വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ 'സ്റ്റഡി ഇൻ ഇന്ത്യ' വിദ്യാഭ്യാസ-നയതന്ത്ര കോൺക്ലേവ് 2026-ൽ 50-ലേറെ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ

പോസ്റ്റഡ് ഓണ്‍: 02 MAR 2026 3:14PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ സംഘടിപ്പിച്ച 'സ്റ്റഡി ഇൻ ഇന്ത്യ' വിദ്യാഭ്യാസ-നയതന്ത്ര കോൺക്ലേവ് 2026-നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ അഭിസംബോധന ചെയ്തു. ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാന്‍ 50-ലധികം രാജ്യങ്ങളിൽ നിന്ന് അംബാസഡർമാരും ഹൈക്കമ്മീഷണർമാരും നയതന്ത്ര പ്രതിനിധികളും മന്ത്രാലയ ഉദ്യോഗസ്ഥരും  ചടങ്ങിൽ സംബന്ധിച്ചു.

  

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ പരിവർത്തനത്തെക്കുറിച്ച് സദസ്സിനെ അഭിസംബോധന ചെയ്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസത്തിൻ്റെ അന്താരാഷ്ട്രവൽക്കരണത്തിൽ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെക്കുറിച്ചും ഗുണമേന്മയിലും നൂതനാശയങ്ങളിലും മിതമായ വിദ്യാഭ്യാസ ചെലവിലും രാജ്യം  നൽകുന്ന ശക്തമായ ഊന്നല്‍ സംബന്ധിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

 

 

സ്വാതന്ത്ര്യത്തിൻ്റെ  100-ാം വാർഷികം ആഘോഷിക്കുന്ന 2047-ല്‍ ഒരു വികസിത രാഷ്ട്രമായി മാറുന്ന ഇന്ത്യയെയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക രംഗത്ത് പഠനത്തിനും ഗവേഷണത്തിനും നൂതനാശയങ്ങൾക്കും അവ നടപ്പാക്കുന്നതിനും വലിയ അവസരങ്ങൾ നൽകുന്ന തിളക്കമാര്‍ന്ന വേദിയായി ഇന്ത്യ തുടരുകയാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. 

 

ഇന്ത്യയുടെ ഊർജസ്വലമായ വൈജ്ഞാനിക ആവാസവ്യവസ്ഥയും ജനസംഖ്യാപരമായ നേട്ടവും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുമാണ് രാജ്യത്തിൻ്റെ  ഏറ്റവും വലിയ കരുത്തെന്ന് മന്ത്രി വ്യക്തമാക്കി.  2020-ലെ ദേശീയ വിദ്യാഭ്യാസനയം, 'സ്റ്റഡി ഇൻ ഇന്ത്യ' പദ്ധതി എന്നിവയിലൂടെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്ഥാപനങ്ങൾക്കും രാജ്യം ആഗോള പാതകൾ വിപുലീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

നിര്‍മിതബുദ്ധി,  ബയോടെക്നോളജി, അര്‍ധചാലകങ്ങള്‍  എന്നിവ മുതൽ സുസ്ഥിര ഊർജം വരെ മേഖലകളിൽ വിശ്വസ്ത നൂതന പങ്കാളിയായി  ഇന്ത്യ  ഉയർന്നുവരികയാണെന്നും സഹകരണം, ശേഷി വർധന,  വൈജ്ഞാനിക കൈമാറ്റം എന്നിവയിലധിഷ്ഠിതമായ  'ഗ്ലോബൽ സൗത്ത്' മാതൃകയാണ് രാജ്യം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അനിശ്ചിതത്വങ്ങളും അതിവേഗ മാറ്റങ്ങളും നിറഞ്ഞ ലോകത്ത് സമൂഹങ്ങൾക്കിടയിലെ ഏറ്റവും സുദൃഢമായ പാലം വിദ്യാഭ്യാസമാണെന്ന് എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി പങ്കാളിത്ത രാജ്യങ്ങളുമായി ശക്തമായ വൈജ്ഞാനിക ബന്ധങ്ങൾ  കെട്ടിപ്പടുക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി.  അതിവേഗം വളരുന്നതും നൂതനാശയങ്ങളിലധിഷ്ഠിതവും വൈവിധ്യമാർന്നതും  എല്ലാവർക്കും പ്രാപ്യവുമായ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായവുമായി സഹകരിക്കാൻ അദ്ദേഹം നയതന്ത്ര പ്രതിനിധികളോട് ആഹ്വാനം ചെയ്തു.

 

കഴിഞ്ഞ ആറു വർഷമായി 2020-ലെ ദേശീയ വിദ്യാഭ്യാസ നയം  ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകിയതായി ചടങ്ങിൽ സംസാരിച്ച ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. വിനീത് ജോഷി പറഞ്ഞു.  ബഹുവിഷയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും നൈപുണ്യ വികസനത്തെ പ്രധാന പഠനപദ്ധതിയുമായി സംയോജിപ്പിക്കുന്നതിലും അന്താരാഷ്ട്രവൽക്കരണത്തിലും ഇത് പ്രധാന പങ്കുവഹിച്ചു. സംയുക്ത, ഇരട്ട, ഏകോപിത പഠനപദ്ധതികളിലൂടെ  ഇന്ത്യൻ സ്ഥാപനങ്ങൾ ആഗോളതല ഇടപെടല്‍ വർധിപ്പിക്കുന്നുവെന്നും പ്രമുഖ സർവകലാശാലകൾ അന്താരാഷ്ട്ര തലത്തിൽ  സാന്നിധ്യം വിപുലീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്നതിന് സുതാര്യവും സമയബന്ധിതവുമായ നിയന്ത്രണ ചട്ടക്കൂട് യുജിസി  ഒരുക്കിയിട്ടുണ്ടെന്നും ഓസ്‌ട്രേലിയ, ഇറ്റലി, യുകെ, യുഎസ് എന്നിവിടങ്ങളിലെ മുൻനിര സ്ഥാപനങ്ങളുടെ അപേക്ഷകൾക്ക് ഒരു മാസത്തിനകം അനുമതി നല്‍കിയതായും  അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായി പരസ്പരം പ്രയോജനകരമായ ആഗോള വിദ്യാഭ്യാസ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് തുറന്ന ക്ഷണമായി  'സ്റ്റഡി ഇൻ ഇന്ത്യ' പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചു.

 

കോൺക്ലേവിലെ സെഷനുകള്‍ ശ്രദ്ധകേന്ദ്രീകരിച്ച പ്രധാന വിഷയങ്ങള്‍:

  • ആഗോള വിദ്യാഭ്യാസ മേഖലയ്ക്കായി ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായങ്ങള്‍  

  • SPARC, GIAN എന്നിവയിലൂടെ അക്കാദമിക പങ്കാളിത്തം 

  • നിര്‍മിതബുദ്ധിയും  നൂതന സാങ്കേതികവിദ്യകളും 

  • വിദേശ സർവകലാശാല കാമ്പസുകള്‍ സംബന്ധിച്ച 2023-ലെ യുജിസി ചട്ടങ്ങള്‍.

  • അന്താരാഷ്ട്ര ബ്രാഞ്ച് കാമ്പസുകളും അവ സംബന്ധിച്ച ചട്ടക്കൂടുകളും.

  • ഇന്ത്യയുടെ നൈപുണ്യ വികസന സംവിധാനത്തിൻ്റെ  അന്താരാഷ്ട്രവൽക്കരണം.

  • ഭാരത് ഇന്നോവേറ്റ്‌സ് 2026  

ഇന്ത്യയുടെ വളരുന്ന ഉന്നതവിദ്യാഭ്യാസ ആവാസവ്യവസ്ഥയെ എടുത്തുകാട്ടിയ ചർച്ചകൾ വിദ്യാർത്ഥി കൈമാറ്റം, സംയുക്ത പരിപാടികള്‍, ഗവേഷണ പങ്കാളിത്തം, കാമ്പസുകൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെ സഹകരണത്തിൻ്റെ  കൃത്യമായ പാതകള്‍  അവതരിപ്പിച്ചു. 

 

പങ്കാളിത്ത രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസത്തിനും ഹ്രസ്വകാല പ്രോഗ്രാമുകള്‍ക്കും ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിലൂടെയും സ്ഥാപനങ്ങൾ തമ്മിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആഗോള റാങ്കിങ് നേടിയ സർവകലാശാലകളെ ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങാൻ സ്വാഗതം ചെയ്യുന്നതിലൂടെയും ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന  പ്രത്യേക വേദിയായി 'സ്റ്റഡി ഇൻ ഇന്ത്യ' വിദ്യാഭ്യാസ-നയതന്ത്ര കോൺക്ലേവ്  മാറി.

*****


( റിലീസ് ഐ.ഡി: 2234670) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil , Telugu , Kannada