ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
കേന്ദ്ര ഫിഷറീസ് വകുപ്പ് ശ്രീനഗറിൽ പ്രഥമ ദേശീയ ശീതജല മത്സ്യബന്ധന സമ്മേളനം സംഘടിപ്പിക്കും
“ശീതജല മത്സ്യബന്ധന വികസനത്തിനായുള്ള മാതൃകാ മാർഗ്ഗനിർദ്ദേശങ്ങൾ” കേന്ദ്ര മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് പ്രകാശനം ചെയ്യും
പോസ്റ്റഡ് ഓണ്‍:
13 MAR 2026 10:40AM by PIB Thiruvananthpuram
കേന്ദ്ര മത്സ്യബന്ധന വകുപ്പ് നാളെ (2026 മാർച്ച് 14) ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ഷെർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ (SKICC) ശീതജല മത്സ്യബന്ധനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനം സംഘടിപ്പിക്കും .കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന-പഞ്ചായത്തീരാജ് മന്ത്രി ശ്രീ. രാജീവ് രഞ്ജൻ സിംഗിന്റെ മാർഗനിർദേശപ്രകാരം നടക്കുന്ന ഈ സമ്മേളനത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ. മനോജ് സിൻഹ, മുഖ്യമന്ത്രി ശ്രീ. ഒമർ അബ്ദുള്ള , കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സഹമന്ത്രിമാരായ പ്രൊഫ. എസ്.പി. സിംഗ് ഭാഗേൽ, ശ്രീ. ജോർജ് കുര്യൻ, ജമ്മു കശ്മീർ കൃഷി മന്ത്രി ശ്രീ. ജാവിദ് അഹമ്മദ് ദാർ എന്നിവർ സംബന്ധിക്കും.ഇന്ത്യയിലെ ശീതജല മത്സ്യബന്ധന മേഖലയിലെ സാധ്യതകൾ സ്ഥിരതയാർന്ന രീതിയിൽ പ്രയോജനപ്പെടുത്തി വളർച്ചയും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള ആദ്യത്തെ ദേശീയ സംവാദമാണ് ഈ സമ്മേളനം.
ഹിമാലയൻ താഴ്വരകൾ മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ശീതജല മത്സ്യബന്ധന മേഖല രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്നു.ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, സിക്കിം, പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങൾ, വടക്കുകിഴക്കൻ, ഉപദ്വീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇത് പടർന്നു കിടക്കുന്നു. 5.33 ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള പർവതപ്രദേശങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ശീതജല മത്സ്യ ഇനങ്ങളുടെ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്ന, പ്രകൃത്യാലുള്ള നദികൾ, അരുവികൾ, തടാകങ്ങൾ, ജലസംഭരണികൾ എന്നിവയാൽ സമ്പന്നമാണ് ഈ വിശാലമായ ഭൂപ്രദേശം . തിരിച്ചറിഞ്ഞ 278-ലധികം ശീതജല മത്സ്യ ഇനങ്ങളുള്ള ഈ ആവാസവ്യവസ്ഥ, ഉപജീവന സാധ്യതകൾ സൃഷ്ടിക്കുന്നതിനും പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും ശാസ്ത്രീയ മത്സ്യകൃഷി വികസിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വലിയ സാധ്യതകൾ നൽകുന്നു.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പ്രകാരം, കേന്ദ്ര സർക്കാരിന്റെ കീഴിൽ ഫിഷറീസ് വകുപ്പ് ശീതജല മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രധാനപ്പെട്ട നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.ശീതജല സംസ്ഥാനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഹാച്ചറികൾ വികസിപ്പിക്കുന്നതിനും വിത്ത്-തീറ്റ ഉൽപ്പാദന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിനും റേസ്‌വേ(raceway) സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ കേടുകൂടാതെ വിപണിയിലെത്തിക്കാൻ മികച്ച ഗതാഗത സൗകര്യങ്ങളും കോൾഡ് ചെയിൻ (Cold-chain) ശൃംഖലകളും ശക്തിപ്പെടുത്തുന്നതിനും ഉപജീവനാധിഷ്ഠിത പ്രവർത്തനങ്ങൾ പിന്തുണയ്ക്കുന്നതിനുമായി 2,299.56 കോടി രൂപ യുടെ സമർപ്പിത നിക്ഷേപം അനുവദിച്ചിട്ടുണ്ട്.
സമ്മേളനത്തിനിടെ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് “ശീതജല മത്സ്യബന്ധന വികസനത്തിനായുള്ള മാതൃകാ മാർഗ്ഗരേഖ”പുറത്തിറക്കും.കൂടാതെ , മത്സ്യബന്ധന സഹകരണ സംഘങ്ങൾ, കിസാൻ ക്രെഡിറ്റ് കാർഡ് ഗുണഭോക്താക്കൾ എന്നിവർക്ക് പദ്ധതി ആനുകൂല്യങ്ങൾ, ജമ്മു കശ്മീരിലെ മികച്ച എഫ്.എഫ്.പി.ഒകൾ, മികച്ച മത്സ്യബന്ധന സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കുള്ള അവാർഡുകൾ തുടങ്ങിയവ ചടങ്ങിൽ വിതരണം ചെയ്യും. ജമ്മു കശ്മീരിൽ നിന്നുള്ള മികച്ച ഫിഷറീസ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (FFPO), മികച്ച ഫിഷറീസ് സ്റ്റാർട്ടപ്പുകൾക്കുമുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.സമ്മേളനത്തിലെ സാങ്കേതിക സെഷനിൽ ഗവേഷണവും നവോത്ഥാനവും, സാങ്കേതിക വിദ്യയുടെ ഉപയോഗം, അടിസ്ഥാന സൗകര്യ വികസനം, സ്ഥാപന സംയോജനം, സംരംഭകത്വ വികസനം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
മേഖലയുടെ പുരോഗതിക്കായി ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, വിദഗ്ധർ, ഗവേഷകർ, മറ്റ് പങ്കാളികൾ എന്നിവരെ ഈ പരിപാടി ഒരുകുടക്കീഴിൽ അണിനിരത്തും . അറിവ് പങ്കുവെക്കുന്നതിലൂടെയും ദേശീയ-സംസ്ഥാന മുൻഗണനകളെ ഏകോപിപ്പിക്കുന്നതിലൂടെയും ശീതജല മത്സ്യബന്ധന മേഖലയിൽ സുസ്ഥിര വളർച്ച കൈവരിക്കാനാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.
റെയിൻബോ ട്രൗട്ട് (Rainbow Trout), ബ്രൗൺ ട്രൗട്ട് (Brown Trout), മഹാസീർ (Mahseer) തുടങ്ങിയ മികച്ച ശീതജല മത്സ്യങ്ങൾ രാജ്യത്തെ മികച്ച വളർച്ചാ സാധ്യതയുള്ളതും ഉയർന്ന മൂല്യമുള്ളതുമായ വിഭാഗമാണ്. കൃത്യവും നയപരവുമായ ഇടപെടലുകളിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ട്രൗട്ട് ഉൽപ്പാദനം ഏകദേശം 1.8 മടങ്ങ് വർദ്ധിപ്പിക്കാൻ സാധിച്ചു. എന്നിരുന്നാലും, ഇന്ത്യ ഇപ്പോഴും സാൽമൺ (Salmon), പ്രീമിയം ട്രൗട്ട് എന്നിവ ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി, ശീതജല മത്സ്യ ഉൽപ്പാദനം ഇരട്ടിയാക്കുന്നതിനും ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കേന്ദ്ര സർക്കാർ 'നാഷണൽ വിഷൻ ഫോർ കോൾഡ് വാട്ടർ ഫിഷറീസ് 2030' ആവിഷ്കരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, ശീതജല മത്സ്യബന്ധന മേഖലയെ ശാക്തീകരിക്കുന്നതിനും സുസ്ഥിര ഉപജീവന സാധ്യതകൾ വർധിപ്പിക്കുന്നതിനും രാജ്യത്തെ മലനിരകളിലും ദൂരപ്രദേശങ്ങളിലും പോഷകസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി സംവാദം, പങ്കാളിത്തം, ഭാവി മാർഗരേഖ രൂപീകരണം എന്നിവയ്ക്കുള്ള പ്രധാന വേദിയായി ഈ സമ്മേളനം പ്രവർത്തിക്കും.
പശ്ചാത്തലം
കഴിഞ്ഞ ദശകത്തിൽ, ശീതജല മേഖലകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ശക്തമായ ഒരു നിക്ഷേപ ഘടന സൃഷ്ടിച്ചിട്ടുണ്ട്. നീല വിപ്ലവ പദ്ധതിയിൽ തുടങ്ങി, തുടർന്ന് FIDF, PMMSY, PMMKSSY തുടങ്ങിയ പ്രധാന ദേശീയ പരിപാടികളിലൂടെ,39,272 കോടിയിലധികം രൂപയുടെ നിക്ഷേപം വിഭാവനം ചെയ്തിട്ടുണ്ട്, ഇതിൽ 34,266 കോടി രൂപയുടെ പദ്ധതികൾക്ക് ഇതിനകം അംഗീകാരം ലഭിച്ചു.
PMMSY പ്രകാരം, ഫിഷറീസ് വകുപ്പ് 5,600 റേസ്‌വേകൾ, 54 ഹാച്ചറികൾ, 5,600 ട്രൗട്ട് വളർത്തൽ യൂണിറ്റുകൾ, 293 കോൾഡ് സ്റ്റോറേജുകൾ, 8,044 ഗതാഗത വാഹനങ്ങൾ, 260 ഫീഡ് മില്ലുകൾ എന്നിവയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്, ഈ പ്രവർത്തനങ്ങൾ ശീതജല മത്സ്യ കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നു. കൂടാതെ ,സംസ്ഥാനങ്ങളിലുടനീളം ഉൽപാദന, വിതരണ ശൃംഖലകൾ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കൊപ്പം, 33.78 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയും 23.51 ലക്ഷം കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗവും പോഷകാഹാര പിന്തുണയും നൽകി, മലനിരകളിലുള്ള സമൂഹങ്ങൾക്ക് സാമൂഹിക സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നു.
ദേശീയതലത്തിൽ അംഗീകരിച്ച പന്ത്രണ്ട് ഇന്റഗ്രേറ്റഡ് അക്വാ പാർക്കുകളിൽ (IAP) നാലെണ്ണം ശീതജല മത്സ്യബന്ധന മേഖലയിലാണ് ഉൾപ്പെടുന്നത്. കാശ്മീരിലെ അനന്ത്‌നാഗ്, ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ, അരുണാചൽ പ്രദേശിലെ സീറോ, നാഗാലാൻഡിലെ മൊകോക്ചുങ് എന്നിവയാണവ. ഈ അക്വാ പാർക്കുകൾ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മത്സ്യബന്ധന വികസനത്തെ പിന്തുണയ്ക്കുകയും മൂല്യവർദ്ധിത ശൃംഖലയുടെ എല്ലാ തലങ്ങളിലും കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു.
കൂടാതെ, കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് വകുപ്പ് ശീതജല മത്സ്യബന്ധന ക്ലസ്റ്ററുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ജമ്മു കശ്മീരിലെ അനന്ത്‌നാഗ്, ഉത്തരാഖണ്ഡിലെ പിത്തോരഗഡ്, ഹിമാചൽ പ്രദേശിലെ കുളു എന്നിവയെ മുൻനിര ജില്ലയായും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിൽ ഉൾനാടൻ പ്രദേശങ്ങളിലെയും ഉയർന്ന പ്രദേശങ്ങളിലെയും മത്സ്യക്കൃഷിയുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി, ഫിഷറീസ് വകുപ്പ് ഡ്രോൺ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരീക്ഷണ പദ്ധതിയിൽ , ഡ്രോൺ വഴിയുള്ള ഗതാഗതം ഉൽപ്പന്നങ്ങൾ കേടാകുന്നത് കുറയ്ക്കാനും വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും സഹായിക്കുമെന്ന് തെളിഞ്ഞു. പരമ്പരാഗത ഗതാഗത സൗകര്യങ്ങൾ കുറവായ വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ വളരെയധികം സഹായിക്കും.
SKY
****
( റിലീസ് ഐ.ഡി: 2239525)
സന്ദര്‍ശക കൗണ്ടര്‍ : 7