യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026 മാർച്ച് 26 മുതൽ ഏപ്രിൽ 6 വരെ

അവസരങ്ങളും വ്യാപ്തിയും വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ

प्रविष्टि तिथि: 06 MAR 2026 1:10PM by PIB Thiruvananthpuram
ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിൻ്റെ ആദ്യ പതിപ്പ് 2026 മാർച്ച് 26 മുതൽ ഏപ്രിൽ 6 വരെ ഛത്തീസ്ഗഡിലെ റായ്പൂർ, ജഗദൽപൂർ, സർഗുജ എന്നീ മൂന്ന് നഗരങ്ങളിലായി നടക്കും. വ്യാഴാഴ്ച  കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അത്‌ലറ്റിക്സ്, ഫുട്ബോൾ, ഹോക്കി, ഭാരോദ്വഹനം, അമ്പെയ്ത്ത്, നീന്തൽ, ഗുസ്തി എന്നിങ്ങനെ ഏഴ് മെഡൽ കായിക ഇനങ്ങൾ ഗെയിംസിൽ ഉൾപ്പെടുന്നു. കൂടാതെ, മല്ലഖംബ്, കബഡി എന്നീ രണ്ട് പ്രദർശന മത്സരങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രാതിനിധ്യം ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിൽ (KITG) ഉണ്ടാകും.

കായികരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് അവസരവും സാധ്യതയും നല്കുന്ന മന്ത്രാലയത്തിൻ്റെ വിപുലീകരിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് എന്ന് ഡോ. മാണ്ഡവ്യ പറഞ്ഞു. 2047-ഓടെ  വികസിത ഭാരതം കെട്ടിപ്പടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിൻ്റെ ഭാഗമാണിത്. ആ യാത്രയിൽ കായികരംഗത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിൻ്റെ (KITG) ലോഗോ, തീം സോംഗ്, ഭാഗ്യചിഹ്നം എന്നിവ ഡിസംബർ 23-ന് ബിലാസ്പൂരിലെ ലേറ്റ് ബി. ആർ. യാദവ് സ്പോർട്സ് സ്റ്റേഡിയത്തിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായി, ഉപമുഖ്യമന്ത്രി ശ്രീ അരുൺ സാവോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗോത്ര മേഖലകളിൽ നിന്ന് ഉയർന്നുവരുന്ന കായിക പ്രതിഭകളെ ഈ ഗെയിംസ് എങ്ങനെ ശക്തിപ്പെടുത്തുമെന്ന് ഡോ. മാണ്ഡവ്യ വ്യക്തമാക്കി. "ഗോത്ര മേഖലകളിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുക എന്നതും കായികതാരങ്ങളുടെ എണ്ണം തുടർച്ചയായി വർദ്ധിപ്പിക്കുക എന്നതും കാലഘട്ടത്തിൻ്റെ  ആവശ്യമാണ്. ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള കഴിവുള്ള കായികതാരങ്ങളെ നേരത്തെ തിരിച്ചറിയുകയും, അവർക്ക് വ്യവസ്ഥാപിതമായ പിന്തുണ നല്കുകയും, അവരെ ദേശീയ കായിക ചട്ടക്കൂടിൻ്റെ  ഭാഗമാക്കുകയും ചെയ്യുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു," ഡോ. മാണ്ഡവ്യ കൂട്ടിച്ചേർത്തു.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, നാഷണൽ സ്‌പോർട്‌സ് ഫെഡറേഷനുകൾ, ഛത്തീസ്ഗഡ് സംസ്ഥാന സംഘാടക സമിതി എന്നിവ സംയുക്തമായാണ് KITG 2026 സംഘടിപ്പിക്കുന്നത്. ഇതിൻ്റെ സാങ്കേതിക മാനദണ്ഡങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളോട് പൊരുത്തപ്പെടുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഔദ്യോഗിക ഭാഗ്യചിഹ്നമായ 'മോർവീർ', ഛത്തീസ്ഗഡിൻ്റെ സാംസ്കാരിക മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു പേരാണ്. ഛത്തീസ്ഗഢി ഭാഷയിൽ എൻ്റേത് അല്ലെങ്കിൽ നമ്മുടേത് എന്നർത്ഥം വരുന്ന 'മോർ', ധീരതയേയും വീര്യത്തേയും സൂചിപ്പിക്കുന്ന 'വീർ' എന്നീ രണ്ട് ശക്തമായ വാക്കുകളിൽ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞത്. ഇന്ത്യയിലെ ഗോത്രസമൂഹങ്ങളുടെ ആവേശത്തേയും, അഭിമാനത്തേയും, സ്വത്വത്തേയും മോർവീർ പ്രതിനിധീകരിക്കുന്നു.

ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന നാഴികക്കല്ലായ ഈ ദേശീയ കായിക വിനോദത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ സംസ്ഥാനമായി ഛത്തീസ്ഗഡ് മാറുന്നത്, ഗോത്രവർഗ്ഗങ്ങളുടെ ശാക്തീകരണവും താഴെത്തട്ടിലുള്ളവരുടെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ കായിക യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിൻ്റെ മുൻനിര പദ്ധതിയായ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ്. വിപുലമായ ജനപങ്കാളിത്തവും കായിക മികവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. 2007-ലെ സ്‌പോർട്‌സ് ബ്രോഡ്‌കാസ്റ്റിംഗ് സിഗ്നൽസ് ആക്ട് പ്രകാരം 2020-ൽ ഖേലോ ഇന്ത്യ ഗെയിംസിനെ 'ദേശീയ പ്രാധാന്യമുള്ള പരിപാടി'യായി പ്രഖ്യാപിച്ചിട്ടുണ്ട്.
 
*****

(रिलीज़ आईडी: 2235966) आगंतुक पटल : 80
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil , Telugu