വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡല്‍ഹിയിലെ മനേക്ഷാ സെൻ്ററിൽ നാളെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുക്കും

പോസ്റ്റഡ് ഓണ്‍: 07 MAR 2026 9:43AM by PIB Thiruvananthpuram

രാജ്യം നാളെ (2026 മാർച്ച് 8) അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം  ന്യൂഡൽഹിയിലെ മനേക്ഷാ സെൻ്ററിൽ സംഘടിപ്പിക്കുന്ന ദേശീയതല ആഘോഷ പരിപാടിയില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും. 

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി, വനിതാ ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.  

ആഗോളതലത്തിൽ മാർച്ച് 8-ന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം വൈവിധ്യമാര്‍ന്ന മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെയും സംഭാവനകളെയും ആഘോഷിക്കുന്നതിനൊപ്പം ലിംഗസമത്വം, സുരക്ഷ, ആത്മാഭിമാനം, സ്ത്രീ ശാക്തീകരണം എന്നിവയോട് രാജ്യം പുലര്‍ത്തുന്ന കൂട്ടായ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നു.  

വനിതാ ശിശു വികസന മന്ത്രാലയ സെക്രട്ടറി ശ്രീ അനിൽ മാലിക് സ്വാഗതമാശംസിക്കുന്നതോടെ ചടങ്ങിന് തുടക്കമാകും.  തുടർന്ന് വിവിധ മേഖലകളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലെ വര്‍ധന വ്യക്തമാക്കുകയും സ്ത്രീ ശാക്തീകരണത്തിന് സർക്കാർ നടപ്പാക്കുന്ന പ്രധാന നയങ്ങളും പദ്ധതികളും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യ-ശ്രാവ്യ അവതരണങ്ങളുണ്ടാകും.  

ചടങ്ങില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയെ അഭിസംബോധന ചെയ്യുന്ന കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി  രാജ്യത്ത് സ്ത്രീ കേന്ദ്രീകൃത വികസനം ശക്തിപ്പെടുത്താന്‍ സർക്കാർ കൈക്കൊണ്ട സുപ്രധാന സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കും. 

ഉദ്ഘാടന ചടങ്ങിന് ശേഷം പരിപാടിയുടെ ഭാഗമായി രണ്ട് പാനൽ ചർച്ചകൾ സംഘടിപ്പിക്കും.  "സ്ത്രീ ശാക്തീകരണത്തിന് കരുത്തേകുന്ന തൊഴിൽ നിയമങ്ങള്‍" എന്ന വിഷയത്തിലാണ് ആദ്യ പാനൽ ചർച്ച. രണ്ടാമത്തെ ചർച്ച "സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾ സംരംഭകരാകുമ്പോള്‍" എന്ന വിഷയത്തിലാണ്.

രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ സ്ത്രീകൾ നൽകുന്ന വൈവിധ്യമാർന്ന സംഭാവനകളും സ്ത്രീ-നേതൃത്വ വികസനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസർക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന  പരിപാടിയിൽ  ആയിരത്തോളം സ്ത്രീകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സായുധ സേന, പൊലീസ്, മാധ്യമം, ആരോഗ്യ സംരക്ഷണം, കായികം തുടങ്ങി വിവിധ മേഖലകളിലെ   പ്രാതിനിധ്യവും 150-ലേറെ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സംഘടനകളിലെയും   സാന്നിധ്യവും ചടങ്ങില്‍ പ്രതിഫലിക്കും.  

ചടങ്ങ് ഈ ലിങ്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും:
https://webcast.gov.in/mwcd.

***
 


( റിലീസ് ഐ.ഡി: 2236295) സന്ദര്‍ശക കൗണ്ടര്‍ : 14