PIB Backgrounder
azadi ka amrit mahotsav

'ഇന്ത്യയുടെ അതിജീവനശേഷിയുള്ള കാർഷിക ഉൽപ്പാദന സംവിധാനങ്ങൾ'

''പാടത്ത് നിന്ന് വിപണിയിലേക്ക്''

പോസ്റ്റഡ് ഓണ്‍: 26 MAR 2026 3:05PM by PIB Thiruvananthpuram

പ്രധാന കാര്യങ്ങൾ

2024-25 കാലയളവിൽ ഇന്ത്യ 357.73 ദശലക്ഷം മെട്രിക് ടണ്ണിന്റെ റെക്കോർഡ് ഭക്ഷ്യധാന്യ ഉൽപ്പാദനം കൈവരിക്കുകയും അതിൽ 362.08 മെട്രിക് ടൺ ഹോർട്ടികൾച്ചർ ഉൽപ്പാദനം ഉണ്ടാവുകയും ചെയ്തു. ഇത് ഉയർന്ന മൂല്യമുള്ള വിളകളിലേക്കുള്ള ശക്തമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

150.18 മെട്രിക് ടൺ അരി, 117.94 മെട്രിക് ടൺ ഗോതമ്പ്, 25.68 മെട്രിക് ടൺ പയർവർഗ്ഗങ്ങൾ, 18.59 മെട്രിക് ടൺ ചെറുധാന്യങ്ങൾ(മില്ലറ്റുകൾ) എന്നിവ ഉത്പാദിപ്പിച്ചുകൊണ്ട് ഇന്ത്യ ആഗോളതലത്തിലെ മുൻനിര ഉൽപ്പാദകരിൽ ഇടം നേടിയത് ആഗോള ഭക്ഷ്യസുരക്ഷയിൽ (2024-25) അതിന്റെ പങ്ക് ശക്തിപ്പെടുത്തുന്നു.


2020 സാമ്പത്തിക വർഷത്തിൽ കാർഷിക കയറ്റുമതി 34.5 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 51.1 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. മൂല്യവർദ്ധിത വളർച്ചയെ സൂചിപ്പിച്ചുകൊണ്ട് സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ വിഹിതം 20.4 ശതമാനത്തിലേക്ക് വർദ്ധിച്ചു.

ബജറ്റ് വിഹിതം 2013-14 ലെ 21,933 കോടി രൂപയിൽ നിന്ന് 2026-27 ൽ 1.30 ലക്ഷം കോടി രൂപയായി വർദ്ധിച്ചത് കാർഷിക വികസനത്തിൽ സുസ്ഥിര ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

പിഎം-കിസാൻ പദ്ധതിയ്ക്ക് കീഴിൽ 22 ഗഡുക്കളായി 4.27 ലക്ഷം കോടി രൂപ വിതരണം ചെയ്തതും അതേസമയം വിള ഇൻഷുറൻസ് ക്ലെയിമുകൾ 1.90 ലക്ഷം കോടി രൂപ കവിഞ്ഞതും വരുമാന സുരക്ഷയും നഷ്ടസാധ്യതയിൽ നിന്നുള്ള സംരക്ഷണവും ശക്തിപ്പെടുത്തി.


ആമുഖം

ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ നിലനിർത്തുന്നതിലും, സാമ്പത്തിക അതിജീവനശേഷി ഉറപ്പാക്കുന്നതിലും, ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യയുടെ കാർഷിക മേഖല നിർണായക പങ്ക് വഹിക്കുന്നു.

നിലവിലെ വിലയിൽ രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധനവിന്റെ അഞ്ചിലൊന്ന് ഭാഗവും കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ്. ഏകദേശം 46.1 ശതമാനം തൊഴിലാളികൾക്ക്  ഈ മേഖല തൊഴിൽ നൽകുകയും  ജനസംഖ്യയുടെ 55 ശതമാനത്തോളം പേരെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നത് അവയുടെ ഗണ്യമായ സാമൂഹിക-സാമ്പത്തിക പ്രാധാന്യത്തെ എടുത്തു കാണിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഈ മേഖല സ്ഥിരവിലയിൽ ഏകദേശം 4.4 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചു. ഇത് മെച്ചപ്പെട്ട കൃഷിരീതികൾ, സാങ്കേതിക സംയോജനം, കൂടുതൽ പ്രതിരോധശേഷിയുള്ള ഉൽപാദന സംവിധാനങ്ങൾ എന്നിവയുടെ പിന്തുണയോടെയുള്ള വിപുലമായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയുടെ കാർഷിക ഉൽപ്പാദന പ്രകടനം

2024-25 കാർഷിക വർഷത്തിൽ, ഇന്ത്യ 357.73 ദശലക്ഷം മെട്രിക് ടൺ വരുന്ന അഭൂതപൂർവമായ ഭക്ഷ്യധാന്യ ഉൽപ്പാദനം രേഖപ്പെടുത്തി. മുൻ വർഷത്തേക്കാൾ 25.43 ദശലക്ഷം മെട്രിക് ടൺ കൂടുതലായിരുന്നു ഇത്. ഉൽപ്പാദനക്ഷമതയിലെ സുസ്ഥിര നേട്ടങ്ങൾ, മെച്ചപ്പെട്ട വിഭവ വിനിയോഗം (ഇൻപുട്ട് മാനേജ്‌മെന്റ്), കർഷകർക്ക് ശക്തമായ സ്ഥാപനപര പിന്തുണ എന്നിവയെ ഇത് പ്രതിഫലിപ്പിക്കുന്നു. അരി, ഗോതമ്പ്, ചോളം, മറ്റു നാടൻ ധാന്യങ്ങൾ (ശ്രീ അന്ന എന്ന് നാമകരണം ചെയ്തിരിക്കുന്ന ചെറുധാന്യങ്ങൾ(മില്ലറ്റുകൾ) ഉൾപ്പെടെ) എന്നിവയുടെ ഉയർന്ന ഉൽപാദനമാണ് ഈ വർധനവിന് പ്രധാന കാരണം. ഒരേസമയം കാർഷിക പരിവർത്തനത്തിന്റെയും മൂല്യവർദ്ധനവിന്റെയും ഒരു പ്രധാന ചാലകശക്തിയായി ഹോർട്ടികൾച്ചർ ഉയർന്നുവന്നിട്ടുണ്ട്. 2024-25 ൽ മൊത്തം ഹോർട്ടികൾച്ചർ ഉൽപാദനം 362.08 ദശലക്ഷം ടണ്ണിലെത്തിയത്  ഉയർന്ന മൂല്യമുള്ള വിളകളിലേക്കുള്ള ഘടനാപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ മുൻകൂർ കണക്കുകൾ പ്രകാരം, ഉത്പാദനം 2013-14 ൽ 280.70 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 367.72 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. ഈ ഉൽപാദനത്തിൽ ഏകദേശം 114.51 ദശലക്ഷം ടൺ പഴങ്ങളും, 219.67 ദശലക്ഷം ടൺ പച്ചക്കറികളും, 33.54 ദശലക്ഷം ടൺ മറ്റ് ഹോർട്ടികൾച്ചറൽ വിളകളും ഉൾപ്പെടുന്നു. ഭക്ഷ്യധാന്യങ്ങളുടെയും ഹോർട്ടികൾച്ചറൽ ഉൽപാദനത്തിന്റെയും ക്രമാനുഗതമായ വർദ്ധനവ് ഇന്ത്യയുടെ ആഭ്യന്തര കാർഷിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും ആഗോള കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിൽ അതിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിനും അടിവരയിടുന്നു.


ആഗോള കാർഷിക വിപണിയിൽ ഇന്ത്യ

 



 

ഇന്ത്യയുടെ കാർഷിക കയറ്റുമതി സമീപ വർഷങ്ങളിൽ ക്രമാനുഗതമായി വളർന്നു. കാർഷിക കയറ്റുമതി വരുമാനം 2020 സാമ്പത്തിക വർഷത്തിൽ 34.5 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 51.1 ബില്യൺ യു.എസ് ഡോളറായി വർദ്ധിച്ചത് 8.2 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിനെ പ്രതിഫലിപ്പിക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ, സംസ്‌കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള കാർഷിക-ഭക്ഷ്യ കയറ്റുമതി മൂല്യം 49.43 ബില്യൺ യു.എസ് ഡോളറായിരുന്നു, ഇത് മൊത്തം കയറ്റുമതിയുടെ ഏകദേശം 11.2 ശതമാനമാണ്. സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതിയുടെ പങ്ക് സുസ്ഥിരമായി വർദ്ധിച്ചതും, 2018 സാമ്പത്തിക വർഷത്തിൽ 14.9 ശതമാനമായിരുന്നത് 2025 സാമ്പത്തിക വർഷത്തിൽ  20.4 ശതമാനമായതും കാർഷിക കയറ്റുമതി വിഭാഗത്തിൽ ഉയർന്ന മൂല്യവർദ്ധനവിലേക്കുള്ള ഒരു പുരോഗമനപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു.

ഈ പ്രവണതകൾ ഉൽപ്പാദനം, സംസ്‌കരണം, ആഗോള വിപണി ഏകീകരണം എന്നിവയിലുടനീളം പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, കയറ്റുമതി മത്സരശേഷി ശക്തിപ്പെടുത്തുന്നതിൽ സംസ്‌കരിച്ചതും വൈവിധ്യവൽക്കരിച്ചതുമായ കാർഷിക ഉൽപ്പന്നങ്ങളുടെ പങ്കിനെ എടുത്തുകാണിക്കുന്നു.

വൈവിധ്യമാർന്ന ഉൽപ്പാദന സംവിധാനങ്ങളുടേയും ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഹോർട്ടികൾച്ചർ, തോട്ടവിളകൾ എന്നിവയിലെ പ്രാദേശികമായ പ്രത്യേകതകളുടേയും പിന്തുണയോടെ ആഗോള കാർഷിക രംഗത്ത് ഇന്ത്യ ശക്തമായ സ്ഥാനമാണ് വഹിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ കൃഷിഭൂമിയുള്ള ഇന്ത്യ, കാർഷിക ഉൽപ്പാദനത്തിൽ ആഗോളതലത്തിലെ ഒരു നേതാവാണ്. നിരവധി ഉൽപ്പന്നങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച ഉൽപ്പാദകരിൽ ഒന്നായി സ്ഥാനം പിടിക്കുന്നതിനൊപ്പം ഇത് അതിന്റെ കാർഷിക ഉൽപ്പാദനത്തിന്റെ വ്യാപ്തിയും സുസ്ഥിരതയും പ്രതിഫലിപ്പിക്കുന്നു.


ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയിലെ ഇന്ത്യയുടെ ആധിപത്യം

അരിയും ഗോതമ്പും:
2024-25 കാർഷിക വർഷത്തിൽ 150.18 ദശലക്ഷം ടൺ അരിയും 117.94 ദശലക്ഷം ടൺ ഗോതമ്പും ഉൽപ്പാദിപ്പിച്ചു കൊണ്ട് അരിയും ഗോതമ്പും ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.  ഉത്തർപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അരി ഉൽപാദനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവയാണ് ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്, ഇത് രാജ്യത്തിനുള്ളിലെ ധാന്യ ഉൽപാദനത്തിന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണത്തെ പ്രതിഫലിപ്പിക്കുന്നു.

പയറു വർഗ്ഗങ്ങളും ചെറുധാന്യങ്ങളും : 2024-25 വർഷത്തിൽ 25.68 ദശലക്ഷം ടൺ ഉൽപ്പാദനം രേഖപ്പെടുത്തി പയർവർഗ്ഗങ്ങളുടെ  ആഗോള ഉൽപ്പാദനത്തിൽ ഇന്ത്യ മുന്നിലാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവയാണ് പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങൾ. കൂടാതെ, 18.59 ദശലക്ഷം ടണ്ണോളം ഉൽപ്പാദിപ്പിച്ച് ചെറുധാന്യങ്ങളുടെ ഉൽപ്പാദനത്തിലും ഇന്ത്യ ലോകത്ത് മുന്നിലാണ്. പ്രധാനമായും രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നിവയാണ് ഇതിനെ നയിക്കുന്നത്.

വ്യാപാര പ്രകടനത്തിന്റെ കാര്യത്തിൽ, 2024-2025  സാമ്പത്തിക വർഷത്തിൽ അരി കയറ്റുമതി 12.95 ബില്യൺ യു.എസ് ഡോളറിലെത്തി, അതേസമയം പയർവർഗ്ഗങ്ങളുടെയും ചെറുധാന്യങ്ങളുടെയും കയറ്റുമതി യഥാക്രമം 855 മില്യൺ യു.എസ് ഡോളറും 59.20 മില്യൺ യു.എസ് ഡോളറുമായിരുന്നു. വൈവിധ്യമാർന്നതും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ധാന്യങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷയിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്ക് ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഹോർട്ടികൾച്ചറിൽ ഇന്ത്യയുടെ ആഗോള സ്ഥാനം

പഴങ്ങളും പച്ചക്കറികളും:
 2024-25ൽ 114.51 ദശലക്ഷം ടൺ പഴങ്ങളും 219.67 ദശലക്ഷം ടൺ പച്ചക്കറികളും ഉൽപ്പാദിപ്പിച്ച ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ പഴവർഗ്ഗ-പച്ചക്കറി ഉൽപ്പാദകരായി തുടരുന്നു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, യു.പി, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പഴ ഉൽപ്പാദനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. അതേ സമയം പച്ചക്കറി ഉൽപ്പാദനത്തിൽ യു.പി, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. 2024-25-ൽ 1,818.56 ദശലക്ഷം യു.എസ് ഡോളറിന്റെ പഴവർഗ്ഗങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തത് ഇന്ത്യയുടെ കാർഷിക വ്യാപാരത്തിലും ആഗോള വിപണി സംയോജനത്തിലും ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ വർദ്ധിച്ചുവരുന്ന സംഭാവനയെ പ്രതിഫലിപ്പിക്കുന്നു.

സവാള:
സവാള ഉൽപാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്, ലോകത്തിന്റെ മൊത്തം ഉൽപാദനത്തിന്റെ ഏകദേശം 25 ശതമാനവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്.

ഉയർന്ന മൂല്യമുള്ള നാണ്യവിളകളിൽ ഇന്ത്യയുടെ നേതൃത്വം

കരിമ്പ്:
ഉയർന്ന മൂല്യമുള്ള നാണ്യവിളകളിൽ, ഇന്ത്യ രണ്ടാമത്തെ വലിയ കരിമ്പ് ഉത്പാദക രാജ്യമാണ്, 454.61 ദശലക്ഷം ടൺ (2024-25) വരുന്ന ഉത്പാദനം, പ്രധാനമായും ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ്.

പരുത്തി:
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പരുത്തി ഉൽപ്പാദക രാജ്യമായി ഇന്ത്യ സ്ഥാനമുറപ്പിച്ചിട്ടുണ്ട്, 2024-25 ൽ ഏകദേശം 5.05 ദശലക്ഷം ടൺ ഉൽപ്പാദനം കണക്കാക്കപ്പെടുന്നു. പ്രധാനമായും പരുത്തി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളായ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഉത്പാദനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപാര രംഗത്ത്, ആഗോള താരിഫ് സംബന്ധമായ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, 2025 ജനുവരി മുതൽ ഒക്ടോബർ വരെ യു.എസ്.എയിലേക്കുള്ള ഇന്ത്യയുടെ പരുത്തി കയറ്റുമതി 31.31 ബില്യൺ യു.എസ് ഡോളറായിരുന്നു, ഇത് വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിപണി സാഹചര്യങ്ങൾക്കിടയിൽ കയറ്റുമതി പ്രകടനത്തിലെ ആപേക്ഷിക സ്ഥിരതയെ സൂചിപ്പിക്കുന്നു.

തേയില:
2024-25 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1,203 ദശലക്ഷം ടൺ ഉത്പാദനത്തോടെ ഇന്ത്യ തേയില ഉൽപാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിലാണ് ഉത്പാദനം കേന്ദ്രീകരിച്ചിരിക്കുന്നത്. 2025-26 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തേയില കയറ്റുമതി 605.90 ദശലക്ഷം യുഎസ് ഡോളറായിരുന്നു, മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15.16 ശതമാനമാണ് വർധന.

സുഗന്ധവ്യഞ്ജനങ്ങൾ:
2023-2024 ൽ മൊത്തം ഉൽപ്പാദനം 12 ദശലക്ഷം മെട്രിക് ടണ്ണിലെത്തിയതോടെ, ലോകത്തെ മുൻനിര സുഗന്ധ വ്യജ്ഞന ഉത്പാദകരായി ഇന്ത്യ തുടരുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവയാണ് പ്രധാന ഉൽപ്പാദന സംസ്ഥാനങ്ങൾ. 2025 സാമ്പത്തിക വർഷത്തിൽ സുഗന്ധവ്യഞ്ജന കയറ്റുമതി 4.52 ബില്യൺ യു.എസ് ഡോളറിലെത്തി, ഇത് ഈ വിഭാഗത്തിൽ ഇന്ത്യയുടെ ശക്തമായ ആഗോള വിപണി സാന്നിധ്യത്തെ അടിവരയിടുന്നു.

നാളികേരം:
ഏകദേശം 21.3 ബില്യൺ വാർഷിക ഉൽപ്പാദനത്തോടെ ഇന്ത്യ നാളീകേര കൃഷിയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. 2024-25 ൽ 513 മില്യൺ യുഎസ് ഡോളറായിരുന്നു തേങ്ങ കയറ്റുമതിയുടെ മൂല്യമെന്നത് സ്ഥിരതയുള്ള അന്താരാഷ്ട്ര ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു.


കാപ്പി:
ഇന്ത്യ പ്രതിവർഷം ഏകദേശം 3.6 ലക്ഷം ടൺ കാപ്പി ഉത്പാദിപ്പിക്കുന്നു, ഇതിൽ ഏകദേശം 70 ശതമാനം 128 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കർണാടക, കേരളം, തമിഴ്നാട് എന്നിവയാണ് പ്രധാന കാപ്പി ഉത്പാദക സംസ്ഥാനങ്ങൾ. 2025-26 സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ കാപ്പി കയറ്റുമതി മൂല്യം 1,176.31 ദശലക്ഷം യു.എസ് ഡോളറായിരുന്നു, ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 12 ശതമാനം കൂടുതലാണ്.

 

A screenshot of a computer screenAI-generated content may be incorrect.

 

തീരദേശ പ്രദേശങ്ങളിലെ തെങ്ങ്, ചന്ദനം, കൊക്കോ, കശുവണ്ടി എന്നിവയ്ക്കും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഗർ(അകിൽ) മരങ്ങൾക്കും, കുന്നിൻ പ്രദേശങ്ങളിലെ ബദാം, വാൽനട്ട്, പൈൻ പരിപ്പ് തുടങ്ങിയ ഉയർന്ന മൂല്യമുള്ള അണ്ടിപരിപ്പുകൾക്കും പിന്തുണ നൽകിക്കൊണ്ട് 2026-27 ലെ കേന്ദ്ര ബജറ്റ്  ഉയർന്ന മൂല്യമുള്ള വിളകളെ പ്രോൽസാഹിപ്പിക്കുന്നതിന് ഊന്നൽ നൽകി. പ്രാദേശിക കാർഷിക-കാലാവസ്ഥാ ശക്തികൾ പ്രയോജനപ്പെടുത്തുന്നതിനും ഉയർന്ന സാമ്പത്തിക വരുമാനം നൽകുന്ന വിളകളിലേക്ക് വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയപരമായ ഉദ്ദേശ്യമാണ് ഈ മേഖലാ നിർദ്ദിഷ്ട സമീപനം പ്രതിഫലിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ, ഇന്ത്യയുടെ വൈവിധ്യമാർന്ന ചരക്ക് അടിത്തറയും ഭൂമിശാസ്ത്രപരമായി സന്തുലിതമായ ഉൽപാദന സംവിധാനങ്ങളും ആഗോള ഭക്ഷ്യ വിതരണ ശൃംഖലകളെ സ്ഥിരപ്പെടുത്തുന്നതിൽ അതിന്റെ പങ്ക് ശക്തിപ്പെടുത്തുന്നു. മെച്ചപ്പെട്ട ഉൽപ്പാദന രീതികളും വിപുലമാകുന്ന കയറ്റുമതി വിപണികളും തമ്മിലുള്ള സംയോജനം, ദീർഘകാല പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന, അതിജീവനശേഷിയുള്ള കൃഷിരീതിയിലേക്കുള്ള പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു.


അതിജീവനശേഷിയുള്ള ഉൽപാദന സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന പൊതുനയ ഇടപെടലുകൾ

കർഷക ക്ഷേമവും മേഖലാതല അതിജീവനശേഷിയും ശക്തിപ്പെടുത്തുന്നതിനായി സാമ്പത്തിക സഹായം, ഉൽപാദനക്ഷമത വർദ്ധിപ്പിക്കൽ, നഷ്ടസാധ്യതാ നിയന്ത്രണ നടപടികൾ എന്നിവ ഇന്ത്യയുടെ കാർഷിക നയ ചട്ടക്കൂട് സംയോജിപ്പിക്കുന്നു

ബജറ്റ് വിഹിതം

കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്, ഇത് കർഷകരുടെ ക്ഷേമവും ഗ്രാമീണ ഉപജീവനമാർഗ്ഗവും ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘകാല നയ പ്രതിബദ്ധതയെ എടുത്തു കാണിക്കുന്നു. വർഷങ്ങളായി, കർഷകരുടെ ക്ഷേമത്തിനായുള്ള അചഞ്ചലമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

 



കൃഷി, കർഷകക്ഷേമ വകുപ്പിനുള്ള ബജറ്റ് വിഹിതം 2013-2014 ൽ 21,933.50 കോടി രൂപയിൽ നിന്ന് (ഏകദേശം 2.64 ബില്യൺ യു.എസ് ഡോളർ) 2025-26 ൽ 1,27,290.16 കോടി രൂപയായി (ഏകദേശം 15.34 ബില്യൺ യു.എസ് ഡോളർ) വർദ്ധിച്ചത് ഈ കാലയളവിൽ പൊതുനിക്ഷേപത്തിൽ ഗണ്യമായ വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു. ഇതേ പാത പിന്തുടർന്ന് 2026 -27 വർഷത്തിലെ ബജറ്റിൽ കൃഷി, കർഷകക്ഷേമ വകുപ്പിന് അനുവദിച്ച 1,30,561.38 കോടി രൂപ (ഏകദേശം 15.73 ബില്യൺ യുഎസ് ഡോളർ) ബജറ്റ് കാർഷിക വികസനത്തിന് തുടർച്ചയായ മുൻഗണന നൽകുന്നതിനെ വീണ്ടും ഉറപ്പിക്കുന്നു.


വിഭവ പിന്തുണയിൽ നിന്ന് സുസ്ഥിര വളർച്ചയിലേക്ക്:
ഇന്ത്യയുടെ ഉൽപ്പാദനക്ഷമത നയിക്കുന്ന കാർഷിക തന്ത്രം

മെച്ചപ്പെട്ട വിനിയോഗ കാര്യക്ഷമത, സാങ്കേതികത്വ സ്വീകരണം, സുസ്ഥിര കാർഷിക രീതികളുടെ പ്രോത്സാഹനം എന്നിവയിലൂടെ ഇന്ത്യയുടെ കാർഷിക വികസന തന്ത്രം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലേക്ക് ക്രമേണ മാറിയിരിക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ-പോഷകാഹാര ദൗത്യം, പയറുവർഗ്ഗങ്ങളുടെ സ്വയം പര്യാപ്തതക്കായുള്ള ദൗത്യം, ഭക്ഷ്യ എണ്ണ-എണ്ണക്കുരു, പാമോയിൽ എന്നിവയ്ക്കായുള്ള ദേശീയ ദൗത്യം,  എന്നിവയടക്കമുള്ള ദൗത്യാധിഷ്ഠിത ഇടപെടലുകൾ, കൃത്യമായ വിപുലീകരണ പ്രവർത്തനങ്ങളിലൂടെയും സ്ഥാപനപരമായ വായ്പാ പിന്തുണയിലൂടെയും കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ഇത് ഉയർന്ന ഉൽപ്പാദനക്ഷമതയിലേക്കും, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലേക്കും, കാർഷിക മേഖലയുടെ അതിജീവനശേഷി വർദ്ധിപ്പിക്കുന്നതിലേക്കും നയിക്കുകയും ചെയ്യുന്നു.

നേരത്തെ ദേശീയ ഭക്ഷ്യ സുരക്ഷാ ദൗത്യം എന്നറിയപ്പെട്ടിരുന്ന ദേശീയ ഭക്ഷ്യസുരക്ഷാ-പോഷകാഹാര ദൗത്യം (എൻ.എഫ്.എസ്.എൻ.എം) രാജ്യത്ത് അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ, പോഷക ധാന്യങ്ങൾ/നാടൻ ധാന്യങ്ങൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് .

പയർവർഗ്ഗങ്ങളിലെ ആത്മനിർഭർത ദൗത്യം (2025-31) ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിലൂടെ പയർവർഗ്ഗങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിടുന്നു. ഇത് പയർവർഗ്ഗങ്ങളിൽ ഒരു 'ആത്മനിർഭര ഭാരത'ത്തിന് വഴിയൊരുക്കുകയും ചെയ്യും.

2030-31 ആകുമ്പോഴേക്കും ഭക്ഷ്യ എണ്ണ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ദേശീയ ഭക്ഷ്യ എണ്ണ ദൗത്യം(എൻ.എം.ഇ.ഒ)-ഭക്ഷ്യ എണ്ണ പാം ഓയിൽ ദൗത്യം (എൻ.എം.ഇ.ഒ-ഓ.പി )ഭക്ഷ്യഎണ്ണ-എണ്ണക്കുരു ദൗത്യം (എൻ.എം.ഇ.ഒ-എണ്ണക്കുരു) എന്നിവ ലക്ഷ്യമിടുന്നത്.

കൃഷിയിട മേഖലകൾ വികസിപ്പിക്കുക, ഗുണനിലവാരമുള്ള വിത്തുകളിലൂടെ ഉൽപാദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുക, സാങ്കേതികവിദ്യ വർദ്ധിപ്പിക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിന് കാർഷിക വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ഗുണനിലവാരമുള്ള വിത്തുകളും മണ്ണിന്റെ ആരോഗ്യവും:

വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും ഉപദൗത്യം (എസ്.എം.എസ്.പി) സംരംഭത്തിലൂടെ ('ഹരിത വിപ്ലവം-കൃഷോന്നതി യോജന'യുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ പദ്ധതി) ഏകദേശം 6.85 ലക്ഷം വിത്ത് ഗ്രാമങ്ങൾ സ്ഥാപിക്കപ്പെടുകയും അതിന്റെ ഫലമായി 1,649.26 ലക്ഷം ക്വിന്റൽ ഗുണനിലവാരമുള്ള വിത്തുകൾ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്തു. 2025 നവംബർ പകുതിയോടെ, സന്തുലിതവും പ്രദേശാധിഷ്ഠിതവുമായ പോഷക പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി ഏകദേശം 25.55 കോടി മണ്ണ് ആരോഗ്യ കാർഡ് പദ്ധതി (സോയിൽ ഹെൽത്ത് കാർഡ് പദ്ധതി)പ്രകാരമുള്ള കാർഡുകൾ വിതരണം ചെയ്തു.  പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) പ്രകാരം മൊത്തം ജലസേചന പ്രദേശത്തിന്റെ വിഹിതം 55.8 ശതമാനമായി വർദ്ധിച്ചുവെന്നത്, ജലസേചന വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും ജല ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലുമുള്ള പുരോഗതി പ്രതിഫലിപ്പിക്കുന്നു.

വിത്ത്, നടീൽ വസ്തുക്കൾ എന്നിവയെക്കുറിച്ചുള്ള ഉപ-ദൗത്യ സംരംഭം (എസ്.എം.എസ്.പി) സാക്ഷ്യപ്പെടുത്തിയതും ഗുണമേന്മയുള്ളതുമായ വിത്തുകളുടെ വിതരണം വിപുലീകരിക്കുന്നതിനൊപ്പം വിത്ത് മാറ്റിസ്ഥാപിക്കൽ നിരക്കും കൃഷിയിടത്തിൽ സംരക്ഷിച്ച വിത്തുകളുടെ നിലവാരവും മെച്ചപ്പെടുത്താനും ശ്രമിക്കുന്നു. വിത്ത് ഉത്പാദനം, സംസ്‌കരണം, പരിശോധന, സംഭരണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആധുനികവൽക്കരിക്കുന്നതിനും വിത്ത് മൂല്യ ശൃംഖലയിലുടനീളം നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് പ്രവർത്തിക്കുന്നു.

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ, സിങ്ക്, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, ബോറോൺ, പി.എച്ച്, വൈദ്യുതചാലകത, ജൈവ കാർബൺ എന്നിവയുൾപ്പെടെ 12 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി മണ്ണിന്റെ അവസ്ഥ വിശദീകരിക്കുന്ന ഒരു സോയിൽ ഹെൽത്ത് കാർഡ് ഓരോ കർഷകർക്കും നൽകുന്നു. രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ഈ കാർഡ് ദീർഘകാലത്തേക്ക് മണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിന് അനുയോജ്യമായ വളങ്ങളും മണ്ണിന്റെ പരിപാലനവും സംബന്ധിച്ച് കർഷകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നു.

ഡ്രിപ്പ്, സ്പ്രിംഗ്ലർ ജലസേചന സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൃഷിയിടങ്ങളിലെ ജല കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) ലക്ഷ്യമിടുന്നത്. സൂക്ഷ്മ ജലസേചനത്തിനായുള്ള ജലലഭ്യത ശക്തിപ്പെടുത്തുന്നതിനുള്ള ചെറുകിട ജലസംഭരണ, സംരക്ഷണ നടപടികളെയും ഇത് പിന്തുണയ്ക്കുന്നു.


വായ്പയും, യന്ത്രവത്കരണവും സാങ്കേതികവിദ്യയും :

2024-25 സാമ്പത്തിക വർഷത്തിൽ അടിസ്ഥാനതല കാർഷിക വായ്പ വിതരണം 28.67 ലക്ഷം കോടി രൂപയിലെത്തിയത് കാർഷിക മേഖലയിലേക്കുള്ള സ്ഥാപനപരമായ ധനസഹായത്തിന്റെ ഘടനാപരമായ വികാസത്തെ പ്രതിഫലിപ്പിക്കുന്നു.

2025 മാർച്ച് 31 വരെ, പ്രവർത്തനത്തിലുണ്ടായിരുന്ന 7.72 കോടി പ്രവർത്തനക്ഷമമായ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) അക്കൗണ്ടുകൾ കർഷകർക്ക് സമയബന്ധിതവും താങ്ങാനാവുന്നതുമായ വായ്പാ അഭിഗമ്യത ശക്തിപ്പെടുത്തി.

2014-15 നും 2025-26 നും ഇടയിൽ, ചെറുകിട കർഷകർക്ക് കാർഷിക യന്ത്രവൽക്കരണ സേവനങ്ങളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിനായി 27,554 കസ്റ്റം ഹയറിങ് സെന്ററുകൾ (സി.എച്ച്.സി) സ്ഥാപിച്ചു. കർഷകർക്ക് ആവശ്യമുള്ള  ഒരു കൂട്ടം കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, എന്നിവ ഉൾക്കൊള്ളുന്ന ഒരു യൂണിറ്റാണ് കസ്റ്റം ഹയറിങ് സെന്റർ (സി.എച്ച്.സി).

2020 മുതൽ കുളമ്പുരോഗത്തിനെതിരെ ഏകദേശം 125 കോടി വാക്‌സിനേഷനുകളും 2024-25 കാലയളവിൽ നടത്തിയ 88.32 ദശലക്ഷം കൃത്രിമ ബീജസങ്കലനങ്ങളും ഉൾപ്പെടെ വലിയ തോതിലുള്ള സാങ്കേതികവിദ്യയിലൂടെയും ആരോഗ്യ ഇടപെടലുകളിലൂടെയും കന്നുകാലി മേഖലയുടെ ഉൽപ്പാദനക്ഷമതയെ പിന്തുണച്ചിട്ടുണ്ട്.

കൃഷിയുടെ വിവിധ ഘട്ടങ്ങളിലുള്ള കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) പദ്ധതി നടപ്പിലാക്കിയിരിക്കുന്നു.
കൃഷി ആവശ്യങ്ങൾക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി ബാങ്കിംഗ് സംവിധാനത്തിലൂടെ ലളിതവും വേഗത്തിലുള്ളതുമായ വായ്പാ സഹായം ഏകജാലക സംവിധാനത്തിലൂടെ കർഷകർക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വിളവിറക്കുന്നതിനുള്ള ഹ്രസ്വകാല വായ്പകൾ, വിളവെടുപ്പിന് ശേഷമുള്ള ചെലവുകൾ, കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള നിക്ഷേപ വായ്പകൾ, ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള വായ്പകൾ, കർഷക കുടുംബങ്ങളുടെ ഉപഭോഗ ആവശ്യങ്ങൾ, കാർഷിക ആസ്തികളുടെ പരിപാലനത്തിനുള്ള പ്രവർത്തന മൂലധനം, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


സുസ്ഥിര കൃഷി, വ്യാപനം, ദൗത്യ മാതൃകാ സംരംഭങ്ങൾ:

പ്രകൃതിദത്ത കൃഷി 6.39 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള 17,632 ക്ലസ്റ്ററുകളായി വികസിക്കുകയും 15.79 ലക്ഷം കർഷകർ ഇതിൽ ചേരുകയും ചെയ്തു.

2024-25 ൽ കിസാൻ കോൾ സെന്ററുകൾ 30.65 ലക്ഷം കർഷകരുടെ സംശയങ്ങൾ കൈകാര്യം ചെയ്തു.

2014-15 നും 2024-25 നും ഇടയിൽ എണ്ണക്കുരു ദൗത്യം എണ്ണക്കുരു കൃഷിയുടെ വിസ്തൃതിയിൽ 18 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. ഉൽപാദനത്തിൽ ഏകദേശം 55 ശതമാനവും, ഉൽപ്പാദനക്ഷമതയിൽ ഏകദേശം 31 ശതമാനവും വർദ്ധനവും രേഖപ്പെടുത്തി.

2023-24 ൽ ആഭ്യന്തര ഭക്ഷ്യ എണ്ണ ലഭ്യത 121.75 ലക്ഷം ടണ്ണിലെത്തി.

എഥനോൾ മിശ്രിതത്തിലുടെ ആഗസ്റ്റ് വരെ 1.44 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിച്ചു.

കാർഷിക ഉൽപ്പാദനക്ഷമതയും അതിജീവനശേഷിയും ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതും, വിഭവ-കാര്യക്ഷമവും, മെച്ചപ്പെട്ടതുമായ ഉൽപാദന സംവിധാനങ്ങളിലേക്കുള്ള പരിവർത്തനത്തെയാണ് ഈ ഇടപെടലുകൾ പ്രതിഫലിപ്പിക്കുന്നത്.


കർഷകക്ഷേമം, നഷ്ടസാധ്യതാ നിയന്ത്രണം, കൂട്ടായ പ്രവർത്തനം എന്നിവയ്ക്കുള്ള സംയോജിത പിന്തുണ:

കാർഷിക മേഖലയിൽ സ്ഥിരമായ വരുമാനം ഉറപ്പാക്കുക, അപകടസാധ്യത ലഘൂകരണ സംവിധാനങ്ങൾ സ്ഥാപനവത്കരിക്കുക, സഹകരണ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവ കർഷകരുടെ അതിജീവനശേഷി വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന കാലാവസ്ഥാ, വിപണി വ്യതിയാനങ്ങൾക്കിടയിൽ കാർഷിക വളർച്ച നിലനിർത്തുന്നതിനും അവിഭാജ്യമാണ്.

വിലയും വരുമാന പിന്തുണയും:

22 അവശ്യ വിളകൾക്ക് താങ്ങുവില (എം.എസ്.പി) പ്രഖ്യാപിക്കുകയും ഉൽപാദനച്ചെലവിന്റെ ഒന്നര മടങ്ങെങ്കിലും വില നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, 2025-26 ലെ ഖാരിഫ് വിപണന കാലത്തേക്കും 2026-27 ലെ റാബി വിപണന  കാലത്തേക്കും താങ്ങുവില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പ്രകാരം, 2026 മാർച്ച് 17 വരെ 22 ഗഡുക്കളായി  4.27 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തു, ഇത് കർഷകർക്ക് നേരിട്ടുള്ള വരുമാന സഹായം നൽകുന്നു.

2026 ഫെബ്രുവരി 2 വരെ പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ (പി.എം.കെ.എ.വൈ) 24.95 ലക്ഷം കർഷകരെ ചേർക്കുകയും ചെറുകിട, നാമമാത്ര കർഷകരിലേക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുകയും ചെയ്തു.

യോഗ്യരായ ഓരോ കർഷക കുടുംബത്തിനും 6,000 രൂപ വാർഷിക ധനസഹായം വാഗ്ദാനം ചെയ്യുന്ന ഒരു കേന്ദ്ര പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ), ഇത് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള ആനുകൂല്യകൈമാറ്റ മാതൃക വഴി മൂന്ന് തുല്യ ഗഡുക്കളായി എത്തിക്കുന്നു.


ചെറുകിട, ഇടത്തരം കർഷകർക്ക് (എസ്.എം.എഫ്) വാർദ്ധക്യകാലത്ത് ഉപജീവനമാർഗ്ഗം നിലനിർത്താൻ സമ്പാദ്യമില്ലാത്ത സാഹചര്യത്തിലും, വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഉപജീവനമാർഗ്ഗം തടസ്സപ്പെടുമ്പോഴും അവർക്ക് പെൻഷനിലൂടെ ഒരു സാമൂഹിക സുരക്ഷാ സഹായം ഒരുക്കാനാണ് പ്രധാനമന്ത്രി കിസാൻ മൻധൻ യോജന  (പി.എം.എഫ്.ബി.ഐ) ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, 60 വയസ്സ് തികയുമ്പോൾ, ചില ഒഴിവാക്കൽ നിബന്ധനകൾക്ക് വിധേയമായി, അർഹരായ ചെറുകിട, ഇടത്തരം കർഷകർക്ക് പ്രതിമാസം 3,000 രൂപ കുറഞ്ഞ നിശ്ചിത പെൻഷൻ നൽകും. 18 വയസ്സുമുതൽ 40 വയസ്സുവരെ സ്വമേധയാ ചേരാവുന്നതും സംഭാവന നൽകേണ്ടതുമായ പെൻഷൻ പദ്ധതിയാണ് ഇത്.

വിള ഇൻഷുറൻസ് പരിരക്ഷ:

2024-25 കാലയളവിൽ പ്രധാനമന്ത്രി ഫസൽ ബീമ യോജന (പി.എം.എഫ്.ബി.ഐ) 6.2 കോടി ഹെക്ടർ വിസ്തൃതിയിൽ,  4.19 കോടി കർഷകരെ ഇൻഷുർ ചെയ്തു,

2016-17 മുതൽ, 86 കോടിയിലധികം അപേക്ഷകൾ കൈകാര്യം ചെയ്യുകയും 1.90 ലക്ഷം കോടി രൂപയിൽ കൂടുതൽ ക്ലെയിമുകൾ വിതരണം ചെയ്യുകയും ചെയ്തു.

2022-23 നെ അപേക്ഷിച്ച് പരിരക്ഷാ പരിധി 32 ശതമാനം വർദ്ധിക്കുകയും കാലാവസ്ഥയും വിപണിയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകൾക്കുമെതിരായ സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു.

പ്രകൃതിദുരന്തങ്ങൾ (ആലിപ്പഴ വീഴ്ച, വരൾച്ച, ക്ഷാമം), കീടങ്ങൾ, രോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വിളനാശത്തിൽ നിന്ന് കർഷകർക്ക് സാമ്പത്തിക സംരക്ഷണം നൽകാൻ  ലക്ഷ്യമിടുന്ന ഒരു വിള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (പി.എം.എഫ്.ബി.ഐ). ഇൻഷുറൻസ് കമ്പനികളുടെയും ബാങ്കുകളുടെയും ഒരു ശൃംഖല വഴി എല്ലാ ഭാരതീയ കർഷകർക്കും ചെലവ് കുറഞ്ഞ പ്രീമിയത്തിൽ വിള ഇൻഷുറൻസ് നൽകുന്നു.


സഹകരണ സംഘങ്ങളെയും കൂട്ടായ സംവിധാനങ്ങളെയും ശക്തിപ്പെടുത്തൽ:

 

 

കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കിയ 67,930 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ (പി.എ.സി) 54,150 എണ്ണം എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇ.ആർ.പി) പ്ലാറ്റ്ഫോമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതിൽ 43,658 എണ്ണം പ്രവർത്തനക്ഷമമാണ്.  മാർച്ച് മാസത്തോടെ ആകെ 18,183 പുതിയ വിവിധോദ്ദേശ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തു

11 പി.എ.സികളിൽ വികേന്ദ്രീകൃത ധാന്യ സംഭരണ പരിപാടി പ്രവർത്തനക്ഷമമാണ്. പ്രാദേശിക സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി 2024 ൽ 500 പുതിയ ഗോഡൗണുകൾ പ്രഖ്യാപിച്ചു.

ദേശീയ സഹകരണ നയത്തിലൂടെയും ത്രിഭുവൻ സഹകാരി സർവകലാശാലയിലൂടെയും സ്ഥാപനപരമായ പരിഷ്‌കാരങ്ങൾ സഹകരണ മേഖലയിലെ ഭരണനിർവഹണവും ശേഷി വർദ്ധിപ്പിക്കലും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

മൊത്തത്തിൽ, ഈ ഇടപെടലുകൾ വരുമാന സ്ഥിരത, സ്ഥാപനപരമായ നഷ്ടസാധ്യതയിൽ നിന്ന് സംരക്ഷണം എന്നിവ ഏകീകരിക്കുകയും കൂട്ടായ വിപണി പ്രവേശനം വികസിപ്പിക്കുകയും ചെയ്യുന്നു, അതുവഴി ഇന്ത്യയുടെ കാർഷിക സമ്പദ്വ്യവസ്ഥയുടെ അതിജീവനശേഷിയും ദീർഘകാല സുസ്ഥിരതയും ശക്തിപ്പെടുത്തുന്നു.




വിപണി പരിഷ്‌കാരങ്ങളും മൂല്യ ശൃംഖല ആധുനികവത്കരണവും പൊതു ഭക്ഷ്യ വിതരണവും

ഭക്ഷ്യ മാനേജ്‌മെന്റ് സംവിധാനങ്ങൾ, വിപണി അടിസ്ഥാന സൗകര്യങ്ങൾ, മൂല്യവർദ്ധന സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ കാർഷിക-വിപണി തന്ത്രത്തിന്റെ കേന്ദ്ര സ്തംഭമായി ഉയർന്നുവന്നിട്ടുണ്ട്. സംഭരണ ശേഷി, സംസ്‌കരണ സൗകര്യങ്ങൾ, ഡിജിറ്റൽ വിപണി പ്ലാറ്റ്ഫോമുകൾ, പൊതുവിതരണ പരിഷ്‌കാരങ്ങൾ എന്നിവയിലെ തന്ത്രപരമായ നിക്ഷേപം വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വില സ്ഥിരപ്പെടുത്തുകയും കാർഷിക തലത്തിലുള്ള പ്രതിഫലം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മൊത്തത്തിൽ, ഈ ഇടപെടലുകൾ ഉൽപാദക പ്രോത്സാഹനങ്ങളെ ഉപഭോക്തൃ ക്ഷേമവുമായി സന്തുലിതമാക്കുന്ന കൂടുതൽ സ്ഥിരതയുള്ളതും സുതാര്യവും സംയോജിതവുമായ ഒരു ഭക്ഷ്യ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നു.

വിപണി ബന്ധങ്ങളും അടിസ്ഥാന സൗകര്യങ്ങളും:

വിപണി ബന്ധങ്ങളിലും വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളിലും നടത്തിയ ഗണ്യമായ നിക്ഷേപങ്ങൾ കാർഷിക മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്തുകയും ഔപചാരിക വിപണികളുമായുള്ള ഉത്പാദകരുടെ സംയോജനം മെച്ചപ്പെടുത്തുകയും ചെയ്തു. 2026 ഫെബ്രുവരി 28 ലെ കണക്കനുസരിച്ച്, 49,796 സംഭരണ പദ്ധതികൾക്ക് 4,832.70 കോടി രൂപയുടെ സാമ്പത്തിക സഹായവും  25,009 വിപണന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ആകെ 2,193.17 കോടി രൂപയുടെ സബ്സിഡികളും ലഭിച്ചു. ദേശീയ ഇ-കാർഷിക വിപണി(ഇ-നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ്) (ഇ-നാം) പ്ലാറ്റ്ഫോം 23 സംസ്ഥാനങ്ങളിലെയും 4 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1,656 മണ്ഡികളിലായി 1.8 കോടി കർഷകർ, 2.72 ലക്ഷം വ്യാപാരികൾ, 4,724 കർഷക-ഉൽപാദക സംഘടനകൾ (എഫ്.പി.ഒകൾ) എന്നിവയിലേക്ക് അതിന്റെ വ്യാപനം വികസിപ്പിച്ചു. ഇത് ഡിജിറ്റൽ വില നിർണയവും വിപണികൾ തമ്മിലുള്ള വ്യാപാരവും മെച്ചപ്പെടുത്തി.

രാജ്യത്തുടനീളമുള്ള നിലവിലെ എ.പി.എം.സി (കാർഷിക ഉൽപന്ന വിപണി സമിതി) കാർഷിക ചന്ത(മണ്ഡി)കളെ ഒരു ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു പാൻ-ഇന്ത്യ ഇലക്ട്രോണിക് വ്യാപാര പോർട്ടലാണ് ഇ-നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (ദേശീയ ഇ-കാർഷിക വിപണി (ഇ-നാം). കാർഷിക ഉൽപ്പന്നങ്ങൾക്ക് 'ഒരു രാജ്യം ഒരു വിപണി' പ്രാപ്തമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ചരക്ക് വരവ്, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഗുണനിലവാര പരിശോധന, ഇ-ബിഡ്ഡിംഗ്, കർഷകർക്ക് നേരിട്ടുള്ള ഇ-പേയ്മെന്റ് തുടങ്ങിയ ഏകജാലക സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഈ പ്ലാറ്റ്ഫോം കാർഷിക വിപണനത്തെ കാര്യക്ഷമമാക്കുന്നു. കർഷകർക്കുള്ള വിപണി പ്രവേശനം വിപുലീകരിക്കുകയും വിവര അസമത്വം കുറയ്ക്കുകയും ചെയ്യുന്നതിനൊപ്പം കാർഷിക വ്യാപാരത്തിൽ സുതാര്യത, കാര്യക്ഷമത, മത്സരശേഷി എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

2020 ൽ ആരംഭിച്ച 10,000 എഫ്.പി.ഒ.കളുടെ രൂപീകരണവും പ്രോത്സാഹനവും എന്ന പദ്ധതിയുടെ കീഴിൽ, ഫെബ്രുവരി 28 ഓടെ 10,000 എഫ്.പി.ഒകൾ രജിസ്റ്റർ ചെയ്തിരുന്നു. മത്സ്യബന്ധന മേഖലയിൽ, 2,195 കർഷക മത്സ്യബന്ധന ഉൽപാദക സംഘടനകൾ (എഫ്.എഫ്.പി.ഒ) രൂപീകരിച്ചതിലൂടെയും, 4.39 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ വ്യാപിപ്പിച്ചതിലൂടെയും, സ്ഥാപനപരമായ വായ്പയിലേക്കുള്ള പ്രവേശനം വിശാലമാക്കുകയും മേഖലാ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട്, ഈ കൂട്ടായ്മ ശക്തിപ്പെടുത്തി.


ഭക്ഷ്യ സംസ്‌കരണവും മൂല്യവർദ്ധനവും:

ഇന്ത്യയുടെ വ്യാവസായിക മേഖലയിൽ ഭക്ഷ്യ സംസ്‌കരണ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംഘടിത ഉൽപ്പാദന തൊഴിലിന്റെ 12.91 ശതമാനവും ഇതിൽ ഉൾപ്പെടുന്നു. 2025 നവംബർ 30 വരെ പ്രധാനമന്ത്രി കിസാൻ സമ്പദ യോജന (പി.എം.കെ.എസ്.വൈ) പ്രകാരം 1,185 പദ്ധതികൾ പൂർത്തിയാക്കുകയും ആധുനിക സംസ്‌കരണവും ശീതീകരണ വിതരണ ശൃംഖലാ (കോൾഡ്-ചെയിൻ) അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുകയും ചെയ്തു. ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിനായുള്ള ഉൽപ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (പി.എൽ.ഐ.എസ്.എഫ്.ഐ) 169 അപേക്ഷകൾ അംഗീകരിക്കുകയും 9,207 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയും ഡിസംബർ 31 വരെ 2,162.55 കോടി രൂപയുടെ പ്രോത്സാഹനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് സ്‌കീം (പി.എം.എഫ്.എം.ഇ) 4,04,062 അപേക്ഷകളെ പിന്തുണച്ചു. 2025 ഡിസംബർ 31 വരെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 14190 കോടി രൂപയുടെ ദീർഘകാല വായ്പാ സൗകര്യം സഹിതം 1,72,707 വായ്പകൾ സുഗമമാക്കുകയും 1,277.45 കോടി രൂപയുടെ സീഡ് മൂലധന സഹായം നൽകുകയും ചെയ്തുകൊണ്ട് വികേന്ദ്രീകൃത മൂല്യവർദ്ധനവും ഉൾക്കൊള്ളുന്ന സംരംഭ വികസനവും പ്രോത്സാഹിപ്പിക്കുന്നു.


ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര സംരംഭമാണ് പ്രധാനമന്ത്രി കിസാൻ സമ്പദ യോജന (പി.എം.കെ.എസ്.വൈ). കൃഷിയിടങ്ങൾ മുതൽ ചില്ലറ വിപണികൾ വരെ വ്യാപിച്ചുകിടക്കുന്ന ഒരു സംയോജിതവും കാര്യക്ഷമവുമായ വിതരണ ശൃംഖല സ്ഥാപിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതി കർഷകരുടെ വില സാക്ഷാത്കാരം വർദ്ധിപ്പിക്കുകയും, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുകയും, മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുകയും, വരുമാനം വർദ്ധിപ്പിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യുന്നു. കൂടാതെ, ഇത് ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സംസ്‌കരണ ശേഷി വർദ്ധിപ്പിക്കുകയും, സംസ്‌കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ ആധുനികവൽക്കരണത്തിനും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമായി സാമ്പത്തിക പ്രോത്സാഹനങ്ങൾ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം (പി.എൽ.ഐ.എസ്.എഫ്.ഐക) നിർദ്ദേശിക്കുന്നു. ഉൽപ്പാദനത്തിലും മൂല്യവർദ്ധനവിലും ഉയർന്ന വളർച്ചയ്ക്ക് സാധ്യതയുള്ള പ്രത്യേക വിഭാഗത്തിലുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുകൊണ്ട് ഇത് സാധ്യമാക്കുന്നു.

സൂക്ഷ്മ സംരംഭങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനും ഈ സംരംഭങ്ങളുടെ നവീകരണത്തിനും ഔപചാരികവൽക്കരണത്തിനും പിന്തുണ നൽകുന്നതിൽ ഗ്രൂപ്പുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കേന്ദ്രീകൃത പദ്ധതിയാണ് പ്രധാൻ മന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് സ്‌കീം (പി.എം.എഫ്.എം.ഇ).


സംഭരണവും ഭക്ഷ്യസുരക്ഷയും:

കേന്ദ്ര കൃഷി, കർഷകക്ഷേമ, സഹകരണ വകുപ്പ് പ്രഖ്യാപിച്ച താങ്ങുവിലകൾ വഴി കർഷകർക്ക് താങ്ങുവില നൽകുമ്പോൾ തന്നെ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്:

  2025-26 ൽ ആർ.എം.എസ് (റാബി മാർക്കറ്റിങ് സീസൺ) (ഗോതമ്പ്): 300.35 ലക്ഷം മെട്രിക് ടൺ സംഭരിച്ചു; 25.13 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.

2024-25 ൽ കെ.എം.എസ് (ഖാരിഫ് മാർക്കറ്റിങ് സീസൺ) (നെല്ല്): 832.17 ലക്ഷം മെട്രിക് ടൺ സംഭരിച്ചു; 118.59 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.

 2025- 26 ൽ 17.11.2025 വരെ- കെ.എം.എസ് (നെല്ല്) : 243.48 ലക്ഷം മെട്രിക് ടൺ സംഭരിച്ചു; 21.22 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.

 2024-25 ൽ നാടൻ ധാന്യങ്ങൾ/ചോളം :  11.72 ലക്ഷം മെട്രിക് ടൺ സംഭരിച്ചു.

2025-26 16.11.2025 വരെ, കെ,എം,എസ് (നാടൻ ധാന്യങ്ങൾ/ചെറുധാന്യങ്ങൾ) : 64,365 മെട്രിക് ടൺ സംഭരിച്ചു (തുടരുന്നു).

അതിനാൽ, ഭക്ഷ്യസുരക്ഷയ്ക്കുള്ള ബഫർ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സർക്കാർ മതിയായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുകയും പൊതുവിതരണ സംവിധാനം വഴി പതിവായി വിതരണം ഉറപ്പാക്കുകയും കൂടാതെ തുറന്ന വിപണി വിലകൾ സ്ഥിരപ്പെടുത്തുന്നതിന് വിപണി ഇടപെടൽ സാധ്യമാക്കുകയും ചെയ്യുന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, 81.35 കോടി ഗുണഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകിയിട്ടുണ്ട്, ഇത് ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനവും നഗര ജനസംഖ്യയുടെ 50 ശതമാനവും വരെ ഉൾക്കൊള്ളുന്നു.


സംഭരണ, പൊതുവിതരണ സംവിധാനം:

 



 

ഒരു രാജ്യം ഒരു റേഷൻ കാർഡ് (ഒ.എൻ.ഒ.ആർ.സി) നടപ്പിലാക്കിയതോടെ റേഷൻ കാർഡുകളുടെ 99.8 ശതമാനവും ആധാറുമായി  ബന്ധിപ്പിച്ചു. 5.43 ലക്ഷം ന്യായവില കടകളിൽ 99 ശതമാനത്തിലധികവും ഇലക്ട്രോണിക് പോയിന്റ്-ഓഫ്-സെയിൽ (ഇ-പോസ്) ഉപകരണങ്ങൾ സജ്ജമാക്കി, ഇത് 98 ശതമാനത്തിലധികം ഇടപാടുകളുടെയും ഡിജിറ്റൽവൽക്കരണം സുഗമമാക്കുകയും വിതരണത്തിൽ സുതാര്യത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 2024 സാമ്പത്തിക വർഷത്തിൽ, 10 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡി.ബി.ടി) വഴി 267.6 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടു.  ഇത് ലക്ഷ്യ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തി. മൊത്തത്തിൽ, ഈ പരിഷ്‌കാരങ്ങൾ വിപണി സംയോജനം ശക്തിപ്പെടുത്തുകയും വിതരണ കാര്യക്ഷമതയില്ലായ്മ കുറയ്ക്കുകയും വർദ്ധിച്ചുവരുന്ന ഡിജിറ്റൽവത്കരിച്ച കൃഷിയിടം മുതൽ വിപണി വരെയുള്ള ആവാസവ്യവസ്ഥയിൽ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.


സുസ്ഥിര വികസന ലക്ഷ്യങ്ങളുമായുള്ള ബന്ധങ്ങൾ

ഇന്ത്യയുടെ കാർഷിക സംരംഭങ്ങൾ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (എസ്.ഡി.ജികൾ) അടുത്ത ബന്ധം പുലർത്തുകയും ദേശീയ വികസന മുൻഗണനകളെ ആഗോള സുസ്ഥിരതാ പ്രതിബദ്ധതകളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. ഉൽപ്പാദനക്ഷമത വർദ്ധനവ്, പൊതു സംഭരണം, ഭക്ഷ്യസുരക്ഷാ നടപടികൾ എന്നിവ എസ്.ഡി.ജി 2 (വിശപ്പു രഹിതം)-ന് നേരിട്ട് സംഭാവന നൽകുന്നു. മണ്ണിന്റെ ആരോഗ്യ കൈകാര്യം, പ്രകൃതിദത്ത കൃഷി, വിഭവ-കാര്യക്ഷമമായ രീതികൾ എന്നിവയുൾപ്പെടെ സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ എസ്.ഡി.ജി 12 (ഉത്തരവാദിത്തപരമായ ഉപഭോഗവും ഉൽപാദനവും) എസ്.ഡി.ജി  -13 (കാലാവസ്ഥാ പ്രവർത്തനം) എന്നിവയെ പിന്തുണയ്ക്കുന്നു. വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ, മൂല്യവർദ്ധനവ്, സംഭരണം, ഡിജിറ്റൽ കാർഷിക വിപണികൾ എന്നിവയിലെ തന്ത്രപരമായ നിക്ഷേപങ്ങൾ എസ്.ഡി.ജി -9 (വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ) നെ ശക്തിപ്പെടുത്തുന്നു. ഈ ഇടപെടലുകൾ ഒരുമിച്ച്, ആഗോള വികസന മുൻഗണനകളുമായി പൊരുത്തപ്പെടുന്ന, ഉത്പതിഷ്ണുതയുള്ളതും അതിജീവനക്ഷമവുമായ ഒരു കാർഷിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

ഉപസംഹാരം

ഇന്ത്യയുടെ കാർഷിക പരിവർത്തനം ശക്തമായ ഉൽപാദന വളർച്ച, ആഗോള വിപണി സാന്നിധ്യം വികസിപ്പിക്കൽ, കൃഷി-വിപണി മൂല്യ ശൃംഖലയിലുടനീളം ലക്ഷ്യമിട്ടുള്ള നയ ഇടപെടലുകൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു സന്തുലിത സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെയും ഹോർട്ടികൾച്ചർ ഉൽപ്പന്നങ്ങളുടെയും റെക്കോർഡ് ഉൽപ്പാദനം, വർദ്ധിച്ചുവരുന്ന കയറ്റുമതി, വിവിധ കാർഷിക വിഭവങ്ങളിലുള്ള ആഗോള നേതൃത്വം എന്നിവ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക-കാലാവസ്ഥാ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ഈ മേഖലയുടെ ശേഷിയെയും അതിന്റെ സുസ്ഥിരതയെയും തെളിയിക്കുന്നു.'
കാർഷികവിഭവങ്ങൾ, വരുമാന സംരക്ഷണം, വിപണി അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ഭക്ഷ്യ സംവിധാനങ്ങൾ എന്നിവയിലൂടെയുള്ള ദൗത്യാധിഷ്ഠിത പിന്തുണ ഉൽപ്പാദനക്ഷമതയെ ശക്തിപ്പെടുത്തുകയും കർഷക ക്ഷേമം മെച്ചപ്പെടുത്തുകയും ഭക്ഷ്യസുരക്ഷാ ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതിജീവനശേഷിയുള്ള ഉൽപ്പാദന സംവിധാനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കാർഷിക മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്ക് അനുബന്ധ പ്രവർത്തനങ്ങളുമായുള്ള ആഴത്തിലുള്ള സംയോജനത്തിന് ശക്തമായ അടിത്തറയേകുന്നു. ഇത് ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെയും മൂല്യവർദ്ധനവിനെയും ദീർഘകാല സാമ്പത്തിക സുസ്ഥിരതയെയും കൂടുതൽ പിന്തുണയ്ക്കുന്നു.

 

References

Ministry of Agriculture and Farmers Welfare

https://www.pib.gov.in/PressReleasePage.aspx?PRID=2192315&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1776584&reg=3&lang=2#:~:text=189.56-,Andhra%20Pradesh%2C%20Maharashtra%2C%20Uttar%20Pradesh%2C%20Madhya%20Pradesh%2C%20Gujarat,Estimates%20of%202020%2D21).

https://teaboard.gov.in/pdf/State_Region_wise_tea_production_2024_and_2024_25_Apr_Dec_pdf4332.pdf

https://coconutboard.gov.in/Statistics.aspx

Nov Journal, Pg:14

https://www.pib.gov.in/PressReleasePage.aspx?PRID=2197698&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2114891&reg=3&lang=2

https://naturalfarming.dac.gov.in/NaturalFarming/Concept

https://www.pib.gov.in/Pressreleaseshare.aspx?PRID=1705511&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2061646&reg=3&lang=2#:~:text=The%20National%20Mission%20on%20Edible%20Oils%20%E2%80%93,**Boosting%20farmers'%20incomes**%20*%20**Enhancing%20environmental%20benefits**

Ministry of Finance

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

https://www.indiabudget.gov.in/economicsurvey/doc/stat/tab1.18.pdf

https://www.indiabudget.gov.in/doc/budget_speech.pdf

https://www.indiabudget.gov.in/budget2025-26/doc/eb/vol1.pdf

https://www.indiabudget.gov.in/doc/eb/allsbe.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2221410&reg=3&lang=2

https://www.pib.gov.in/PressReleseDetail.aspx?PRID=1515649&reg=3&lang=2

Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2182209&reg=3&lang=2#:~:text=Eight%20technical%20sessions%20shall%20be,third%20most%2Dtraded%20food%20commodity

https://agriexchange.apeda.gov.in/India/ExportAnalyticalReport/Index

https://apeda.gov.in/FreshOnions

https://apeda.gov.in/FreshFruitsAndVegetables

https://www.ibef.org/industry/agriculture-india

https://www.pib.gov.in/PressReleasePage.aspx?PRID=2201284&reg=3&lang=2

https://www.ibef.org/exports/spiceindustryindia#:~:text=The%20largest%20spices%2Dproducing%20states,total%20export%20earnings%20in%20FY25.

Indian Spices, Spices Manufacturers and Exporters in India - IBEF

Ministry of Textiles

https://www.pib.gov.in/PressReleasePage.aspx?PRID=2206688&reg=3&lang=2

Ministry of Food Processing Industries, Government of India

https://plimofpi.ifciltd.com/

myScheme

https://www.myscheme.gov.in/schemes/ky-smsp

https://www.myscheme.gov.in/schemes/pmksypdmc

https://www.myscheme.gov.in/schemes/pmfby

https://www.myscheme.gov.in/schemes/e-nam

https://www.myscheme.gov.in/schemes/pmfmpe

 

United Nations

https://sdgs.un.org/goals

 

PIB Backgrounder

https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=154991&utm&reg=3&lang=2#:~:text=India%20is%20currently%20the%20largest,across%20diverse%20agro%2Dclimatic%20regions

https://www.pib.gov.in/PressNoteDetails.aspx?id=154385&NoteId=154385&ModuleId=3&reg=3&lang=2#:~:text=Leading%20States%20in%20India's%20Spice,in%20the%20global%20spice%20market

https://www.pib.gov.in/PressNoteDetails.aspx?NoteId=156255&ModuleId=3&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2177847&reg=3&lang=2#:~:text=The%20Mission%20for%20Aatmanirbharta%20in,and%20sustainably%20improving%20farmers'%20incomes

https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=155036&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2191651&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=156980&ModuleId=3&reg=22&lang=13

https://www.pib.gov.in/PressNoteDetails.aspx?NoteId=154987&ModuleId=3&reg=3&lang=2

Click here to see pdf 

****


( റിലീസ് ഐ.ഡി: 2246323) സന്ദര്‍ശക കൗണ്ടര്‍ : 27
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Bengali , Bengali-TR , Gujarati