വനിതാ, ശിശു വികസന മന്ത്രാലയം
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന സിഎസ്ഡബ്ല്യു- 70-ാമത് സെഷനിൽ നടന്ന പൊതുചർച്ചയിൽ കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ ഇന്ത്യയുടെ ദേശീയ ഇടപെടൽ അവതരിപ്പിച്ചു.
പോസ്റ്റഡ് ഓണ്‍:
11 MAR 2026 1:59PM by PIB Thiruvananthpuram
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് 2026 മാർച്ച് 10-ന് നടന്ന വനിതാ-ശിശു വികസന കമ്മീഷൻ്റെ 70-ാമത് സെഷനിൽ (CSW-70) നടന്ന പൊതുചർച്ചയിൽ കേന്ദ്രവനിതാ-ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ നേതൃ പരമായി പങ്കെടുത്തു
സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കുള്ള ഇന്ത്യയുടെ പുരോഗതി മന്ത്രി പ്രഭാഷണത്തിൽ എടുത്തുകാട്ടുകയും 'ബീജിംഗ് പ്ലാറ്റ്‌ഫോം ഫോർ ആക്ഷനുമായി' പൊരുത്തപ്പെടുന്ന വിധത്തിൽ ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിനും നീതിയിലേക്കുള്ള പ്രവേശനം ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുകയും ചെയ്തു.
ഏവർക്കും ഒപ്പം ഏവരുടെയും വികസനം എന്ന ഇന്ത്യയുടെ വികസന തത്വം,രാജ്യത്തിൻ്റെ സമഗ്ര വളർച്ചയെക്കുറിച്ചുള്ള ദർശനത്തെ നയിക്കുന്നതായി അവർ പറഞ്ഞു. ഏകദേശം 9 ദശലക്ഷം സ്വയം സഹായ ഗ്രൂപ്പുകളായി സംഘടിപ്പിക്കപ്പെട്ട 100 ദശലക്ഷത്തിലധികം സ്ത്രീകൾ, താഴെത്തട്ടിൽ നേതൃത്വവും സംരംഭകത്വവും വളർത്തിയെടുക്കുന്നതിലൂടെ ഗ്രാമീണ സാമ്പത്തിക മേഖലയെ പരിവർത്തനം ചെയ്തിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
അടൽ ഇൻകുബേഷൻ സെൻ്ററുകളുടെ കീഴിൽ പിന്തുണയ്ക്കപ്പെടുന്ന 1,000-ത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് സ്ത്രീകൾ നേതൃത്വം നൽകുന്നുണ്ടെന്നും, സജീവമായിട്ടുള്ള ഇന്ത്യൻ കമ്പനികളുമായി ബന്ധപ്പെട്ട് 8 ലക്ഷത്തിലധികം വനിതാ ഡയറക്ടർമാർ ഉണ്ടെന്നും അവർ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (പിഎം-ദിശ ) പ്രകാരം 25 ദശലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകൾക്ക് ഡിജിറ്റൽ സേവനങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ട്. ഇത് ലിംഗപരമായ ഡിജിറ്റൽ വിടവ് നികത്തുന്നതിൽ സംഭാവന നൽകുന്നു.
ബീജിംഗ് പ്ലാറ്റ്‌ഫോം ഫോർ ആക്ഷന് കീഴിൽ, നിർണായക മേഖലകളെ അഭിസംബോധന ചെയ്യുന്ന സുസ്ഥിര നയ ഇടപെടലുകൾ ഇന്ത്യയുടെ വനിതാ തൊഴിൽസേനയുടെ പങ്കാളിത്ത നിരക്ക് 41.7% ആയി ഉയർത്താൻ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുജീവിതത്തിലെ വനിതകളുടെ പങ്കാളിത്തം ഊന്നിപ്പറഞ്ഞുകൊണ്ട്, നാരി ശക്തി വന്ദൻ അധിനിയം നിയമം പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ 46% വരുന്ന,1.4 ദശലക്ഷത്തിലധികം സ്ത്രീകൾ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
പാൽന പദ്ധതി പ്രകാരം ഗുണനിലവാരമുള്ള ശിശുപരിരക്ഷ കേന്ദ്രങ്ങളുടെ സൗകര്യം ഏകദേശം 39,000 കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും, വിദ്യാഭ്യാസത്തിൻ്റെ എല്ലാ തലങ്ങളിലും ആൺകുട്ടികളുടെ തുല്യമായ എണ്ണം പെൺകുട്ടികൾ പ്രവേശനം നേടുന്നുവെന്നും മന്ത്രി പറഞ്ഞു. ഗവണ്മെൻ്റിൻ്റെ താങ്ങാനാവുന്ന നിരക്കിലുള്ള ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 29 ദശലക്ഷം ഗ്രാമീണ വീടുകളിൽ 72% ത്തിലധികവും പൂർണ്ണമായും അല്ലെങ്കിൽ സംയുക്തമായ രീതിയിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവർ എടുത്തുപറഞ്ഞു.
ആരോഗ്യ സംരക്ഷണ ലഭ്യതയെക്കുറിച്ച് പരാമർശിക്കുമ്പോൾ, ആയുഷ്മാൻ ഭാരതിന് കീഴിൽ 141 പ്രത്യേക ആരോഗ്യ സംരക്ഷണ പാക്കേജുകളിലായി 208 ദശലക്ഷത്തിലധികം വനിതാ കാർഡ് ഉടമകൾ ഭാഗമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
നിയമ അവബോധം, സൗജന്യ നിയമ സഹായം, നാരി അദാലത്തുകളിലൂടെ അടിസ്ഥാന തർക്ക പരിഹാരം, 334 ഗ്രാമ ന്യായാലയങ്ങൾ, രാജ്യത്തുടനീളമുള്ള ഏകദേശം 4 ദശലക്ഷം സ്ത്രീകൾക്ക് വ്യവഹാരനടപടികൾക്ക് മുമ്പായി മാർഗ്ഗനിർദേശം നൽകിയ ടെലി-ലോ പ്രോഗ്രാം എന്നിവയുൾപ്പെടെ നീതിലഭ്യതയുടെ തുടർച്ച ഉറപ്പാക്കുന്നതിന് മുൻഗണന നൽകുന്ന ഇന്ത്യയുടെ സമഗ്ര സമീപനത്തെ മന്ത്രി എടുത്തുകാട്ടി.
ഇന്ത്യയുടെ 'വികസിത് ഭാരത്@2047' എന്ന ദർശനത്തിൻ്റെ കേന്ദ്രബിന്ദുവാണ് സ്ത്രീകൾ നയിക്കുന്ന വികസനമെന്ന് അവർ ആവർത്തിച്ചു. നീതിയിലേക്കുള്ള പ്രവേശനം മറ്റെല്ലാ അവകാശങ്ങളുടെയും സാക്ഷാത്കാരത്തിന് അടിത്തറയിടുന്നു. ആരും പിന്തള്ളപ്പെടാത്ത എല്ലാവരെയും ഉൾക്കൊള്ളുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അവർ വീണ്ടും ഉറപ്പിച്ചു.
സിഎസ്ഡബ്ല്യു-70-ലെ പൊതുചർച്ചയിൽ ഏകദേശം 75 രാജ്യങ്ങളിലെ പ്രതിനിധിസംഘങ്ങളുടെ തലവന്മാർ പങ്കെടുത്തു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഹാളിൽ നടന്ന പൊതുപ്രസ്താവനകൾ ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവായ ആഗോള പ്രതിജ്ഞാബദ്ധതയെ അടിവരയിടുന്നു.
****
( റിലീസ് ഐ.ഡി: 2238216)
സന്ദര്‍ശക കൗണ്ടര്‍ : 10