പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
25 APR 2026 6:03PM by PIB Thiruvananthpuram
അസംസ്കൃത ഇന്ധനത്തിന്റെ തൽസ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
· മതിയായ അസംസ്കൃത ഇന്ധന ലഭ്യതയോടെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യത്തിനുള്ള സംഭരണമുണ്ട്.
· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
•ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു മന്ത്രാലയ തല സംയുക്ത പ്രവർത്തക സമിതി (ജെഡബ്ല്യുജി) രൂപീകരിച്ചു. തുടർന്ന്, സെന്റർ ഫോർ ഹൈ ടെക്‌നോളജി (സിഎച്ച്ടി) നിർണ്ണയിക്കുന്ന പ്രകാരം പ്രധാന മേഖലകൾക്ക് പ്രവർത്തിക്കാൻ ഏറ്റവും മിനിമം ആവശ്യമായ C3 & C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്‌സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 01.04.2026 ലെ ഉത്തരവ് പ്രകാരം ഇന്ത്യാ ഗവൺമെന്റ് അനുമതി നൽകി.
•ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് & പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന വകുപ്പ്, ആഭ്യന്തര വ്യാപാര വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ, കെമിക്കൽ മേഖലയിലെ കമ്പനികൾക്ക് LPG പൂളിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ ഇന്ധനം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.
•2026 ഏപ്രിൽ 9 മുതൽ കെമിക്കൽ, ഫാർമ വ്യവസായ മേഖലയ്ക്ക് മുംബൈ, കൊച്ചി, വിശാഖപട്ടണം , ചെന്നൈ, മഥുര എന്നിവിടങ്ങളിലെ റിഫൈനറികൾ 7000 മെട്രിക് ടണ്ണിലധികം പ്രൊപിലീൻ വിറ്റു.
ഇന്ധനത്തിന്റെ ചില്ലറ ലഭ്യതയും വിലനിർണ്ണയ നടപടികളും:
· രാജ്യത്തുടനീളമുള്ള ചില്ലറ ഇന്ധന വിൽപ്പന ശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
· പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവൺമെന്റ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് ₹10 കുറച്ചു.
· ഇന്ത്യാ ഗവൺമെന്റ് 11.04.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും എടിഎഫിന് 42 രൂപയായും വർദ്ധിപ്പിച്ചു. ഈ നടപടി ഈ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിപണി ലഭ്യത ഉറപ്പാക്കുന്നു.
· കിംവദന്തികൾ കാരണം, ആശങ്കയോടെ ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും പതിവിൽ കവിഞ്ഞ അളവിൽ ഇന്ധനം വാങ്ങുന്നതായി കാണപ്പെടുന്നു. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് അറിയിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിലകളിൽ മാറ്റമില്ല.പൊതുമേഖലാ സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വിലവർദ്ധന ഇല്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
· പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
· 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ SKO വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും:
മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളെയും നാവികരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം ഇപ്രകാരമറിയിച്ചു
•നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.
· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 സജീവമാക്കിയതിനുശേഷം ഇതുവരെ 7,553 കോളുകളും 16,033 ഇമെയിലുകളും കൈകാര്യം ചെയ്തു. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച 150 കോളുകളും 394 ഇമെയിലുകളും ഉൾപ്പെടുന്നു.
· ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 പേർ ഉൾപ്പെടെ ഇതുവരെ 2,729 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു. എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ:
ഗൾഫ്, പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
•ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ മുൻകൈയെടുത്ത് സഹായിക്കുകയും ചെയ്യുന്നു. അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്
•തദ്ദേശ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പതിവായി പുറപ്പെടുവിച്ചുവരുന്നു.
•മേഖലയിലെ വിവിധ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മറ്റു പങ്കാളികൾ എന്നിവരുൾപ്പെടെയുള്ളവരുമായി ഇന്ത്യൻ മിഷനുകൾ സജീവമായി ഇടപഴകുന്നു.
•ഇന്ത്യൻ നാവികരുടെ ക്ഷേമം ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം മുൻഗണനയായി തുടരുന്നു. പ്രാദേശിക അധികാരികളുമായി ഏകോപനം, കോൺസുലാർ പിന്തുണ, ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് വേണ്ട സഹായം മിഷനുകൾ നൽകുന്നു.
•മൊത്തത്തിലുള്ള വിമാന യാത്രാ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 12,65,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
•യുഎഇയിൽ നിന്നും, പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാനങ്ങൾ മാത്രമാണ് വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്. യുഎഇ- ഇന്ത്യ പാതയിൽ ഇന്ന് ഏകദേശം 110 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തും.
•ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നു.
•കുവൈറ്റ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരിമിതമായ വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ തുടർന്നും നടക്കുന്നു.
•ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഗൾഫ് എയർ, ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നു
• ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ, ഇത് ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്ക് ഉപയോഗിക്കാം
•ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു. കൂടാതെ ഇറാനിലുള്ളവർ തങ്ങളുടെ എംബസിയുടെ പിന്തുണയോടെ കര അതിർത്തി വഴി മടങ്ങാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ, 2,443 ഇന്ത്യൻ പൗരന്മാർക്ക് കര അതിർത്തികൾ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചു, ഇത് ഇന്ത്യയിലേക്ക് തുടർന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം.
****