രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വിയറ്റ്നാം പ്രസിഡൻ്റിന് രാഷ്ട്രപതി ആതിഥ്യമരുളി

പോസ്റ്റഡ് ഓണ്‍: 06 MAY 2026 9:45PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, വിയറ്റ്നാം  പ്രസിഡൻ്റ്  ടോ ലാമിന് ഇന്ന് (2026 മെയ് 6) രാഷ്ട്രപതി ഭവനിൽ  സ്വീകരണം നല്കി. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം രാഷ്ട്രപതി വിരുന്നും സംഘടിപ്പിച്ചു.

ആദ്യമായി ഇന്ത്യ സന്ദർശനം നടത്തുന്ന പ്രസിഡൻ്റ്  ലാമിനെ സ്വാഗതം ചെയ്ത രാഷ്ട്രപതി, ഇന്ത്യയും വിയറ്റ്നാമും ചരിത്രപരവും നാഗരികവും സാംസ്കാരികവുമായ ബന്ധങ്ങളിൽ വേരൂന്നിയ ആഴത്തിലുള്ള സൗഹൃദമാണ് പങ്കിടുന്നതെന്ന് പറഞ്ഞു.

സമീപ വർഷങ്ങളിൽ,  ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി ബന്ധം ഉന്നതതല കൈമാറ്റങ്ങൾ, പ്രതിരോധ-സുരക്ഷാ സഹകരണം, വികസന പങ്കാളിത്തം, വ്യാപാരം, ആരോഗ്യം, ശാസ്ത്ര-സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളിലുടനീളം വ്യാപിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ സന്ദർശനത്തിനിടെ അപൂർവ ഭൗമ  ധാതുക്കൾ, ഡിജിറ്റൽ-സാമ്പത്തിക സാങ്കേതികവിദ്യ, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട കരാറുകളും പ്രഖ്യാപനങ്ങളും ഉണ്ടായതിൽ അവർ സന്തോഷം രേഖപ്പെടുത്തി.

"ശക്തിപ്പെടുത്തിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയിലൂടെ" ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചതിൽ രാഷ്ട്രപതി സംതൃപ്തി പ്രകടിപ്പിച്ചു.

കഴിഞ്ഞ ദശകത്തിൽ നമ്മുടെ ഉഭയകക്ഷി വ്യാപാരം ഗണ്യമായി വർദ്ധിച്ചുവെന്നും, സന്തുലിതവും പരസ്പര പ്രയോജനകരവുമായ രീതിയിൽ വ്യാപാരം കൂടുതൽ വ്യാപിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ആസിയാനുമായുള്ള നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ, വിയറ്റ്നാമുമായുള്ള നമ്മുടെ ബന്ധം,  ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയത്തിൻ്റേയും ഇൻഡോ-പസഫിക് ദർശനത്തിൻ്റേയും സുപ്രധാന ഭാഗമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇൻഡോ-പസഫിക് സമുദ്ര സംരംഭത്തിലെ വിയറ്റ്നാമിൻ്റെ  പങ്കാളിത്തത്തെ അവർ അഭിനന്ദിച്ചു.  

പ്രതിരോധവും സുരക്ഷയും ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രധാന സ്തംഭങ്ങളാണെന്ന്  രാഷ്ട്രപതി പറഞ്ഞു. പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനും പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും വിയറ്റ്നാമിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അവർ അടിവരയിട്ടു.

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള അടുത്ത സഹകരണം നമ്മുടെ ജനങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ  നല്കുമെന്ന് ഇരു നേതാക്കളും ഒരുപോലെ അഭിപ്രായപ്പെട്ടു. പ്രസിഡൻ്റ്  ടോ ലാമിൻ്റെ നേതൃത്വത്തിൽ ഇന്ത്യ-വിയറ്റ്നാം ബന്ധം കൂടുതൽ കരുത്താർജ്ജിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


( റിലീസ് ഐ.ഡി: 2258616) സന്ദര്‍ശക കൗണ്ടര്‍ : 2
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati