രാസവള വകുപ്പ്
azadi ka amrit mahotsav

കർഷക താല്പര്യം മുൻനിർത്തി സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

പോസ്റ്റഡ് ഓണ്‍: 10 MAR 2026 7:12PM by PIB Thiruvananthpuram

വളം നിർമാണ മേഖലയെ ഔദ്യോഗികമായി മുൻഗണനാ പട്ടികയിൽ  ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 'പ്രകൃതി വാതക (വിതരണ നിയന്ത്രണം) ഉത്തരവ്-2026' പുറപ്പെടുവിച്ചു. ആഭ്യന്തര വളം ഉല്പാദനം തടസരഹിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ വളം നിർമാണ കേന്ദ്രങ്ങളെ പ്രകൃതിവാതക വിതരണത്തിലെ മുൻഗണനാ വിഭാഗം-2' എന്ന നിലയിൽ തരംതിരിച്ചു.

ഈ പുതിയ ഉത്തരവ് പ്രകാരം: 

  • കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രകൃതിവാതക ഉപഭോഗത്തിൻ്റെ അടിസ്ഥാനത്തിൽ വളം നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് 70 ശതമാനം പ്രകൃതിവാതകം ലഭ്യമാക്കും. 

  • പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളടക്കം സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എൽഎൻജി  വിതരണത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളില്‍നിന്ന് വളം ഉല്പാദനത്തെ സംരക്ഷിക്കാൻ നടപടി ലക്ഷ്യമിടുന്നു. 

  • ആഗോള വാതക പ്രതിസന്ധികള്‍ക്കിടയിലും കാർഷിക പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും കർഷകർക്ക് കൃത്യസമയത്ത് വളത്തിൻ്റെ ലഭ്യത ഉറപ്പാക്കാനും ഈ മുൻഗണനാ പദവി സഹായിക്കുന്നു. 

വളം ഉല്പാദനത്തിന് പ്രകൃതിവാതകം ലഭ്യമാക്കാന്‍ മുൻഗണന നൽകുന്നതിലൂടെ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുകയെന്നത് ഏറ്റവും വലിയ മുൻഗണനകളിലൊന്നാണെന്ന് കേന്ദ്രസർക്കാർ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.  പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യയിലെ വരാനിരിക്കുന്ന ഖാരിഫ് വിത്തുവിതയ്ക്കല്‍ കാലയളവിനെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ മുൻകൂർ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.  

വ്യവസായ പ്രമുഖരെയും പെട്രോളിയം മന്ത്രാലയത്തെയും ഏകോപിപ്പിച്ച് വളം വകുപ്പിലെ ഉന്നതതല യോഗം

പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വളം വകുപ്പിൽ ഉന്നതതല യോഗം ചേർന്നു. എല്ലാ വളം നിർമാണ കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുകയും തയ്യാറെടുപ്പുകളും വെല്ലുവിളികളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വകുപ്പിന് സമർപ്പിക്കുകയും ചെയ്തു. വളം നിര്‍മാണകേന്ദ്രങ്ങള്‍ തുടർച്ചയായി പ്രവർത്തിപ്പിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് വകുപ്പ് എല്ലാ കമ്പനികൾക്കും ഉറപ്പുനൽകുകയും ഇതുസംബന്ധിച്ച നിർദേശങ്ങൾ കൈമാറുകയും ചെയ്തു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

Click here to see Gazette

ശക്തമായ വളം ലഭ്യതയും കരുതൽ ശേഖരവും

കടൽ മാർഗമുള്ള ഗതാഗതത്തിലും ചരക്ക് കപ്പലുകളുടെ നീക്കത്തിലും തടസ്സമുണ്ടെങ്കിലും രാജ്യത്ത് ആവശ്യത്തിന് വളം ശേഖരമുണ്ടെന്ന് വളം വകുപ്പ് കർഷകർക്ക് ഉറപ്പ് നൽകി. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിന് നിലവിലെ ശേഖരത്തിൻ്റെ കണക്കുകൾ സഹിതം വിവരങ്ങൾ വകുപ്പ് പുറത്തുവിട്ടു: 

  • ഉപഭോഗം കുറഞ്ഞ ഘട്ടങ്ങളിൽ മുൻകൂട്ടി വളം ശേഖരിക്കുന്ന സജീവ കർമപദ്ധതി ഉയര്‍ന്ന കരുതല്‍ ശേഖരത്തിന് വഴിയൊരുക്കി. 

  • ഖാരിഫ് കാലയളവിന് മുന്നോടിയായി രാജ്യത്തെ ആകെ വളം ശേഖരം 180.12 ലക്ഷം മെട്രിക് ടണ്ണിലെത്തി.

  • കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (2025 മാർച്ച് 10) രേഖപ്പെടുത്തിയ 131.79 ലക്ഷം മെട്രിക് ടണ്ണിനേക്കാൾ 36.6 ശതമാനം വർധനയാണിത്.  

  • പ്രധാന മണ്ണ് പോഷകങ്ങളുടെ, പ്രത്യേകിച്ച് ഡിഎപി (25.17 ലക്ഷം മെട്രിക് ടണ്‍), എൻപികെഎസ് (56.30 ലക്ഷം മെട്രിക് ടണ്‍) എന്നിവയുടെ അഭൂതപൂർവമായ വർധനവാണ് ഈ കുതിപ്പിന് പ്രധാന കാരണം.

ശേഖരത്തിൻ്റെ താരതമ്യ കണക്ക് (2026 മാർച്ച് 10 വരെ ലഭ്യമായ വിവരങ്ങൾ, ലക്ഷം മെട്രിക് ടണ്ണിൽ):

 

വളം

സ്റ്റോക്ക് നില

(10.03.2026)

സ്റ്റോക്ക് നില

(10.03.2025)

യൂറിയ (Urea)

61.51

50.90

ഡിഎപി 

25.17

11.55

എൻപികെ  

56.30

32.29

എംഒപി  

12.90

14.41

എസ്എസ്പി 

24.24

22.64

ആകെ  

180.12

131.79

 

 

ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നു

രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വളമായ യൂറിയയുടെ ലഭ്യത 61.51 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. കൃത്യമായ കണക്കുകളടങ്ങുന്ന ഈ വിവരങ്ങൾ വരാനിരിക്കുന്ന ഖാരിഫ് കാലയളവില്‍ ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന ആഘാതങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജമാണെന്ന് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിലെ ഗതാഗത തടസങ്ങൾ രാജ്യത്തെ കർഷകർക്ക് വളത്തിന് ക്ഷാമമുണ്ടാക്കില്ലെന്ന്  തന്ത്രപരമായ ഈ ശേഖരം ഉറപ്പാക്കുന്നു.

സബ്‌സിഡി നൽകുന്ന എല്ലാ വിഭാഗത്തിലെയും വളങ്ങളുടെ തുടർച്ചയായ വിതരണം നിലനിർത്തുന്നതിന് അവശ്യ ഇറക്കുമതികൾ ഇതിനകം വളം വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി വരെ ലഭ്യമായ കണക്കനുസരിച്ച് കേന്ദ്ര സർക്കാർ 98 ലക്ഷം മെട്രിക് ടൺ യൂറിയ ഇറക്കുമതി ചെയ്തു. കൂടാതെ അടുത്ത മൂന്ന് മാസത്തിനകം 17 ലക്ഷം മെട്രിക് ടൺ കൂടി ഇറക്കുമതി ചെയ്യാൻ പദ്ധതിയുണ്ട്. ആഗോള പ്രതിസന്ധികൾക്കിടയിലും കർഷക സമൂഹത്തിൻ്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതില്‍ സർക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ മുൻകൂർ നടപടി. 

***


( റിലീസ് ഐ.ഡി: 2237926) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Gujarati , Telugu , Kannada