PIB Headquarters
azadi ka amrit mahotsav

എല്ലാവര്‍ക്കും ജലം, ജലത്തിനായി ഏവരും; ജനങ്ങളും പഞ്ചായത്തുകളും ജല്‍ ജീവന്‍ മിഷനും

പോസ്റ്റഡ് ഓണ്‍: 13 MAR 2026 12:06PM by PIB Thiruvananthpuram
സുരക്ഷിത കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ പൈപ്പുകളും പമ്പുകളും ജലസംഭരണികളും തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണ്.  എന്നാല്‍  ലോഹത്തിന്റെയും  സിമന്റിന്റെയും ഈ ശൃംഖലകള്‍ക്കപ്പുറം ജലവിതരണ സംവിധാനങ്ങളെ നിലനിര്‍ത്തുന്നത് ദിനംപ്രതി അവ പ്രവര്‍ത്തിപ്പിക്കുന്ന മനുഷ്യരാണ്. ജല്‍ ജീവന്‍ മിഷന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മുന്‍നിര പ്രവര്‍ത്തകരും  സ്വയംസഹായ സംഘാംഗങ്ങളും പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരുമെല്ലാം ഒരുമിച്ച് ഗ്രാമീണ തലത്തില്‍ പ്രാദേശിക ജലവിതരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഗ്രാമീണ വീടുകളില്‍ സുരക്ഷിത കുടിവെള്ളം ഉറപ്പാക്കുന്നതില്‍ ഇത്  വലിയ പിന്തുണ നല്‍കുന്നു.  

2019 ഓഗസ്റ്റില്‍ തുടക്കം കുറിച്ച ജല്‍ ജീവന്‍ മിഷന്‍  ഗ്രാമീണ വീടുകളിലെല്ലാം 'പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക പൈപ്പ് കണക്ഷന്‍'  വഴി സുരക്ഷിത  കുടിവെള്ളം ആവശ്യമായ അളവില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു. പദ്ധതിയുടെ തുടക്കത്തില്‍ 3.23 കോടി ഗ്രാമീണ വീടുകള്‍ക്ക് മാത്രമാണ് പൈപ്പുവെള്ള കണക്ഷന്‍ ഉണ്ടായിരുന്നത്. 2026 മാര്‍ച്ച് 3-ലെ കണക്കനുസരിച്ച് രാജ്യത്തെ 15.82 കോടിയിലധികം ഗ്രാമീണ വീടുകളില്‍ പൈപ്പ് വെള്ളം  ലഭ്യമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  സാര്‍വത്രിക ഗ്രാമീണ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്.  2026-27 ലെ കേന്ദ്ര ബജറ്റില്‍ ജല്‍ ജീവന്‍ മിഷന് 67,670 കോടി രൂപ വകയിരുത്താന്‍ നിര്‍ദേശമുണ്ട്. കൂടാതെ പദ്ധതി കാലാവധി 2028 വരെ നീട്ടിയിട്ടുമുണ്ട്. രാജ്യത്തുടനീളം ഗ്രാമീണ കുടിവെള്ള പശ്ചാത്തല സൗകര്യങ്ങളുടെ ഈ അതിവേഗ വ്യാപനത്തിന് പിന്തുണയേകിയത് താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേരുടെ പരിശ്രമമാണ്.  

ഗ്രാമങ്ങളിലുടനീളം ജലവിതരണ സംവിധാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും  സമൂഹത്തിനുവേണ്ടി ജല ഗുണനിലവാരം സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങളുടെ അര്‍പ്പണബോധത്തിലൂടെ ഈ ശ്രമങ്ങള്‍ പ്രതിഫലിക്കുന്നു. ഇത്തരം സംഭാവനകള്‍ ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും  ലക്ഷ്യമിട്ട് 'ജല്‍ മഹോത്സവ് 2026'-ന്റെ ഭാഗമായി ഗ്രാമീണ കുടിവെള്ള ഭരണനിര്‍വഹണം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വിശിഷ്ട വ്യക്തികളെ രാഷ്ട്രപതി ആദരിച്ചു. ജല്‍ ജീവന്‍ മിഷന് കീഴില്‍ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 22 വരെയാണ് ഈ രാജ്യവ്യാപക കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഗ്രാമീണ കുടിവെള്ള സേവനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ചില വ്യക്തികള്‍ നടത്തുന്ന യാത്രകളും അവരുടെ പങ്കും സംബന്ധിച്ച് ഏകദേശ ചിത്രം താഴെ നല്‍കിയിരിക്കുന്ന വിജയഗാഥകളിലുണ്ട്:

ഗ്രാമീണ ജലസംവിധാനങ്ങളുടെ സുസ്ഥിരത  പ്രാദേശിക പങ്കാളിത്തത്തിലൂടെ

ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ മന്‍കുവാര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനം ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രാദേശിക പങ്കാളിത്തത്തിന് വഹിക്കാനാവുന്ന പങ്കിന്റെ മികച്ച പ്രതിഫലനമാണ്.  ഗ്രാമ മുഖ്യയായ രചന ദേവിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ മൗ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതി ഗ്രാമത്തിലെ 340 വീടുകള്‍ക്കും പ്രവര്‍ത്തനക്ഷമമായ പൈപ്പ് കണക്ഷനുകള്‍ ഉറപ്പാക്കി.  ഗ്രാമവാസികളായ ഏകദേശം 1,971 പേര്‍ക്കും ഈ പദ്ധതി പ്രയോജനകരമായി. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം ഈ സംവിധാനം  ദീര്‍ഘകാലത്തേക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രമങ്ങളുണ്ടായി.  

ഗ്രാമത്തിലെ ജലവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനവും പരിപാലനവും പിന്തുണയ്ക്കാന്‍ ഓരോ വീട്ടില്‍നിന്നും  പ്രതിമാസം 50 രൂപ വീതം ഉപയോക്തൃ നിരക്കായി  നല്‍കുന്നു. ഗ്രാമത്തില്‍ ഇപ്പോള്‍ പ്രതിമാസം 5,275 രൂപയോളം ഇത്തരത്തില്‍ ശേഖരിക്കുന്നുണ്ട്. ഇത് ദൈനംദിന പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
 


 
ഗ്രാമീണ ജല-ശുചിത്വ സമിതിയുടെ കൃത്യമായ യോഗങ്ങളിലൂടെ ബില്ലിങ്, വരുമാന ശേഖരണം, സേവന വിതരണം എന്നിവ അവലോകനം ചെയ്യുന്നു. ജലവിതരണ സംവിധാനത്തിന്റെ  നിര്‍വഹണത്തില്‍ സുതാര്യതയും കൂട്ടായ മേല്‍നോട്ടവും ഉറപ്പാക്കാന്‍ ഈ യോഗങ്ങള്‍ വഴിയൊരുക്കുന്നു. സമിതിയില്‍ സ്ത്രീകളുടെയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെയും പങ്കാളിത്തം രചന ദേവി പ്രോത്സാഹിപ്പിച്ചു.  ഗ്രാമീണതലത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജല ഭരണ നിര്‍വഹണം  ശക്തിപ്പെടുത്താന്‍ ഇത് സഹായകമായി.  

ഹിമാലയന്‍ ഉന്നതങ്ങളിലും  ജലപ്രവാഹം നിലനിര്‍ത്തുന്നു

ലഡാക്കിലെ ലേ ജില്ലയില്‍ മാഥോ എന്ന ഉയര്‍ന്ന പ്രദേശത്ത് വിശ്വസനീയ കുടിവെള്ള വിതരണ സംവിധാനം നിലനിര്‍ത്താന്‍ നിരന്തര സാങ്കേതിക പരിശ്രമത്തിനൊപ്പം പ്രാദേശിക സ്ഥാപനങ്ങളും പ്രാദേശിക തലത്തിലെ ജീവനക്കാരും തമ്മിലെ ഏകോപനവും അനിവാര്യമാണ്.  
 


 
ഗ്രാമത്തില്‍  കുടിവെള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും  പൊതുജനാരോഗ്യ എന്‍ജിനീയറിങ് വിഭാഗം ലൈന്‍മാന്‍  സെറിംഗ് ദോര്‍ജെ സുപ്രധാന പങ്കുവഹിച്ചു. ദുഷ്‌കരമായ ഭൂപ്രകൃതിയിലും കഠിനമായ കാലാവസ്ഥയിലും ജോലി ചെയ്ത് മാഥോ ഗ്രാമത്തിലെ വീടുകളില്‍ ജല്‍ ജീവന്‍ മിഷന് കീഴില്‍ വിശ്വസനീയ പൈപ്പ്‌വെള്ള കണക്ഷനുകള്‍  ഉറപ്പാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. കൂടാതെ, നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിനൊപ്പം ഗ്രാമത്തിലെ കുടിവെള്ള സേവനങ്ങള്‍ വിപുലീകരിക്കാനും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും സാധിച്ചു.  ഗ്രാമീണ ജലപദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരും സാങ്കേതിക പ്രവര്‍ത്തകരും എപ്രകാരമാണ് സഹായിക്കുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

ഗുജറാത്തില്‍ ജല ഗുണനിലവാര സംരക്ഷകരായി സ്ത്രീകള്‍

ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ ഗന്ദേവി താലൂക്കിലെ മനെക്‌പോര്‍  ഗ്രാമത്തില്‍ ഗ്രാമീണ ജല ഗുണനിലവാര സംഘത്തിന്റെ സജീവ ഇടപെടലിലൂടെയാണ് ജലത്തിന്റെ ഗുണനിലവാര പരിശോധന നടക്കുന്നത്. ഗ്രാമീണ ജല ഗുണനിലവാര സംഘാംഗമായ ഫാല്‍ഗുനിബെന്‍ സഞ്ജയ്ഭായ് റാത്തോഡ് ജല്‍ ജീവന്‍ മിഷന് കീഴില്‍ ഗ്രാമത്തിലെ വീടുകളില്‍ സുരക്ഷിത ജലമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ ഫീല്‍ഡ് പരിശോധനാ കിറ്റ്  ഉപയോഗിച്ച് പതിവായി  കുടിവെള്ള പരിശോധന നടത്തുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗ്രാമത്തിലെ എല്ലാ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരണം ഉറപ്പാക്കിയ അവര്‍  ഗാര്‍ഹിക തലത്തില്‍ 19 ജല സാമ്പിളുകള്‍ പരിശോധിച്ചു. പരിശോധനയ്ക്കൊപ്പം  സുരക്ഷിത കുടിവെള്ളം ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് ജല ഗുണനിലവാരത്തെക്കുറിച്ചും വീട്ടില്‍ നടത്താവുന്ന ക്ലോറിനേഷന്‍ പോലുള്ള അണുനശീകരണ രീതികളെക്കുറിച്ചും സമൂഹത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അവര്‍ പ്രോത്സാഹിപ്പിക്കുന്നു.

ജല ഗുണനിലവാര പരിശോധനാഫലങ്ങള്‍ സമൂഹവുമായി പങ്കുവെക്കുന്നുണ്ടെന്നും അവര്‍ ഉറപ്പാക്കുന്നു. ജല ഗുണനിലവാരം സംബന്ധിച്ച് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടായാല്‍ നിശ്ചിത ചട്ടങ്ങളനുസരിച്ച് ലബോറട്ടറികളില്‍ സാമ്പിളുകള്‍ പുനഃപരിശോധിക്കുന്നു. ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായ ഫാല്‍ഗുനിബെന്‍ 'ഭുല്‍കു മഹിളാ ബചത് മണ്ഡല്‍' എന്ന സ്വയംസഹായ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനൊപ്പം ഗ്രാമത്തിലെ ആശാ പ്രവര്‍ത്തകയായും സേവനമനുഷ്ഠിക്കുന്നു. പൊതുജനാരോഗ്യ ബോധവല്‍ക്കരണത്തിലും സാമൂഹ്യ ശാക്തീകരണത്തിലും അവര്‍ വലിയ പങ്കുവഹിക്കുന്നു.
 


 
ജല ഗുണനിലവാര നിരീക്ഷണത്തിലും സാമൂഹ്യ ഇടപെടലിലും സജീവമായി  പ്രവര്‍ത്തിച്ച് ഗ്രാമത്തിലെ സുരക്ഷിത കുടിവെള്ള പരിപാലനം ശക്തിപ്പെടുത്താന്‍ അവര്‍ മികച്ച സംഭാവന നല്‍കുന്നു.

സിക്കിമില്‍ സ്വയംപര്യാപ്ത ജല പരിപാലനത്തിന് നേതൃത്വം നല്‍കുന്ന ജനകീയ നേതൃത്വം

സിക്കിമില്‍ രണ്ട് വനിതാ സര്‍പഞ്ചുമാരാണ് ഗ്രാമങ്ങളെ സ്വയംപര്യാപ്ത ജല പരിപാലനത്തിലേക്ക് നയിക്കാന്‍ സഹായിച്ചത്.  സര്‍ക്കാരിന്റെ ഗ്രാമീണ പൈപ്പ്‌വെള്ള പദ്ധതി  ഗ്രാമങ്ങളിലെത്തിയപ്പോള്‍ ഷീല സുബ്ബയും പുഷ്പ സിഞ്ചുറിയും തുടക്കത്തിലേ ഈ പരിശ്രമത്തില്‍ പങ്കുചേരുകയും ഗ്രാമവാസികളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.  

വിശ്വസനീയ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാമൂഹ്യ പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ച്  ഗ്രാമങ്ങളിലെ വീടുകളും വാര്‍ഡുകളും അവര്‍ സന്ദര്‍ശിച്ചു. ചര്‍ച്ചകളിലും ആസൂത്രണത്തിലും ഗ്രാമീണ ജനത പങ്കുചേര്‍ന്നതോടെ  ജലവിതരണ സംവിധാനം പരിപാലിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു പൊതുധാരണ രൂപപ്പെട്ടു.  ഇത് ഉപഭോക്തൃ നിരക്കുകള്‍  നല്‍കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുകയും അതുവഴി സ്വന്തം ജലവിതരണ സംവിധാനങ്ങള്‍ സുസ്ഥിരമായി നിലനിര്‍ത്താന്‍ ഗ്രാമങ്ങളെ സഹായിക്കുകയും ചെയ്തു.
 


 
ദരംദിന്‍ ബ്ലോക്കിന് കീഴിലെ റുംബുക് ഗ്രാമപഞ്ചായത്ത് യൂണിറ്റില്‍  സര്‍പഞ്ച് ഷീല സുബ്ബ ഗ്രാമത്തിലെ ജലവിതരണ സംവിധാനം നിയന്ത്രിക്കുന്നതില്‍ സജീവ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിച്ചു. പതിവുയോഗങ്ങളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും ആസൂത്രണ-പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഗ്രാമീണര്‍ പങ്കുചേരുന്നു. ഇന്ന് എല്ലാ വീടുകളിലും സ്‌കൂളുകളിലും അങ്കണവാടികളിലും പൈപ്പ്‌വെള്ള കണക്ഷനുകളുണ്ട്. വിതരണത്തിലെ തടസങ്ങള്‍ ഉടനടി പരിഹരിക്കാനും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാനും സാമൂഹ്യ പങ്കാളിത്തം സഹായിക്കുന്നു.

അപ്പര്‍ തംബോംഗ് ഗ്രാമപഞ്ചായത്ത് യൂണിറ്റില്‍  സര്‍പഞ്ച് പുഷ്പ സിഞ്ചുറി ഗ്രാമത്തിലെ ജലവിതരണ സംവിധാനത്തിന്റെ സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വീടുകള്‍ കൃത്യമായി ഉപഭോക്തൃ നിരക്കുകള്‍ നല്‍കുകയും ശേഖരിക്കുന്ന തുക അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി സുതാര്യമായി ഉപയോഗിക്കുകയും ചെയ്യുന്നു. കൃത്യമായ സാമ്പത്തിക നിര്‍വഹണത്തിലൂടെയും ലഭ്യമായ വിഭവങ്ങളുടെ ഫലപ്രദ വിനിയോഗത്തിലൂടെയും സജീവ ജനകീയ പങ്കാളിത്തത്തിലൂടെയും വിശ്വസനീയ കുടിവെള്ള സംവിധാനം നിലനിര്‍ത്താന്‍ ഈ ഗ്രാമത്തിന് സാധിച്ചു.

ഗ്രാമങ്ങളിലുടനീളം പൈപ്പുവെള്ളത്തിന്റെ ലഭ്യത വിപുലീകരിക്കുന്നു

ഝാര്‍ഖണ്ഡിലെ കാഞ്ചന്‍പൂര്‍ ഗ്രാമപഞ്ചായത്ത് മുഖ്യയായ പിങ്കി റാണയുടെ നേതൃത്വത്തില്‍ ഗ്രാമീണ കുടിവെള്ള ലഭ്യത വിപുലീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ നിരവധി ഗ്രാമങ്ങളില്‍ എത്തിച്ചേര്‍ന്നു.
 


 
അവരുടെ ഭരണകാലയളവില്‍ പഞ്ചായത്തിലെ വിവിധ ജനവാസ മേഖലകളില്‍ 100 ശതമാനം 'പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക പൈപ്പ് കണക്ഷന്‍'  കൈവരിക്കാനായി.  കാഞ്ചന്‍പൂര്‍ ഗ്രാമത്തിലെ 670 വീടുകളിലും ഹെത്ലാഗിലെ 384 വീടുകളിലും ഗോവിന്ദപൂരിലെ 357 വീടുകളിലും ഈ വിപുലീകരണം എത്തിച്ചേര്‍ന്നു.

ഈ നേട്ടത്തോടെ  ഗ്രാമങ്ങളിലുടനീളം പൈപ്പ് കുടിവെള്ള സേവനങ്ങള്‍ വിജയകരമായി വിപുലീകരിച്ചതിന്റെ പ്രതിഫലനമായി പഞ്ചായത്ത് 'ഹര്‍ ഘര്‍ ജല്‍ പഞ്ചായത്ത്'  എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. ഉപഭോക്തൃ നിരക്കുകള്‍ കൃത്യമായി നല്‍കാന്‍ വീടുകളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമങ്ങളും നടന്നു വരുന്നു. ഈ സംഭാവനകള്‍ ജലവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെയും പരിപാലനത്തെയും കാലങ്ങളോളം പിന്തുണയ്ക്കാന്‍ സഹായിക്കുന്നു.

ഗ്രാമീണ ജലസംവിധാനങ്ങളുടെ സുസ്ഥിരത ജനകീയ പങ്കാളിത്തത്തിലൂടെ  

ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങളുടെയും പ്രാദേശിക പങ്കാളിത്തത്തിന്റെയും സംയുക്ത ശക്തിയെ എങ്ങനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ലഡാക്ക്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ  ഉദാഹരണങ്ങള്‍  വ്യക്തമാക്കുന്നു. ജല്‍ ജീവന്‍ മിഷന് കീഴില്‍ നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ഗ്രാമപഞ്ചായത്തുകളും മുന്‍നിര പ്രവര്‍ത്തകരും വനിതാകൂട്ടായ്മകളും പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരുമെല്ലാം ചേര്‍ന്ന് നടത്തുന്ന  ഇടപെടലുകള്‍ ഗ്രാമീണ തലത്തില്‍ ഈ സംവിധാനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നു. ഇത്തരം പങ്കാളിത്തത്തിലൂടെ ഗ്രാമീണ ജലവിതരണ പശ്ചാത്തല സൗകര്യങ്ങളുടെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലും  നിരീക്ഷണത്തിലും സമൂഹങ്ങള്‍ പിന്തുണ നല്‍കുന്നു.  രാജ്യത്തുടനീളം വീടുകളിലേക്ക് കുടിവെള്ള സേവനങ്ങള്‍ മുടങ്ങാതെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു.


അവലംബം
 

( റിലീസ് ഐ.ഡി: 2239831) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil