വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) ഇന്ത്യയുടെ ഔഷധ, ആരോഗ്യ സംരക്ഷണ, മെഡിക്കൽ സാങ്കേതിക മേഖലകൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുന്നു: കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

പോസ്റ്റഡ് ഓണ്‍: 09 MAR 2026 7:37PM by PIB Thiruvananthpuram
സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) ഇന്ത്യയുടെ ഔഷധ, ആരോഗ്യ സംരക്ഷണ, മെഡിക്കൽ സാങ്കേതിക മേഖലകൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുമെന്നും ആഗോള വ്യാപാരത്തിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ഇന്ത്യ ആകെ ഒമ്പത് സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവച്ചതായും അതിൽ അഞ്ചെണ്ണം കഴിഞ്ഞ 12 മാസത്തിനിടെയാണ് അന്തിമമാക്കിയതെന്നും ന്യൂഡൽഹിയിൽ നടന്ന 'എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം: ജനാഭിലാഷങ്ങളുടെ പൂർത്തീകരണം'  (Sabka Sath Sabka Vikas: Fulfilling Aspiration of People) എന്ന ബജറ്റനന്തര വെബിനാറിനെ (2026) അഭിസംബോധന ചെയ്യവേ ശ്രീ ഗോയൽ പറഞ്ഞു. തത്ഫലമായി, ആഗോള വ്യാപാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ ഇന്ത്യയ്ക്കായി തുറക്കപ്പെട്ടിരിക്കുന്നു. മറ്റ് പല രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ, ഈ കരാറുകൾ ഇന്ത്യയ്ക്ക് മുൻതൂക്കം നേടിത്തരുന്നുണ്ടെന്നും കുറഞ്ഞ തീരുവകളും വിപുലമായ വിപണി അവസരങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും തദ്വാരാ വ്യാപാരം വർദ്ധിപ്പിക്കുന്നതിന് പുതു മാർഗ്ഗങ്ങൾ തുറന്നു തരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഔഷധ, ആരോഗ്യസംരക്ഷണ മേഖലകളിൽ ലോകവുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ വ്യാപ്തി ഇപ്പോൾ മുമ്പെന്നത്തേക്കാളും വിപുലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൻകിട വ്യവസായങ്ങളോടൊപ്പം, കർഷകർ, മത്സ്യത്തൊഴിലാളികൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME), ചെറുകിട വ്യവസായങ്ങൾ, വ്യാപാരികൾ എന്നിവയുമായും സ്വതന്ത്ര വ്യാപാര കരാറുകൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഈ കരാറുകൾ ഔഷധങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന മെഡ്-ടെക് മേഖല അടക്കമുള്ളവയ്ക്ക് ഗുണം ചെയ്യുമെന്നും, നൂതനാശയങ്ങളിലും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലും പ്രവർത്തിക്കുന്നവർക്ക് ആഗോള അവസരങ്ങൾ തുറന്നു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം എടുത്തുകാണിച്ചുകൊണ്ട്, രാജ്യം "ലോകത്തിന്റെ ഫാർമസി" ആയി വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ശക്തമായ അടിത്തറ ഇന്ത്യയെ മുന്നോട്ട് കുതിക്കാനും ആഗോള വിപണികളിൽ പുതിയ അവസരങ്ങൾ തുറക്കാനും സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2047 ഓടെ വികസിത ഭാരതം എന്ന ലക്‌ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തെ അമൃത കാലത്തിൽ മുന്നിൽ നിന്ന് നയിക്കാൻ കഴിയുന്ന അഞ്ച് മേഖലകളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു.
 
SKY
 
****

( റിലീസ് ഐ.ഡി: 2237377) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: Gujarati , English , Urdu , Marathi , हिन्दी