പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ ഇന്ധന വിതരണ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.

പോസ്റ്റഡ് ഓണ്‍: 02 APR 2026 8:27PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള ഇന്ധന വിതരണ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പെട്രോളിയം മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും അഡീഷണൽ ചീഫ് സെക്രട്ടറിമാരുമായും പ്രിൻസിപ്പൽ സെക്രട്ടറിമാരുമായും (ഭക്ഷ്യ,സിവിൽ സപ്ലൈസ്) യോഗം ചേർന്നു.

അവശ്യ പെട്രോളിയം ഇന്ധനങ്ങളുടെ വിതരണം സുഗമമാക്കുന്നതിന് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അദ്ദേഹം വിശദീകരിച്ചു.  മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം നേരിടുന്നതിന് കേന്ദ്ര സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിന് സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഗാർഹിക ഉപഭോക്താക്കൾക്കും അവശ്യ മേഖലകൾക്കും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എൽപിജി വിതരണത്തിന് മുൻഗണന നല്കണമെന്നും അത് കാര്യക്ഷമമായി ഏകോപിപ്പിക്കണമെന്നും പെട്രോളിയം സെക്രട്ടറി ഊന്നിപ്പറഞ്ഞു. കൂടാതെ, പൂഴ്ത്തിവെപ്പ്, വഴിതിരിച്ചുവിടൽ, അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവയ്‌ക്കെതിരെ കർശന ജാഗ്രത പാലിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കി.

ക്രമക്കേടുകൾ തടയുന്നതിനായി റെയ്ഡുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ യോഗത്തിൽ അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങൾ നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കണമെന്നും നിയമലംഘകർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ  തടയണമെന്നും സംസ്ഥാനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

അതിഥി തൊഴിലാളികൾക്കുള്ള എഫ്‌ടിഎൽ എൽപിജി വിതരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ, തൊഴിലാളികളെ ബാധിക്കുന്ന തരത്തിൽ എൽപിജി വിതരണത്തിൽ തടസ്സങ്ങളൊന്നുമില്ലെന്നും വിതരണം സ്ഥിരതയോടെ തുടരുന്നുണ്ടെന്നും സംസ്ഥാനങ്ങൾ വ്യക്തമാക്കി. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി ചേർന്ന് 5 കിലോ എഫ്‌ടിഎൽ എൽപിജി സിലിണ്ടറുകൾ ആവശ്യക്കാരിലേക്ക് കൃത്യമായി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്ഥാനങ്ങൾക്ക് പരിഗണിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഓട്ടോറിക്ഷകൾക്കുള്ള എൽപിജിയുടെ കാര്യത്തിൽ, ഈ ആവശ്യം നിറവേറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും എൽപിജിയിലും പെട്രോളിലും ഒരുപോലെ  ഓടാൻ കഴിയുന്ന ഓട്ടോറിക്ഷകളെ പെട്രോൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും യോഗത്തിൽ വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സഹകരണത്തെ പെട്രോളിയം മന്ത്രാലയം സെക്രട്ടറി അഭിനന്ദിച്ചു. കൂടാതെ, ഇന്ധന വിതരണത്തിൽ സ്ഥിരത ഉറപ്പാക്കുന്നതിനും പൊതുജനവിശ്വാസം നിലനിർത്തുന്നതിനുമായി നിരന്തരമായ നിരീക്ഷണം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

***

 

 


( റിലീസ് ഐ.ഡി: 2248694) സന്ദര്‍ശക കൗണ്ടര്‍ : 12