തൊഴില്‍, ഉദ്യോഗ മന്ത്രാലയം
തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ രാജ്യവ്യാപകമായി ഉഷ്ണതരംഗ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
28 APR 2026 1:54PM by PIB Thiruvananthpuram
രാജ്യത്തുടനീളം താപനില ഉയരുകയും ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും / അഡ്മിനിസ്ട്രേറ്റർമാർക്കും അയച്ച കത്തിൽ, തൊഴിലാളികളെ, പ്രത്യേകിച്ച് പുറംജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പ്രത്യേക സംരക്ഷണം നൽകണം എന്നും അതിനായി ഏകോപിതവും, ബഹുമുഖവുമായ സമീപനം ആവശ്യമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി തൊഴിലുടമകൾക്കും വ്യവസായ ശാലകൾക്കും നിർമ്മാണ കമ്പനികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമായും നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇവയാണ്:
*വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും ജോലി സമയം പുനഃക്രമീകരിക്കാൻ അനുമതി നൽകണം.
*തൊഴിലിടങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങളും തൊഴിലിടങ്ങളിൽ ചൂട് കുറയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം.
*നിർമ്മാണ മേഖലയിലുൾപ്പെടെ ആവശ്യമായ ഇടങ്ങളിൽ ഐസ് പാക്കുകളും, ചൂട് മൂലമുണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാനുള്ള മറ്റ് സംവിധാനങ്ങളും സജ്ജമാക്കണം.
*ആരോഗ്യ വകുപ്പുമായി ഏകോപിപ്പിച്ച് തൊഴിലാളികൾക്കായി പതിവ് ആരോഗ്യ പരിശോധനകൾ ഉറപ്പാക്കണം.
കഠിനമായ ചൂടുള്ള സമയങ്ങളിൽ ജോലിയുടെ വേഗം കുറയ്ക്കാൻ തൊഴിലാളികളെ അനുവദിക്കുക, തുടർച്ചയായ ജോലി ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, കുറഞ്ഞത് രണ്ട് പേരെ വീതം ഒരേസമയം ജോലിക്ക് നിയോഗിക്കുക, തൊഴിലിടങ്ങളിൽ മതിയായ വായുസഞ്ചാരവും തണുപ്പിക്കാനുള്ള ക്രമീകരണങ്ങളും വിശ്രമമുറികളും ഉറപ്പാക്കുക എന്നിവ ഉൾപ്പെടെ തൊഴിലാളികൾക്ക് കൂടുതൽ ആശ്വാസം നൽകാൻ ഫാക്ടറി, ഖനി മാനേജ്‌മെന്റുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
നിർമ്മാണ തൊഴിലാളികൾ, ഇഷ്ടികച്ചൂള തൊഴിലാളികൾ, ദിവസവേതനക്കാർ, താൽക്കാലിക തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഉഷ്ണതരംഗ സുരക്ഷാ സന്ദേശങ്ങളും അടിയന്തര കോൺടാക്റ്റ് വിശദാംശങ്ങളും ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ബാനറുകളും പ്രദർശിപ്പിക്കുന്നതിനൊപ്പം, തൊഴിലാളികൾ ഒത്തുകൂടുന്ന സ്‌ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
ഉഷ്ണതരംഗ ലഘൂകരണത്തെയും പ്രതിരോധത്തെയും കുറിച്ച് വിപുലമായ ബോധവൽക്കരണ-പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗിനും, നാഷണൽ ബോർഡ് ഫോർ വർക്കേഴ്സ് എഡ്യൂക്കേഷനും (DTNBWE) നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശീലന പരിപാടികളിൽ പ്രധാനമായും താഴെ പറയുന്ന വിഷയങ്ങൾ ഉൾപ്പെടുന്നു:
*താപതരംഗങ്ങളുടെ കാരണങ്ങളും ആഘാതങ്ങളും.
*ജലം പുറന്തള്ളൽ, വിശ്രമ ഇടവേളകൾ തുടങ്ങിയ സുരക്ഷിതമായ ജോലി രീതികൾ.
*താപ സമ്മർദ്ദ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയൽ
*തൊഴിലിടങ്ങളിലും പ്രാദേശിക തലത്തിലും സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ.
*അടിയന്തര പ്രതികരണവും പ്രഥമശുശ്രൂഷാ നടപടികളും.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെയും (ESIC) ഡയറക്ടർ ജനറൽ ഓഫ് ലേബർ വെൽഫെയറിന്റെയും (DGLW) കീഴിലുള്ള ആശുപത്രികളിലും ഡിസ്പെൻസറികളിലും ഹീറ്റ് സ്ട്രോക്ക് കേസുകൾക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കാനും ഒ.ആർ.എസ്, ഐസ് പായ്ക്കുകൾ, ചൂട് മൂലമുണ്ടാകുന്ന അസുഖങ്ങൾ തടയാനുള്ള മറ്റ് മരുന്നുകൾ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ, കുടിവെള്ളം, വെന്റിലേഷൻ, കൂളിംഗ് സൗകര്യങ്ങൾ, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധന എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥകൾ പാലിക്കുന്നത് നിരീക്ഷിക്കാൻ ചീഫ് ലേബർ കമ്മീഷണർ (CLC), ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി (DGMS) തുടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ), നാഷണൽ കരിയർ സർവീസ് (എൻസിഎസ്) എന്നിവ ക്യാമ്പുകളിലും ഔട്ട്റീച്ച് പ്രവർത്തനങ്ങളിലും മതിയായ വായുസഞ്ചാരവും തണുപ്പിക്കാനുള്ള ക്രമീകരണങ്ങളും ആവശ്യത്തിന് കുടിവെള്ളവും ഉറപ്പാക്കാൻ നിർദ്ദേശിച്ചു.
ഉഷ്ണതരംഗ പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ബോധവൽക്കരണ പരിപാടികളെക്കുറിച്ചും എല്ലാ സ്ഥാപനങ്ങളും രണ്ടാഴ്ചയിലൊരിക്കൽ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകേണ്ടതാണ്.
വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉൽപ്പാദനക്ഷമതയും ഉറപ്പാക്കുന്നതിന് സമയബന്ധിതമായ പ്രതിരോധ നടപടികളും സൂക്ഷ്മ നിരീക്ഷണവും അനിവാര്യമാണെന്നും മന്ത്രാലയം ആവർത്തിച്ചു.
*****
( റിലീസ് ഐ.ഡി: 2256407)
സന്ദര്‍ശക കൗണ്ടര്‍ : 6