വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഡിജിറ്റൽ റേഡിയോയും ഡയറക്ട്-ടു-മൊബൈൽ സാങ്കേതികവിദ്യകളും ബഹുജന ആശയവിനിമയത്തെ പരിവർത്തനം ചെയ്യുന്നു
മിതമായ നിരക്കിൽ വിനോദം, വിദ്യാഭ്യാസം, സുശക്തമായ അടിയന്തരസന്ദേശ വിനിമയം എന്നിവ സാധ്യമാക്കുന്നു
പോസ്റ്റഡ് ഓണ്‍:
01 APR 2026 5:37PM by PIB Thiruvananthpuram
ഡിജിറ്റൽ റേഡിയോ, ഡയറക്ട്-ടു-മൊബൈൽ (ഡിടുഎം) സാങ്കേതികവിദ്യകൾ, ഒറ്റ ആവൃത്തിയിൽ ഒന്നിലധികം ചാനലുകൾ ലഭ്യമാക്കുന്നതിനായി സ്‌പെക്ട്രത്തെ കാര്യക്ഷമമായി വിനിയോഗിച്ചുകൊണ്ട് ബഹുജന ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. താങ്ങാനാവുന്നതും സൗജന്യവുമായ ഒരു ആവാസവ്യവസ്ഥയാണ് ഡിജിറ്റൽ റേഡിയോ പ്രദാനം ചെയ്യുന്നത്. സിം കാർഡോ മൊബൈൽ ഡാറ്റയോ ഇല്ലാതെ, ഭൂതല അടിസ്ഥാന സൗകര്യങ്ങൾ (ടവറുകൾ) ഉപയോഗിച്ച് വീഡിയോ, ഓഡിയോ, ഡാറ്റ എന്നിവ നേരിട്ട് മൊബൈൽ ഫോണുകളിലേക്ക് സംപ്രേക്ഷണം ചെയ്തുകൊണ്ട് ഡിടുഎം ഇതിനെ കൂടുതൽ വിപുലീകരിക്കുന്നു. മിതമായ നിരക്കിൽ വിനോദം, വിദ്യാഭ്യാസം, നിർണായക അടിയന്തര സാഹചര്യം/ദുരന്തനിവാരണ മുന്നയിപ്പുകൾ എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു ഡാറ്റാ സംവിധാനം ഇത് സൃഷ്ടിക്കുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അതിന്റെ ടെലികോം കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ് (ടി.സി.സി.പി.ആർ) പ്രകാരം ഉപഭോക്തൃ താത്പര്യാർത്ഥമല്ലാതെ വരുന്ന വാണിജ്യ ആശയവിനിമയങ്ങൾ (അൺസോളിസിറ്റഡ് കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ-യു.സി.സി) അല്ലെങ്കിൽ സ്പാം കോളുകൾ നിയന്ത്രിക്കുന്നു. യു.സി.സിയെ നിയന്ത്രിക്കുന്നതിനായി, ട്രായ് ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യയായ ഒരു ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്‌നോളജി (ഡി.എൽ.ടി) പ്ലാറ്റ്ഫോം നടപ്പിലാക്കിയിട്ടുണ്ട്, അതിൽ ഉപഭോക്താക്കൾക്ക് പ്രചരണ ആശയവിനിമയം (പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ) സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ മുൻഗണനകൾ രേഖപ്പെടുത്താൻ സാധിക്കും. പ്രധാന സ്ഥാപനങ്ങളും (ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, എയർലൈനുകൾ തുടങ്ങിയ ബിസിനസുകൾ) ടെലിമാർക്കറ്ററുകളും ഡി.എൽ.ടി പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതുമായ ടെലിമാർക്കറ്റർമാർക്കുള്ള പരാതികൾ രേഖപ്പെടുത്തുന്നതിനായി ഡി.എൽ.ടി പ്ലാറ്റ്ഫോമിൽ ഒരു പരാതി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. നടപടിയെടുക്കുന്നതിനായി വിവിധ അഭിഗമ്യതാ (ടെലികോം) സേവന ദാതാക്കൾക്കിടയിൽ പരാതികളുടെ കൈമാറ്റം ഇത് സുഗമമാക്കുന്നു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സമയാസമയങ്ങളിൽ ഉചിതമായ നയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പ്രക്ഷേപണ മേഖലയിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദൂരദർശൻ, ആകാശവാണി എന്നിവയുടെ പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ആധുനികവത്കരണം, നവീകരണം എന്നിവയ്ക്കായുള്ള ഒരു കേന്ദ്ര പദ്ധതിയാണ് ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്വർക്ക് ഡെവലപ്മെന്റ് (ബി.ഐ.എൻ.ഡി) പദ്ധതി. ഈ പദ്ധതി പ്രകാരം, പ്രക്ഷേപണ മേഖലയിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിച്ചുകൊണ്ട് പ്രസാർ ഭാരതി ആകാശവാണി, ദൂരദർശൻ നെറ്റ്‌വർക്കുകളെ തുടർച്ചയായി നവീകരിക്കുന്നു. നെറ്റ്‌വർക്കിന്റെ ഡിജിറ്റൽവത്കരണവും ഉയർന്നുവരുന്ന സാങ്കേതികവിദ്യ പ്രകാരമുള്ള അത്യാധുനിക ഉപകരണങ്ങളിലേക്കുള്ള തലമുയർത്തലും (അപ്‌ഗ്രേഡ് ചെയ്യൽ) ഇതിൽ ഉൾപ്പെടുന്നു.
ശ്രീ റാവു രാജേന്ദ്ര സിങ് ചോദിച്ച ചോദ്യങ്ങൾക്കുള്ള പ്രതികരണമായി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
( റിലീസ് ഐ.ഡി: 2248122)
സന്ദര്‍ശക കൗണ്ടര്‍ : 7