ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
2026-27 സീസണിലേക്ക് കരിമ്പ് കർഷകർക്ക് ക്വിന്റലിന് 365 രൂപ നിരക്കിൽ ന്യായമായതും ലാഭകരവുമായ വില ഉറപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഈ തീരുമാനം 5 കോടി കരിമ്പ് കർഷകർക്കും, പഞ്ചസാര മില്ലുകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികൾക്കും ഗുണകരമാകും.
പോസ്റ്റഡ് ഓണ്‍:
05 MAY 2026 7:39PM by PIB Thiruvananthpuram
കരിമ്പ് കർഷകരുടെ താൽപ്പര്യം മുൻനിർത്തി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി, 2026-27 പഞ്ചസാര സീസണിലേക്ക് (ഒക്ടോബർ - സെപ്റ്റംബർ) കരിമ്പ് ക്വിന്റലിന് 365 രൂപ നിരക്കിൽ ന്യായമായതും ലാഭകരവുമായ വില (FRP) അംഗീകരിച്ചു.10.25% അടിസ്ഥാന റിക്കവറി നിരക്കിലാണ് ഈ വില നിശ്ചയിച്ചിരിക്കുന്നത്. 10.25 ശതമാനത്തിന് മുകളിൽ ഓരോ 0.1% വർദ്ധനവിനും ക്വിന്റലിന് 3.56 രൂപ വീതം അധികമായി ലഭിക്കും . അതേസമയം, റിക്കവറി നിരക്കിൽ ഉണ്ടാകുന്ന ഓരോ 0.1% കുറവിനും ക്വിന്റലിന് 3.56 രൂപ വീതം എഫ്.ആർ.പി (FRP) കുറയ്ക്കുകയും ചെയ്യും.
കരിമ്പ് കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി, പഞ്ചസാര റിക്കവറി 9.5 ശതമാനത്തിൽ താഴെയുള്ള മില്ലുകളുടെ കാര്യത്തിൽ വിലയിൽ കുറവു വരുത്തേണ്ടതില്ലെന്നും ഗവൺമെൻറ് തീരുമാനിച്ചു. ഇത്തരത്തിലുള്ള കർഷകർക്ക് വരാനിരിക്കുന്ന 2026-27 പഞ്ചസാര സീസണിൽ ക്വിന്റലിന് 338.3 രൂപ നിരക്കിൽ ലഭിക്കും.
2026-27 പഞ്ചസാര സീസണിലെ കരിമ്പ് ഉൽപ്പാദനച്ചെലവ് (A2 + FL) ക്വിന്റലിന് 182 രൂപയാണ്. 10.25% റിക്കവറി നിരക്കിൽ നിശ്ചയിച്ചിട്ടുള്ള 365 രൂപ എന്ന എഫ്.ആർ.പി (FRP), ഉൽപ്പാദനച്ചെലവിനേക്കാൾ 100.5% കൂടുതലാണ്. കൂടാതെ, 2026-27 സീസണിലെ ഈ വില നിലവിലുള്ള 2025-26 സീസണിനേക്കാൾ 2.81% വർദ്ധനവ് രേഖപ്പെടുത്തുന്നു.
അംഗീകരിക്കപ്പെട്ട ഈ എഫ്.ആർ.പി (FRP), 2026 ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന 2026-27 പഞ്ചസാര സീസണിൽ പഞ്ചസാര മില്ലുകൾ കർഷകരിൽ നിന്ന് കരിമ്പ് വാങ്ങുന്നതിന് ബാധകമായിരിക്കും. ഏകദേശം 5 കോടി കരിമ്പ് കർഷകരുടെയും അവരുടെ ആശ്രിതരുടെയും ജീവിതോപാധിയെ സ്വാധീനിക്കുന്ന സുപ്രധാനമായ ഒരു കാർഷികാധിഷ്ഠിത മേഖലയാണ് പഞ്ചസാര വ്യവസായം. കൂടാതെ, പഞ്ചസാര മില്ലുകളിൽ നേരിട്ട് ജോലി ചെയ്യുന്ന ഏകദേശം 5 ലക്ഷം തൊഴിലാളികൾക്കും, കൃഷിപ്പണി, ഗതാഗതം എന്നിവയുൾപ്പെടെയുള്ള വിവിധ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ മേഖല തൊഴിൽ നൽകുന്നു.

പശ്ചാത്തലം:
കാർഷിക ചെലവ് - വില കമ്മീഷന്റെ (CACP) ശുപാർശകളുടെ അടിസ്ഥാനത്തിലും, സംസ്ഥാന സർക്കാരുകളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷവുമാണ് എഫ്.ആർ.പി (FRP) നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ 2024-25 പഞ്ചസാര സീസണിൽ, കർഷകർക്ക് നൽകേണ്ടിയിരുന്ന 1,02,687 കോടി രൂപയുടെ കുടിശ്ശികയിൽ 1,02,209 കോടി രൂപ 20.04.2026 വരെ നൽകിക്കഴിഞ്ഞു; അതായത് ഏകദേശം 99.5% കുടിശ്ശികയും തീർപ്പാക്കി. നിലവിലെ 2025-26 പഞ്ചസാര സീസണിൽ, നൽകേണ്ട 1,12,740 കോടി രൂപയിൽ ഏകദേശം 99,961 കോടി രൂപ 20.04.2026 വരെ കർഷകർക്ക് നൽകിയിട്ടുണ്ട്; അതായത് ഏകദേശം 88.6% കുടിശ്ശികയും തീർപ്പാക്കി കഴിഞ്ഞു.
***
NK
( റിലീസ് ഐ.ഡി: 2258404)
സന്ദര്‍ശക കൗണ്ടര്‍ : 4