വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഹിന്ദി പത്രപ്രവർത്തനത്തിന്റെ 200 വർഷത്തെ യാത്ര അടയാളപ്പെടുത്തുന്ന 'സഞ്ചാർ മാദ്ധ്യം' - പ്രത്യേക ലക്കം ഐഐഎംസി പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 05 MAY 2026 9:32PM by PIB Thiruvananthpuram

രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി)  പ്രധാന ഗവേഷണ ജേർണലായ 'സഞ്ചാർ മാദ്ധ്യം'-ന്റെ പ്രത്യേക അനുസ്മരണാർത്ഥ ലക്കം പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഹിന്ദി പത്രപ്രവർത്തനത്തിന്റെ 200 വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന ഈ പതിപ്പിന്റെ ചടങ്ങിൽ  ഐഐഎംസി വൈസ് ചാൻസലർ ഡോ. പ്രജ്ഞാ പാലിവാൾ ഗൗർ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ. കെ.കെ. നിരാല എന്നിവരും പങ്കെടുത്തു.

ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ട്, രാഷ്ട്രനിർമ്മാണത്തിൽ ഹിന്ദി പത്രപ്രവർത്തനത്തിന്റെ സമ്പന്നമായ പാരമ്പര്യവും വികസിച്ചുകൊണ്ടിരിക്കുന്ന പങ്കും ശ്രീ ഹരിവംശ് എടുത്തുകാണിച്ചു: "ദ്രുതഗതിയിലുള്ള പരിവർത്തനത്തിന്റെ ഈ യുഗത്തിൽ, സാക്ഷരതയുടെയും നിരക്ഷരതയുടെയും നിർവചനം തന്നെ വായനയുടെയും എഴുത്തിന്റെയും പരമ്പരാഗത അതിരുകൾക്കപ്പുറത്തേക്ക് വളർന്നുകഴിഞ്ഞു. തുടർച്ചയായ പഠനവും ഉയർന്നുവരുന്ന വിജ്ഞാന സംവിധാനങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും അനിവാര്യമായി മാറിയിരിക്കുന്നു. നൂറ്റാണ്ടുകൾ കൊണ്ട് പരിണമിച്ച സാങ്കേതികവിദ്യകൾ ഇപ്പോൾ വർഷങ്ങൾക്കുള്ളിലും മാസങ്ങൾക്കുള്ളിലും പരിവർത്തനം ചെയ്യപ്പെടുകയാണ്."

ഈ പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് യുവാക്കളോട് - മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയിൽ അർത്ഥവത്തായ ലക്ഷ്യങ്ങൾ കാണാനും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയോടെ അവയെ പിന്തുടരാനും അദ്ദേഹം അഭ്യർത്ഥിച്ചു. “എങ്കിൽ മാത്രമേ, 1826-ൽ കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ച ആദ്യത്തെ ഹിന്ദി പത്രമായ ഉദന്ത് മാർതണ്ഡിനെപ്പോലെ, ഒരാൾക്ക് ശാശ്വതമായ ഒരു മുദ്ര പതിപ്പിക്കാൻ കഴിയൂ.”അദ്ദേഹം അഭിപ്രായപ്പെട്ടു.

‘വികസിത ഇന്ത്യ 2047’ എന്ന ദർശനം എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ആശയവിനിമയം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയുടെ നിർണായക പങ്കിനെ ശ്രീ ഹരിവംശ് ഊന്നിപ്പറഞ്ഞു. കഴിവുകൾ നേടുന്നതിനും പ്രയോഗിക്കുന്നതിനും ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും ശക്തിയുള്ള ഒരു “നൈപുണ്യാധിഷ്ഠിത യുഗം” എന്നാണ് വർത്തമാനകാലത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. സാമ്പത്തിക പരിവർത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, അത് പലപ്പോഴും വിശാലമായ സാമൂഹിക മാറ്റത്തിനുള്ള പാത സജ്ജമാക്കുന്നുവെന്ന് നിരീക്ഷിച്ചു. അതിവേഗ റെയിൽ, ആധുനിക തുറമുഖങ്ങൾ, മറ്റ് പ്രധാന മേഖലകൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യയുടെ സമീപകാല മുന്നേറ്റങ്ങൾ അദ്ദേഹം പരാമർശിച്ചു.

വിവര വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ, വ്യക്തിപരവും ദേശീയവുമായ ഭാവി രൂപപ്പെടുത്തുന്നതിന് നൂതനാശയങ്ങളും ഒപ്പം, പരമ്പരാഗത പാതകൾക്കപ്പുറത്തേക്ക് നീങ്ങാനുള്ള ധൈര്യവും ആവശ്യമാണെന്ന് അദ്ദേഹം പരാമർശിച്ചു. ഏറ്റവും ചെറിയ വിവരങ്ങൾ പോലും ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് പത്രപ്രവർത്തന പ്രക്രിയ ഉറപ്പാക്കണമെന്നും, അതുവഴി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതു സംവാദത്തിനും സമവായത്തിനും വഴിയൊരുക്കണമെന്നും ശ്രീ ഹരിവംശ് കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർ  രാഷ്ട്രത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വം പൂർണ്ണമായി തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ഹിന്ദി പത്രപ്രവർത്തനത്തിന്റെ പരിണാമത്തിലെ പ്രധാന നാഴികക്കല്ലുകളെ പ്രതിഫലിപ്പിക്കുന്ന, പ്രമുഖ അക്കാദമിക വിദഗ്ധരുടെയും മാധ്യമ പ്രൊഫഷണലുകളുടെയും സംഭാവനകൾ 'സഞ്ചാർ മാദ്ധ്യം' പ്രത്യേക ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ഐഐഎംസി വൈസ് ചാൻസലർ ഡോ. പ്രജ്ഞാ പാലിവാൾ ഗൗർ അഭിപ്രായപ്പെട്ടു. പത്രപ്രവർത്തനത്തിലെ ഉയർന്നുവരുന്ന പ്രവണതകളെ ജേർണൽ നിരന്തരം പിന്തുടരുമ്പോഴും, ഇന്ത്യയുടെ സമ്പന്നമായ വിജ്ഞാന പാരമ്പര്യങ്ങളുടെ ഘടകങ്ങളെ സമകാലിക ചട്ടക്കൂടിനുള്ളിൽ പുനഃപരിശോധിക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
 

*****


( റിലീസ് ഐ.ഡി: 2258266) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Telugu