ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ക്യാപ്റ്റീവ് പവർ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും വ്യാവസായിക മത്സരക്ഷമതയെ പിന്തുണയ്ക്കുന്നതിനുമായി ഗവണ്മെൻ്റ് വൈദ്യുതി ചട്ടങ്ങൾ ഭേദഗതി ചെയ്തു

പോസ്റ്റഡ് ഓണ്‍: 14 MAR 2026 6:13PM by PIB Thiruvananthpuram

ക്യാപ്റ്റീവ് ജനറേറ്റിംഗ് പ്ലാൻ്റുകളുമായി (CGPs) ബന്ധപ്പെട്ട വൈദ്യുതി ചട്ടങ്ങൾ 2005ൻ്റെ ചട്ടം 3 ഭേദഗതി ചെയ്തുകൊണ്ട് വൈദ്യുതി (ഭേദഗതി) ചട്ടങ്ങൾ 2026 ഇന്ത്യാ ഗവണ്മെൻ് വിജ്ഞാപനം ചെയ്തു. നിയമത്തിൻ്റെ വ്യാഖ്യാനത്തിൽ ഉണ്ടായിരുന്ന അവ്യക്തതകൾ ഒഴിവാക്കുക, ബിസിനസ്സ് സുഗമമാക്കുന്നതിനായി വ്യവസായമേഖലയെ സഹായിക്കുക, ഇന്ത്യയുടെ ഊർജ്ജ പരിവർത്തന, വ്യാവസായിക വളർച്ചാ ലക്ഷ്യങ്ങളുമായി ക്യാപ്റ്റീവ് ജനറേഷൻ ചട്ടക്കൂടിനെ (സ്വന്തമായുള്ള വൈദ്യുതി ഉത്പാദനം) ബന്ധിപ്പിക്കുക  എന്നിവയാണ് ഭേദഗതികളുടെ ലക്ഷ്യം.


വൈദ്യുതി നിയമം 2003 പ്രകാരം, ക്യാപ്റ്റീവ് പവർ ജനറേഷൻ ഒരു പ്രധാന ആവശ്യകതയാണ്. ആഭ്യന്തര വ്യവസായങ്ങൾക്ക് വിശ്വസനീയവും ചെലവുകുറഞ്ഞതുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുള്ള പ്രധാന മാർഗമായി ക്യാപ്റ്റീവ് ജനറേഷൻ-നെ വൈദ്യുതി നയം, 2005 അംഗീകരിച്ചിട്ടുണ്ട്. വിതരണ തടസ്സങ്ങൾ ലഘൂകരിക്കാനും വൈദ്യുതി വിലയിലെ അനിശ്ചിതത്വങ്ങൾ നിയന്ത്രിക്കാനും വ്യവസായങ്ങളെ പ്രാപ്തമാക്കുന്നതിലൂടെ ക്യാപ്റ്റീവ് പവർ വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കുന്നു.

സുസ്ഥിര വികസന പ്രതിബദ്ധതകൾ നിറവേറ്റുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഇന്ത്യയിലെ  വ്യവസായങ്ങൾ ഫോസിൽ ഇതര ഇന്ധന ഊർജ്ജ  ഉറവിടങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. ഈ സാഹചര്യത്തിൽ, വ്യാവസായിക മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും ക്യാപ്റ്റീവ് വൈദ്യുതി ഉത്പാദനത്തിനായി വ്യക്തവും പ്രവചനാത്മകവും  പ്രായോഗികവുമായ ഒരു ചട്ടക്കൂട് ഒരുക്കുകയെന്നത് നിർണ്ണായകമാണ്.

ഉപഭോഗ കേന്ദ്രത്തിനടുത്ത് വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നത് പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും സംവിധാനത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗ്രിഡ് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഉടമസ്ഥാവകാശവും ഉപഭോഗവുമായി ബന്ധപ്പെട്ട നിയമപരമായ സുരക്ഷാ മുൻകരുതലുകൾ നിലനിർത്തിക്കൊണ്ട് ക്യാപ്റ്റീവ് ജനറേഷൻ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിൽ വ്യക്തത വരുത്താൻ ഭേദഗതികൾ ശ്രമിക്കുന്നു.


വ്യവസായങ്ങൾക്ക് സ്വന്തം ഉപഭോഗത്തിനായി കൂടുതൽ എളുപ്പത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ക്യാപ്റ്റീവ് പവർ പ്ലാൻ്റുകളെ നിയന്ത്രിക്കുന്ന ചട്ടക്കൂടിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി വൈദ്യുതി (ഭേദഗതി) ചട്ടങ്ങൾ, 2026 അവതരിപ്പിച്ചു. ഫോസിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ളതല്ലാത്ത ക്യാപ്റ്റീവ് ഊർജ്ജ പദ്ധതികളിൽ  കമ്പനികൾ കൂടുതലായി നിക്ഷേപം നടത്തുന്നതിനാൽ, ആധുനിക കോർപ്പറേറ്റ് ഘടനകളുമായും വികസിതമാകുന്ന വ്യാവസായിക ഊർജ്ജ ആവശ്യങ്ങളുമായും ക്യാപ്റ്റീവ് ജനറേഷൻ സംവിധാനത്തെ ബന്ധിപ്പിക്കാൻ ഈ ഭേദഗതികൾ ലക്ഷ്യമിടുന്നു. ഉടമസ്ഥാവകാശ വ്യവസ്ഥകൾ വ്യക്തമാക്കുന്നതിലൂടെയും ഗ്രൂപ്പ് ക്യാപ്റ്റീവ് ക്രമീകരണങ്ങൾക്കുള്ള നിയമങ്ങൾ ലളിതമാക്കുന്നതിലൂടെയും വ്യക്തമായ ഒരു വിലയിരുത്തൽ സംവിധാനം സ്ഥാപിക്കുന്നതിലൂടെയും, നിയന്ത്രണ അവ്യക്തതയും തർക്കങ്ങളും കുറയ്ക്കാൻ ഭേദഗതികൾ ലക്ഷ്യമിടുന്നു. അനുവർത്തനം സുഗമമാക്കുന്നതിനായി പല നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും ലളിതമാക്കിയിട്ടുണ്ട്. ക്യാപ്റ്റീവ് സ്റ്റാറ്റസ് വിലയിരുത്തുന്നത് വരെ വിതരണ ലൈസൻസികൾ ക്യാപ്റ്റീവ് ഉപഭോക്താക്കളിൽ നിന്ന് ചാർജുകൾ ചുമത്തുന്നത് ഒഴിവാക്കാനുള്ള പുതിയ വ്യവസ്ഥ കൂട്ടിച്ചേർത്തിട്ടുണ്ട്.  സമഗ്ര വീക്ഷണത്തിൽ, ഈ ഭേദഗതികൾ, ബിസിനസ്സ് സുഗമമാക്കുകയും, ക്യാപ്റ്റീവ് ജനറേഷനിലൂടെ വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ വ്യവസായങ്ങളെ പ്രാപ്തമാക്കുകയും, നിയന്ത്രണ അവ്യക്തതകളും തർക്കങ്ങളും കുറയ്ക്കുകയും, ക്യാപ്റ്റീവ്, ഫോസിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള ഊർജ്ജ പദ്ധതികളിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


ബന്ധപ്പെട്ട പങ്കാളികളുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഭേദഗതികൾ അന്തിമമാക്കിയത്.

ഭേദഗതികളുടെ പ്രധാന സവിശേഷതകൾ

1. വ്യക്തമായി നിർവചിക്കപ്പെട്ട ഉടമസ്ഥാവകാശ ആവശ്യകതകൾ

ക്യാപ്റ്റീവ് ജനറേറ്റിംഗ് പ്ലാൻ്റ ്  സ്ഥാപിക്കുന്ന സ്ഥാപനത്തിൻ്റെ സബ്സിഡിയറികൾ, ഹോൾഡിംഗ് കമ്പനികൾ, ഹോൾഡിംഗ് കമ്പനിയുടെ മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉടമസ്ഥതയുടെ നിർവചനം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് എൻ്റിറ്റികൾ അല്ലെങ്കിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് മുഖേന  ഊർജ്ജ ആസ്തികൾ വികസിപ്പിക്കുന്ന ആധുനിക കോർപ്പറേറ്റ് ഘടനകളെ ഈ വിശദീകരണം അംഗീകരിക്കുന്നു. കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ നിയമാനുസൃതമായ ക്യാപ്റ്റീവ് നിക്ഷേപങ്ങൾക്ക് സംഘടനാ ഘടന കാരണം ക്യാപ്റ്റീവ് പദവി നിഷേധിക്കപ്പെടുന്നില്ലെന്ന് ഭേദഗതി ഉറപ്പാക്കുന്നു.


2. ഏകീകൃത പരിശോധനാ കാലയളവ്

നിർവ്വഹണത്തിലെ വ്യക്തതയും ഏകതാനതയും ഉറപ്പാക്കിക്കൊണ്ട്  സാമ്പത്തിക വർഷം  മുഴുവൻ ക്യാപ്റ്റീവ് നിലയുടെ (captive status) പരിശോധന നടത്തും. ഒരു ക്യാപ്റ്റീവ് ജനറേറ്റിംഗ് പ്ലാൻ്റിൻ്റെ  ഉടമസ്ഥാവകാശത്തിൻ്റെ  ആദ്യ വർഷം അല്ലെങ്കിൽ അവസാന വർഷം ഉൾപ്പെട്ട സാഹചര്യങ്ങളിൽ, ആ സാമ്പത്തിക വർഷത്തിലെ ബന്ധപ്പെട്ട ഭാഗത്തിനായി മാത്രം പരിശോധന നടത്താൻ കഴിയും.


3. അസോസിയേഷൻ ഓഫ് പേഴ്‌സൺസ് (AoP) സ്ഥാപിച്ച ക്യാപ്റ്റീവ് പ്ലാൻ്റുകൾ


ഒരു അസോസിയേഷൻ ഓഫ് പേഴ്‌സൺസ് (AoP) മുഖേന സ്ഥാപിച്ച ഗ്രൂപ്പ് ക്യാപ്റ്റീവ് പദ്ധതികളുടെ പ്രവർത്തനത്തിൽ ഭേദഗതികൾ കൂടുതൽ സൗകര്യവും ഇളവും നൽകുന്നു. നിയമപരമായ ഉടമസ്ഥാവകാശവും ഉപഭോഗ വ്യവസ്ഥകളും പാലിച്ചാൽ, ക്യാപ്റ്റീവ് ഉപയോക്താക്കൾക്ക് അവരുടെ പ്രവർത്തന ആവശ്യകത അടിസ്ഥാനമാക്കി വൈദ്യുതി ഉപയോഗിക്കാൻ കഴിയും.

ഒരു വ്യക്തിഗത ഉപയോക്താവിൻ്റെ  അവകാശത്തിന് ആനുപാതികമായ പരിധി കവിയുന്ന ഉപഭോഗം പ്ലാൻ്റിൻ്റെ  ക്യാപ്റ്റീവ് പദവി നഷ്ടപ്പെടുന്നതിന് കാരണമാകില്ല. എന്നിരുന്നാലും, അത്തരം അധിക ഉപഭോഗം വ്യക്തിഗത ക്യാപ്റ്റീവ് ഉപഭോഗമായി കണക്കാക്കില്ല, പക്ഷേ ഗ്രൂപ്പിൻ്റെ  ക്യാപ്റ്റീവ് ഉപഭോഗ അർഹതാ ആവശ്യകതയിൽ കണക്കാക്കും.


AoP-യിലെ ഒരു അംഗത്തിന് 26 ശതമാനമോ അതിൽ കൂടുതലോ ഉടമസ്ഥാവകാശം ഉണ്ടെങ്കിൽ, ആനുപാതിക ഉപഭോഗ ആവശ്യകത ആ സ്ഥാപനത്തിന് ബാധകമല്ല, കൂടാതെ അതിൻ്റെ  മുഴുവൻ ഉപഭോഗവും ക്യാപ്റ്റീവ് ഉപഭോഗമായി കണക്കാക്കും.


ആനുപാതികമായ ഉപഭോഗം കണക്കു കൂട്ടുന്നതിനായി, ഒരു ക്യാപ്റ്റീവ് ഉപയോക്താവിനെയും അതിൻ്റെ  അനുബന്ധ സ്ഥാപനങ്ങൾ, ഹോൾഡിംഗ് കമ്പനി, ഹോൾഡിംഗ് കമ്പനിയുടെ മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയെയും ഒരൊറ്റ വ്യക്തിയായി കണക്കാക്കും.


4. ക്യാപ്റ്റീവ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള നോഡൽ ഏജൻസികൾ

2026 ഏപ്രിൽ 1 മുതൽ സംസ്ഥാനത്തിനകത്തെ ക്യാപ്റ്റീവ് ഉപഭോഗ കേസുകളിൽ ക്യാപ്റ്റീവ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഗവണ്മെൻ്റുകൾക്ക് ഒരു നോഡൽ ഏജൻസിയെ നിയോഗിക്കാവുന്നതാണ്. അന്തർ സംസ്ഥാന ക്യാപ്റ്റീവ് ഉപഭോഗത്തിന്, നാഷണൽ ലോഡ് ഡെസ്പാച്ച് സെൻ്റർ (NLDC) പരിശോധന നടത്തും.


ഇത്തരത്തിലുള്ള പരിശോധനകളിൽ നിന്ന് ഉടലെടുക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട  സർക്കാരുകൾ ഉചിതമായ ഒരു പരാതി പരിഹാര സമിതി രൂപീകരിക്കും.


5. ക്രോസ്-സബ്സിഡി സർചാർജും അധിക സർചാർജും കൈകാര്യം ചെയ്യൽ

NLDC (ഇൻ്റർ-സ്റ്റേറ്റ് കേസുകൾക്ക്) അല്ലെങ്കിൽ സംസ്ഥാന നോഡൽ ഏജൻസി (ഇൻ്റ്റാ-സ്റ്റേറ്റ് കേസുകൾക്ക്) വിജ്ഞാപനം ചെയ്ത നടപടിക്രമങ്ങൾക്കനുസൃതമായി ക്യാപ്റ്റീവ് ഉപയോക്താക്കളുടെ സ്റ്റാറ്റസ് പരിശോധിച്ചുറപ്പിക്കുന്നത് വരെ നിർദ്ദിഷ്ട ഡിക്ലറേഷൻ സമർപ്പിച്ചാൽ ക്രോസ്-സബ്സിഡി സർചാർജ് (CSS), അഡീഷണൽ സർചാർജ് (AS) എന്നിവ ഈടാക്കില്ല.


പരിശോധനയ്ക്ക് ശേഷം, ഒരു ജനറേറ്റിംഗ് പ്ലാൻ്റ്  ഒരു ക്യാപ്റ്റീവ് ജനറേറ്റിംഗ് പ്ലാൻ്റായി യോഗ്യത നേടുന്നില്ലെന്ന് കണ്ടെത്തിയാൽ, മുമ്പ് ഈടാക്കിയിട്ടില്ലാത്ത ക്രോസ്-സബ്സിഡി സർചാർജ് (CSS) ഉം അഡീഷണൽ സർചാർജ് (AS) ഉം നൽകണം. കൂടാതെ, വൈകിയ കാലയളവിലേക്ക് ഒരു കാരിയിംഗ് കോസ്റ്റും ഈടാക്കും.വൈദ്യുതി (ലേറ്റ് പേയ്‌മെൻ്റ്  സർചാർജ്ജ്‌ ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്)  2022 ചട്ടങ്ങളിൽ  വ്യക്തമാക്കിയിട്ടുള്ള  അടിസ്ഥാന നിരക്ക് ഉപയോഗിച്ചാണ് ഈ കാരിയിംഗ് കോസ്റ്റ് കണക്കാക്കുന്നത്.



6. ഭേദഗതികളുടെ പ്രാബല്യം

AoP ഘടനകളിലെ ആനുപാതിക ഉപഭോഗം, ക്യാപ്റ്റീവ് സ്റ്റാറ്റസിനായുള്ള സ്ഥിരീകരണ പ്രക്രിയ, CSS, AS കൈകാര്യം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ  2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. മറ്റ് ഭേദഗതികൾ ഉടനടി പ്രാബല്യത്തിൽ വരും.

വ്യാവസായിക വളർച്ചയെയും ശുദ്ധമായ ഊർജ്ജ പരിവർത്തനത്തെയും പിന്തുണയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ

ക്യാപ്റ്റീവ് ജനറേഷൻ പ്രയോജനപ്പെടുത്തി വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ വൈദ്യുതി ലഭ്യമാക്കാൻ വ്യവസായങ്ങളെ സജ്ജമാക്കുന്നതിലൂടെ, പരിഷ്കാരങ്ങൾ വ്യാവസായിക മത്സരക്ഷമത  മെച്ചപ്പെടുത്തുകയും സുസ്ഥിര ഊർജ്ജ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. 2047-ൽ വികസിത ഇന്ത്യ സാക്ഷാത്ക്കരിക്കുക എന്ന ഇന്ത്യയുടെ ദർശനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം, ഊർജ്ജ സ്വാശ്രയത്വം എന്ന സർക്കാരിൻ്റെ  വിശാല  വീക്ഷണത്തെയും പരിഷ്കാരങ്ങൾ പിന്തുണയ്ക്കുന്നു.

 

*****

 


( റിലീസ് ഐ.ഡി: 2240292) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil , Kannada