പരിസ്ഥിതി, വനം മന്ത്രാലയം
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം "റെയിൽവേ ട്രാക്കുകളിലെ ആനകളുടെ മരണം കുറയ്ക്കുന്നതിനുള്ള നയം നടപ്പിലാക്കൽ" എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
12 MAR 2026 9:31AM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷൻ, ഡെഹ്റാഡൂൺ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII) യുമായി സഹകരിച്ച് 2026 മാർച്ച് 10-11 തീയതികളിൽ "റെയിൽവേ ട്രാക്കുകളിലെ ആനകളുടെ മരണം കുറയ്ക്കുന്നതിനുള്ള നയം നടപ്പിലാക്കൽ" എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ ദേശീയ ശില്പശാല സംഘടിപ്പിച്ചു. മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷൻ, റെയിൽവേ മന്ത്രാലയം, ആനകൾ കൂടുതലായുള്ള സംസ്ഥാനങ്ങളിലെ വനം വകുപ്പുകൾ, പ്രമുഖ സംരക്ഷണ ശാസ്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ 40 വകുപ്പുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റേൺ ഫ്രോണ്ടിയർ റെയിൽവേ, നോർത്തേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, സതേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നീ റെയിൽവേ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ആഗോളതലത്തിൽ ഏഷ്യൻ ആനകളുടെ എണ്ണത്തിൽ 60%-ലധികവും ഇന്ത്യയിലാണ്. കിഴക്കൻ, വടക്കുകിഴക്കൻ, തെക്കൻ, മധ്യ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രധാന ആവാസ വ്യവസ്ഥകളിലാണിവ കൂടുതലായും കാണപ്പെടുന്നത്. ആനകളുടെ ആവാസവ്യവസ്ഥ വിഘടിപ്പിക്കപ്പെടുന്നതും അവയുടെ ആവാസ മേഖലയിലൂടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം നടക്കുന്നതും റെയിൽവേ ട്രാക്കുകളിൽ ജീവൻ നഷ്ടപ്പെടുന്ന ആനകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായി. പ്രത്യേകിച്ച് അസം, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ഒഡീഷ, തമിഴ്നാട്, കർണാടക, കേരളം, ഛത്തീസ്ഗഡ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് പ്രകടമാണ്. സംരക്ഷണ, അടിസ്ഥാന സൗകര്യ മേഖലകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും ശാസ്ത്രാധിഷ്ഠിത തന്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യങ്ങൾ.ട്രെയിൻ ഇടിച്ച് റെയിൽവേ ട്രാക്കുകളിൽ ജീവൻ നഷ്ടമാകുന്ന വന്യജീവികളുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, അത് പരിഹരിക്കുന്നതിനായി WII-യും റെയിൽവേ മന്ത്രാലയവുമായി സഹകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആനകൾ കൂടുതലായുള്ള പ്രദേശങ്ങളിൽ 110 അപകട സാധ്യത കൂടിയ റെയിൽവേ ഭാഗങ്ങളും കടുവകൾ കാണപ്പെടുന്ന രണ്ടു സംസ്ഥാനങ്ങളിൽ 17 അപകട സാധ്യത പ്രദേശങ്ങൾ അധികമായും കണ്ടെത്തി.
പ്രോജക്റ്റ് എലിഫന്റ്, WII, സംസ്ഥാന വനം വകുപ്പുകൾ, ഇന്ത്യൻ റെയിൽവേ എന്നിവയിൽ നിന്നുള്ള സംഘങ്ങൾ നടത്തിയ സമഗ്രമായ സംയുക്ത ഫീൽഡ് സർവേകൾ പ്രദേശ-നിർദ്ദിഷ്ട പാരിസ്ഥിതിക സാഹചര്യങ്ങൾ വിലയിരുത്തുകയും ഓരോ സ്ഥലത്തിനും അനുയോജ്യമായ കൂട്ടിയിടി ലഘൂകരണ നടപടികൾ നിർദ്ദേശിക്കുകയും ചെയ്തു. ആകെ 3,452.4 കിലോമീറ്റർ ഉൾക്കൊള്ളുന്ന 127 റെയിൽവേ ഭാഗങ്ങളുടെ വിശദമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, വന്യജീവികളുടെ സഞ്ചാരരീതികളും മൃഗങ്ങളുടെ മരണനിരക്കിന്റെ അപകടസാധ്യതയും കണക്കിലെടുത്ത് 14 സംസ്ഥാനങ്ങളിലായി 1,965.2 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന 77 റെയിൽവേ ഭാഗങ്ങളിൽ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി.
ഈ മുൻഗണനാ മേഖലകളിലേക്ക് ശുപാർശ ചെയ്യുന്ന ലഘൂകരണ പാക്കേജിൽ, 503 റാമ്പുകളും ലെവൽ ക്രോസിംഗുകളും, 72 പാലം വിപുലീകരണങ്ങൾ , 39 വേലി അല്ലെങ്കിൽ കിടങ്ങുകൾ , 4 എക്സിറ്റ് റാമ്പുകൾ, 65 പുതിയ അടിപ്പാതകൾ , 22 മേൽപ്പാതകൾ എന്നിവ ഉൾപ്പെടെ, വന്യജീവികളുടെ സുരക്ഷിതമായ സഞ്ചാരം സുഗമമാക്കുന്നതിനും അപകട സാധ്യത കുറയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ആകെ 705 ഘടനാ പരിഷ്കരണങ്ങൾ ഉൾപ്പെടുന്നു.
ഈ നടപടികൾക്ക് പുറമേ, ട്രാക്ക് ഇരട്ടിപ്പിക്കലും മൂന്നിരട്ടിയാക്കലും ഉൾപ്പെടെ നിരവധി പുതിയ റെയിൽവേ പാതകളും വിപുലീകരണ പദ്ധതികളും വന്യജീവി സൗഹൃദപരമായി നടപ്പാക്കും. ഛത്തീസ്ഗഡിലെ അചാനക്മാർ-അമർകണ്ഠക് ആന ഇടനാഴിയിലൂടെ കടന്നുപോകുന്ന ഗെവ്ര റോഡ്-പെന്ദ്ര റോഡ് റെയിൽവേ പാത; മഹാരാഷ്ട്രയിലെ ദരേകാസ-സലേകാസ റെയിൽവേ ട്രാക്ക് മൂന്നിരട്ടിയാക്കൽ പദ്ധതി, നാഗ്ഭിദ്-ഇത്വാരി ഗേജ് പരിവർത്തന പദ്ധതി, മഹാരാഷ്ട്രയിലെ കൻഹ-നവേഗാവ്-തഡോബ-ഇന്ദ്രാവതി കടുവ ഇടനാഴിയെ വിഭജിക്കുന്ന വാഡ്‌സ-ഗഡ്ചിരോളി റെയിൽവേ പാത എന്നിവ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്.
അസമിലെ റാണി-ഗർഭംഗ-ഡീപ്പർ ബീൽ ആന ഇടനാഴിയെ മുറിച്ചുകടന്ന് പോകുന്ന അസാര-കാമാഖ്യ റെയിൽവേ പാതയിലെ 3.5 കിലോമീറ്റർ മേഖലയിൽ മുമ്പ് നിരവധി ആനകൾക്ക് ട്രെയിൻ തട്ടി ജീവൻ നഷ്ടമായ സാഹചര്യത്തിൽ, ഇവിടെ പ്രത്യേകിച്ച് ഒരു സുപ്രധാന ഇടപെടൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടനാഴിയിലൂടെ ആനകളുടെ സുരക്ഷിതമായ സഞ്ചാരം സാധ്യമാക്കുന്നതിനായി ഈ ഭാഗം ഉയർത്തും.
വന്യജീവി-ട്രെയിൻ അപകടങ്ങൾ തടയുന്നതിന് നിരവധി സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ പരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ആനകൾ കൂടുതലായുള്ള മേഖലകളിലെ റെയിൽവേ പാതകളിൽ വിന്യസിച്ചിരിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് സിസ്റ്റം (DAS) അടിസ്ഥാനമാക്കിയുള്ള 'വന്യജീവി കടന്നുകയറ്റം തിരിച്ചറിയൽ സംവിധാനം' (IDS) ശ്രദ്ധേയമായ നൂതനാശയമാണ്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ കീഴിലുള്ള നാല് സെക്ഷനുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഈ സംവിധാനം വിജയകരമായി കമ്മീഷൻ ചെയ്തിട്ടുണ്ട്.ഇത് അസമിലെ മൊത്തം 64.03 കിലോമീറ്റർ ആന ഇടനാഴികളും 141 കിലോമീറ്റർ റെയിൽവേ ബ്ലോക്ക് സെക്ഷനുകളും ഉൾക്കൊള്ളുന്നു. വടക്കൻ ബംഗാളിലെ അപകട സാധ്യതയുള്ള റെയിൽവേ സെക്ഷനുകളിലും ഒഡീഷയുടെ ചില ഭാഗങ്ങളിലും ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ കീഴിലാണ് ഈ സംവിധാനം ഇപ്പോൾ നടപ്പാക്കുന്നത് .
തമിഴ്‌നാട്ടിലെ മധുക്കരയിൽ വിന്യസിച്ചിരിക്കുന്ന AI-അധിഷ്ഠിത മുൻകൂർ മുന്നറിയിപ്പ് സംവിധാനമാണ് പ്രതീക്ഷ നൽകുന്ന മറ്റൊരു ഇടപെടൽ. തെർമൽ, മോഷൻ സെൻസിംഗ് സാങ്കേതികവിദ്യകളുള്ള 12 ടവർ സ്ഥാപിത ക്യാമറകളുടെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. റെയിൽവേ ട്രാക്കുകളുടെ 100 മീറ്ററിനുള്ളിൽ ആനകളുടെ സഞ്ചാരം ഈ സംവിധാനം സ്വയം കണ്ടെത്തുകയും വനം, റെയിൽവേ ഉദ്യോഗസ്ഥർക്ക് യാന്ത്രികമായി മുന്നറിയിപ്പ് നൽകുകയും ട്രെയിനുകൾ വേഗത കുറയ്ക്കാൻ പ്രാപ്തമാക്കുകയും ആനകളെ സുരക്ഷിതമായി റെയിൽപ്പാത മുറിച്ച് കടക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
ആനകളുടെ പാരിസ്ഥിതിക അന്തരീക്ഷം , അടിസ്ഥാന സൗകര്യ ആസൂത്രണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾ ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നു. റെയിൽവേപാതകൾ, വന്യജീവി ഇടനാഴികളെ മുറിച്ചുകടക്കുന്നിടത്ത് സംയുക്ത ആസൂത്രണത്തിന്റെ ആവശ്യകത പരിപാടിയിൽ ഊന്നിപ്പറഞ്ഞു. സംസ്ഥാനതല ഡാറ്റ, കേസ് പഠനങ്ങൾ എന്നിവയ്ക്ക് പുറമെ കൂട്ടിയിടിയുടെ പ്രധാന കാരണങ്ങളായ ആവാസവ്യവസ്ഥയുടെ വിഘടനം, ഭൂവിനിയോഗ രീതിയിലെ മാറ്റങ്ങൾ, ട്രെയിൻ വേഗത, രാത്രി കാലങ്ങളിലും പ്രത്യേക സീസണിലും ആനകളുടെ അധികമായ സഞ്ചാരം എന്നിവയും പങ്കെടുക്കുന്നവർ പരിശോധിച്ചു.
പ്രധാന ഭൗമ മേഖലകളിലുടനീളമുള്ള (ശിവാലിക്-ഗംഗാ സമതലങ്ങൾ, മധ്യ ഇന്ത്യ & കിഴക്കൻ ഘട്ടങ്ങൾ, വടക്കുകിഴക്കൻ ഇന്ത്യ, പശ്ചിമഘട്ടം) അപകടസാധ്യതാ ലഘൂകരണ ശ്രമങ്ങൾ പ്രാദേശിക പ്രവർത്തന ഗ്രൂപ്പുകൾ അവലോകനം ചെയ്യുകയും വിടവുകൾ തിരിച്ചറിഞ്ഞ് ആവശ്യമായ ഭൂപ്രകൃതി-നിർദ്ദിഷ്ട തന്ത്രങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. പങ്കുവയ്ക്കപ്പെട്ട മികച്ച രീതികളിൽ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, സെൻസർ/AI കണ്ടെത്തൽ സാങ്കേതികവിദ്യകൾ, GIS നിരീക്ഷണം, സമൂഹ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം, പട്രോളിംഗ് ശൃംഖല എന്നിവ ഉൾപ്പെടുന്നു.
റെയിൽവേ അധികൃതർ, വനം വകുപ്പുകൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ ശക്തമായ ഏകോപനത്തിനും, അപകടസാധ്യത വിലയിരുത്തൽ, നിരീക്ഷണം, ദ്രുത പ്രതികരണം എന്നിവയ്ക്കുള്ള ഏകീകൃത പ്രോട്ടോക്കോളുകൾക്കും ശിൽപശാല ഊന്നൽ നൽകി. അപകട ഹോട്ട്‌സ്‌പോട്ടുകളും മുൻഗണനാ മേഖലകളും സംബന്ധിച്ച ദേശീയ സമവായം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ചകൾ ശക്തിപ്പെടുത്തി. മെച്ചപ്പെട്ട മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, പ്രത്യേകമായുള്ള ക്രോസിംഗുകൾ, മികച്ച രീതിയിലുള്ള അടയാള ബോർഡുകൾ, മെച്ചപ്പെട്ട ഡാറ്റ പങ്കിടൽ എന്നിവ ഉണ്ടാകണമെന്ന് ചർച്ച ആവശ്യപ്പെട്ടു.
ശില്പശാലയിൽ പങ്കെടുത്തവർ ഈ മേഖലയിലെ ഗവേഷണ മുൻഗണനകൾ (AI-അധിഷ്‌ഠിത തിരിച്ചറിയൽ, റിമോട്ട് സെൻസിംഗ്) എടുത്തുകാണിക്കുകയും, ശാസ്ത്രീയ അധിഷ്ഠിതമായ സഹകരണ നടപടികളിലൂടെ ആന-ട്രെയിൻ കൂട്ടിയിടി കുറയ്ക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിനും പ്രോജക്ട് എലിഫന്റിനും കീഴിലുള്ള ഒരു ദേശീയ കർമ്മപദ്ധതിക്ക് ശുപാർശകൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.
*****
( റിലീസ് ഐ.ഡി: 2238818)
സന്ദര്‍ശക കൗണ്ടര്‍ : 7