റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

റെയിൽവേ യാത്രാ നിരക്കുകൾ ഒരു വ്യാപാര രഹസ്യമായി മന്ത്രാലയം കണക്കാക്കുന്നില്ല; യാത്രാ നിരക്ക് യുക്തിസഹമാക്കൽ, പരിഷ്കരണങ്ങൾ മുതലായവ കാലാകാലങ്ങളിൽ എല്ലാവർക്കും അറിയാൻ കഴിയുന്ന തരത്തിൽ പ്രസിദ്ധീകരിച്ചു വരുന്നു: ശ്രീ അശ്വിനി വൈഷ്ണവ്

പോസ്റ്റഡ് ഓണ്‍: 11 MAR 2026 6:22PM by PIB Thiruvananthpuram
യാത്രാ നിരക്കുകൾ ഒരു വ്യാപാര രഹസ്യമായി റെയിൽവേ മന്ത്രാലയം കണക്കാക്കുന്നില്ല. എല്ലാ വിഭാഗത്തിലുള്ള പാസഞ്ചർ സർവീസുകളുടെയും നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുസമൂഹത്തിൽ എല്ലാവർക്കും അറിയാൻ കഴിയുന്ന തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങളാണ്.

2024-25 കാലയളവിൽയാത്രാ ടിക്കറ്റുകൾക്ക് മാത്രം  ഇന്ത്യൻ റെയിൽവേ 60,239 കോടി രൂപയുടെ സബ്‌സിഡി നൽകി. ഇതിനർത്ഥം, റെയിൽവേയിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും ശരാശരി 43% ഇളവ് ലഭിക്കുന്നുവെന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സേവനം നൽകുന്നതിനുള്ള ചെലവ് 100 രൂപയാണെങ്കിൽ, ടിക്കറ്റ് വില 57 രൂപ മാത്രമാണ്. ഈ സബ്സിഡി എല്ലാ യാത്രക്കാർക്കുമായി തുടർന്നുവരുന്നു. കൂടാതെ, 4 വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർ (ദിവ്യാംഗർ), 11 വിഭാഗത്തിൽപ്പെട്ട രോഗികൾ, 8 വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ എന്നിങ്ങനെ ഒട്ടേറെപ്പേർക്ക് സബ്‌സിഡി മുഖേന ഇതിലധികം  ഇളവുകളും നൽകിവരുന്നു.

പരമാവധി സുതാര്യത ഉറപ്പാക്കുന്നതിനായി, യാത്രാ നിരക്കുകളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുടെ വിശദാംശങ്ങൾ (അടിസ്ഥാന നിരക്ക്, റിസർവേഷൻ ചാർജ്, സൂപ്പർഫാസ്റ്റ് ചാർജ്, ജിഎസ്ടി മുതലായവ) യാത്രാ ടിക്കറ്റുകളിൽ രേഖപ്പെടുത്തുകയും, ഭൗതിക, ഡിജിറ്റൽ രൂപത്തിൽ നിരക്ക് പട്ടികകളായി പ്രസിദ്ധീകരിക്കുകയും, കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റിംഗ് സംവിധാനങ്ങളിൽ (പാസഞ്ചർ റിസർവേഷൻ സിസ്റ്റം, അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം), മൊബൈൽ ആപ്ലിക്കേഷനുകൾ (റെയിൽവൺ) മുതലായവയിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ, യാത്രാ നിരക്കുകൾ യുക്തിസഹമാക്കൽ, പരിഷ്കരണങ്ങൾ മുതലായവയിൽ കാലാകാലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യാപകമായി പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരു പൊതുമേഖലാ  സ്ഥാപനമെന്ന നിലയിൽ, സുസ്ഥിര സാമ്പത്തിക രീതിയിൽ സേവനങ്ങൾ നൽകുന്നതിന് ഇന്ത്യൻ റെയിൽവേ ജനങ്ങളോടും പാർലമെൻ്റിനോടും പൂർണ്ണമായും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. യാത്രാ നിരക്കുകൾ നിശ്ചയിക്കുമ്പോൾ സേവനം നൽകുന്നതിനുള്ള ചെലവ്, മറ്റു ഗതാഗത മാർഗങ്ങളുമായുള്ള മത്സരക്ഷമത, യാത്രക്കാർക്ക് വഹിക്കാനാകുന്ന ശേഷി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നു.

മുതിർന്ന പൗരന്മാരും ദിവ്യാംഗരും ഉൾപ്പെടെയുള്ള യാത്രക്കാരുടെ സൗകര്യാർത്ഥമുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കാൻ ഇന്ത്യൻ റെയിൽവേ നിരന്തരം പരിശ്രമിക്കുന്നു. മുതിർന്ന പൗരന്മാർക്കും ദിവ്യാംഗർക്കും വേണ്ടി മാത്രമായുള്ള ചില സൗകര്യങ്ങൾ താഴെ സൂചിപ്പിക്കുന്നു:

i. ഭിന്നശേഷിക്കാർ (PwD), മുതിർന്ന പൗരന്മാർ, 45 വയസ്സും അതിനുമുകളിലും പ്രായമുള്ള വനിതാ യാത്രക്കാർ എന്നിവർക്ക്, പ്രത്യേകമായി ആവശ്യമുന്നയിക്കാതിരുന്നാലും, ലഭ്യതയ്ക്കനുസരിച്ച്, സ്വയമേവ ലോവർ ബെർത്തുകൾ അനുവദിക്കപ്പെടുന്നു.

ii. സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകൾ, എയർ കണ്ടീഷൻഡ് 3 ടയർ (3AC) കോച്ചിൽ ഓരോന്നിലും നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകൾ, എയർ കണ്ടീഷൻഡ് 2 ടയർ (2AC) കോച്ചിൽ ഓരോന്നിലും മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകൾ (ട്രെയിനിലെ പ്രസ്തുത ക്ലാസിലെ കോച്ചുകളുടെ എണ്ണത്തിന് വിധേയമായി) മുതിർന്ന പൗരന്മാർക്കും  45 വയസ്സും അതിനുമുകളിലും പ്രായമുള്ള വനിതാ യാത്രക്കാർക്കും ഗർഭിണികൾക്കുമായി സംവരണം ചെയ്തിരിക്കുന്നു.

iii. രാജധാനി/ശതാബ്ദി ട്രെയിനുകൾ ഉൾപ്പെടെയുള്ള മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ ദിവ്യാംഗർക്കും അവരുടെ സഹായികൾക്കും റിസർവേഷൻ ക്വാട്ട ഇനിപ്പറയുന്ന രീതിയിൽ നിശ്ചയിച്ചിരിക്കുന്നു:-

സ്ലീപ്പർ ക്ലാസിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ)

3AC/3E-യിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ)

ട്രെയിനിൽ ആ ക്ലാസിലെ രണ്ടിലധികം കോച്ചുകൾ ലഭ്യമാണെങ്കിൽ, റിസർവ് ചെയ്ത സെക്കൻഡ് സിറ്റിംഗ് (2S) / എയർ കണ്ടീഷൻഡ് ചെയർ കാർ (CC) ക്ലാസുകളിൽ നാല് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു.


iv. ട്രെയിനിൽ ഒഴിവുള്ള ലോവർ ബെർത്തുകൾ മുതിർന്ന പൗരന്മാർക്കും, ദിവ്യാംഗർക്കും, ഗർഭിണികൾക്കും (മിഡിൽ/അപ്പർ ബെർത്തുകൾ അനുവദിച്ചിട്ടുള്ളവർ) മുൻഗണനാക്രമത്തിൽ അനുവദിക്കുന്നു.

പ്രഥമ വന്ദേ ഭാരത് സ്ലീപ്പർ സർവീസ്, അതായത് 27575/27576 ഹൗറ-കാമാഖ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്, 22.01.2026 മുതൽ യാത്ര ആരംഭിച്ചു. വന്ദേ ഭാരത് സ്ലീപ്പർ സർവീസുകൾ ഉൾപ്പെടെ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് ഒരു തുടർ പ്രക്രിയയാണ്, മാനദണ്ഡങ്ങൾ ഇപ്രകാരമാണ്:

ആ റെയിൽവേ സെക്ഷൻ്റെ  ശേഷി

ട്രെയിൻ ഓടിക്കാൻ ആവശ്യമായ പാതയുടെ ലഭ്യത

ആവശ്യമായ റോളിംഗ് സ്റ്റോക്കുകളുടെ (ട്രെയിൻ കോച്ചുകൾ/എഞ്ചിനുകൾ) ലഭ്യത

റോളിംഗ് സ്റ്റോക്കിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത

റെയിൽവേ പാളങ്ങളും മറ്റ് ആസ്തികളും പരിപാലിക്കേണ്ടതിൻ്റെ ആവശ്യകത

ആ സെക്ഷനിലെ സീറ്റ്/ബർത്ത് ഉപയോഗനിരക്കും ആവശ്യകതയും.

യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി, വന്ദേ ഭാരത് സ്ലീപ്പറിൽ നൂതന സുരക്ഷാ സവിശേഷതകളുള്ള ആധുനിക കോച്ചുകളും ജെർക്ക്-ഫ്രീ സെമി പെർമനൻ്റ്  കപ്ലറുകൾ, കവച്, ഉയർന്ന ആക്സിലറേഷൻ, മെച്ചപ്പെട്ട അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ, സീൽ ചെയ്ത ഗാംഗ്‌വേകൾ, എല്ലാ കോച്ചുകളിലും സിസിടിവികൾ, എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റ് കേന്ദ്രീകൃത കോച്ച് മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ  ടിക്കറ്റ് നിരക്കുകൾ ഓരോ യാത്രക്കാരനും ഓരോ കിലോമീറ്ററിനും എന്ന മാനദണ്ഡം അടിസ്ഥാനമാക്കി (per passenger-per kilometer rate) നിശ്ചയിച്ചിരിക്കുന്നു. അതായത് തേഡ് എയർ കണ്ടീഷൻഡ് ക്ലാസിന് (3AC) ജിഎസ്ടി ഒഴികെ ₹2.40 ആണ് നിരക്ക്. തേഡ് എസിക്ക് ജിഎസ്ടി ഒഴികെ 1000 കിലോമീറ്റർ ദൂരത്തിനുള്ള ഏകദേശ നിരക്ക്  ₹2400 ആണ്.

വന്ദേ ഭാരത് സ്ലീപ്പർ ഏറെ പ്രത്യേകതകളുള്ള ട്രെയിൻ സർവീസാണ്. അതിലെ ടിക്കറ്റ് നിരക്കിൽ എല്ലാ ചാർജുകളും  ഉൾപ്പെടുന്നു. ഈ ട്രെയിനിൽ ആർ‌എസി ടിക്കറ്റുകൾ നൽകുന്നില്ല. സ്ഥിരീകരിച്ച ശേഷം യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുമ്പോൾ വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് സ്ഥിരീകരണം ലഭിക്കും. അത്തരത്തിലുള്ള സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാണ്.

സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാൻ റെയിൽവേ സദാ പരിശ്രമിക്കുന്നു. അതനുസരിച്ച്, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ വിഭാഗങ്ങളിലുള്ള ട്രെയിൻ സർവീസുകൾ റെയിൽവേ നടത്തിവരുന്നു. സമൂഹത്തിലെ പാവപ്പെട്ടവർക്ക് പ്രയോജനപ്പെടുന്ന കുറഞ്ഞ നിരക്കും മെച്ചപ്പെട്ട സൗകര്യങ്ങളുമുള്ള ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.

മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ റെയിൽവേ യാത്രാ നിരക്കുകൾ വളരെ കുറവാണ്. വന്ദേ ഭാരത് സ്ലീപ്പറിൻ്റെ  നിരക്ക് ഒരു PKM ന്   (per passenger-per kilometer rate) ₹2.40 മുതൽ ₹3.80 വരെയാണ് നിരക്ക് ഈടാക്കുന്നത്. ചൈന, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സമാന ട്രെയിൻ സർവീസുകളേക്കാൾ ഇത് വളരെ വിലകുറവാണ്, അവിടെ ഒരു PKM ന്  (per passenger-per kilometer rate) ₹7.00 നും ₹20.00 നും ഇടയിലാണ് നിരക്ക്.  

ഇന്ന് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി റെയിൽവേ, വാർത്താ വിതരണ-പ്രക്ഷേപണ, ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ആണ് ഈ വിവരങ്ങൾ നൽകിയത്.
 
****
 

( റിലീസ് ഐ.ഡി: 2238666) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Odia , Telugu , Kannada