തെരഞ്ഞെടുപ്പ് കമ്മീഷന്‍
അസം, കേരളം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി.പാറ്റുകളുടെയും ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
പട്ടികകള്‍ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറി
പോസ്റ്റഡ് ഓണ്‍:
21 MAR 2026 11:26AM by PIB Thiruvananthpuram
പട്ടികകള്‍ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറി
- അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെയും ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും സമയക്രമം 2026 മാർച്ച് 15-ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
- രണ്ട് ഘട്ടങ്ങളിലായി നടത്തിയ റാൻഡമൈസേഷൻ പ്രക്രിയയിലൂടെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ അതത് പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാതല വെയർഹൗസുകളിൽ നിന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടിങ് മെഷീനുകള്‍ ക്രമരഹിതമായി അനുവദിക്കുന്നു. രണ്ടാം ഘട്ടത്തിൽ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പോളിംഗ് സ്റ്റേഷനുകളിലേക്ക് ഇവ അനുവദിക്കുന്നു.
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ആദ്യ ഘട്ട പരിശോധന പൂർത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി.പാറ്റുകളുടെയും ആദ്യ റാൻഡമൈസേഷൻ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ പൂർത്തിയാക്കേണ്ടതുണ്ട്.
- ഇതനുസരിച്ച് 2026 ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന അസം, കേരളം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെയും പൊതുതിരഞ്ഞെടുപ്പിനും ഗോവ, കർണാടക, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കും അനുവദിക്കുന്ന വോട്ടിങ് മെഷീനുകളുടെ ആദ്യ റാൻഡമൈസേഷൻ പൂർത്തീകരിച്ചു.
- ദേശീയ-സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ 'ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം' വഴിയാണ് ആദ്യ റാൻഡമൈസേഷൻ നടത്തിയത്.
- റാൻഡമൈസേഷൻ പൂർത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി.പാറ്റുകളുടെയും മണ്ഡലം തിരിച്ച് തയ്യാറാക്കിയ പട്ടികകൾ അതത് ജില്ലാ ആസ്ഥാനങ്ങളിൽ ദേശീയ-സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി.
- ഈ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വി.വി.പാറ്റുകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും.
- തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിപ്പട്ടിക അന്തിമമാക്കിയ ശേഷം ഒന്നും രണ്ടും ഘട്ട റാൻഡമൈസേഷൻ പൂർത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി.പാറ്റുകളുടെയും പട്ടിക എല്ലാ സ്ഥാനാർത്ഥികൾക്കും കൈമാറും.
***
( റിലീസ് ഐ.ഡി: 2243340)
സന്ദര്‍ശക കൗണ്ടര്‍ : 24