വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 72,000 കോടി രൂപയായി വർദ്ധിച്ച് റെക്കോർഡിട്ടു

ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം സമ്പാദിച്ചത് 47,973 കോടി രൂപ    

പോസ്റ്റഡ് ഓണ്‍: 21 APR 2026 8:04PM by PIB Thiruvananthpuram

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) പുറത്തുവിട്ട പ്രാരംഭ കണക്കുകൾ പ്രകാരം, 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ₹72,325.82 കോടി (യുഎസ് ഡോളർ 8.28 ബില്യൺ) ആയി ഉയർന്ന് റെക്കോർഡിട്ടു. ആകെ കയറ്റുമതി 19.32 ലക്ഷം മെട്രിക് ടണ്ണിലെത്തി.

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിലെ വർദ്ധനവിന് പിന്നിലെ പ്രധാന ഘടകം ശീതീകരിച്ച ചെമ്മീനാണ്. ചെമ്മീൻ കയറ്റുമതി മാത്രം₹47,973.13 കോടി (US$ 5.51 ബില്യൺ) സംഭാവന ചെയ്തു, സമുദ്രോത്പന്ന കയറ്റുമതിയിൽ നിന്നുള്ള മൊത്തം വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിലധികമാണിത്. കയറ്റുമതി ചെയ്ത ചെമ്മീനിന്റെ അളവിൽ 4.6% ഉം മൂല്യത്തിൽ 6.35% ഉം വർദ്ധനവുണ്ടായി, ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ ഏറ്റവും പ്രധാന ഇനമായി ചെമ്മീൻ തുടരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

 2.32 ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ഇറക്കുമതിയോടെ, ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായി അമേരിക്ക തുടരുന്നു. എന്നിരുന്നാലും, യുഎസിലേക്കുള്ള കയറ്റുമതിയുടെ അളവും മൂല്യവും ഇടിഞ്ഞു- അളവിൽ 19.8% ഉം മൂല്യത്തിൽ  14.5% ഉം കുറവുണ്ടായി. പ്രധാനമായും, പരസ്പര തീരുവകളുടെ  ഫലമായാണ് ഇടിവ് സംഭവിച്ചത്.

ചൈന, യൂറോപ്യൻ യൂണിയൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ ബദൽ വിപണികളുടെ വിപുലീകരണമാണ്  ഈ ഇടിവ് നികത്താൻ സഹായിച്ചത്. രണ്ടാമത്തെ വലിയ ലക്ഷ്യസ്ഥാനമായ ചൈനയിലേക്കുള്ള കയറ്റുമതി, മൂല്യത്തിൽ 22.7% ഉം അളവിൽ 20.1% ഉം വർദ്ധിച്ചു. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതിയും ശക്തമായ നേട്ടം കൈവരിച്ചു, മൂല്യത്തിൽ 37.9% ഉം അളവിൽ 35.2% ഉം വർദ്ധിച്ചു. തെക്കുകിഴക്കൻ ഏഷ്യയും ഗണ്യമായ വളർച്ച രേഖപ്പെടുത്തി, മൂല്യത്തിലും അളവിലും യഥാക്രമം 36.1% ഉം 28.2% ഉം വളർച്ച നേടി. ജപ്പാനിലേക്കുള്ള കയറ്റുമതി, മൂല്യത്തിൽ 6.55% വളർച്ച കൈവരിച്ചു, എന്നാൽ  സംഘർഷം കാരണം പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതിയിൽ സാമ്പത്തിക വർഷാവസാനം 0.55% നേരിയ ഇടിവ് രേഖപ്പെടുത്തി.

പരമ്പരാഗത കയറ്റുമതി വിപണികളിൽ  വെല്ലുവിളി നേരിട്ടപ്പോൾ, മറ്റ് വിപണികളിൽ  ഇരട്ട അക്ക വളർച്ചയോടെ ദ്രുതഗതിയിലുള്ള മുന്നേറ്റം പ്രകടമായത് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളുടെ വൈവിധ്യവത്ക്കരണവും പരിവർത്തനവും വ്യക്തമാക്കുന്നു.

 ശീതീകരിച്ച മത്സ്യം, കണവ, കൂന്തൾ, ഉണക്കിയ സമുദ്രോത്പന്നങ്ങൾ, ജീവനുള്ള ഉത്പന്നങ്ങൾ എന്നിവ വളർച്ച കൈവരിച്ചപ്പോൾ ശീതീകരിച്ച ഉത്പന്നങ്ങൾ കുറവ് രേഖപ്പെടുത്തി. സുരിമി, ഫിഷ്മീൽ, മത്സ്യ എണ്ണ തുടങ്ങിയ ഉത്പന്നങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. ലോജിസ്റ്റിക്സിന്റെ കാര്യത്തിൽ,  അഞ്ച് പ്രധാന തുറമുഖങ്ങൾ - വിശാഖപട്ടണം, JNPT, കൊച്ചി, കൊൽക്കത്ത, ചെന്നൈ - മൊത്തം കയറ്റുമതി മൂല്യത്തിന്റെ ഏകദേശം 64% കൈകാര്യം ചെയ്തു,  ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വിതരണ ശൃംഖലയിൽ ഈ തുറമുഖങ്ങളുടെ നിർണ്ണായക പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു. 

 


( റിലീസ് ഐ.ഡി: 2254427) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: Bengali , English , Urdu , हिन्दी , Marathi