പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അന്തർ മന്ത്രാലയ വാർത്താ സമ്മേളനം

പോസ്റ്റഡ് ഓണ്‍: 23 APR 2026 6:09PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിവരുന്ന  സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാന്‍ കേന്ദ്രഗവൺമെൻ്റ്  ശ്രമങ്ങൾ തുടരുകയാണ്. ഇതിൻ്റെ ഭാഗമായി ഇന്ന് നാഷണൽ മീഡിയ സെന്ററിൽ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍  കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ  ഇന്ധന ലഭ്യത, നാവിക പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്‍കിവരുന്ന  സഹായം, പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്താൻ കൈക്കൊള്ളുന്ന നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവെച്ചു.

ഊർജ വിതരണവും ഇന്ധന ലഭ്യതയും

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെയും എൽ.പി.ജി-യുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ:

 

പൊതുജനങ്ങള്‍ക്ക് നിർദേശങ്ങളും ബോധവല്‍ക്കരണവും 

  • പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്ന സാഹചര്യത്തില്‍ പരിഭ്രാന്തി മൂലം ഇവ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് ജനങ്ങള്‍ ഒഴിവാക്കണം.

  • കിംവദന്തികളിൽ വിശ്വസിക്കരുത്. കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക.

  • എൽ.പി.ജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കണം. വിതരണക്കാരെ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണം.

  • പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ അടുപ്പുകള്‍ തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങൾ ഉപയോഗിക്കാൻ ഗവൺമെൻ്റ്   ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

  • നിലവിലെ സാഹചര്യത്തിൽ ദൈനംദിന ജീവിതത്തിൽ ഊർജം ലാഭിക്കാനാവശ്യമായ ശ്രമങ്ങൾ നടത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

 

ഗവൺമെൻ്റ്  തയ്യാറെടുപ്പുകളും വിതരണ നിര്‍വഹണ നടപടികളും

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഗാർഹിക എൽ.പി.ജി, ഗാർഹിക പി.എൻ.ജി, ഗതാഗതത്തിനുപയോഗിക്കുന്ന സി.എൻ.ജി  എന്നിവയുടെ 100 ശതമാനം വിതരണം ഗവൺമെൻ്റ്   ഉറപ്പാക്കിയിട്ടുണ്ട്.

  • വാണിജ്യ എൽ.പി.ജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ ഔഷധനിര്‍മാണം, സ്റ്റീൽ, വാഹന നിര്‍മാണം, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നൽകി. കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ അഞ്ചു കിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി വിതരണത്തിൻ്റെ അടിസ്ഥാനത്തിൽ ഇരട്ടിയാക്കി.

  • എണ്ണ സംസ്കരണ ശാലകളിലെ ഉല്പാദന വർധന, നഗരപ്രദേശങ്ങളിൽ സിലിണ്ടര്‍ ബുക്കിങ് ഇടവേള 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും ഉയര്‍ത്തല്‍, വിതരണത്തിന് മുൻഗണനാ മേഖലകൾ തുടങ്ങി വിതരണ-ആവശ്യകത മേഖലകളിൽ യുക്തിസഹമായ നിരവധി നടപടികൾ ഗവൺമെൻ്റ്   ഇതിനകം നടപ്പാക്കി.  

  • എൽ.പി.ജി ആവശ്യകതയുടെ സമ്മർദം കുറയ്ക്കാന്‍ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

  • ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി  നൽകാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോടും സിംഗരേണി കോളിയറീസിനോടും നിർദേശിച്ചു.

  • ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കുന്ന നടപടി സുഗമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം  നൽകി.

 

സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളുമായി  ഏകോപിത പ്രവർത്തനങ്ങൾ

  • അവശ്യസാധന നിയമം (1955), എൽ.പി.ജി നിയന്ത്രണ ഉത്തരവ് (2000) എന്നിവ പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവൺമെൻ്റുകൾക്ക് അധികാരമുണ്ട്.

  • പെട്രോൾ, ഡീസൽ, എൽ.പി.ജി ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവൺമെൻ്റുകൾക്ക് പ്രാഥമിക പങ്കുണ്ട്. വിവിധ കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്രഗവൺമെൻ്റ്   ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളോടും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.  

  • ഇന്ധന ലഭ്യതയെക്കുറിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പുനൽകുന്നതിന് ജനങ്ങളുമായി സജീവ  ആശയവിനിമയം അനിവാര്യമാണെന്ന്  2026 മാര്‍ച്ച് 27, 2026 ഏപ്രില്‍ 2 തീയതികളിലെ കത്തുകളിലൂടെ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി പതിവ് അവലോകന യോഗങ്ങൾ ചേരുന്നുണ്ട്.  ഈ സാഹചര്യത്തിൽ 2026 ഏപ്രില്‍ 2-ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും 2026 ഏപ്രില്‍ 6-ന് പെട്രോളിയ മന്ത്രാലയം, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഉപഭോക്തൃ കാര്യ മന്ത്രാലയം  എന്നിവയിലെ സെക്രട്ടറിമാരുടെ സംയുക്ത അധ്യക്ഷതയിലും യോഗങ്ങൾ ചേർന്നു. താഴെ പറയുന്ന കാര്യങ്ങളിലാണ്  യോഗങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്:

    • പ്രതിദിന വാര്‍ത്താ സമ്മേളനങ്ങളും പൊതു നിർദേശങ്ങളും നൽകുക.

    • സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

    • ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പ്രതിദിന പരിശോധനകൾ ശക്തമാക്കുക, എണ്ണ വിപണന കമ്പനികളുമായി ചേർന്ന് പരിശോധന നടപടികള്‍ തുടരുക.

    • സംസ്ഥാനങ്ങളിലെ വാണിജ്യ എൽ.പി.ജി വിതരണ ഉത്തരവുകള്‍  പുറപ്പെടുവിക്കുക.

    • അനുവദിച്ച അധിക മണ്ണെണ്ണയുടെ വിതരണ ഉത്തരവുകള്‍  പുറപ്പെടുവിക്കുക.

    • പി.എൻ.ജി ഉപയോഗവും ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

    • എൽ.പി.ജി വിതരണത്തിൽ ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും വിതരണത്തിലെ സ്ഥിരതയ്ക്കായി അഞ്ചുകിലോ  എഫ്.ടി.എൽ സിലിണ്ടറുകളുടെ കൃത്യമായ വിതരണം  ഉറപ്പാക്കുകയും ചെയ്യുക.

  • പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും പതിവ് വാർത്താ സമ്മേളനങ്ങളും നടത്തുന്നു.  

 

നിയമ നിര്‍വഹണ നടപടികളും നിരീക്ഷണവും

  • എൽ.പി.ജി പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ രാജ്യത്ത് കർശന നടപടികൾ തുടരുകയാണ്.  ഇന്നലെ മാത്രം രാജ്യത്തുടനീളം 2600-ലധികം പരിശോധനകള്‍ നടത്തുകയും 285 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.

  • രാജ്യത്ത് ഇതുവരെ 1.5 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തുകയും 66,000-ലേറെ  സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.  കൂടാതെ ഇതുമായി ബന്ധപ്പെട്ട് 1100-ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 255 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

  • പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നല്‍ പരിശോധനകൾ ശക്തമാക്കുകയും 298 എൽ.പി.ജി വിതരണക്കാർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. ഇന്നലെ വരെ 70 വിതരണക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 

എൽ.പി.ജി വിതരണം

ഗാർഹിക എൽ.പി.ജി വിതരണം: 

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽ.പി.ജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നു.

  • ഗാർഹിക  എൽ.പി.ജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.

  • എൽ.പി.ജി വിതരണ ഏജൻസികളിൽ ഒരിടത്തും സ്റ്റോക്ക് തീരുന്ന സാഹചര്യം  റിപ്പോർട്ട് ചെയ്തിട്ടില്ല.

  • വ്യാവസായികാടിസ്ഥാനത്തില്‍  എൽ.പി.ജി സിലിണ്ടറുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ഇന്നലെ 98 ശതമാനമായി വർധിച്ചു.

  • ദുരുപയോഗം തടയുന്നതിനായി ഏര്‍പ്പെടുത്തിയ 'ഡെലിവറി ഓതൻ്റിക്കേഷൻ കോഡ്’ അധിഷ്ഠിത വിതരണം ഏകദേശം 94 ശതമാനമായി ഉയർന്നു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ്  ഡി.എ.സി ലഭിക്കുന്നത്.

  • 2026 ഏപ്രിൽ 22-ന് 52 ലക്ഷത്തിലധികം ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്തു.

 

വാണിജ്യ എൽ.പി.ജി വിതരണവും വിതരണ നടപടികളും:

  • ആകെ വാണിജ്യ എൽ.പി.ജി വിഹിതം പ്രതിസന്ധിക്ക് മുൻപത്തെ  വിതരണത്തിൻ്റെ 70 ശതമാനത്തോളമായി വർധിപ്പിച്ചു. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്. 

  • കേന്ദ്ര ഗവൺമെൻ്റ് 2026 ഏപ്രിൽ 6-ന് അയച്ച കത്തിൽ വ്യക്തമാക്കിയതുപോലെ കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് ഓരോ സംസ്ഥാനത്തും ലഭ്യമായ അഞ്ചുകിലോ എഫ്.ടി.എൽ  സിലിണ്ടറുകളുടെ പ്രതിദിന അളവ് ഇരട്ടിയാക്കിയിട്ടുണ്ട്. 2026 മാർച്ച് 2, 3 തീയതികളിൽ കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയ ശരാശരി വിതരണത്തിൻ്റെ അടിസ്ഥാനത്തിലാണിത്. ഈ സിലിണ്ടറുകൾ എണ്ണ വിപണന കമ്പനികളുടെ സഹായത്തോടെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യാന്‍ സംസ്ഥാന ഗവൺമെൻ്റുകൾക്ക് കൈമാറിയിട്ടുണ്ട്.

  • 2026 ഏപ്രിൽ 1 മുതൽ ഇതുവരെ 17 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.

  • 86,000-ലധികം അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളാണ് രാജ്യത്ത് ഇന്നലെ മാത്രം വിറ്റത്.

  • 2026 ഏപ്രിൽ 3 മുതൽ പൊതുമേഖലാ എണ്ണ കമ്പനികൾ  അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുമായി ബന്ധപ്പെട്ട്  8,200-ലേറെ ബോധവല്‍ക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിലൂടെ 1,27,000-ലധികം സിലിണ്ടറുകൾ വിൽക്കാൻ സാധിച്ചു.

  • ഇന്നലെ 320-ലേറെ ക്യാമ്പുകളിലൂടെ 7,877  അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റു.

  • ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ  എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ വാണിജ്യ  എൽ.പി.ജി വിതരണം ആസൂത്രണം ചെയ്യുന്നുണ്ട്.

  • 2026 ഏപ്രിൽ മാസം  (ഏപ്രിൽ 22 വരെ) ആകെ 1,40,362 മെട്രിക് ടൺ (19 കിലോയുടെ 73.87 ലക്ഷത്തിലധികം സിലിണ്ടറുകൾക്ക് തുല്യം) വാണിജ്യ എൽ.പി.ജി വിറ്റു.

  • 2026 ഏപ്രിൽ 22-ന് മാത്രം 8,483 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി (19 കിലോയുടെ 4.46 ലക്ഷത്തിലധികം സിലിണ്ടറുകൾക്ക് തുല്യം) വിറ്റു.

 

പ്രകൃതിവാതക വിതരണവും പി.എൻ.ജി വിപുലീകരണ നടപടികളും

  • ഗാർഹിക പി.എൻ.ജി,  ഗതാഗതത്തിന് ഉപയോഗിക്കുന്ന സി.എൻ.ജി എന്നിവയുടെ 100 ശതമാനം വിതരണം ഉറപ്പാക്കി ഉപഭോക്താക്കൾക്ക് മുൻഗണന നൽകി.

  • വളം നിർമാണ പ്ലാൻ്റുകളുടെ ആകെ ഗ്യാസ് വിഹിതം  ആറുമാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95 ശതമാനമായി വർധിപ്പിച്ചു.

  • കൂടാതെ സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ വഴി നടത്തുന്ന വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലെ ഗ്യാസ് വിതരണം 80 ശതമാനം വരെ വർധിപ്പിച്ചു.

  • വാണിജ്യ എൽ.പി.ജി ലഭ്യതയിലെ ആശങ്കകൾ പരിഹരിക്കാന്‍  ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ പുതിയ പി.എൻ.ജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

  • ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ  തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

  • സിറ്റി ഗ്യാസ് വിതരണ ശൃംഖലകളുടെ വിപുലീകരണത്തിനാവശ്യമായ അനുമതികൾ ത്വരിതപ്പെടുത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. 

  • എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക്  ദീർഘകാലാടിസ്ഥാനത്തില്‍ നടത്തുന്ന മാറ്റത്തിന് സഹായിക്കുന്ന സംസ്ഥാനങ്ങൾക്ക് വാണിജ്യ എൽ.പി.ജി വിഹിതത്തിൽ 10 ശതമാനം അധികം നൽകാമെന്ന്  2026 മാര്‍ച്ച് 18-ലെ കത്തിലൂടെ കേന്ദ്ര ഗവൺമെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 22 സംസ്ഥാനങ്ങൾ നിലവിൽ ഈ അധിക വിഹിതം കൈപ്പറ്റുന്നു.

  • സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുന്നതിന് ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം 2026 മാര്‍ച്ച് 24-ലെ കത്തിലൂടെ മൂന്ന് മാസത്തെ പ്രത്യേക കാലയളവിലേക്ക് 'അതിവേഗ അംഗീകാര ചട്ടക്കൂട് നടപ്പാക്കിയിട്ടുണ്ട്. അപേക്ഷകൾ തീർപ്പാക്കുന്ന സമയപരിധി കുറയ്ക്കാൻ ഇത് സഹായിക്കും.   

  • 2026 മാർച്ച് 24-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്രഗവൺമെൻ്റ് 1955-ലെ അവശ്യസാധന നിയമത്തിന് കീഴിൽ 'പ്രകൃതിവാതക പെട്രോളിയം ഉല്പന്ന വിതരണ ഉത്തരവ് 2026' വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും വിപുലീകരിക്കാനും ഈ ഉത്തരവ് ലളിതവും സമയബന്ധിതവുമായ  ചട്ടക്കൂട് നൽകുന്നു. അനുമതികളിലെ കാലതാമസം, ഭൂമി ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ എന്നിവ പരിഹരിക്കാനും പാർപ്പിട മേഖലകളിലടക്കം പ്രകൃതിവാതക അടിസ്ഥാനസൗകര്യങ്ങളുടെ അതിവേഗ വികസനം സാധ്യമാക്കാനും ഇതിലൂടെ കഴിയും. പി.എൻ.ജി ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ഈ നടപടി സേവനലഭ്യത കുറഞ്ഞ മേഖലകളില്‍പോലും സേവനങ്ങള്‍  മെച്ചപ്പെടുത്തുമെന്നും സംശുദ്ധ ഇന്ധനങ്ങളിലേക്ക് രാജ്യം നടത്തുന്ന പരിവര്‍ത്തനത്തിന്  പിന്തുണ നൽകുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തിൻ്റെ ഊർജ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ഇതിലൂടെ സാധിക്കും.

  • ഗാര്‍ഹിക  പിഎൻജി  കണക്ഷനുകൾ വേഗത്തിലാക്കാൻ  സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് പി.എൻ.ജി.ആർ.ബി നിർദേശം നൽകി. കൂടാതെ പി.എൻ.ജി വിപുലീകരണത്തിൻ്റെ വേഗം നിലനിർത്താന്‍ ‘ദേശീയ പി.എൻ.ജി യജ്ഞം 2.0'   2026 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. 

  • കംപ്രസ്ഡ് ബയോഗ്യാസ്  വികസനത്തിന് കേന്ദ്ര ഗവൺമെൻ്റ് ഒരു മാതൃകാ സംസ്ഥാന സി.ബി.ജി നയം തയ്യാറാക്കിയിട്ടുണ്ട്. ഇത് നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക വാണിജ്യ എൽ.പി.ജി വിഹിതത്തിന്റെ അടുത്ത ഗഡുവിൽ മുൻഗണന നൽകും.

  • സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും  15 ദിവസത്തിനകം പ്രവർത്തനാനുമതി നൽകാനാവശ്യമായ നിർദേശങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും മലിനീകരണ നിയന്ത്രണ സമിതികൾക്കും  നൽകാൻ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം   2026 ഏപ്രില്‍ 7-ലെ ഉത്തരവിലൂടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട്  ആവശ്യപ്പെട്ടിട്ടുണ്ട്.  

  • 2026 മാർച്ചിന് ശേഷം ഏകദേശം 5.18 ലക്ഷം പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കി. ഇതോടെ ആകെ കണക്ഷനുകൾ 7.76 ലക്ഷമായി. കൂടാതെ 5.87 ലക്ഷം പേർ പുതിയ കണക്ഷന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  •  2026 ഏപ്രില്‍ 21 വരെ 41,000-ത്തിലധികം പി.എൻ.ജി ഉപഭോക്താക്കൾ  എൽ.പി.ജി കണക്ഷനുകൾ MYPNGD.in  വെബ്സൈറ്റ് വഴി സറണ്ടർ ചെയ്തു.

 

അസംസ്കൃത എണ്ണ ലഭ്യതയും എണ്ണ സംസ്കരണശാലകളിലെ പ്രവർത്തനങ്ങളും

  • എല്ലാ എണ്ണ സംസ്കരണശാലകളും അസംസ്കൃത എണ്ണയുടെ മതിയായ ശേഖരത്തോടെ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. ഒപ്പം പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ ശേഖരം നിലനിർത്തുന്നുമുണ്ട്.

  • ആഭ്യന്തര ഉപഭോഗം പിന്തുണയ്ക്കുന്നതിന് എണ്ണ സംസ്കരണശാലകളിലെ   എൽ.പി.ജി  ഉല്പാദനം വർധിപ്പിച്ചു.

  • ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ അസംസ്കൃത വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്  അന്തർ-മന്ത്രാലയ സംയുക്ത പ്രവര്‍ത്തക സമിതി  രൂപീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തില്‍ സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിച്ച നിർണായക മേഖലകൾക്ക് നിശ്ചിത അളവിൽ C3, C4 വാതകങ്ങള്‍ ലഭ്യമാക്കാൻ പെട്രോകെമിക്കൽ സമുച്ചയങ്ങളടക്കം എണ്ണ സംസ്കരണ കമ്പനികൾക്ക് 2026 ഏപ്രില്‍ 1-ലെ ഉത്തരവിലൂടെ കേന്ദ്രഗവൺമെൻ്റ്  അനുമതി നൽകി.

  • ഔഷധനിര്‍മാണ വകുപ്പ്,  രാസവസ്തു - പെട്രോ കെമിക്കൽസ് വകുപ്പ്, വ്യാവസായിക  ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്   എന്നിവയുടെ അഭ്യർത്ഥനകള്‍ അടിസ്ഥാനമാക്കി  ഔഷധനിര്‍മാണ-രാസവസ്തു മേഖലയിലെ കമ്പനികൾക്ക് എൽ.പി.ജി ശേഖരത്തില്‍നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ വിഹിതം അനുവദിച്ചിട്ടുണ്ട്.

  • 2026 ഏപ്രിൽ 9 മുതൽ മുംബൈ, കൊച്ചി, മഥുര എന്നിവിടങ്ങളിലെ എണ്ണ സംസ്കരണശാലകളില്‍നിന്ന് രാസവസ്തു-ഔഷധനിര്‍മാണ വ്യവസായങ്ങൾക്കായി 6300 മെട്രിക് ടണ്ണിലധികം പ്രൊപ്പിലീൻ  വിറ്റഴിച്ചു.

 

ചില്ലറവിപണിയിലെ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

  • രാജ്യത്തുടനീളം ചില്ലറ വില്പനകേന്ദ്രങ്ങള്‍ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

  • പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസ്വാഭാവിക വർധനയ്ക്ക്  കാരണമായെങ്കിലും  ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കേന്ദ്രഗവൺമെൻ്റ് പെട്രോളി ൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചു.

  • ആഭ്യന്തര വിപണിയിൽ ഈ ഉല്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് 2026 ഏപ്രില്‍ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഡീസലിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും വ്യോമയാന ഇന്ധനത്തിൻ്റേത്  42 രൂപയായും  ഗവൺമെൻ്റ്   വർധിപ്പിച്ചു.

  • പെട്രോൾ, ഡീസൽ എന്നിവയുടെ സാധാരണ ചില്ലറവില്പന വിലകളില്‍  മാറ്റമില്ല. പൊതുമേഖലാ എണ്ണ കമ്പനികളുടെ പമ്പുകളിലും വില വർധിപ്പിച്ചിട്ടില്ല.

 

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

  • സാധാരണ വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റർ  മണ്ണെണ്ണ  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുണ്ട്.

  • 18 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ  വിതരണ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശും ലഡാക്കും നിലവിൽ അധിക മണ്ണെണ്ണ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

 

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

 
പേർഷ്യൻ ഗൾഫിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം നൽകി. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. ഇതിൽ ഇങ്ങനെ അറിയിച്ചു :
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട വിദേശ പതാക വാഹക കപ്പലുകൾക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് കപ്പലുകളിലുമുള്ള എല്ലാ നാവികരും സുരക്ഷിതരാണ്.
 
a. പനാമ പതാകയുള്ള കണ്ടെയ്നർ കപ്പലായ യൂഫോറിയയിൽ 21 ഇന്ത്യൻ നാവികരുണ്ട്. എല്ലാവരും സുരക്ഷിതരാണ്.
 
b. പനാമ പതാകയുള്ള കണ്ടെയ്നർ കപ്പലായ എപാമിനോണ്ടാസിൽ ഒരു ഇന്ത്യൻ നാവികനുണ്ട്. അദ്ദേഹം സുരക്ഷിതനാണ്.
 
മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.
 
 ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കർ ദേശ് ഗരിമ 2026 ഏപ്രിൽ 18-ന് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. 31 ഇന്ത്യൻ നാവികരുമായി കപ്പൽ 2026 ഏപ്രിൽ 22-ന് മുംബൈയിലെത്തി.
 
തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ , സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
 
ഡിജി ഷിപ്പിംഗ് കൺട്രോൾ റൂമിലെ പുതിയ വിവരങ്ങൾ : കൺട്രോൾ റൂം സജീവമാക്കിയതിനുശേഷം  7,403 കോളുകളും 15,639-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 161 കോളുകളും 320 ഇമെയിലുകളും ലഭിച്ചു.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 65 പേർ ഉൾപ്പെടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) വഴി മന്ത്രാലയം ഇതുവരെ 2,680-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
 
തുറമുഖ പ്രവർത്തനങ്ങൾ: ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
 
 
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
 
മേഖലയിലുടനീളം, ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നു. അതേസമയം അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ സഹായം നൽകുകയും മാർഗ നിർദേശം നൽകുകയും ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
 
•വിദേശകാര്യ മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാണ്. ഇന്ത്യൻ മിഷനുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു.
 
• ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും മികച്ച ഏകോപനത്തിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവണ്മെൻ്റ ുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
 
· ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യൻ പൗരന്മാരെ സജീവമായി സഹായിക്കുന്നു.അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു.
 
· പ്രാദേശിക ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ നിരന്തരം പുറപ്പെടുവിക്കുന്നു.
 
•ഇന്ത്യൻ മിഷനുകൾ മേഖലയിലെ താമസക്കാരായ ഇന്ത്യൻ സമൂഹവുമായി സജീവമായി ഇടപഴകുന്നു. ഇന്ത്യൻ സമൂഹങ്ങളുടെ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുമായി, അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി അംബാസഡർമാർ പതിവായി ആശയവിനിമയം നടത്തുന്നു.
 
•മേഖലയിലെ ഇന്ത്യൻ നാവികരുടെ ക്ഷേമത്തിന് ഗവണ്മെൻ്റ്   ഉയർന്ന മുൻഗണന നൽകുന്നു.
 
പ്രാദേശിക അധികൃതരുമായും ഏജൻസികളുമായും ഏകോപനം, കോൺസുലാർ സഹായം നൽകൽ, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അഭ്യർത്ഥനകൾക്ക് സഹായം എന്നിവയുൾപ്പെടെ മിഷനുകൾ എല്ലാ സഹായവും നൽകുന്നു.
 
 · മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സ്ഥിതി മെച്ചപ്പെടുന്നു. ഫെബ്രുവരി 28 മുതൽ, ഏകദേശം 12,12,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
 
· യുഎഇയിൽ, പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാന സർവീസുകൾ, വിമാനക്കമ്പനികൾ തുടർന്നും നടത്തുന്നു. ഇന്ന് ഏകദേശം 110 വിമാനങ്ങൾ പ്രതീക്ഷിക്കുന്നു.
 
· സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തും.
 
· ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു 
 
· കുവൈറ്റ് വ്യോമാതിർത്തി അടച്ചിരിക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നു. 
 
· ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്.
 
ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ, ഇത് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം .
 
ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു.അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കുന്നത് തുടരുന്നു.ഇതുവരെ 2428 ഇന്ത്യൻ പൗരന്മാർ ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും എത്തിയിട്ടുണ്ട് . ഇതിൽ 1096 ഇന്ത്യൻ വിദ്യാർത്ഥികളും 657 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.
 
ഇസ്രായേൽ: ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.ഈ സൗകര്യം ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി പൗരൻമാർക്ക് പ്രയോജനപ്പെടുത്താം .
 
 
 

***


( റിലീസ് ഐ.ഡി: 2255013) സന്ദര്‍ശക കൗണ്ടര്‍ : 10