമിക്കല്‍ ഫീഡ്‌സ്‌റ്റോക്ക്  ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തര്‍മന്ത്രാലയതല ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി, സെന്റര്‍ ഫോര്‍ ഹൈ ടെക്‌നോളജി നിശ്ചയിക്കുന്നതനുസരിച്ച്, നിര്‍ണ്ണായക മേഖലകള്‍ക്കായി നിശ്ചിത അളവില്‍ C3, C4 സ്ട്രീമുകള്‍ ലഭ്യമാക്കാന്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് 2026 ഏപ്രില്‍ ഒന്നിലെ ഉത്തരവിലൂടെ ഭാരത സര്‍ക്കാര്‍ അനുമതി നല്കി.

• ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്, കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് വകുപ്പ് (DCPC), വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്  (DPIIT) എന്നിവയില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍, ഫാര്‍മ കെമിക്കല്‍ മേഖലയിലെ കമ്പനികള്‍ക്കായി എല്‍പിജി പൂളില്‍ നിന്ന് പ്രതിദിനം 1120 മെട്രിക് ടണ്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

• 2026 ഏപ്രില്‍ 9 മുതല്‍  മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികളില്‍ നിന്നായി ഏകദേശം 13,150 മെട്രിക് ടണ്‍ പ്രൊപ്പിലീനും, 1970 മെട്രിക് ടണ്ണിലധികം ബ്യൂട്ടൈല്‍ അക്രിലേറ്റും കെമിക്കല്‍, ഫാര്‍മ, പെയിന്റ്  വ്യവസായ മേഖലകളിലേക്ക് വില്‍ക്കുകയുണ്ടായി.



ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

•  രാജ്യത്തുടനീളമുള്ള  എല്ലാ ചില്ലറ വില്പനശാലകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.

•  മിഡില്‍ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയില്‍ അസാധാരണമായ വര്‍ദ്ധനവിന്  കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.

• രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പെട്രോളിന്റേയും ഡീസലിന്റേയും മതിയായ സ്‌റ്റോക്ക് ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറ വില്പന വിലകളില്‍ മാറ്റമില്ല. കൂടാതെ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലുള്ള ചില്ലറ വില്പന കേന്ദ്രങ്ങളിലും വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.

 

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും:


പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം നല്‍കി. മേഖലയിലെ ഇന്ത്യന്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. അതില്‍ ഇങ്ങനെ അറിയിച്ചു:

•നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍, സമുദ്ര പങ്കാളികള്‍ എന്നിവരുമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരുന്നു.

· മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ ഉള്‍പ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 • ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 24×7 സജീവമാക്കിയതിനുശേഷം ഇതുവരെ 8,737 കോളുകളും 19,314 ഇമെയിലുകളും കൈകാര്യം ചെയ്തു. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച 167 കോളുകളും 582 ഇമെയിലുകളും ഉള്‍പ്പെടുന്നു.

· ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20 പേര്‍ ഉള്‍പ്പെടെ ഇതുവരെ 3019 ല്‍ അധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.

· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ തുടരുന്നു. എവിടെയും തിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല



 മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ:

ഗള്‍ഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം തുടര്‍ന്നും നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുമായുള്ള ആശയവിനിമയം തുടരുന്നു.

•ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശ്രീ. വിക്രം മിസ്രി 2026 മെയ് 7 ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. നേരത്തെ, വിദേശകാര്യ മന്ത്രി 2026 ഏപ്രില്‍ 11, 12 തീയതികളില്‍ യുഎഇ സന്ദര്‍ശിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് 2026 ഏപ്രില്‍ 25 മുതല്‍ 26 വരെ യുഎഇ സന്ദര്‍ശിച്ചു. പെട്രോളിയം, പ്രകൃതിവാതക മന്ത്രിയും 2026 ഏപ്രില്‍ 9, 10 ദിവസങ്ങളില്‍ ഖത്തര്‍ സന്ദര്‍ശിച്ചു. 2026 ഏപ്രില്‍ 19 ന് എന്‍എസ്എ സൗദി അറേബ്യ സന്ദര്‍ശിച്ചു.

സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി, അവിടുത്തെ സഹമന്ത്രിയും ഇന്ത്യക്കായുള്ള പ്രത്യേക ദൂതനുമായ റീം അല്‍ ഹാഷിമിയെയും മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ എംഡിയും സിഇഒയുമായ ഖല്‍ദൂണ്‍ അല്‍ മുബാറക്കിനെയും സന്ദര്‍ശിച്ചു

 വിദേശകാര്യ സെക്രട്ടറി, സഹമന്ത്രിയും ഇന്ത്യക്കായുള്ള പ്രത്യേക ദൂതനുമായ റീം അല്‍ ഹാഷിമിയുമായി ഉഭയകക്ഷി സഹകരണത്തിന്റെ സാഹചര്യങ്ങള്‍ വിശദമായ അവലോകനം നടത്തി. വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, ഊര്‍ജ്ജം, കണക്റ്റിവിറ്റി, പ്രതിരോധം, സുരക്ഷ, ഫിന്‍ടെക്, ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളില്‍ നിലവിലുള്ള ഉഭയകക്ഷി സഹകരണം അവര്‍ അവലോകനം ചെയ്തു. പശ്ചിമേഷ്യ മേഖലയിലെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള മറ്റ് പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകള്‍ കൈമാറി.

ഇന്ത്യ-ഫ്രാന്‍സ്-യുഎഇ ചട്ടക്കൂടിന് കീഴിലുള്ള ത്രികക്ഷി യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി, റീം അല്‍ ഹാഷിമി, ഫ്രാന്‍സിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ബ്രയന്‍സ് എന്നിവര്‍ക്കൊപ്പം പങ്കെടുത്തു. ത്രികക്ഷി പങ്കാളിത്തത്തോടുള്ള പ്രതിജ്ഞാബദ്ധത മൂന്ന് കക്ഷികളും ആവര്‍ത്തിച്ചു. നിശ്ചിത സമയപരിധികളുള്ള ഒരു ഘടനാപരമായ കര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കി


വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ശ്രമങ്ങളുടെ മികച്ച ഏകോപനത്തിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നുമുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി മന്ത്രാലയത്തിലെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനക്ഷമമാണ്.


• ഇന്ത്യന്‍ എംബസികളും കൗണ്‍സിലേറ്റുകളും 24 മണിക്കൂറും ഹെല്‍പ്പ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഇന്ത്യന്‍ പൗരന്മാരെ മുന്‍കൈയെടുത്ത് സഹായിക്കുകയും ചെയ്യുന്നു. അവര്‍ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്

•തദ്ദേശ ഭരണകൂടങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിമാന, യാത്രാ സാഹചര്യങ്ങള്‍, കോണ്‍സുലാര്‍ സേവനങ്ങള്‍, ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പതിവായി പുറപ്പെടുവിച്ചുവരുന്നു.

• മേഖലയിലെ താമസക്കാരുമായി ഇന്ത്യന്‍ മിഷനുകള്‍ സജീവമായി ഇടപഴകുന്നു. മേഖലയിലെ വിവിധ അസോസിയേഷനുകള്‍, സംഘടനകള്‍, പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ കമ്പനികള്‍, മറ്റു പങ്കാളികള്‍ എന്നിവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി അവരുമായി ഇന്ത്യന്‍ മിഷനുകള്‍ സജീവമായി ഇടപഴകുന്നു.

 •ഇന്ത്യന്‍ നാവികരുടെ ക്ഷേമം ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം മുന്‍ഗണനയായി തുടരുന്നു. പ്രാദേശിക അധികാരികളുമായി ഏകോപനം, കോണ്‍സുലാര്‍ പിന്തുണ, ആവശ്യമുള്ളപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കല്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് വേണ്ട സഹായം മിഷനുകള്‍ നല്‍കുന്നു.

•മൊത്തത്തിലുള്ള വിമാന യാത്രാ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു.


•യുഎഇ 
വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു. ഇന്ത്യയിലെയും യുഎഇയിലെയും വിമാനക്കമ്പനികള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നു

•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങള്‍ തുടര്‍ന്നും സര്‍വീസ് നടത്തുന്നു

•ഖത്തര്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവ ഖത്തറില്‍ നിന്നും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.


•കുവൈറ്റ് വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു. ജസീറ എയര്‍വേയ്‌സും കുവൈറ്റ് എയര്‍വേയ്‌സും കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നു.

•ബഹ്‌റൈന്‍ വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗള്‍ഫ് എയര്‍ എന്നിവ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.
 

• ഇറാഖ് വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സര്‍വീസുകള്‍ മാത്രമേ ഉള്ളൂ, ഇത് ഇന്ത്യയിലേക്കുള്ള തുടര്‍ന്നുള്ള യാത്രയ്ക്ക് ഉപയോഗിക്കാം.

•ചരക്ക്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ഇറാന്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു. കൂടാതെ ഇറാനിലുള്ളവര്‍ ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെ കര അതിര്‍ത്തി വഴി മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതുവരെ, 2,546 ഇന്ത്യന്‍ പൗരന്മാര്‍ക്ക് കര അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് മടങ്ങാന്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇസ്രായേല്‍ വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു, ഇത് ഇന്ത്യയിലേക്ക് തുടര്‍ന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം.
 

( റിലീസ് ഐ.ഡി: 2259210) സന്ദര്‍ശക കൗണ്ടര്‍ : 9