പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 നെറ്റ്‌വർക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു

ഇന്ന് ഇന്ത്യ പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്; ഇപ്പോൾ ഇന്ത്യ വെല്ലുവിളികളെ നേർക്കുനേർ അഭിമുഖീകരിക്കുന്നു: പ്രധാനമന്ത്രി

ഗൾഫ് മുതൽ ആഗോള പടിഞ്ഞാറൻ മേഖല വരെയും ​ഗ്ലോബൽ സൗത്ത് മുതൽ അയൽ രാജ്യങ്ങൾ വരെയും ഇന്ത്യ എല്ലാവർക്കും വിശ്വസ്ത പങ്കാളിയാണ്: പ്രധാനമന്ത്രി

വിലയിരുത്തപ്പെടുന്നവ മെച്ചപ്പെടുകയും ഒടുവിൽ രൂപാന്തരപ്പെടുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇതാണ് പുതിയ ഇന്ത്യ, വികസനത്തിനായി ഒരവസരവും പാഴാക്കില്ല: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 23 MAR 2026 9:28PM by PIB Thiruvananthpuram

'ഇന്ത്യയും ലോകവും' എന്ന പ്രമേയത്തിലുള്ള ടിവി9 ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അഭൂതപൂർവവും ഗൗരവതരവുമായ ആഗോള സാഹചര്യങ്ങളെ അംഗീകരിച്ചുകൊണ്ട്, നിർണായക ഘട്ടത്തിൽ ആശയ വിനിമയത്തിന് ഒരു പ്രധാന വേദി സൃഷ്ടിച്ചതിന് ടിവി9 നെറ്റ്‌വർക്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. "ഇന്ന്, ലോകം കടന്നുപോകുന്ന ഗുരുതരമായ സാഹചര്യങ്ങൾ അഭൂതപൂർവവും അങ്ങേയറ്റം ഗൗരവതരവുമാണ്, ഇവയ്ക്കിടയിൽ, ടിവി9 നെറ്റ്‌വർക്ക് ആശയങ്ങൾക്കായി വളരെ പ്രധാനപ്പെട്ട ഒരു വേദി സൃഷ്ടിച്ചിരിക്കുന്നു," ശ്രീ മോദി പറഞ്ഞു.

സംഘർഷങ്ങൾ നിറഞ്ഞ ഒരു ലോകത്ത് ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം പുരോഗമിക്കുകയാണെന്നും, 2014 ന് മുമ്പുള്ള സാഹചര്യങ്ങൾ ഉപേക്ഷിച്ച് പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും ഊന്നിപ്പറഞ്ഞു. കൊറോണ മഹാമാരി മുതൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിലും, 140 കോടി പൗരന്മാർ ഒറ്റക്കെട്ടായി നിന്നിട്ടുണ്ടെന്നും, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാൻ ഇന്ത്യയെ പ്രാപ്തരാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഫെബ്രുവരി 28 മുതലുള്ള ഈ 23 ദിവസങ്ങളിൽ, ഇന്ത്യ ബന്ധം കെട്ടിപ്പടുക്കാനുള്ള ശേഷി, തീരുമാനമെടുക്കാനുള്ള ശേഷി, പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവ പ്രകടമാക്കിയിട്ടുണ്ട്," ശ്രീ മോദി എടുത്തുപറഞ്ഞു.

തകർന്ന ആഗോള ക്രമത്തിനിടയിൽ ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഗൾഫിൽ നിന്ന് ആഗോള പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും ​ഗ്ലോബൽ സൗത്തിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കും ഇന്ത്യ അഭൂതപൂർവമായ പാലങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും എല്ലാവർക്കും വിശ്വസ്ത പങ്കാളിയായി സ്വയം സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യയുടെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം വ്യക്തവും ശക്തവുമായ ഉത്തരം നൽകി. "നാം ഇന്ത്യയോടൊപ്പമാണ്, ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കൊപ്പം, സമാധാനത്തോടൊപ്പം, സംഭാഷണത്തോടൊപ്പം," ശ്രീ മോദി  പ്രസ്താവിച്ചു.

ആഗോള വിതരണ ശൃംഖലകൾ തകരുന്ന സമയത്ത് ഇന്ത്യയുടെ വൈവിധ്യവൽക്കരണത്തിന്റെയും പ്രതിരോധശേഷിയുടെയും മാതൃക എടുത്തുകാണിച്ചുകൊണ്ട്, ഊർജ്ജമായാലും, വളമായാലും, അവശ്യവസ്തുക്കളായാലും, പൗരന്മാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "വൈവിധ്യവൽക്കരണത്തിന്റെയും പ്രതിരോധശേഷിയുടെയും ഒരു മാതൃക ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്, നമ്മുടെ പൗരന്മാർ പൗരന്മാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഏറ്റവും കുറവാണെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ തുടർച്ചയായ ശ്രമം," ശ്രീ മോദി അഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് സംസാരിക്കവെ, ലോകസഭയിൽ താൻ നടത്തിയ പ്രസ്താവന പ്രധാനമന്ത്രി പരാമർശിച്ചു. യുദ്ധങ്ങൾ ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ അതിർത്തികളിൽ നിന്ന് വളരെ അകലെയാണെങ്കിലും, പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് ഒരു രാജ്യത്തിനും അവയുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. "ഇത് സംയമനത്തിനും സംവേദനക്ഷമതയ്ക്കും വേണ്ടിയുള്ള സമയമാണ്; ഒരു പ്രതിസന്ധിയെ നേരിടാൻ പൗരന്മാർ ഒന്നിക്കുമ്പോൾ, ഫലങ്ങൾ എല്ലായ്പ്പോഴും അർത്ഥവത്തായിരിക്കും," ശ്രീ മോദി പറഞ്ഞു.

ആഗോളതലത്തിൽ ഉണ്ടായിട്ടുള്ള പ്രക്ഷോഭങ്ങൾക്കിടയിലും ഇന്ത്യയുടെ വികസന ഗതിവേഗം തടസ്സമില്ലാതെ തുടരുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ഫെബ്രുവരി 28 മുതലുള്ള 23 ദിവസത്തെ വിശദമായ വിവരണം പ്രധാനമന്ത്രി നൽകി. പ്രധാനപ്പെട്ട ഡൽഹി മെട്രോ റെയിൽ ഇടനാഴികളുടെ ഉദ്ഘാടനം, സിൽച്ചാർ അതിവേഗ ഇടനാഴിക്കും പുതിയ കോട്ട വിമാനത്താവളത്തിനും തറക്കല്ലിടൽ, മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തൽ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. 100 പ്ലഗ്-ആൻഡ്-പ്ലേ വ്യവസായ പാർക്കുകളുടെ അംഗീകാരം,1,500 മെഗാവാട്ട് പുതിയ ശേഷി കൂട്ടിച്ചേർക്കുന്നതിനുള്ള ചെറുകിട ജലവൈദ്യുത വികസന പദ്ധതിയുടെ ആരംഭം, ജൽ ജീവൻ മിഷൻ 2028 വരെ നീട്ടൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കീഴിൽ ₹18,000 കോടിയിലധികം നേരിട്ട് കൈമാറ്റം, എംഎസ്എംഇകൾക്കും കയറ്റുമതിക്കാർക്കും ₹500 കോടി ദുരിതാശ്വാസ പാക്കേജ് എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഒരു വികസിത ഭാരതം നിർമ്മിക്കാൻ രാജ്യം എത്ര വേഗത്തിൽ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നടപടികളെല്ലാം," ശ്രീ മോദി പ്രസ്താവിച്ചു.

മാനേജ്‌മെന്റ് തത്വങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ 'എന്ത് അവലോകനം ചെയ്യുന്നു, അവ മെച്ചപ്പെടുന്നു' എന്ന പ്രസിദ്ധമായ ആപ്തവാക്യം പ്രധാനമന്ത്രി കൂടുതൽ വിശദീകരിച്ചു, വിലയിരുത്തപ്പെടുന്നവ മെച്ചപ്പെടുകയും ഒടുവിൽ രൂപാന്തരപ്പെടുകയും ചെയ്യുന്നുവെന്ന് കൂട്ടിച്ചേർത്തു. ഹൈവേ നിർമ്മാണ വേഗത പ്രതിദിനം 11–12 കിലോമീറ്ററിൽ നിന്ന് ഏകദേശം 30 കിലോമീറ്ററായി ഉയർന്നതായും; തുറമുഖങ്ങളിലെ കപ്പൽ ഗതാഗത സമയം 5–6 ദിവസത്തിൽ നിന്ന് 2 ദിവസത്തിൽ താഴെയായി കുറഞ്ഞതായും; രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 400–500 ൽ നിന്ന് 2 ലക്ഷത്തിലധികമായി വളർന്നതായും; എംബിബിഎസ് സീറ്റുകൾ 50–55 ആയിരത്തിൽ നിന്ന് 1.25 ലക്ഷത്തിലധികമായി വർദ്ധിച്ചതായും; ബാങ്ക് അക്കൗണ്ടുകൾ 25 കോടിയിൽ നിന്ന് 80 കോടിയിലധികമായി (55 കോടി ജൻ ധൻ അക്കൗണ്ടുകൾ ഉൾപ്പെടെ) വളർന്നതായും; വിമാനത്താവളങ്ങൾ 70-ൽ താഴെ നിന്ന് 160-ൽ കൂടുതലായും വർദ്ധിച്ചതായും ശ്രീ മോദി എടുത്തുപറഞ്ഞു. "ഇന്ന്, ഇന്ത്യ അതിവേഗ പാതയിലാണ്, ഇന്ന്, ദൃഢനിശ്ചയങ്ങൾ നേട്ടങ്ങളായി മാറുകയാണ്," ശ്രീ മോദി അഭിപ്രായപ്പെട്ടു.

പരിവർത്തനാത്മകമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒരുകാലത്ത് വെടിയുണ്ടകളുടെ ശബ്ദത്താൽ മുറിപ്പെട്ടിരുന്ന അസം ഇപ്പോൾ ഒരു സെമികണ്ടക്ടർ യൂണിറ്റിന്റെ ആസ്ഥാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി; സെമികണ്ടക്ടറുകൾ മുതൽ പെട്രോകെമിക്കൽസ് വരെയുള്ള മേഖലകളിൽ ഒഡിഷ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു; കഴിഞ്ഞ ദശകത്തിൽ ബിഹാർ 5-ലധികം പുതിയ പാലങ്ങൾ യാഥാർത്ഥ്യമാകുന്നതിന് സാക്ഷിയായി; ഉത്തർപ്രദേശ് മൊബൈൽ ഫോൺ നിർമ്മാണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി മാറിയിരിക്കുന്നു. "ഭൂതകാലത്തിന്റെ വികസന അസന്തുലിതാവസ്ഥയെ ഭാവിയിലേക്കുള്ള അവസരങ്ങളാക്കി ഇന്ത്യ മാറ്റുകയാണ്," ശ്രീ മോദി എടുത്തുപറഞ്ഞു.

പശ്ചിമ ബംഗാളിനെ പരാമർശിച്ചുകൊണ്ട്, സംസ്കാരം, വിദ്യാഭ്യാസം, വ്യവസായം, വ്യാപാരം എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെ പ്രധാനമന്ത്രി അംഗീകരിച്ചു. കഴിഞ്ഞ 11 വർഷമായി സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്ര ​ഗവൺമെൻ്റ് നടത്തിയ ഗണ്യമായ നിക്ഷേപങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. "പാർട്ടി താല്പര്യത്തിന് മുകളിൽ ദേശീയ താല്പര്യം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്, കാരണം രാഷ്ട്രീയത്തിന് മുകളിൽ രാഷ്ട്രവും അതിന്റെ വികസനവുമുണ്ട്," ശ്രീ മോദി പറഞ്ഞു.

ചരിത്രപ്രധാനമായ ഷഹീദ് ഭഗത് സിംഗ്, ഷഹീദ് രാജ്ഗുരു, ഷഹീദ് സുഖ്‌ദേവ് എന്നിവർ പരമമായ ത്യാഗം അനുഷ്ഠിച്ച ദിനമായ ഷഹീദ് ദിവസിലും, ഡോ. റാം മനോഹർ ലോഹ്യയുടെ ജന്മവാർഷികത്തിലും നടന്ന പ്രസംഗം ഉപസംഹരിക്കവെ പ്രധാനമന്ത്രി, രാജ്യത്തെ എപ്പോഴും അഹത്തിന് മുകളിൽ പ്രതിഷ്ഠിച്ച ഈ വ്യക്തിത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. ടിവി9 ഉച്ചകോടി ഇന്ത്യയുടെ ആത്മവിശ്വാസത്തെയും ലോകത്തിന് ഇന്ത്യക്കാരിലുള്ള വിശ്വാസത്തെയും ശക്തിപ്പെടുത്തുമെന്ന് പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ദേശീയ താല്പര്യത്തെ എല്ലാറ്റിനുമുപരിയായി സ്ഥാപിക്കുന്നതിന്റെ പ്രചോദനം ഇന്ത്യയെ വികസിതവും സ്വാശ്രയവുമാക്കും," ശ്രീ മോദി പറഞ്ഞു.

 

 

***

SK

( റിലീസ് ഐ.ഡി: 2245826) സന്ദര്‍ശക കൗണ്ടര്‍ : 6