PIB Headquarters
ക്ഷയരോഗ നിർമ്മാർജ്ജനത്തിലേക്ക് കുതിച്ച് ഇന്ത്യ
പോസ്റ്റഡ് ഓണ്‍:
24 MAR 2026 6:59PM by PIB Thiruvananthpuram
- 2015 മുതൽ 2024 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വർഷം തോറും കണ്ടെത്തുന്ന പുതിയ ടിബി കേസുകൾ 21% കുറഞ്ഞു; ഇതേ കാലയളവിൽ ക്ഷയരോഗം മൂലമുള്ള മരണനിരക്ക് 28% കുറഞ്ഞു.
- 2024 ഡിസംബർ 7 മുതൽ, ടിബി മുക്ത് ഭാരത് അഭിയാൻ മുഖേന, ദുർബല ജനവിഭാഗങ്ങളിൽപ്പെട്ട 20 കോടിയിലധികം പേരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കി, 28 ലക്ഷത്തിലധികം ക്ഷയരോഗബാധിതരെ കണ്ടെത്തി.
- 2024-ൽ 46,118-ലധികം ഗ്രാമപഞ്ചായത്തുകൾക്ക് ക്ഷയരോഗമുക്ത സർട്ടിഫിക്കേഷൻ ലഭിച്ചു.
- മരുന്നുകളെ പ്രതിരോധിക്കുന്ന തരം ക്ഷയരോഗം ബാധിച്ചവർക്ക് വേണ്ടിയുള്ള പദ്ധതിയ്ക്ക് കീഴിൽ, ബെഡാക്വിലിൻ, പ്രെറ്റോമാനിഡ്, ലൈൻസോളിഡ്, മോക്സിഫ്ലോക്സാസിൻ എന്നിവ ഉൾപ്പെടുന്ന നൂതനവും ലളിതവും സുരക്ഷിതവും ഫലപ്രദവുമായ BPaLM ചികിത്സാരീതി അവതരിപ്പിച്ചു.
- ഇന്ത്യയുടെ എഐ അധിഷ്ഠിത ടിബി പ്രോഗ്രാമിൽ, ചുമ പരിശോധിക്കാൻ നിർമ്മിതബുദ്ധി (എഐ), നെഞ്ചിൻ്റെ എക്സ്-റേ വ്യാഖ്യാനിക്കാൻ റേഡിയോളജി എഐ, കൂടാതെ ഉയർന്ന അപകടസാധ്യതയുള്ള രോഗികളെ തിരിച്ചറിയാൻ പ്രവചന വിശകലനം തുടങ്ങിയ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നുണ്ട്.
ആമുഖം
ലോക ക്ഷയരോഗ ദിനം
ക്ഷയരോഗത്തിൻ്റെ വിനാശകരമായ ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനാവബോധം വളർത്തുന്നതിനായാണ് മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. ക്ഷയരോഗമെന്ന മഹാമാരി നിർമ്മാർജ്ജനം ചെയ്യാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ ഊജ്ജിതമാക്കേണ്ടതിൻ്റെ ആവശ്യകത ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി ഡോ. റോബർട്ട് കോച്ച് 1882 ൽ പ്രഖ്യാപിച്ച ദിനമാണിത്. ഇത് രോഗം കണ്ടെത്തുന്നതിലേക്കും ചികിത്സ ലഭ്യമാക്കുന്നതിലേക്കും നയിച്ചു.
ലോക ക്ഷയരോഗ ദിനം
ക്ഷയരോഗത്തിൻ്റെ വിനാശകരമായ ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനാവബോധം വളർത്തുന്നതിനായാണ് മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. ക്ഷയരോഗമെന്ന മഹാമാരി നിർമ്മാർജ്ജനം ചെയ്യാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ ഊജ്ജിതമാക്കേണ്ടതിൻ്റെ ആവശ്യകത ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി ഡോ. റോബർട്ട് കോച്ച് 1882 ൽ പ്രഖ്യാപിച്ച ദിനമാണിത്. ഇത് രോഗം കണ്ടെത്തുന്നതിലേക്കും ചികിത്സ ലഭ്യമാക്കുന്നതിലേക്കും നയിച്ചു.


ക്ഷയരോഗ നിർമ്മാർജ്ജനത്തിലേക്കുള്ള പാതയിൽ അതിവേഗം മുന്നേറുകയാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ ആഗോള ക്ഷയരോഗ റിപ്പോർട്ട് 2025 പ്രകാരം, 2015-2024 കാലയളവിൽ ഇന്ത്യയിൽ വർഷം തോറും കണ്ടെത്തുന്ന പുതിയ ക്ഷയരോഗ കേസുകൾ 21% കുറഞ്ഞു. ആഗോളതലത്തിൽ ക്ഷയരോഗബാധയിൽ ഉണ്ടായ ഏറ്റവും നിർണ്ണായകമായ കുറവുകളിൽ ഒന്നാണിത്. ഉയർന്ന രോഗബാധയുള്ള മറ്റ് രാജ്യങ്ങളെ ഇന്ത്യ മറികടന്നു. ഇതേ കാലയളവിൽ ക്ഷയരോഗം മൂലമുള്ള മരണങ്ങൾ 28% കുറഞ്ഞു. ക്ഷയരോഗം കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ലക്ഷ്യവേധിയായ, ബഹുമുഖ സമീപനം ഈ പ്രവണതയ്ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.
നൂതന സാങ്കേതികവിദ്യ, വിപുലമായ പ്രാദേശിക ആരോഗ്യ സേവനങ്ങൾ, സാമൂഹിക ഇടപെടൽ, ചെലവ് കുറഞ്ഞ ചികിത്സ എന്നിവ വ്യാപകവും മാരകവുമായ ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള വിജയപാതയിലേക്ക് ഇന്ത്യയെ നയിച്ചു.
ക്ഷയരോഗവും ലക്ഷണങ്ങളും
എന്താണ് ക്ഷയരോഗം?
മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ക്ഷയരോഗം (TB) ഉണ്ടാകുന്നത്, ഇത് സാധാരണയായി ശ്വാസകോശത്തെ ബാധിക്കുന്നു. തലച്ചോറ്, വൃക്കകൾ നട്ടെല്ല് അടക്കമുള്ള മറ്റ് ശരീര ഭാഗങ്ങളെയും ക്ഷയരോഗം ബാധിക്കാം.

ബാക്ടീരിയ ബാധിച്ച ഏതൊരാൾക്കും രോഗം വരാം, പക്ഷേ എല്ലാവർക്കും രോഗം വരണമെന്നില്ല. ചിലപ്പോൾ അണുബാധ നിഷ്ക്രിയമായി തുടർന്നേക്കാം, ഇതിനെ ലേറ്റൻ്റ് ടിബി എന്ന് വിളിക്കുന്നു, അവിടെ വ്യക്തിക്ക് രോഗ ലക്ഷണങ്ങൾ കാണാറില്ല. നിഷ്ക്രിയ ടിബി ബാധയുള്ള ആളുകളിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാറില്ല. എന്നിരുന്നാലും, ലേറ്റൻ്റ് ടിബി എപ്പോൾ വേണമെങ്കിലും സജീവമാകാം, ഇത് രോഗത്തിന് കാരണമാകും. ശിശുക്കൾ, കുട്ടികൾ, ദുർബലമായ രോഗപ്രതിരോധ സംവിധാനമുള്ള വ്യക്തികൾ തുടങ്ങിയവർക്ക് മറ്റ് രോഗം പിടിപെടുമ്പോൾ ടിബി വരാനുള്ള സാധ്യത കൂടുതലാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇത്തരത്തിലുള്ള ടിബി മാരകമായേക്കാം.
ക്ഷയരോഗ ലക്ഷണങ്ങൾ
സജീവ ക്ഷയരോഗത്തിൻ്റെ ലക്ഷണങ്ങൾ സാധാരണയായി ബാക്ടീരിയ ബാധിച്ച ശരീര ഭാഗത്തെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ എല്ലാത്തരം ടിബികളിലും പൊതുവായുള്ള ചില ലക്ഷണങ്ങളുമുണ്ട്.

രോഗലക്ഷണങ്ങളുള്ള അല്ലെങ്കിൽ രോഗമുള്ള ആളുകളിൽ നിന്ന് ടിബി ബാക്ടീരിയ മറ്റുള്ളവരിലേക്ക് പകരാം. അവർ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ പോലും, ബാക്ടീരിയ അടങ്ങിയ ചെറുകണങ്ങൾ വായുവിലേക്ക് പുറന്തള്ളപ്പെടുന്നു. സമീപസ്ഥരായ ആളുകൾ ഈ കണങ്ങൾ ശ്വസിക്കാൻ സാധ്യതയുണ്ട്. വായുസഞ്ചാരം കുറവുള്ള പ്രദേശങ്ങളിൽ, ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
വായുവിലൂടെ ക്ഷയരോഗം പകരുമെങ്കിലും, ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ രോഗം പകരുന്നില്ല:
- പൊതു ശൗചാലയങ്ങളുടെ ഉപയോഗം
- ഭക്ഷണവും പാത്രങ്ങളും പങ്കിടൽ
- ദൈനംദിന സാമൂഹിക ഇടപെടലുകൾ
ശ്വാസകോശത്തിൽ ക്ഷയരോഗമുള്ള ആളുകളിൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ശരിയായ ടിബി മരുന്നുകൾ കഴിച്ചാൽ പകർച്ചവ്യാധി ഇല്ലാതാകും. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ, ടിബി ഉള്ള വ്യക്തികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുകയില്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ശ്വാസകോശ സംബന്ധിയായ ടിബി ആണെന്നും മറ്റ് അവയവങ്ങളിലെ ടിബി സാധാരണയായി പകർച്ചവ്യാധിയാകാറില്ലെന്നും ഇത് വ്യക്തമാക്കുന്നു.
ലക്ഷണങ്ങൾ കണ്ടാൽ എന്തുചെയ്യണം?
ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതി മുഖേന രാജ്യത്തുടനീളമുള്ള എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും ഒട്ടേറെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധനയും ചികിത്സാ സേവനങ്ങളും നൽകി വരുന്നു. നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന മറ്റാർക്കെങ്കിലുമോ ക്ഷയരോഗ ലക്ഷണങ്ങൾ കാണപ്പെട്ടാൽ:
- മാർഗനിർദ്ദേശത്തിനായി ടോൾ ഫ്രീ നി-ക്ഷയ് സമ്പർക്ക് ടിബി, ഹെപ്പറ്റൈറ്റിസ് ഹെൽപ്പ് ലൈൻ: 1800-11-6666 എന്ന നമ്പറിൽ വിളിക്കുക. നിങ്ങളുടെ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രം സന്ദർശിക്കുക - സർക്കാർ പദ്ധതികൾക്ക് കീഴിൽ ടിബി രോഗനിർണയവും ചികിത്സയും സൗജന്യമാണ്.
- രോഗലക്ഷണങ്ങളെക്കുറിച്ചും സമീപമുള്ള ആരോഗ്യ സൗകര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ടിബി ആരോഗ്യ സാഥി ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ടിബി രോഗനിർണയവും ചികിത്സയും വാഗ്ദാനം ചെയ്യുന്ന ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങൾ കണ്ടെത്താൻ ആപ്പ് നിങ്ങളെ സഹായിക്കും. കൂടാതെ ടിബി രോഗികൾക്ക് മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശവും പോഷകാഹാരം സംബന്ധിച്ച ഉപദേശവും ലഭിക്കും.
ഇന്ത്യയിൽ ക്ഷയരോഗ നിർമ്മാർജ്ജനത്തിനുള്ള തന്ത്രപരമായ പദ്ധതി
സുസ്ഥിര വികസന ലക്ഷ്യം 3 ന് അനുപൂരകമായി, 2025 ഓടെ ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ലക്ഷ്യം ആഗോളതലത്തിൽ ഏറ്റവും അഭിലഷണീയമായ ആരോഗ്യ ദൗത്യങ്ങളിൽ ഒന്നായി വീക്ഷിക്കപ്പെടുന്നു. 2020-2025 കാലയളവിൽ ഇന്ത്യയിൽ നിന്ന് ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യാൻ ലക്ഷ്യമിട്ട് 2020 ജൂണിൽ പ്രഖ്യാപിച്ച തന്ത്രപരമായ ദേശീയ പദ്ധതി, നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കി ഈ ലക്‌ഷ്യം സാദ്ധ്യമാക്കാൻ ഉന്നമിടുന്നു: അടിസ്ഥാന സൗകര്യങ്ങൾ, വ്യാപനം തടയുക, വേഗത്തിൽ കണ്ടെത്തുക, ഫലപ്രദമായി ചികിത്സിക്കുക. നേരത്തെയുള്ള രോഗനിർണയം, പകരുന്നത് ഒഴിവാക്കുക, ഉചിതമായ മരുന്നുകളും ചികിത്സാരീതികളും ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുക, രോഗിയ്ക്കുള്ള പിന്തുണാ സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നിവയിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടി
ഇന്ത്യാ ഗവണ്മെൻ്റിൻ്റെ പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയെ (RNTCP) 2020-ൽ ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയെന്ന് (NTEP) പുനർനാമകരണം ചെയ്തു. 2030 ഓടെ നിർമ്മാർജ്ജനം എന്ന ആഗോള ലക്ഷ്യത്തിന് വളരെ മുമ്പ് തന്നെ ക്ഷയരോഗ നിർമ്മാർജ്ജനം ഉറപ്പാക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. തന്ത്രപരമായ ദേശീയ പദ്ധതിയുടെ നാല് സ്തംഭങ്ങളിലൂന്നിയാണ് NTEP കെട്ടിപ്പടുത്തത്: അടിസ്ഥാന സൗകര്യങ്ങൾ, വ്യാപനം തടയുക, വേഗത്തിൽ കണ്ടെത്തുക, ഫലപ്രദമായി ചികിത്സിക്കുക. പരിപാടിയുടെ പ്രധാന പ്രവർത്തനങ്ങൾ ഇനിപ്പറയുന്നു:
- കൃത്യവും വിശ്വസനീയവുമായ പരിശോധനാ രീതികൾ ഉപയോഗിച്ച് ക്ഷയരോഗം (ടിബി) ബാധിച്ച ആളുകളെ എത്രയും വേഗം തിരിച്ചറിയുക, കൂടാതെ കണ്ടെത്തപ്പെടാതെ പോയേക്കാവുന്ന കേസുകൾ കണ്ടെത്തുന്നതിന് ജനസമൂഹങ്ങളിലേക്ക് - പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളിലേക്ക് - സജീവമായി എത്തിച്ചേരുക.
- മരുന്നുകളെ പ്രതിരോധിക്കുന്ന ടിബി ഉൾപ്പെടെ ബാധിച്ച രോഗികൾക്ക് മരുന്നുകളും ഗുണനിലവാരമുള്ള ചികിത്സാ പദ്ധതികളും മുഖേന വേഗത്തിൽ ചികിത്സ ലഭ്യമാക്കുക.
- സ്വകാര്യ മേഖലയിൽ പരിചരണം തേടുന്ന രോഗികളുമായി ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്യുക.
- നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും നി-ക്ഷയ് മിത്ര സംരംഭത്തിലൂടെയും രോഗീ കേന്ദ്രീകൃത ചികിത്സാ പിന്തുണയും പോഷകാഹാര ലഭ്യതയും ഉറപ്പാക്കുക.
- ക്ഷയരോഗിയുമായി അടുത്ത ബന്ധം പുലർത്തിയിട്ടുള്ള ആളുകളെ തിരിച്ചറിയുകയും നിരീക്ഷിക്കുകയും ചെയ്യുക, അവർക്ക് പ്രതിരോധ ചികിത്സ ലഭ്യമാക്കുക. ഇതിൽ കുടുംബാംഗങ്ങൾ, കുട്ടികൾ, എച്ച്ഐവി ബാധിതരായ ആളുകൾ, മറ്റ് ഉയർന്ന അപകടസാധ്യതയുള്ളവർ ദുർബല വിഭാഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.
- വായുവിലൂടെയുള്ള അണുബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ
- ആരോഗ്യത്തെ ബാധിക്കുന്ന അടിസ്ഥാന സാമൂഹിക ഘടകങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ബഹുമുഖ പ്രതികരണം.
NTEP യുടെ കീഴിൽ സർക്കാർ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ
NTEP യുടെ അധിക ഘടകമെന്ന നിലയിൽ 2022 സെപ്റ്റംബർ 9 ന് പ്രധാനമന്ത്രി-ടിബി മുക്ത് ഭാരത് അഭിയാൻ (ക്ഷയരോഗ മുക്ത ഇന്ത്യ പ്രചാരണം) ആരംഭിച്ചു. സമസ്ത മേഖലകളിലുമുള്ള ആളുകളെ ഒരു ജനകീയ പ്രസ്ഥാനം ('ജൻ ആന്ദോളൻ') എന്ന നിലയിൽ ഒന്നിപ്പിക്കുന്നതിനും ടിബി നിർമാർജ്ജനത്തിലേക്കുള്ള രാജ്യത്തിൻ്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം ആരംഭിച്ചത്. ഇതിൻ്റെ ലക്ഷ്യങ്ങൾ ഇനിപ്പറയുന്നവയാണ്:
- ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് ക്ഷയരോഗികൾക്ക് അധിക പിന്തുണ ഉറപ്പു വരുത്തുക
- സാമൂഹിക പങ്കാളിത്തം മെച്ചപ്പെടുത്തുക
- കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത (CSR) സംരംഭങ്ങൾ വർദ്ധിപ്പിക്കുക
നിക്ഷയ് പോഷൺ യോജനയും നി-ക്ഷയ് മിത്ര പദ്ധതിയും
ചികിത്സാ മരുന്നുകളുടെ പ്രതികൂല പാർശ്വഫലങ്ങൾ പ്രതിരോധിക്കാൻ ക്ഷയരോഗികൾ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഇതിനെ പിന്തുണയ്ക്കുന്നതിനായി, 2018 ൽ ആരംഭിച്ച നിക്ഷയ് പോഷൺ യോജന, രജിസ്റ്റർ ചെയ്ത ഓരോ ടിബി രോഗിക്കും പ്രതിമാസം1,000 രൂപ സാമ്പത്തിക സഹായം നൽകുന്നു. 2018 ഏപ്രിലിൽ ആരംഭിച്ച ശേഷം, ഈ പദ്ധതി പ്രകാരം 1.38 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 4,454.68 കോടി രൂപ നേരിട്ട് കൈമാറി.

ക്ഷയരോഗത്തിനുള്ള ചികിത്സ ദൈർഘ്യമേറിയതാണ്, കുറഞ്ഞത് ആറ് മാസമോ അതിൽക്കൂടുതലോ ചികിത്സ നീണ്ടു നിൽക്കും. നിക്ഷയ് മിത്ര എന്നാൽ ക്ഷയരോഗികളെ അവരുടെ ചികിത്സയിലുടനീളം സഹായിക്കുന്ന ഒരു "ടിബി സുഹൃത്ത്" അല്ലെങ്കിൽ പിന്തുണക്കാരനാണ്. വ്യക്തികൾ, സർക്കാരിതര സംഘടനകൾ (NGOകൾ), കോർപ്പറേഷനുകൾ, മത, സാമൂഹിക സംഘടനകൾ, സർക്കാർ ഉദ്യോഗസ്ഥർ, സാധാരണ വ്യക്തികൾ എന്നിവർക്കെല്ലാം നിക്ഷയ് മിത്രങ്ങളായി സന്നദ്ധസേവനം നടത്താം.
ചിത്രം 1 - കർണാടകയിലെ യെലഹങ്ക ജില്ലയിലെ ക്ഷയരോഗികൾക്കായി നി-ക്ഷയ് മിത്രമാർ ഭക്ഷണ വിതരണം നടത്തുന്നു (ഡിസംബർ 13, 2022), കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ഒരു ടിബി സുഹൃത്ത് പതിവായി ഭക്ഷണപ്പൊതികൾ നൽകി രോഗികളെ സഹായിക്കുന്നു, ഇത് ചികിത്സയ്ക്കിടെയുള്ള അവരുടെ വ്യക്തിഗത ചെലവുകൾ കുറയ്ക്കുന്നു. രോഗിയെ പതിവായി പരിശോധിച്ചുകൊണ്ട് അവർക്ക് മാനസിക സാമൂഹിക പിന്തുണയും, സുഖം പ്രാപിച്ച ശേഷം അവരുടെ ജീവിതം പുനർനിർമ്മിക്കുന്നതിനായി തൊഴിൽ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
2025 നവംബർ 12 വരെ:
- ആകെ 677,541 വ്യക്തികളും സംഘടനകളും നിക്ഷയ് മിത്രങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, 4.5 ദശലക്ഷത്തിലധികം പോഷണയുക്ത ഭക്ഷണപ്പൊതികൾ ക്ഷയരോഗികൾക്ക് വിതരണം ചെയ്തിട്ടുണ്ട്.
- 2 ലക്ഷത്തിലധികം മൈ ഭാരത് വളണ്ടിയർമാരും നി-ക്ഷയ് മിത്രങ്ങളായി സേവനമനുഷ്ഠിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. 15-29 വയസ്സ് പ്രായമുള്ളവരെ വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യ സംഘടനകൾ, പൊതു -സമൂഹ പങ്കാളിത്തങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ സംരംഭമാണ് മൈ ഭാരത്.
100 ദിവസത്തെ ടിബി മുക്ത് ഭാരത് അഭിയാൻ
2024 ഡിസംബർ 7-ന്, 33 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ 347 മുൻഗണനാ ജില്ലകളിലായി, ടിബി മുക്ത് ഭാരത് അഭിയാൻ എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും തീവ്രമായ 100 ദിവസത്തെ ടിബി നിർമാർജ്ജന പരിപാടി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ചു. ടിബിയുടെ പ്രാരംഭ രോഗനിർണയം ഉറപ്പാക്കുന്നതിന്, ഉയർന്ന അപകടസാധ്യതയുള്ള ജനവിഭാഗങ്ങളുടെ ദുർബലതാ മാപ്പിംഗും വ്യവസ്ഥാപിതമായ പരിശോധനയും നടത്തി. നിക്ഷയ് മിത്രമാരുടെ പിന്തുണയോടെ, 30,000-ത്തിലധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 24 സർക്കാർ മന്ത്രാലയങ്ങളും ജനകീയ പ്രചാരണത്തിൽ പങ്കെടുത്തു. ഇത് ടിബി നിർമാർജ്ജനത്തിന് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും സമഗ്ര സമീപനം വെളിവാക്കി. ടിബി മുക്ത് ഭാരത് അഭിയാൻ്റെ തന്ത്രങ്ങൾ രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു.

2024 ഡിസംബർ 7 മുതൽ, ടിബി മുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം, 20 കോടിയിലധികം ദുർബലരായ ആളുകളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കി. തൽഫലമായി, 28 ലക്ഷത്തിലധികം ടിബി രോഗികളെ കണ്ടെത്തി. ഇതിൽ 9 ലക്ഷം രോഗലക്ഷണങ്ങളില്ലാത്ത കേസുകളും ഉൾപ്പെടുന്നു, മറ്റുവിധത്തിൽ കണ്ടെത്താനാകാതെ പോകുമായിരുന്ന കേസുകളാണിത്.
ശ്രദ്ധാപൂർവ്വവും സഹകരണാത്മകവുമായ ശ്രമങ്ങളുടെ ഫലമായി, 2024-ൽ 46,118-ലധികം ഗ്രാമപഞ്ചായത്തുകൾക്ക് ക്ഷയരോഗ മുക്ത സർട്ടിഫിക്കേഷൻ ലഭിച്ചു.
ടിബി മുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം, ചികിത്സാ വിജയ നിരക്ക് 90% ആയി വർദ്ധിച്ചു, ഇത് ആഗോള ശരാശരിയായ 88% നേക്കാൾ കൂടുതലാണ്.
പുതിയ സംരംഭങ്ങൾ
മരുന്നുകളെ പ്രതിരോധിക്കുന്ന ടിബി രോഗം ബാധിച്ചവർക്കായി, ബെഡാക്വിലിൻ, പ്രെറ്റോമാനിഡ്, ലൈൻസോളിഡ്, മോക്സിഫ്ലോക്സാസിൻ എന്നിവ അടങ്ങിയ പുതിയതും, ലളിതവും, സുരക്ഷിതവും, ഫലപ്രദവുമായ BPaLM ചികിത്സാരീതി ഈ പരിപാടിയുടെ കീഴിൽ അവതരിപ്പിച്ചു. ഈ ചികിത്സാരീതിയിലൂടെ ചികിത്സയുടെ കാലാവധി ആറ് മാസമായി കുറയുന്നു, MDR/RR-TB ഉള്ള 15,000-ത്തിലധികം രോഗികളിൽ ഇതിനോടകം ഈ ചികിത്സ ആരംഭിച്ചു.

ടിബി പ്രതിരോധ ചികിത്സ: ചികിത്സ പോലെ തന്നെ നിർണായകമാണ് പ്രതിരോധം എന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട്, ടിബി അണുബാധ രോഗത്തിലേക്ക് പരിണമിക്കുന്നത് തടയാൻ അർഹരായ ഗുണഭോക്താക്കൾക്ക് ടിബി പ്രതിരോധ ചികിത്സ (TPT) നൽകുന്നു. ലക്ഷ്യവേധിയും നൂതനവുമായ സമീപനങ്ങൾ ഉപയോഗിച്ച്, പ്രതിരോധ ചികിത്സ നൽകുന്നതിലൂടെ, ടിബി രോഗികളുടെയും എച്ച്ഐവി (പിഎൽഎച്ച്ഐവി) ബാധിതരുടെയും ഗാർഹിക സമ്പർക്കം ഈ പരിപാടി ഒഴിവാക്കി. ഈ ഇടപെടൽ സജീവമായ രോഗം കണ്ടെത്തൽ പ്രചാരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ടിബി പ്രതിരോധ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് മറ്റ് ദുർബല വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു.

ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ
ചെലവ് കുറഞ്ഞതും സാർവത്രികവുമായ ആരോഗ്യ സംരക്ഷണം എല്ലാവർക്കും ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണ് ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ. ഇന്ത്യയിൽ അത്തരത്തിലുള്ള 1,84,726 മന്ദിരങ്ങളുണ്ട് (2026 മാർച്ച് 24 വരെ). ഉപ-ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആയുഷ് (ആയുർവേദം, യോഗയും പ്രകൃതിചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി) കേന്ദ്രങ്ങൾ, നഗര ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടിബി ലക്ഷണങ്ങളുള്ളവർക്ക് രോഗനിർണയം നടത്താൻ ഈ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
ചിത്രം 2 -നേരത്തെയുള്ള കണ്ടെത്തലും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 20-ന്, ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറിലെ ആരോഗ്യ പ്രവർത്തകർ, ക്ഷയരോഗവും (ടിബി) മറ്റ് രോഗങ്ങളും കണ്ടെത്തുന്നതിനായി വനിതകളിൽ പരിശോധന നടത്തുന്നു.
സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ
ക്ഷയരോഗം (ടിബി) നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ 9,800-ലധികം റാപ്പിഡ് മോളിക്യുലാർ ടെസ്റ്റിംഗ് സൗകര്യങ്ങളും 107 കൾച്ചർ, ഡ്രഗ് സസ്പെസിബിലിറ്റി ടെസ്റ്റിംഗ് ലബോറട്ടറികളും ഇന്ത്യയിൽ നിലവിലുണ്ട്. ഇത് ടിബിയുടെ പ്രാരംഭ ഘട്ട കണ്ടെത്തലിനും പരിചരണത്തിനുമായി പ്രവർത്തിച്ചു പോരുന്നു. മറ്റ് ഉപകരണങ്ങൾ ഇനിപ്പറയുന്നു:
- സാമൂഹിക പരിശോധനയ്ക്കായി 500-ലധികം എഐ അധിഷ്ഠിത ഹാൻഡ്‌ഹെൽഡ് ചെസ്റ്റ് എക്സ്-റേ യൂണിറ്റുകൾ ഉപയോഗിക്കുന്നുണ്ട്, കൂടാതെ 1,500 യൂണിറ്റുകൾ കൂടി സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യുന്നു.
- നിക്ഷയ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ക്ഷയ രോഗികൾക്ക് പോഷകാഹാര സഹായത്തിനുള്ള സാമ്പത്തിക സഹായം നേരിട്ട് കൈമാറാൻ സഹായിക്കുന്നു.
വിദൂര കശ്മീരിൽ ക്ഷയ രോഗബാധിതരെ കണ്ടെത്തുന്നു
ഹിമാലയത്തിൽ 2,400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും ശൈത്യകാലത്ത് ഒറ്റപ്പെട്ടതുമായ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് താഴ്‌വരയിൽ, NTEP കശ്മീർ സംഘം തീവ്രമായ ടിബി പരിശോധനയും പ്രചാരണവും നടത്തി. നൂതന രോഗനിർണ്ണയ ഉപകരണങ്ങളും കൊണ്ട് നടക്കാവുന്ന എക്സ്-റേ ഉപകരണങ്ങളും സജ്ജീകരിച്ച മൊബൈൽ ടെസ്റ്റിംഗ് വാനുകൾ ഉപയോഗിച്ച്, സംഘം മൂന്ന് ദിവസങ്ങളിലായി 1,250 പേരെ പരിശോധിക്കുകയും കൂടുതൽ പരിശോധന ആവശ്യമുള്ള 250-ലധികം ടിബി കേസുകൾ തിരിച്ചറിയുകയും ചെയ്തു. ഇന്ത്യൻ സൈന്യം, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ഗ്രാമ പ്രതിനിധികൾ, മതനേതാക്കൾ എന്നിവരുമായി ചേർന്ന് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. 2025 ഓടെ ക്ഷയരോഗ മുക്ത കശ്മീർ കൈവരിക്കുന്നതിനുള്ള ജമ്മു കശ്മീരിൻ്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.
എഐ അധിഷ്ഠിത സംരംഭങ്ങൾ
ആരോഗ്യ സംരക്ഷണത്തിൽ സാങ്കേതികവിദ്യയെ സമന്വയിപ്പിക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായി, ക്ഷയരോഗം കണ്ടെത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ സഹായിക്കുന്നതിനായി എഐ സംവിധാനങ്ങൾ സർക്കാർ ഉപയോഗിക്കുന്നു. പരിചരണ സംവിധാനത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ആരോഗ്യ സംരക്ഷണ സേവനങ്ങൾ വേഗത്തിലാക്കുകയുമാണ് പ്രധാന ലക്ഷ്യം:
ആരോഗ്യ മുൻഗണന
AI പരിഹാരം / സംരംഭം
പ്രക്രിയ, സാങ്കേതികവിദ്യ, "ചികിത്സ" അനുഭവം
ക്ലിനിക്കൽ / ഓപ്പറേഷനൽ സ്വാധീനം
ക്ഷയരോഗ പരിശോധന
"കഫ് എഗൈൻസ്റ്റ് ടിബി" (CATB) അഥവാ ചുമയെ ഒരു ലക്ഷണമായി കാണുന്നതിനെക്കുറിച്ചുള്ള അവബോധം
അക്കൗസ്റ്റിക് എഐ: സ്മാർട്ട്‌ഫോൺ ആപ്പ് മുഖേന ഒരു രോഗിയുടെ ചുമയുടെ 3 സെക്കൻഡ് ദൈർഘ്യമുള്ള റെക്കോർഡ് ചെയ്ത് ക്ഷയരോഗവുമായി ബന്ധപ്പെട്ട ശബ്ദ പാറ്റേണുകളുമായി വിശകലനം ചെയ്യുന്ന സാങ്കേതികവിദ്യ[1]
പരമ്പരാഗത രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ 1.62 ലക്ഷം ആളുകളെ സ്‌ക്രീൻ ചെയ്തു, ഇതിൻ്റെ ഫലമായി 12–16% കൂടുതൽ കേസുകൾ കണ്ടെത്തുന്നതിൽ വിജയിച്ചു.[2]
ക്ഷയ രോഗപരിപാലനം
ഒരു രോഗിയുടെ ആരോഗ്യത്തിലോ ചികിത്സയിലോ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കുകയോ കണക്കാക്കുകയോ ചെയ്യുക.
പ്രെഡിക്റ്റീവ് അനലിറ്റിക്സ് :ചികിത്സ പരാജയപ്പെടാനുള്ള സാധ്യത കൂടുതലുള്ള രോഗികളെ തിരിച്ചറിയാൻ "പ്രെഡിക്റ്റീവ് അനലിറ്റിക്സ്" എഐ ഉപയോഗിക്കുന്നു
രാജ്യവ്യാപകമായി വിന്യസിച്ചതിനുശേഷം പ്രതികൂല ഫലങ്ങളിൽ 27% കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടു.[3]
ടിബി ട്രയേജ്
DeepCXR (നെഞ്ച് എക്സ്-റേ)
റേഡിയോളജി എഐ: ടിബി സംശയിക്കപ്പെടുന്ന കേസുകളിൽ നോഡ്യൂളുകൾ/കാവിറ്റികൾ തിരിച്ചറിയുന്നതിന് ഡിജിറ്റൽ എക്സ്-റേകളുടെ യാന്ത്രിക വിശകലനം.
8 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്നു; സ്പെഷ്യലിസ്റ്റ് ക്ഷാമം മറികടക്കാൻ സർക്കാരിന് സൗജന്യമായി ലഭ്യമാണ്.[4]
ഉപസംഹാരം
സുസ്ഥിരമായ പ്രതിബദ്ധത, സാമൂഹിക പങ്കാളിത്തം, ശക്തമായ പൊതുജനാരോഗ്യ ഉദ്യമങ്ങൾ എന്നിവയ്ക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് ഇന്ത്യയിലെ ക്ഷയരോഗബാധയിൽ കാണുന്ന പ്രകടമായ കുറവ് വ്യക്തമാക്കുന്നത്. ജാഗ്രത നിലനിർത്തുന്നതിലൂടെയും, പരിചരണ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിലൂടെയും, കൂട്ടായ ഉത്തരവാദിത്തത്തിലൂടെയും, ക്ഷയരോഗ മുക്ത ഇന്ത്യ എന്നത് കേവലം ആഗ്രഹമില്ല മറിച്ച്, യാഥാർത്ഥ്യബോധമുള്ളതും കൈവരിക്കാവുന്നതുമായ ലക്ഷ്യമായി മാറുന്ന ഭാവി ലക്ഷ്യമിട്ട് രാജ്യം മുന്നേറുകയാണ്.
സൂചനകൾ
See in PDF
***
( റിലീസ് ഐ.ഡി: 2245445)
സന്ദര്‍ശക കൗണ്ടര്‍ : 11