PIB Backgrounder
azadi ka amrit mahotsav

ലോക ഹോമിയോപ്പതി ദിനം 2026

മാറുന്ന ലോകത്ത് ഹോമിയോപ്പതിയിലൂടെയുള്ള സമഗ്ര ആരോഗ്യസംരക്ഷണം പുനര്‍ചിന്തിക്കപ്പെടുന്നു

പോസ്റ്റഡ് ഓണ്‍: 09 APR 2026 11:43AM by PIB Thiruvananthpuram

പ്രധാന വസ്തുതകള്‍

• ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. ഹാനിമാന്റെ  ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഏപ്രില്‍-10 ന് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നു.

• ''സുസ്ഥിര ആരോഗ്യത്തിന് ഹോമിയോപ്പതി'' എന്നതാണ് 2026-ലെ ലോക ഹോമിയോപ്പതി ദിനത്തിന്റെ  പ്രമേയം.

• ലോകത്തിലെ ഏറ്റവും വലിയ ഹോമിയോപ്പതി തൊഴില്‍ശക്തിയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

• 1810-ല്‍ ജര്‍മ്മന്‍ മിഷനറിമാര്‍ മരുന്നുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഹോമിയോപ്പതി ഇന്ത്യയില്‍ ആദ്യമായി എത്തിയത്.

• ഇന്ത്യയില്‍ 3.45 ലക്ഷം രജിസ്റ്റര്‍ ചെയ്ത ഹോമിയോപ്പതി ഡോക്ടര്‍മാരും, 8,593 ഹോമിയോപ്പതി ഡിസ്‌പെന്‍സറികളും, 277 ഹോമിയോപ്പതി വിദ്യാഭ്യാസ സ്ഥാപനങ്ങളും, 34 ഗവേഷണ കേന്ദ്രങ്ങളുമുണ്ട്.

പരിണമിച്ചുകൊണ്ടിരിക്കുന്ന പാരമ്പര്യം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഹോമിയോപ്പതിക്ക് അടിത്തറ പാകിയ ജര്‍മ്മന്‍ ഭിഷഗ്വരനായിരുന്നു സാമുവല്‍ ഹാനിമാന്‍ (1755-1843). അദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ ഓര്‍ഗാനോണ്‍ ഓഫ് മെഡിസിന്‍, ലോകമെമ്പാടുമുള്ള ഹോമിയോപ്പതി ചികിത്സയ്ക്ക് ഇന്നും വഴികാട്ടിയായി തുടരുന്നു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമായ ഏപ്രില്‍ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിച്ചുവരുന്നു.

സമാനമായത് എന്നര്‍ത്ഥമുള്ള ഹോമോയിസ്, രോഗാവസ്ഥ എന്നര്‍ത്ഥമുള്ള പാത്തോസ് എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഹോമിയോപ്പതി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. രോഗി അനുഭവിക്കുന്ന ലക്ഷണങ്ങള്‍ക്ക് സമാനമായ ഫലങ്ങള്‍ ഉളവാക്കുന്ന  പരിഹാരങ്ങള്‍ ഉപയോഗിച്ച് രോഗങ്ങളെ ചികിത്സിക്കുന്ന വൈദ്യശാസ്ത്ര സമ്പ്രദായമാണിത്. ഹോമിയോപ്പതിയുടെ സ്ഥാപകനായ സാമുവല്‍ ഹാനിമാന്‍ 1796-ലാണ് ഈ ചികിത്സാ രീതിക്ക് ഔദ്യോഗിക രൂപം നല്കിയത്. എല്ലാ വര്‍ഷവും ഏപ്രില്‍ 10, അദ്ദേഹത്തിന്റെ ജന്മദിനം ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു. ''സുസ്ഥിര ആരോഗ്യത്തിന് ഹോമിയോപ്പതി'' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.



ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചു; അതില്‍ ആദ്യത്തേത് 'സമാനമായത്  സമാനമായതിനെ സുഖപ്പെടുത്തുന്നു' എന്നതാണ്. അതായത്, ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു പദാര്‍ത്ഥത്തിന്, ശാസ്ത്രീയമായി തയ്യാറാക്കിയ രൂപത്തില്‍ രോഗികളിലെ സമാനമായ ലക്ഷണങ്ങളെ സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഈ സിദ്ധാന്തം വ്യക്തമാക്കുന്നു. രണ്ടാമത്തെ സിദ്ധാന്തമായ 'കുറഞ്ഞ അളവിലുള്ള ഔഷധ നിയമം', പാര്‍ശ്വഫലങ്ങള്‍ കുറച്ചുകൊണ്ട് ശരീരത്തിന്റെ സ്വയം രോഗശമന ശേഷിയെ ഉത്തേജിപ്പിക്കുന്നതിനായി ഔഷധങ്ങള്‍ വളരെ നേര്‍പ്പിച്ച അളവില്‍ ഉപയോഗിക്കുന്നതിനെ ഊന്നിപ്പറയുന്നു.

സസ്യങ്ങള്‍, ധാതുക്കള്‍, ജന്തുജന്യ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്നാണ് ഹോമിയോപ്പതി മരുന്നുകള്‍ തയ്യാറാക്കുന്നത്. നേര്‍പ്പിക്കല്‍, കുലുക്കി വീര്യം കൂട്ടല്‍ എന്നീ പ്രക്രിയകളിലൂടെ തയ്യാറാക്കുന്ന ഈ മരുന്നുകള്‍ ഗുളികകള്‍, ഗ്ലോബ്യൂളുകള്‍, ദ്രാവകങ്ങള്‍ എന്നീ രൂപങ്ങളിലാണ് നല്കുന്നത്. രോഗത്തെ മാത്രം ചികിത്സിക്കുന്നതിന് പകരം രോഗിയുടെ ശാരീരികവും മാനസികവുമായ മൊത്തത്തിലുള്ള അവസ്ഥയെ അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കുന്ന വ്യക്തിഗത സമീപനമാണ് ഇതിന്റെ  പ്രധാന സവിശേഷത.

ഇന്ത്യയില്‍ ഹോമിയോപ്പതി ഇന്ന് വ്യാപകമായി പ്രചാരത്തിലുള്ള ഒരു ചികിത്സാ രീതിയായി പരിണമിച്ചിട്ടുണ്ട്. രോഗപ്രതിരോധം, വിട്ടുമാറാത്ത രോഗങ്ങളുടെ പരിപാലനം, സമഗ്രമായ ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കുന്നതില്‍ ഈ മേഖല വലിയ സംഭാവനകള്‍ നല്കുന്നു.

2026-ലെ ലോക ഹോമിയോപ്പതി ദിനം: പ്രധാന സവിശേഷതകള്‍



•   രാജ്യവ്യാപകമായ ആചരണം: ഏപ്രില്‍ 10-ന് രാജ്യത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ദേശീയ ഹോമിയോപ്പതി കമ്മീഷന്‍ സംസ്ഥാന കൗണ്‍സിലുകളോടും സ്ഥാപനങ്ങളോടും പ്രാക്ടീഷണര്‍മാരോടും ആഹ്വാനം ചെയ്തു.

•   അക്കാദമിക് ഇടപെടലുകള്‍: സെമിനാറുകള്‍, ക്ലിനിക്കല്‍ ചര്‍ച്ചകള്‍, മത്സരങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും പ്രാക്ടീഷണര്‍മാര്‍ക്കുമിടയില്‍ വിജ്ഞാന കൈമാറ്റവും പ്രൊഫഷണല്‍ മികവും  പ്രോത്സാഹിപ്പിക്കും.

•   പൊതുജനസമ്പര്‍ക്ക പരിപാടികള്‍: സൗജന്യ ആരോഗ്യ പരിശോധനകള്‍, ബോധവല്‍ക്കരണ പ്രചാരണങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ രോഗപ്രതിരോധത്തിലും സമഗ്ര ആരോഗ്യസംരക്ഷണത്തിലും ഹോമിയോപ്പതിക്കുള്ള പങ്ക് ജനങ്ങളിലേക്ക് എത്തിക്കും.

•   സര്‍ഗ്ഗാത്മക പങ്കാളിത്തം: ഉപന്യാസ രചന, പോസ്റ്റര്‍ നിര്‍മ്മാണം, ഹ്രസ്വ വീഡിയോ നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളിലൂടെ പൊതുജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.


പാരമ്പര്യത്തില്‍ നിന്ന് നയപരമായ മുന്‍ഗണനയിലേക്ക്

ഏകദേശം രണ്ടര ലക്ഷത്തോളം രജിസ്റ്റര്‍ ചെയ്ത ഹോമിയോപ്പതി പ്രാക്ടീഷണര്‍മാരുള്ള ഇന്ത്യ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോമിയോപ്പതി തൊഴില്‍ശക്തിയിലൊന്നാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി, ഈ ചികിത്സാ രീതി കേവലം നിലനില്‍ക്കുക മാത്രമല്ല, രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതിദത്ത-രോഗപ്രതിരോധ ആരോഗ്യസംരക്ഷണ പാരമ്പര്യങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഈ സുസ്ഥിരമായ സ്വീകാര്യതയ്ക്ക് സമീപ വര്‍ഷങ്ങളില്‍ ശക്തമായ സ്ഥാപന പിന്തുണ ലഭിച്ചിട്ടുണ്ട്. 2014-ല്‍ ആയുഷ് മന്ത്രാലയം സ്ഥാപിതമായത് ഒരു നിര്‍ണ്ണായക വഴിത്തിരിവായി. ഗവേഷണം, ഗുണനിലവാരം ഉറപ്പാക്കല്‍, ആഗോളതലത്തിലുള്ള ഇടപെടലുകള്‍ എന്നിവയിലൂടെ ഹോമിയോപ്പതിക്ക് പുതിയൊരു നയപരമായ ദിശ നല്കാന്‍ ഇതിലൂടെ സാധിച്ചു. ഈ ശ്രമങ്ങള്‍ ഹോമിയോപ്പതിയെ കേവലമൊരു പരമ്പരാഗത ചികിത്സാ രീതി എന്നതിലുപരി, ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ അംഗീകരിക്കപ്പെട്ടതും നയങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രധാന ഘടകമാക്കി മാറ്റാന്‍ സഹായിച്ചു.



ഇന്ത്യയിലെ ഹോമിയോപ്പതിയുടെ ചരിത്രം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഹോമിയോപ്പതി ഇന്ത്യയില്‍ എത്തിയത്. ഇത് ഈ ചികിത്സാ രീതിയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് തുടക്കമിട്ടു. 1810-ഓടെ സാമുവല്‍ ഹാനിമാന്റെ  ശിഷ്യനായ ജോണ്‍ മാര്‍ട്ടിന്‍ ഹോണിഗ്‌ബെര്‍ഗര്‍ ഇന്ത്യയില്‍  പ്രാക്ടീസ് ആരംഭിച്ചു. 1839-ല്‍ അദ്ദേഹം മഹാരാജ രഞ്ജിത് സിംഗിനെ വിജയകരമായി ചികിത്സിച്ചതോടെ, സമൂഹത്തിലെ ഉന്നതര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും ഹോമിയോപ്പതിക്ക് വലിയ സ്വീകാര്യത ലഭിച്ചു.

പ്രധാന നാഴികക്കല്ലുകള്‍

• 1847: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ആദ്യകാല ഹോമിയോപ്പതി ആശുപത്രികളില്‍ ഒന്ന് സ്ഥാപിതമായി.

• ബംഗാളില്‍ പ്രമുഖ പ്രാക്ടീഷണറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ രാജേന്ദ്ര ലാല്‍ ദത്ത ഹോമിയോപ്പതിക്ക് വലിയ പ്രചാരം നല്കി.

• പ്രശസ്ത ഭിഷഗ്വരനായ മഹേന്ദ്ര ലാല്‍ സിര്‍ക്കാരിന്റെ പിന്തുണ ഈ ചികിത്സാ രീതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.

• കല്‍ക്കട്ട, ബനാറസ്, അലഹബാദ് എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറികള്‍ വ്യാപകമായി.

 




സ്വാതന്ത്ര്യാനന്തര വികസനം

സ്വാതന്ത്ര്യത്തിന് ശേഷം, ഹോമിയോപ്പതിയെ സ്ഥാപനപരമായി ശക്തിപ്പെടുത്താന്‍ ഭാരത സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു:

• 1973: സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി സ്ഥാപിതമായി.

• 1978: സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി സ്ഥാപിതമായി.

ഈ നീക്കങ്ങള്‍ ഈ മേഖലയിലെ  നിയന്ത്രണം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയെ കൂടുതല്‍ ശക്തിപ്പെടുത്തി.

 


ഇന്ത്യയിലെ ഹോമിയോപ്പതി അടിസ്ഥാന സൗകര്യങ്ങള്‍

സമീപ വര്‍ഷങ്ങളില്‍, ഹോമിയോപ്പതിയുടെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സാധൂകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്കിവരുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം 34 സമര്‍പ്പിത ഹോമിയോപ്പതി ഗവേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഇത് വ്യവസ്ഥാപിത ഗവേഷണങ്ങള്‍ക്ക് ശക്തമായ അടിത്തറയൊരുക്കുന്നു. ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ട്, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി തുടങ്ങിയ സ്ഥാപനങ്ങള്‍ ക്ലിനിക്കല്‍ ഗവേഷണം, ഔഷധങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കല്‍, വിവിധ വിഷയങ്ങള്‍ കോര്‍ത്തിണക്കിയുള്ള പഠനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

സര്‍ക്കാര്‍ പിന്തുണയുള്ള ഫോറങ്ങള്‍, പ്രത്യേകിച്ച് ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് നടത്തുന്നവ, ഡാറ്റാധിഷ്ഠിത ഫലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത് ശക്തമായ ശാസ്ത്രീയ ഇടപെടലുകളിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.

സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി (CCRH)

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന CCRH, ക്ലിനിക്കല്‍ പ്രാക്ടീസ് ശക്തിപ്പെടുത്തുന്നതിനും ഹോമിയോപ്പതിയുടെ ആഗോള സ്വീകാര്യതയെ പിന്തുണയ്ക്കുന്നതിനുമായി ശാസ്ത്രീയവും ധാര്‍മ്മികവുമായ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 33 സ്ഥാപനങ്ങളുടെ/യൂണിറ്റുകളുടെ ശൃംഖലയിലൂടെയാണ് ഹോമിയോപ്പതിയിലെ ശാസ്ത്രീയ ഗവേഷണം നടത്തുന്നത്.

CCRH-ന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍:

• ഔഷധ പരിശോധന, സാധുത ഉറപ്പിക്കല്‍, ഗുണനിലവാരം നിശ്ചയിക്കല്‍

• ക്ലിനിക്കല്‍ ഗവേഷണം, പരിശോധന, ഡോക്യുമെന്റേഷന്‍, പ്രസിദ്ധീകരണം.

• ഗവേഷണ സഹകരണങ്ങളും ധനസഹായ പിന്തുണയും.


പൊതുജനാരോഗ്യ സംരംഭങ്ങള്‍:

•  ആരോഗ്യകരമായ ബാല്യത്തിനായി ഹോമിയോപ്പതി

• ഹൃദയസംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം എന്നിവയുമായുള്ള സംയോജനം( NPCDCS)

• സ്വാസ്ഥ്യ രക്ഷണ്‍ പ്രോഗ്രാം

• മാതൃ-ശിശു സംരക്ഷണത്തിനായുള്ള ഹോമിയോപ്പതി ദേശീയ ക്യാമ്പെയിന്‍

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി (NCH)

2020-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി ആക്ട് പ്രകാരമാണ്  NCH സ്ഥാപിതമായത്. ഇത് 2021 ജൂലൈ 5 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ, 1973-ലെ ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം രൂപീകരിച്ചിരുന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയും പിരിച്ചുവിട്ടു.

NCH-ന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ /ചുമതലകള്‍:

• ഹോമിയോപ്പതി സംബന്ധിച്ച വിദ്യാഭ്യാസത്തേയും സ്ഥാപനങ്ങളേയും നിയന്ത്രിക്കുന്നു.

• പാഠ്യപദ്ധതിയും അക്കാദമിക് നിലവാരവും നിശ്ചയിക്കുന്നു.


• പ്രാക്ടീഷണര്‍മാരുടെ ദേശീയ രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കുന്നു.

• തൊഴില്‍പരമായ ധാര്‍മ്മികതയും ചികിത്സയുടെ ഗുണനിലവാരവും ഉറപ്പാക്കുന്നു.

• ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

• സംസ്ഥാന കൗണ്‍സിലുകളുമായും ബോര്‍ഡുകളുമായും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നു.

• നിയമപാലനം നിരീക്ഷിക്കുകയും അപ്പീലുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.


ഭാരതീയ ചികിത്സാ രീതികളുടെ ഈ സ്ഥാപനപരമായ ശക്തിപ്പെടുത്തലും നിലവാര ഏകീകരണവും ശക്തമായ ഒരു നിയന്ത്രണ, ഗുണനിലവാര ചട്ടക്കൂട് സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഈ മേഖലയിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ വികാസത്തിന് വലിയ പിന്തുണ നല്കി.

2013-14 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ ഹോമിയോപ്പതി കോളേജുകളുടേയും സീറ്റുകളുടേയും എണ്ണത്തിലുണ്ടായ സ്ഥിരമായ വര്‍ദ്ധനവ്, ഈ നിയന്ത്രണ പരിഷ്‌കാരങ്ങളുടെ സ്വാധീനത്തേയും ഇന്ത്യയിലെ ഹോമിയോപ്പതി വിദ്യാഭ്യാസത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ശേഷിയെയും പ്രതിഫലിപ്പിക്കുന്നു.

ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതി (PCIM&H)

ആയുഷ് (AYUSH) മന്ത്രാലയത്തിന് കീഴിലുള്ള ഒരു അനുബന്ധ ഓഫീസാണ് PCIM&H. ഭാരതീയ ചികിത്സാ രീതികള്‍ക്കും ഹോമിയോപ്പതിക്കുമായുള്ള ഫാര്‍മക്കോപ്പിയകളും ഫോര്‍മുലറികളും തയ്യാറാക്കുന്നതിനുള്ള  ഉത്തരവാദിത്തം ഈ കമ്മീഷനാണ്. കൂടാതെ, ഈ മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഏകീകരണം എന്നിവ ഉറപ്പാക്കുന്നതിനായി സെന്‍ട്രല്‍ ഡ്രഗ് ടെസ്റ്റിംഗ്-കം-അപ്പലേറ്റ് ലബോറട്ടറിയായും ഇത് പ്രവര്‍ത്തിക്കുന്നു.

1860-ലെ സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം 2010 ഓഗസ്റ്റ് 18-ന് ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ (PCIM) എന്ന പേരിലാണ് ഇത് ആദ്യം സ്ഥാപിതമായത്. പിന്നീട് ഹോമിയോപ്പതി കൂടി ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ, 2014 മാര്‍ച്ച് 20-ന് ഇതിനെ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതി (PCIM&H) എന്ന് പുനര്‍നാമകരണം ചെയ്തു.


ഹോമിയോപ്പതിയെ പിന്തുണയ്ക്കുന്ന ആയുഷ് നയങ്ങളും പദ്ധതികളും

വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കല്‍ സേവനങ്ങള്‍, പൊതുജനാരോഗ്യ സംയോജനം എന്നീ മേഖലകളില്‍  ഹോമിയോപ്പതിയെ ശക്തിപ്പെടുത്തുന്നതിനായി ഭാരത സര്‍ക്കാര്‍ ആയുഷ് മന്ത്രാലയം വഴി നിരവധി ലക്ഷ്യ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഹോമിയോപ്പതിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുക, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതി പ്രോത്സാഹിപ്പിക്കുക, പ്രൊഫഷണല്‍-സ്ഥാപന ശേഷി വളര്‍ത്തുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ ഹോമിയോപ്പതി സുരക്ഷിതവും ഫലപ്രദവും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതുമായ ഒരു ഘടകമായി നിലകൊള്ളുന്നുണ്ടെന്ന് ഈ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നു.

പ്രധാന പദ്ധതികളും സംരംഭങ്ങളും:

ദേശീയ ആയുഷ് മിഷന്‍ (NAM)

പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സേവന വിതരണവും ശക്തിപ്പെടുത്തിക്കൊണ്ട് ഹോമിയോപ്പതിയേയും മറ്റ് പരമ്പരാഗത ചികിത്സാ രീതികളേയും മുഖ്യധാരാ ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്ക് സംയോജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു മുന്‍നിര പദ്ധതിയാണിത്.

• പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (PHC-കള്‍) സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും (CHC-കള്‍) ഹോമിയോപ്പതി സേവനങ്ങള്‍ ലഭ്യമാക്കുക.

• ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം.

• ദേശീയ ആരോഗ്യ പരിപാടികളുമായുള്ള സംയോജനം

• രാജ്യത്തുടനീളം 1,84,235-ലധികം ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ പ്രവര്‍ത്തനക്ഷമമാക്കി.


ആയുര്‍ സ്വാസ്ഥ്യ

ഹോമിയോപ്പതി സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷണവും ക്ലിനിക്കല്‍ മികവും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

• ഗവേഷണത്തിനും ക്ലിനിക്കല്‍ പരിശീലനത്തിനുമായി മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍.

• സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തലും ശേഷി വികസനവും.

• തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യ ഇടപെടലുകളും സാമൂഹിക പ്രവര്‍ത്തനങ്ങളും.


ആയുര്‍ജ്ഞാന്‍

ഹോമിയോപ്പതി പ്രാക്ടീഷണര്‍മാര്‍ക്കിടയില്‍ പ്രൊഫഷണല്‍ വികസനവും ഗവേഷണാധിഷ്ഠിത പ്രാക്ടീസും പിന്തുണയ്ക്കുന്ന ശേഷി വികസന സംരംഭമാണിത്. പ്രൊഫഷണല്‍ ഓറിയന്റേഷന് വിധേയരാകാന്‍ പ്രൊഫഷണലുകളെ പ്രോത്സാഹിപ്പിക്കുക, അധ്യാപകരുടേയും ഡോക്ടര്‍മാരുടേയും അറിവ് പുതുക്കുക, ഹോമിയോപ്പതിയിലെ വികാസങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ഇത് ലക്ഷ്യമിടുന്നു.

• തുടര്‍ വിദ്യാഭ്യാസം, ശില്പശാലകള്‍, സെമിനാറുകള്‍.

• അധ്യാപകരുടെ വികസനവും നൈപുണ്യ വര്‍ദ്ധനവും.

• ഗവേഷണ ഫലങ്ങളുടെ ഡോക്യുമെന്റേഷനും പ്രചാരണവും.


എക്‌സ്ട്രാ മ്യൂറല്‍ റിസര്‍ച്ച് (EMR) പദ്ധതി

ദേശീയ ആരോഗ്യ മുന്‍ഗണനകളുമായി യോജിപ്പിച്ചുകൊണ്ട് ധനസഹായത്തോടെയുള്ള ഗവേഷണത്തിലൂടെ ഹോമിയോപ്പതിയുടെ ശാസ്ത്രീയമായ സാധൂകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മുന്‍നിര സംരംഭമാണിത്.

• 2-3 വര്‍ഷത്തേക്ക് 70 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം.

• ക്ലിനിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, പൊതുജനാരോഗ്യ ഗവേഷണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

• പകര്‍ച്ചവ്യാധികള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, സംയോജിത സമീപനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

• പ്രസിദ്ധീകരണങ്ങള്‍, പേറ്റന്റുകള്‍, അറിവ് പങ്കുവെയ്ക്കല്‍ എന്നിവയെ പിന്തുണയ്ക്കുന്നു.

ആയുഷ് ഔഷധി ഗുണവത്ത ഏവം ഉത്പാദന്‍ സംവര്‍ദ്ധന്‍ യോജന (AOGUSY)

1940-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം ഇന്ത്യയിലെ ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി (ASU&H) മരുന്നുകളുടെ ഗുണനിലവാരം നിയന്ത്രിക്കാനും മെച്ചപ്പെടുത്താനുമാണ് AOGUSY ലക്ഷ്യമിടുന്നത്. മാനദണ്ഡീകരണം, ഗുണനിലവാരമുള്ള ഉത്പാദനം, നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

പ്രധാന ലക്ഷ്യങ്ങള്‍:

• പരമ്പരാഗത മരുന്നുകളുടെ ഉത്പാദന ശേഷിയും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുക.

• ഗുണമേന്മയുള്ള ഉത്പാദനത്തിനും പരിശോധനയ്ക്കുമായി അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും നവീകരിക്കുന്നതിന് പിന്തുണ നല്കുക.

• സുരക്ഷയ്ക്കും ഗുണനിലവാര നിയന്ത്രണത്തിനുമായി നിയന്ത്രണ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുക.

• ആയുഷ് മരുന്നുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സഹകരണം പ്രോത്സാഹിപ്പിക്കുക.


ഗുണഭോക്താക്കളും പിന്തുണയും:


• നിര്‍മ്മാതാക്കള്‍: ഉപകരണങ്ങള്‍ വാങ്ങുന്നതിനും, WHO-GMP മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും, ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ധനസഹായം.

• പരിശോധനാ ലാബുകള്‍: വിശകലന ഉപകരണങ്ങള്‍ക്കും ഗുണനിലവാര നിയന്ത്രണത്തിനുമുള്ള ധനസഹായം.

• ഫാര്‍മസികള്‍: അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പിന്തുണ, ഏകീകരണം, നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍.

7,000-7,500-ലധികം ഇനത്തില്‍ ഉള്‍പ്പെടുന്ന ഔഷധസസ്യങ്ങളാണ് ആയുഷ് ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ അവശ്യ അസംസ്‌കൃത വസ്തുക്കള്‍. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ വ്യാപകമായി പ്രചാരത്തിലുള്ള ഇന്ത്യയില്‍, അവയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനായി ആധികാരികവും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഔഷധസസ്യ വിഭവങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, മെഡിസിനല്‍ പ്ലാന്റ്‌സ്  ഇനിഷ്യേറ്റീവ്‌സ് ഹോമിയോപ്പതി മരുന്നുകള്‍ക്കാവശ്യമായ ഔഷധസസ്യങ്ങളുടെ സുസ്ഥിരമായ സംരക്ഷണം, കൃഷി, വിതരണം എന്നിവ ഉറപ്പാക്കുന്നു. ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ശക്തിപ്പെടുത്തുന്നതിലൂടെ, ഇത് ആരോഗ്യ സംരക്ഷണ സേവനങ്ങളേയും കര്‍ഷകരുടേയും മറ്റ് പങ്കാളികളുടേയും ഉപജീവനത്തേയും പിന്തുണയ്ക്കുന്നു. ഗുണനിലവാരമുള്ള ഔഷധങ്ങളുടെ ശക്തമായ വിതരണം ആയുഷ് സംവിധാനങ്ങളുടെ നട്ടെല്ലാണെങ്കിലും, അവയുടെ ഫലപ്രദമായ ഉപയോഗം തുടര്‍ച്ചയായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളേയും പ്രചാരണ ശ്രമങ്ങളേയും ആശ്രയിച്ചിരിക്കുന്നു.

വിവര-വിദ്യാഭ്യാസ-സമ്പര്‍ക്ക (IEC) പരിപാടി ഘടനാപരമായ ആശയവിനിമയ തന്ത്രങ്ങളിലൂടെ ഹോമിയോപ്പതിയെക്കുറിച്ചുള്ള  അവബോധവും വ്യാപനവും വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹോമിയോപ്പതിയുടെ ലാഭക്ഷമതയേയും നേട്ടങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു. ഗവേഷണ കണ്ടെത്തലുകള്‍ പ്രചരിപ്പിക്കുക, ആരോഗ്യ പ്രചാരണങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക, പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തുക, രോഗപ്രതിരോധ-ആരോഗ്യ സംരക്ഷണ രീതികളെ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്.

വിദഗ്ധരുടെ കൈമാറ്റം, അക്കാദമിക് സഹകരണങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയിലൂടെ ആഗോളതലത്തില്‍ അംഗീകാരം വര്‍ദ്ധിപ്പിക്കുന്ന പ്രമോഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍ ഇന്‍ ആയുഷ് എന്ന പദ്ധതിയോടൊപ്പം ചേര്‍ന്ന്, ഈ ശ്രമങ്ങള്‍ ആയുഷ് സംവിധാനങ്ങളുടെ ആഭ്യന്തര അടിത്തറയും അന്താരാഷ്ട്ര സാന്നിധ്യവും ഒരുപോലെ ശക്തിപ്പെടുത്തുന്നു.

പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിലും പ്രതിരോധത്തിലും ഹോമിയോപ്പതി

പ്രതിരോധം, ആരോഗ്യ പ്രോത്സാഹനം, അനുബന്ധ ചികിത്സാ തന്ത്രങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ ഹോമിയോപ്പതി ഒരു പൂരക ഉപാധിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി, ഇന്ത്യയിലുടനീളമുള്ള അതിന്റെ  33 സ്ഥാപനങ്ങളിലൂടെയും യൂണിറ്റുകളിലൂടെയും പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും വൈദ്യസഹായ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

ആഗോള തലത്തിലെ ഹോമിയോപ്പതി വിജയഗാഥകള്‍

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഹോമിയോപ്പതി ഇടപെടലുകള്‍ നടപ്പിലാക്കുന്നതില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

പ്രധാന ഉദാഹരണങ്ങള്‍ താഴെ നല്കുന്നു:

• ഇന്ത്യ - ജാപ്പനീസ് എന്‍സെഫലൈറ്റിസ്/എഇഎസ് (ഉത്തര്‍പ്രദേശ്): 96 ഗ്രാമങ്ങളിലായി 3 ലക്ഷത്തിലധികം ആളുകള്‍ക്ക് ബെല്ലഡോണ 200 വിതരണം ചെയ്തു. ഇത് അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) തടയുന്നതിനും മറ്റ് ചികിത്സാ രീതികളോടൊപ്പം ചേര്‍ന്ന് ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാനും സഹായിച്ചു.

• ഇന്ത്യ - ചിക്കുന്‍ഗുനിയ പ്രതിരോധം (കേരളം, 2007): 19,750 പേര്‍ക്ക് ബ്രയോണിയ ആല്‍ബ 30C നല്കി. ഇതിന്റെ  ഫലമായി രോഗം ബാധിക്കാനുള്ള സാധ്യത ഗണ്യമായി കുറഞ്ഞു. പനി ബാധിച്ചവരില്‍ ഏകദേശം 84.5 ശതമാനം പേര്‍ക്കും, വിട്ടുമാറാത്ത സന്ധിവേദന ബാധിച്ചവരില്‍ ഏകദേശം 90 ശതമാനം പേര്‍ക്കും വേഗത്തിലുള്ള ഫലപ്രാപ്തി ലഭിച്ചു.

• ക്യൂബ - ഡെങ്കിപ്പനി നിയന്ത്രണം: ഒരു ഹോമിയോപ്പതി കോംപ്ലക്‌സ് (ബ്രയോണിയ ആല്‍ബ, യുപ്പറ്റോറിയം പെര്‍ഫോളിയേറ്റം, ജെല്‍സീമിയം എസ്., ഡെങ്കി നോസോഡ്) ഉപയോഗിച്ച് ചികിത്സിച്ച 25,000 രോഗികളില്‍ കാര്യമായ ക്ലിനിക്കല്‍ പുരോഗതിയും ആശുപത്രിവാസത്തിന്റെ ദൈര്‍ഘ്യത്തില്‍ കുറവും രേഖപ്പെടുത്തി.

• വിവിധ പകര്‍ച്ചവ്യാധി ക്യാമ്പുകള്‍ (ഇന്ത്യ): ഡെങ്കിപ്പനി, മലേറിയ, ടൈഫോയ്ഡ്, അഞ്ചാംപനി, മെനിഞ്ചൈറ്റിസ്, കണ്‍ജങ്ക്റ്റിവിറ്റിസ്  എന്നിവയ്ക്കായി ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള മരുന്നുകളും  ജീനസ് എപ്പിഡെമിക്കസ് മരുന്നുകളും ഉപയോഗിച്ച് CCRH ഇടപെടലുകള്‍ നടത്തി.

• കോവിഡ്-19 പ്രതിരോധം (ഇന്ത്യ): ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ 136 കേന്ദ്രങ്ങളിലായി ഏകദേശം 5 ലക്ഷം ആളുകളില്‍ ആഴ്‌സനിക്കം ആല്‍ബം 30C ഒരു പ്രതിരോധ മരുന്നായി ഉപയോഗിച്ചു.


ഉപസംഹാരം: പാരമ്പര്യവും പരിവര്‍ത്തനവും കൈകോര്‍ക്കുന്നു

കാലാതീതമായ തത്വങ്ങള്‍ ആധുനിക മുന്നേറ്റങ്ങളുമായി തടസ്സമില്ലാതെ ഒത്തുചേരുന്ന സവിശേഷമായ ഒരു യാത്രയാണ് ഇന്ത്യയിലെ ഹോമിയോപ്പതി പ്രതിഫലിപ്പിക്കുന്നത്. സമഗ്രമായ രോഗശാന്തിയുടെ സമ്പന്നമായ പാരമ്പര്യത്തില്‍ വേരൂന്നിയ ഈ സംവിധാനം, ശാസ്ത്രീയ ഗവേഷണം, ശക്തിപ്പെടുത്തിയ നിയന്ത്രണങ്ങള്‍, വിപുലീകരിക്കുന്ന വിദ്യാഭ്യാസ ശേഷി എന്നിവയാല്‍ നയിക്കപ്പെടുന്ന അര്‍ത്ഥവത്തായ ഒരു പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യത്തിന്റേയും ആധുനികവല്‍ക്കരണത്തിന്റേയും ഈ സംയോജനം ഇന്നത്തെ ആരോഗ്യ പരിരക്ഷാ മേഖലയില്‍ ഇതിന്റെ  വിശ്വാസ്യതയും പ്രസക്തിയും വര്‍ദ്ധിപ്പിച്ചു.

തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതി, ഏകീകരണം, പ്രൊഫഷണല്‍ മികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ പരിവര്‍ത്തനത്തിന് ഉദാഹരണങ്ങളാകുന്നു. അതേസമയം, പൊതുജനാരോഗ്യ സംരംഭങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിലും ഹോമിയോപ്പതിയെ ഉള്‍പ്പെടുത്തിയത്, സമകാലിക ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതില്‍ ഇതിന്റെ പരിണമിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നു.

മുന്നോട്ട് നോക്കുമ്പോള്‍, കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും, പ്രാപ്യമായതും, സംയോജിതവുമായ ഒരു ആരോഗ്യ സംരക്ഷണ സംവിധാനത്തിന് സംഭാവന നല്കാന്‍ ഇന്ത്യയിലെ ഹോമിയോപ്പതി സജ്ജമായിക്കഴിഞ്ഞു.

സൂചനകള്‍

Click here to see pdf 


( റിലീസ് ഐ.ഡി: 2250917) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Manipuri , Gujarati