ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

തൃശൂര്‍ ചേതന ഗാനാശ്രമത്തിൻ്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി നിർവ്വഹിച്ചു

“ഭാരതത്തിൻ്റെ സംഗീതം ഒരു ആത്മീയ യാത്രയാണ്, ഒരു ധ്യാനമാണ്, ഒരു പ്രാർത്ഥനയാണ്, ജീവിതത്തിൻ്റെ ആഘോഷവുമാണ്.” - ഉപരാഷ്ട്രപതി

“പുണ്യനദിയായ ഗംഗയെപ്പോലെ സംഗീതം നമ്മുടെ സംസ്കാരത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.” - ഉപരാഷ്ട്രപതി

“പരിസ്ഥിതി സൗഹൃദ സംഗീത കാമ്പസ് എന്ന നിലയിൽ ചേതന ഗാനാശ്രമം സാമൂഹികവും മതപരവുമായ സൗഹാർദ്ദം പ്രോത്സാഹിപ്പിക്കും.” - ഉപരാഷ്ട്രപതി

“ഓരോ സ്വരത്തിനും അതിൻ്റേതായ വ്യക്തിത്വമുണ്ട്. എന്നാൽ അവ ഒന്നുചേരുമ്പോൾ രാഗമുണ്ടാകുന്നു. അതുപോലെ, മനുഷ്യർ വ്യത്യസ്തരാണെങ്കിലും, ഒരു ഉന്നത ലക്ഷ്യത്തിനായി ഒന്നിക്കുമ്പോൾ അവർക്ക് ഐക്യം സൃഷ്ടിക്കാൻ കഴിയും.” - ഉപരാഷ്ട്രപതി

“സമ്മർദ്ദങ്ങൾ നിറഞ്ഞ ഇന്നത്തെ വേഗതയേറിയ ലോകത്ത്, സംഗീതത്തിൻ്റെ രോഗശാന്തി നല്കാനുള്ള കഴിവ് എന്നത്തേക്കാളും പ്രസക്തമാണ്.” - ഉപരാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 01 MAR 2026 1:24PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് എല്ലാ മതസ്ഥർക്കും ആത്മീയ ഉണർവ്വ് നല്കുന്ന സാംസ്കാരിക-സംഗീത കാമ്പസായ തൃശൂരിലെ ചേതന ഗാനാശ്രമത്തിൻ്റെ ശിലാസ്ഥാപനം  നിർവ്വഹിച്ചു.

തൃശ്ശൂർ കുര്യാക്കോസ് ഏലിയാസ് സർവ്വീസ് സൊസൈറ്റിയുടെ (KESS) ഒരു പദ്ധതിയും ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിൻ്റെ ഒരു സംരംഭവുമാണ് ചേതന ഗാനാശ്രമം.

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ സംഗീത പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്  ഉപരാഷ്ട്രപതി പറഞ്ഞു. "ഭാരതത്തിൻ്റെ  സംഗീതം കേവലം ശബ്ദമല്ല, അതൊരു ആത്മീയ യാത്രയും ധ്യാനവും പ്രാർത്ഥനയും ജീവിതത്തിൻ്റെ  ആഘോഷവുമാണ്. ഭാരതത്തിൻ്റെ പുരാതനമായ സാംസ്കാരിക ആത്മാവിൻ്റെ ഏറ്റവും ശുദ്ധമായ പ്രകടനമായി സംഗീതത്തെ വിശേഷിപ്പിച്ച അദ്ദേഹം, ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ഒരേ താളത്തിൽ കോർത്തിണക്കുന്ന ശക്തമായ നൂലാണിതെന്ന് കൂട്ടിച്ചേർത്തു.

ഇന്ത്യൻ സംഗീതത്തിൻ്റെ സാംസ്കാരിക ആഴത്തെക്കുറിച്ച്  എടുത്തുപറഞ്ഞുകൊണ്ട്, വേദമന്ത്രങ്ങൾ മുതൽ സന്യാസിമാരുടെ ഭക്തിനിർഭരമായ ആവിഷ്കാരങ്ങൾ വരെ സംഗീതം എന്നത് പുണ്യനദിയായ ഗംഗയെപ്പോലെ രാജ്യത്തുടനീളം ഒഴുകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചോള രാജാക്കന്മാർ നിർമ്മിച്ച ബൃഹദീശ്വര ക്ഷേത്രത്തിലെ ലിഖിതങ്ങൾ ഉൾപ്പെടെയുള്ള ചരിത്രപരമായ തെളിവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറുകണക്കിന് സംഗീതജ്ഞരേയും നർത്തകരേയും നിയമിച്ചതും പിന്തുണച്ചതും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തേവാരം പോലുള്ള വിശുദ്ധ സ്തുതിഗീതങ്ങൾ ക്ഷേത്രങ്ങളിൽ പതിവായി ആലപിച്ചിരുന്നത് ഭാരതത്തിൻ്റെ സംഗീത പൈതൃകത്തിൻ്റെ കാലാതീതത തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിക്കവേ, ഹിന്ദുസ്ഥാനിയും കർണ്ണാടക ശാസ്ത്രീയ സംഗീതവും ശബ്ദത്തിൻ്റെ അഗാധമായ ശാസ്ത്രങ്ങളാണെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ത്യാഗരാജ സ്വാമികളുടെ അമരമായ കൃതികളേയും, ടാൻസൻ്റെ പ്രതിഭയേയും, എം.എസ്. സുബ്ബലക്ഷ്മിയുടെ ദൈവികമായ ശബ്ദത്തേയും, രവിശങ്കറിൻ്റെ ആഗോള സ്വാധീനത്തേയും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യൻ സംഗീതം ഭൂഖണ്ഡങ്ങളിലുടനീളമുള്ള ആസ്വാദകർക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാശ്ചാത്യമോ ഇന്ത്യൻ സംഗീതമോ ആകട്ടെ, എല്ലാ സംഗീതവും ഏഴ് സ്വരങ്ങളിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ച അദ്ദേഹം, സപ്തസ്വരങ്ങൾ മാനുഷിക വികാരങ്ങളുമായി പ്രതിധ്വനിക്കുകയും ശ്വസനത്തെ ക്രമീകരിക്കുകയും ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. “പുലർച്ചെ ഒരു മനോഹരമായ രാഗം ഒഴുകുമ്പോഴോ അല്ലെങ്കിൽ ഒരു പവിത്രമായ ഇടത്തിൽ ഭക്തിഗാനം നിറയുമ്പോഴോ, സംഗീതം ഒരു ഔഷധമായി മാറുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഗീത ധ്യാനത്തിനും ചികിത്സയ്ക്കുമായി സമർപ്പിക്കപ്പെട്ട ഒരു പരിസ്ഥിതി സൗഹൃദ സംഗീത കാമ്പസ് എന്ന നിലയിലുള്ള ചേതന ഗാനാശ്രമത്തിൻ്റെ  കാഴ്ചപ്പാടിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഏഴ് സ്വരങ്ങൾ വൈവിധ്യത്തിലെ ഏകത്വത്തെ പ്രതീകപ്പെടുത്തുന്നുവെന്നും അവ ഓരോന്നും വ്യത്യസ്തമാണെങ്കിലും ഒന്നിച്ച് ചേരുമ്പോൾ ഹൃദ്യമാകുന്നുവെന്നും ഇത് മനുഷ്യരാശിക്ക് അഗാധമായ ഒരു പാഠമാണ് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ഗായകൻ ശ്രീ കെ. ജെ. യേശുദാസിനെപ്പോലെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥരായ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനാശ്രമത്തിൻ്റെ  എല്ലാവരേയും ഉൾക്കൊള്ളുന്ന  മാനേജ്‌മെൻ്റിനെ അദ്ദേഹം പ്രശംസിച്ചു. സംഗീതത്തിൻ്റേയും ധ്യാനത്തിൻ്റേയും ആത്മീയ കുടക്കീഴിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഗാനാശ്രമത്തിൻ്റെ  ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ധ്യാനാലയം (സംഗീത ധ്യാനം), സംഗീതാലയം (ന്യൂറോളജിക് മ്യൂസിക് തെറാപ്പി), ശബ്ദാലയം (വോയ്സ് തെറാപ്പി), കലാലയം (ഇന്ത്യൻ സംഗീതവും നൃത്തവും), യോഗാലയം (യോഗ തെറാപ്പി) തുടങ്ങിയ നിർദ്ദിഷ്ടമായ അഞ്ച് ആലയങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ട്, ഈ സ്ഥാപനം നിരവധി ആത്മാക്കളെ ഉണർത്തുകയും സുഖപ്പെടുത്തുകയും ചെയ്യുമെന്ന് ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, യോഗ എന്ന പുരാതന വിജ്ഞാനത്തിന് അഭൂതപൂർവ്വമായ ആഗോള അംഗീകാരം ലഭിച്ചുവെന്നും അത് വസുധൈവ കുടുംബകം എന്ന തത്വശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ മൃദുശക്തിയുടെ പ്രതീകമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഗീത പാരമ്പര്യങ്ങളുടെ കൈമാറ്റത്തിനായി കേന്ദ്ര സർക്കാർ ഊർജ്ജസ്വലമായ വേദികൾ ഒരുക്കിയിട്ടുണ്ടെന്നും ഇത് വൈവിധ്യത്തിലെ ഏകത്വത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തോടുള്ള ആഗോള മതിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേഗമേറിയതും പലപ്പോഴും സമ്മർദ്ദപൂരിതവുമായ ഇന്നത്തെ ലോകത്ത് സംഗീതത്തിൻ്റെ രോഗശാന്തി നല്കാനുള്ള ശക്തി എന്നത്തേക്കാളും പ്രസക്തമാണെന്ന് തൻ്റെ  പ്രസംഗം ഉപസംഹരിച്ചുകൊണ്ട്  ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ചേതന ഗാനാശ്രമത്തിന് വലിയ വിജയം ആശംസിച്ച അദ്ദേഹം സ, രി, ഗ, മ, പ, ധ, നി എന്നിവയുടെ ശാശ്വത സ്പന്ദനങ്ങൾ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതും മനുഷ്യരാശിയെ ഐക്യത്തിലേക്ക് നയിക്കുന്നതും തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

കേരള ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക-ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി, കേരള ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സി.എം.ഐ ദേവമാത പ്രൊവിൻഷ്യൽ ഡോ. ജോസ് നന്തിക്കര, ചേതന ഗാനാശ്രമത്തിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ പൂവത്തിങ്കൽ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
 
***

( റിലീസ് ഐ.ഡി: 2234207) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil , Telugu