രാഷ്ട്രപതിയുടെ കാര്യാലയം
ഫിന്‍ലന്‍ഡ് പ്രസിഡന്റ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
05 MAR 2026 6:26PM by PIB Thiruvananthpuram
ഫിന്‍ലന്‍ഡ് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയ ഡോ. അലക്‌സാണ്ടര്‍ സ്റ്റബ്ബ് ഇന്ന് (2026 മാര്‍ച്ച് 5) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മ്മുവുമായി രാഷ്ട്രപതി ഭവനില്‍ കൂടിക്കാഴ്ച നടത്തി.
രാഷ്ട്രപതി ഭവനിലേക്ക് പ്രസിഡന്റ് സ്റ്റബ്ബിനെ സ്വാഗതം ചെയ്ത രാഷ്ട്രപതി ഈ വര്‍ഷത്തെ റൈസീന സംഭാഷണത്തിലെ മുഖ്യാതിഥിയായുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് പറഞ്ഞു. സമകാലിക ആഗോള സാഹചര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സംഭാഷണത്തിലെ എല്ലാ പങ്കാളികള്‍ക്കും തീര്‍ച്ചയായും ഏറെ വിലപ്പെട്ടതായിരിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പരസ്പര വിശ്വാസത്തിലും പങ്കിട്ട ജനാധിപത്യ പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ ബന്ധമുള്ള, വിലപ്പെട്ടതും വിശ്വസ്തവുമായ പങ്കാളിയായാണ് ഫിന്‍ലന്‍ഡിനെ ഇന്ത്യ കാണുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ-ഫിന്‍ലന്‍ഡ് ബന്ധം നവീനാശയങ്ങള്‍, ശുദ്ധ സാങ്കേതികവിദ്യകള്‍, വിദ്യാഭ്യാസം, സാമ്പത്തിക സഹകരണം എന്നിവ പ്രധാന സ്തംഭങ്ങളായുള്ള ഊര്‍ജ്ജസ്വലമായ പങ്കാളിത്തമായി പരിണമിച്ചിട്ടുണ്ടെന്ന് ഇരു നേതാക്കളും സമ്മതിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ നമ്മുടെ വ്യാപാരനിക്ഷേപ ബന്ധങ്ങള്‍ക്ക് പുതിയ ആക്കം നല്‍കുമെന്ന് രാഷ്ട്രപതി മുര്‍മ്മു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ക്വാണ്ടം സാങ്കേതികവിദ്യ മുതല്‍ 6G വരെയുള്ള അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ ഫിന്‍ലന്‍ഡ് ആഗോള നേതാവാണെന്നും വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തില്‍ ഫിന്നിഷ് കമ്പനികളുടെ പങ്ക് അഭിനന്ദനാര്‍ഹമാണെന്നും രാഷ്ട്രപതി പറഞ്ഞു. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഫിന്‍ലന്‍ഡില്‍ സജീവമാണെന്നും ആയിരക്കണക്കിന് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് ഐടി പ്രൊഫഷണലുകള്‍, ഫിന്‍ലന്‍ഡിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അവര്‍ അടിവരയിട്ടു. ഈ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തിന് നിലവിലെ സാഹചര്യം വലിയ സാധ്യതകള്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സുസ്ഥിര വികസനത്തിലും ശുദ്ധമായ സാങ്കേതികവിദ്യകളിലും ഫിന്‍ലന്‍ഡിന്റെ നേതൃത്വത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം എന്നിവയുടെ ശേഷി വര്‍ദ്ധിപ്പിക്കുക, ഹരിത ഹൈഡ്രജന്‍ പ്രോത്സാഹിപ്പിക്കുക, സുസ്ഥിര ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം, ഗ്ലോബല്‍ ബയോ ഫ്യുവല്‍സ് അലയന്‍സ് തുടങ്ങിയ വേദികള്‍ക്ക് തുടക്കം കുറിക്കുക എന്നിവയിലൂടെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുസ്ഥിര ജീവിതശൈലി സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് (LiFE) മിഷനെക്കുറിച്ചും അവര്‍ പ്രസിഡന്റ് സ്റ്റബ്ബിനെ അറിയിച്ചു. സുസ്ഥിര സാങ്കേതികവിദ്യകളിലെ ഫിന്‍ലന്‍ഡിന്റെ വൈദഗ്ധ്യവും ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ നവീകരണവും ഒന്നിപ്പിക്കുന്നതിലൂടെ, അഭിവൃദ്ധിയും സുസ്ഥിരതയും കൈകോര്‍ത്തു മുന്നോട്ട് പോകുമെന്ന് നമുക്ക് തെളിയിക്കാന്‍ കഴിയുമെന്ന് അവര്‍ കുറിച്ചു.
****
(रिलीज़ आईडी: 2235743)
आगंतुक पटल : 29