വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

തങ്ങളുടെ മലയാളം ഫീച്ചർ ചിത്രം 'അച്ചപ്പയുടെ ആൽബം' 2026 ഏപ്രിൽ 24 ന് രാജ്യവ്യാപകമായി റിലീസ് ചെയ്യുമെന്ന് എൻ.എഫ്.ഡി.സി പ്രഖ്യാപിച്ചു

നൂതനമായ ടൈം-ട്രാവൽ സങ്കൽപ്പത്തെ തലമുറകൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങളുമായി മനോഹരമായി കോർത്തിണക്കുന്ന ഈ സിനിമ ഒരു സവിശേഷമായ കുടുംബ സങ്കൽപ്പത്തെ ദൃശ്യവൽക്കരിക്കുന്നു

പോസ്റ്റഡ് ഓണ്‍: 14 APR 2026 2:29PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡ് (എൻ.എഫ്.ഡി.സി) അവരുടെ ഏറ്റവും പുതിയ മലയാള ഫീച്ചർ ചലച്ചിത്രമായ 'അച്ചപ്പയുടെ ആൽബം' (ഗ്രാംപായുടെ ആൽബം) പുറത്തിറക്കാൻ ഒരുങ്ങുന്നു. കുടുംബ ഫാൻ്റസി, ഹാസ്യം, വികാരങ്ങൾ എന്നിവയുടെ സവിശേഷ സംയോജനമായ, ഒരു ടൈം-ട്രാവൽ (സമയയാത്ര) പ്രമേയത്തെ കൈകാര്യം ചെയ്യുന്ന ഈ ചിത്രം 2026 ഏപ്രിൽ 24 ന് പ്രദർശനത്തിനെത്തും.
 


ദീപ്തി പിള്ള ശിവൻ സംവിധാനം ചെയ്ത് സഞ്ജീവ് ശിവൻ, അനിർബൻ ഭട്ടാചാര്യ, ഉമേഷ് നായർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഭൂതകാലത്തെ വീണ്ടും ഓർത്തെടുക്കുന്നതിനുള്ള സാർവത്രികമായ കൗതുകത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. വിധിയുടെ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലൂടെ പരസ്പരം മറ്റൊരാളുടെ ജീവിതം നയിക്കാൻ തുടങ്ങുന്ന ഒരു അച്ഛനെയും   മകനെയുമാണ് ഇതിൻ്റെ ഇതിവൃത്തം പിന്തുടരുന്നത്. തലമുറകളുടെ കാഴ്ചപ്പാടുകളുടെയും ജീവിത തിരഞ്ഞെടുപ്പുകളുടെയും ഹൃദയസ്പർശിയായതും നർമ്മം നിറഞ്ഞതുമായ പര്യവേക്ഷണത്തിന് ഈ പരിവർത്തനം പശ്ചാത്തലമായി വർത്തിക്കുന്നു.

മുതിർന്ന നടൻ മോഹൻ അഗാഷെ, അഞ്ജന അപ്പുക്കുട്ടൻ, ആദിനാഥ് കൊത്താരെ, പ്രിയങ്ക നായർ, സിദ്ധാൻഷു സഞ്ജീവ് ശിവൻ എന്നിവരുൾപ്പെടെയുള്ള ശ്രദ്ധേയരായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഛായാഗ്രാഹകൻ മനോജ് പിള്ള, ദേശീയ പുരസ്‌കാര ജേതാവായ എഡിറ്റർ ശ്രീകർ പ്രസാദ്, സംഗീത സംവിധായകൻ ഗുൽരാജ് സിങ് തുടങ്ങിയ പ്രശസ്തരായ പ്രൊഫഷണലുകൾ സാങ്കേതിക സംഘത്തിലുണ്ട്.

ചിത്രത്തെക്കുറിച്ച് സംസാരിക്കവെ സംവിധായിക ദീപ്തി പിള്ള ശിവൻ ഇങ്ങനെ പറഞ്ഞു. ''ലളിതവും എന്നാൽ ആകർഷകവുമായ ഒരു ടൈം ട്രാവൽ ആഖ്യാനത്തിലൂടെ ആഴത്തിലുള്ള മാനുഷിക ബന്ധങ്ങളെയാണ് ചിത്രം പര്യവേക്ഷണം ചെയ്യുന്നത്. ഈ കഥ വെള്ളിത്തിരയിലെത്തിക്കുന്നതിൽ എൻ.എഫ്.ഡി.സി നൽകിയ നിർണായക പിന്തുണയ്ക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്.''

വൈവിധ്യമാർന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ്റെ പങ്ക് എടുത്തുപറഞ്ഞുകൊണ്ട് എൻ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ ശ്രീ. പ്രകാശ് മാഗ്ദം ഇങ്ങനെ പ്രസ്താവിച്ചു. ''ഇന്ത്യൻ സിനിമയിലെ സവിശേഷമായ ശബ്ദങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഈ ചിത്രം പ്രതിഫലിപ്പിക്കുന്നത്. ഭാവനാസമ്പന്നമായ ഒരു ആശയത്തെ വൈകാരിക ആഴവുമായി കൂട്ടിയിണക്കിക്കൊണ്ട്, എല്ലാ തലമുറകളിലെയും പ്രേക്ഷകരെയും ആകർഷിക്കാൻ അച്ചപ്പയുടെ ആൽബത്തിന് മികവുണ്ട്.'

ആദ്യദൃശ്യ ടീസർ നിലവിൽ എൻ.എഫ്.ഡി.സിയുടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഔദ്യോഗിക ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ടീസർ [https://www.youtube.com/watch?v=G6WDgZNA5u8] ഇതിൽ കാണാം.

എൻ.എഫ്.ഡി.സിയെക്കുറിച്ച്:
1975-ൽ സ്ഥാപിതമായ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡ് (എൻ.എഫ്.ഡി.സി) എന്നത് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ, ഇന്ത്യൻ ചലച്ചിത്രത്തിൻ്റെ വികസനത്തിനായുള്ള പരമോന്നത സ്ഥാപനമാണ്. വിവിധ ഇന്ത്യൻ ഭാഷകളിലുടനീളമുള്ള ചലച്ചിത്രങ്ങളുടെ നിർമ്മാണം, പ്രചാരണം എന്നിവ മുതൽ സംരക്ഷണം വരെയുള്ള മുഴുവൻ ചലച്ചിത്ര നിർമ്മാണ ആവാസ വ്യവസ്ഥയെയും ഇത് പിന്തുണയ്ക്കുന്നു.

****


( റിലീസ് ഐ.ഡി: 2251942) സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Punjabi , Kannada