യുവജനകാര്യ, കായിക മന്ത്രാലയം
ഏഷ്യൻ ഗെയിംസ് 2026-ന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ
ഇന്ത്യൻ അത്‌ലറ്റുകൾക്ക് കേന്ദ്രമന്ത്രി പൂർണ പിന്തുണ ഉറപ്പുനൽകി
പോസ്റ്റഡ് ഓണ്‍:
05 MAR 2026 1:29PM by PIB Thiruvananthpuram
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന 2026-ലെ ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാന്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. ഏഷ്യന്‍ ഗെയിംസിലേക്ക് രാജ്യം നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് ഡോ. മാണ്ഡവ്യയെ ധരിപ്പിച്ച യുവജനകാര്യ കായിക മന്ത്രാലയത്തിലെയും സ്പോർട്സ് അതോറിറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും വൻകരയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ മികവ് പുലർത്താന്‍ കായികതാരങ്ങള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി.
അത്‍ലറ്റുകളുടെ ക്ഷേമത്തിനും മികച്ച പ്രകടനത്തിനും സർക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത യോഗത്തിൽ ആവർത്തിച്ച ഡോ. മൻസുഖ് മാണ്ഡവ്യ, രാജ്യത്തെ കായികതാരങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും പരിശീലനവും കായിക ശാസ്ത്രവും മുതല്‍ ലോജിസ്റ്റിക്സ്, കായിക കിറ്റ്, ഭക്ഷണം, വൈദ്യസഹായം തുടങ്ങി സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി. അതുവഴി പ്രതിബന്ധങ്ങളേതുമില്ലാതെ തയ്യാറെടുക്കാനും ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കായികതാരങ്ങള്‍ക്ക് സാധിക്കും. അവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മത്സരത്തിൽ രാജ്യത്തിന്റെ മെഡൽ പട്ടിക ഉയര്‍ത്തുന്നതില്‍ താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കായിക മേഖലയിലെ എല്ലാ പങ്കാളികളും തമ്മില്‍ ഏകോപിത പരിശ്രമത്തിന്റെ ആവശ്യകത കേന്ദ്രമന്ത്രി യോഗത്തില്‍ എടുത്തുപറഞ്ഞു. ചിട്ടയായ തയ്യാറെടുപ്പ്, ശക്തമായ പിന്തുണാ സംവിധാനങ്ങൾ, സമയബന്ധിത ആസൂത്രണം എന്നിവ 2026-ലെ ഏഷ്യൻ ഗെയിംസിൽ പുതിയ നാഴികക്കല്ലുകൾ കൈവരിക്കാൻ ഇന്ത്യയെ സഹായിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
തയ്യാറെടുപ്പുകളുടെ ഭാഗമായി ഏഷ്യൻ ഗെയിംസ് സാങ്കേതിക കൈപ്പുസ്തകത്തിനായി ഓരോ ദേശീയ കായിക ഫെഡറേഷനും ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗെയിംസിൽ മികച്ച പ്രകടനം ഉറപ്പാക്കുന്നതിന് അതത് കായിക ഇനങ്ങളിലെ സാങ്കേതിക വിവരങ്ങൾ മനസ്സിലാക്കാനും അവ കളിക്കാർക്കും പരിശീലകർക്കും മറ്റ് പിന്തുണാ ഉദ്യോഗസ്ഥര്‍ക്കും വിശദീകരിച്ചു നൽകാനുമാണ് ഈ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. കായികതാരങ്ങള്‍ക്ക് ഓരോ ഇനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് തയ്യാറെടുക്കാന്‍ മതിയായ സമയം നൽകുന്നതിന് ടീമുകളെ വളരെ നേരത്തെ തന്നെ അന്തിമമാക്കും. ലോജിസ്റ്റിക് സൗകര്യങ്ങൾക്ക് വിദേശത്തെ ഇന്ത്യൻ എംബസികളുമായി തടസരഹിത ഏകോപനം ഉറപ്പാക്കുന്നതിനൊപ്പം മെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടെ പിന്തുണാ ഉദ്യാഗസ്ഥരുടെ ശേഷി ഉയര്‍ത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. പരിശീലന പര്യടനങ്ങളും മത്സര സമയക്രമങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഫെഡറേഷനുകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പ്രവർത്തനപരമായ ആസൂത്രണത്തില്‍ വെല്ലുവിളിയേറിയ വിഭാഗങ്ങൾക്ക് ഓരോ വേദിയിലും പ്രത്യേക പിന്തുണാ ഉദ്യോഗസ്ഥരെ വിന്യസിച്ച് വിവിധയിടങ്ങളില്‍ സഹായം ഉറപ്പാക്കും. ഭക്ഷണം, പാരിസ്ഥിതിക സാഹചര്യങ്ങൾ തുടങ്ങിയവയിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗെയിംസിന് മുന്നോടിയായി ഇന്ത്യയിൽ മത്സര അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കാനും നടപടികള്‍ ആലോചിക്കുന്നുണ്ട്.
തന്ത്രപരമായ ആസൂത്രണത്തിലൂടെയും പ്രത്യേക തയ്യാറെടുപ്പിലൂടെയും എല്ലാ പങ്കാളികളും തമ്മിലെ ഏകീകൃത ഏകോപനത്തിലൂടെയും 2022-ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ നേടിയ 106 മെഡലുകളെന്ന ചരിത്രം മറികടക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. 2026-ലെ ഗെയിംസിൽ 40-ലേറെ കായിക ഇനങ്ങളിലായി 700-ലധികം ഇന്ത്യൻ കായികതാരങ്ങള്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് അഞ്ച് ക്ലസ്റ്ററുകളടങ്ങുന്ന അതുല്യ മത്സര മാതൃകയാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. ഒരൊറ്റ ഒളിമ്പിക് വില്ലേജ് മാതൃകയില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പകരം ഒന്നിലധികം പ്രവിശ്യകളിലായാണ് കായികതാരങ്ങള്‍ മത്സരിക്കുന്നത്. ഐച്ചി, ഗിഫു, ഷിസുവോക്ക, എയർപോർട്ട്-എക്സ്പോ മേഖല തുടങ്ങിയ ക്ലസ്റ്ററുകളിലായാണ് വേദികൾ വ്യാപിച്ചുകിടക്കുന്നത്. യാത്ര, ലോജിസ്റ്റിക്സ്, മെഡിക്കൽ പിന്തുണ, കായികതാരങ്ങളുടെ ആരോഗ്യം വീണ്ടെടുക്കല്‍ എന്നിവയ്ക്ക് വിശദമായ ആസൂത്രണം അനിവാര്യമാക്കുന്നു.
ഗെയിംസിലെ താമസ സൗകര്യങ്ങളുമായി കായികതാരങ്ങള്‍ക്ക് പൊരുത്തപ്പെടാൻ സഹായിക്കുന്ന തരത്തില്‍ പട്യാലയിലെയും ബംഗളൂരുവിലെയും സായ് മേഖലാ കേന്ദ്രങ്ങളില്‍ പ്രത്യേക താൽക്കാലിക കണ്ടെയ്‌നർ യൂണിറ്റുകൾ സ്ഥാപിക്കും. ഗെയിംസ് വേളയിൽ പ്രതീക്ഷിക്കുന്ന കണ്ടെയ്‌നർ മാതൃകയിലെ താമസക്രമങ്ങളുമായി പരിചിതമാകാൻ ഇത് കായികതാരങ്ങള്‍ക്ക് അവസരമൊരുക്കും. താമസ സാഹചര്യങ്ങളുമായി നേരത്തെ പൊരുത്തപ്പെടുന്നതിലൂടെ മത്സരത്തിനിടയിലെ ശ്രദ്ധ തിരിക്കലുകൾ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തില്‍ വിശദീകരിച്ചു.
ജനുവരിയിൽ ഐഒഎ പ്രതിനിധി സംഘം നടത്തിയ നാലുദിവസത്തെ പരിശോധനാ സന്ദർശനവും യോഗം വിലയിരുത്തി. ജപ്പാനിലെ പ്രധാന മത്സര വേദികൾ, കായികതാരങ്ങള്‍ക്കായി ഒരുക്കിയ സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംഘം പരിശോധിച്ചിരുന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ അത്‌ലറ്റുകൾക്ക് തടസരഹിത പ്രവർത്തനങ്ങൾ ഉറപ്പാക്കാന്‍ ഓരോ ക്ലസ്റ്ററിനും പ്രത്യേക ലോജിസ്റ്റിക്സ് ഓഫീസർമാരെയും മെഡിക്കൽ സംഘങ്ങളെയും പിന്തുണാ ഉദ്യോഗസ്ഥരെയും നിയോഗിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തില്‍ ഏകോപനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരികയാണ്.
ഗെയിംസിന് മുന്‍പത്തെ മാസങ്ങളിൽ സുഗമമായ തയ്യാറെടുപ്പ് ഉറപ്പാക്കാന്‍ കായികതാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി നടപടികൾ യോഗം ചർച്ച ചെയ്തു. ടീമിനായി ഒരു മുഖ്യ മെഡിക്കൽ ഡോക്ടറുടെ നിയമനം, നിയുക്ത സായ് പാചക വിദഗ്ധരുടെ സഹായത്തോടെ കായികതാരങ്ങളുടെ ഇന്ത്യൻ ഭക്ഷണങ്ങള്‍ അന്തിമമാക്കല്‍, കായികതാരങ്ങള്‍ക്ക് ഔദ്യോഗിക കിറ്റുകൾ മുൻകൂട്ടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവയടക്കം നടപടികളാണ് ചര്‍ച്ചയായത്. കായിക ഇനം തിരിച്ച് പ്രകടന അവലോകനങ്ങൾ, ടീമിനെ നേരത്തെ അന്തിമമാക്കൽ, മെഡിക്കൽ-റിക്കവറി ടീമുകൾ ഉൾപ്പെടെ പിന്തുണാ ഉദ്യോഗസ്ഥരുടെ വർധന എന്നിവയുടെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളില്‍ ഇന്ത്യ നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ ടീമിന്റെ വലിപ്പം, യാത്രാ സൗകര്യങ്ങൾ, പ്രവർത്തന സജ്ജത എന്നിവയെക്കുറിച്ച് അന്തിമ ചർച്ചകൾക്കായി സമിതിയുടെ അടുത്ത യോഗം മാർച്ച് 20-ന് ചേരും.
*****
( റിലീസ് ഐ.ഡി: 2235569)
സന്ദര്‍ശക കൗണ്ടര്‍ : 30