ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
14 വയസ്സുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപക എച്ച്പിവി വാക്സിനേഷൻ യജ്ഞത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ തുടക്കമിട്ടു
പോസ്റ്റഡ് ഓണ്‍:
28 FEB 2026 3:36PM by PIB Thiruvananthpuram
ഗർഭാശയമുഖ അർബുദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തി 14 വയസ്സുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപക ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിനേഷൻ ക്യാമ്പയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ അജ്മീറിൽ ഉദ്ഘാടനം ചെയ്തു.


കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കർത്തവ്യ ഭവനിൽ നിന്ന് വെർച്വലായി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദയും പരിപാടിയിൽ പങ്കെടുത്തു. ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ. എം. ശ്രീനിവാസ്; സഫ്ദർജംഗ് ആശുപത്രി ഡയറക്ടർ ഡോ. സന്ദീപ് ബൻസാൽ; ന്യൂഡൽഹി എയിംസ്, സഫ്ദർജംഗ് ആശുപത്രി, ആർഎംഎൽ ആശുപത്രി, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ 'നാരി ശക്തി'യെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളമുള്ള അമ്മമാരുടെയും പെൺമക്കളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഒരു നിർണായക ചുവടുവയ്പ്പാണ് രാജ്യവ്യാപകമായ എച്ച്പിവി വാക്സിനേഷൻ പരിപാടിയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. "കുടുംബത്തിലെ അമ്മ രോഗബാധിതയാകുമ്പോൾ, വീട് അടുക്കില്ലാതെയായി അനുഭവപ്പെടുമെന്ന് നമുക്കെല്ലാവർക്കും അറിയാം. അമ്മ ആരോഗ്യവതിയാണെങ്കിൽ, കുടുംബം എല്ലാ പ്രതിസന്ധികളെയും നേരിടാൻ പ്രാപ്തമായി തുടരുന്നു. ഈ ചിന്തയോടെ സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനായി ഗവൺമെൻ്റ് നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്," അദ്ദേഹം എടുത്തുപറഞ്ഞു.
സ്ത്രീകളുടെ ആരോഗ്യത്തിനും അന്തസ്സിനും വേണ്ടിയുള്ള ഗവൺമെൻ്റിൻ്റെ സംവേദനക്ഷമവും ദൗത്യനിർവ്വഹണപരവുമായ സമീപനത്തെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ശുചിത്വ സംരംഭങ്ങൾക്ക് കീഴിലായി ശൗചാലയ നിർമ്മാണം, താങ്ങാനാവുന്ന വിലയിൽ സാനിറ്ററി പാഡുകൾ നൽകൽ, ദശലക്ഷക്കണക്കിന് വീടുകൾക്ക് ശുദ്ധമായ പാചക ഇന്ധനം ഉറപ്പാക്കിയ പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടങ്ങിയ പരിവർത്തനാത്മക ഇടപെടലുകളെ പരാമർശിച്ചു.
ഗർഭകാലത്ത് പോഷകാഹാരം നൽകുന്നതിനായി ഗർഭിണികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ നേരിട്ട് കൈമാറുന്ന 'സുരക്ഷിത മാതൃത്വ' പദ്ധതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അവഗണനയുടെ മനോഭാവത്തിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ലക്ഷ്യമിട്ടുള്ള പരിചരണം, അന്തസ്സ്, സംവേദനക്ഷമത എന്നിവയിൽ അധിഷ്ഠിതമായ സംസ്കാരത്തിലേക്കുള്ള മാറ്റത്തെ ഈ സംരഭങ്ങൾ പ്രതിഫലിപ്പിക്കുന്നതായി പ്രധാനമന്ത്രി അടിവരയിട്ടു.

അജ്മീറിൽ നടന്ന ദേശീയതല ഉദ്ഘാടന പരിപാടിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരുടെ വെർച്വൽ പങ്കാളിത്തം ഉണ്ടായിരുന്നു. ഗവർണർമാർ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, അഡ്മിനിസ്ട്രേറ്റർമാർ, സംസ്ഥാന ആരോഗ്യ മന്ത്രിമാർ, വിദ്യാഭ്യാസ മന്ത്രിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർ അതത് സംസ്ഥാന/ കേന്ദ്രഭരണ പ്രദേശ ആസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്തു.
ആഗോളതലത്തിലും ഇന്ത്യയിലും ഗർഭാശയമുഖ അർബുദം ഇപ്പോഴും ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്. ലോകാരോഗ്യ സംഘടനാ ഗ്ലോബോകാൻ റിപ്പോർട്ട് 2022 പ്രകാരം പ്രതിവർഷം 1,20,000ലധികം പുതിയ കേസുകളും ഏകദേശം 80,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന, ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ഇനം കാൻസറാണിത്. ഉയർന്ന അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ഇനങ്ങളുടെ, പ്രത്യേകിച്ച്- ടൈപ്പ് 16, 18 എന്നിവ മൂലമുണ്ടാകുന്ന അണുബാധ സെർവിക്കൽ കാൻസറിൻ്റെ പ്രാഥമിക കാരണമായി കണ്ടെത്തിയിട്ടുണ്ട് .
എച്ച്പിവി അണുബാധയ്ക്ക് സാധ്യതയുള്ള പെൺകുട്ടികളെ സംരക്ഷിക്കുന്നതിലൂടെ സെർവിക്കൽ കാൻസർ തടയുക എന്നതാണ് രാജ്യവ്യാപകമായ എച്ച്പിവി വാക്സിനേഷൻ പരിപാടി ലക്ഷ്യമിടുന്നത്. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. കൂടാതെ ഭൂരിഭാഗം സെർവിക്കൽ കാൻസർ കേസുകൾക്കും കാരണമായ എച്ച്പിവി ഇനങ്ങൾക്കെതിരെ ദീർഘകാല സംരക്ഷണവും നൽകുന്നു.
ലോകാരോഗ്യ സംഘടന, പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ദേശീയ സാങ്കേതിക ഉപദേശക സമിതി (NTAGI) എന്നിവയുൾപ്പെടെയുള്ള ആഗോള, ദേശീയ വിദഗ്ധ സംഘടനകൾ എച്ച്പിവി വാക്സിനേഷൻ സാധൂകരിക്കുകയും ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ആഗോളതലത്തിൽ 194 രാജ്യങ്ങളിൽ 160 ഇടങ്ങളിൽ അതാത് ദേശീയ രോഗപ്രതിരോധ പരിപാടികൾക്ക് കീഴിൽ എച്ച്പിവി വാക്സിൻ അവതരിപ്പിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഭൂരിഭാഗവും ഉൾപ്പെടെ 90 രാജ്യങ്ങൾ ഒറ്റ ഡോസ് ഷെഡ്യൂൾ സ്വീകരിച്ചു. 80 രാജ്യങ്ങൾ അവരുടെ ദേശീയ രോഗപ്രതിരോധ പരിപാടിയിൽ ഗാർഡാസിൽ-4 വാക്സിൻ ഉപയോഗിക്കുന്നു. ഇതിൽ 61 രാജ്യങ്ങൾ ഗാർഡാസിൽ-4 ൻ്റെ ഒറ്റ ഡോസ് ഷെഡ്യൂൾ നടപ്പിലാക്കുന്നു.
വാക്സിൻ പരിരക്ഷ നൽകുന്ന എച്ച്പിവി ഇനങ്ങൾ മൂലമുണ്ടാകുന്ന സെർവിക്കൽ ക്യാൻസറിനെ തടയുന്നതിൽ എച്ച്പിവി വാക്സിനുകൾ 93–100% ഫലപ്രദമാണ്. ഉയർന്ന വാക്സിനേഷൻ പരിരക്ഷ എച്ച്പിവി ഇനങ്ങളുടെ വ്യാപനം കുറയ്ക്കുന്നുവെന്ന തെളിവുകൾ ശക്തമായ ഒരു സാമൂഹ്യ സ്വാധീനവും കാണിക്കുന്നു. അതുവഴി വാക്സിനേഷൻ എടുക്കാത്ത വ്യക്തികൾക്ക് പോലും പരോക്ഷ സംരക്ഷണം നൽകുന്നു.
ഇന്ത്യയുടെ ദേശീയ പരിപാടി ആഗോള ശാസ്ത്രീയ തെളിവുകളും ലോകാരോഗ്യ സംഘടനാ ശുപാർശകളും അനുസരിച്ചുള്ള ഒറ്റ ഡോസ് ആയി ഗാർഡാസിൽ-4 (ക്വാഡ്രിവാലൻ്റ്: എച്ച്പിവി ഇനങ്ങൾ 6, 11, 16, 18) ഉപയോഗിക്കുന്നു.
ലക്ഷ്യവിഭാഗവും വ്യാപ്തിയും:
14 വയസ്സ് തികഞ്ഞ പെൺകുട്ടികളെ (14 വയസ്സ് പൂർത്തിയായെങ്കിലും ഇതുവരെ 15 വയസ്സ് തികയാത്തവർ) ഈ കാമ്പെയ്‌നിൽ ഉൾപ്പെടുത്തും. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2021 ലെ കണക്കനുസരിച്ച്, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ വാർഷിക എണ്ണം ഏകദേശം 1.2 കോടിയാണ് അവർക്ക് ഓരോ വർഷവും ഈ സംരംഭത്തിൻ്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എച്ച്പിവി വാക്സിനേഷൻ കാമ്പെയ്‌നിൻ്റെ പ്രവർത്തന പദ്ധതി:
ഇന്ത്യയിൽ എച്ച്പിവി വാക്സിനേഷൻ അവതരിപ്പിക്കുന്നതിന് സുരക്ഷ, ലോജിസ്റ്റിക്സ്, നിരീക്ഷണം എന്നിവയിൽ കൃത്യമായ ശ്രദ്ധ നൽകി, സൂക്ഷ്മമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രധാന സവിശേഷതകൾ:
വാക്സിനേഷൻ ദൈർഘ്യം: കാമ്പെയ്‌ൻ രീതിയിൽ 3 മാസം (90 ദിവസം).
കാമ്പെയ്‌ൻ ഘട്ടം പൂർത്തിയായ ശേഷം, പതിവ് വാക്സിനേഷൻ ദിവസങ്ങളിൽ എച്ച്പിവി വാക്സിൻ ലഭ്യമാകും.
വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ: ആയുഷ്മാൻ ആരോഗ്യ മന്ദിർ (എഎഎം) പോലുള്ള ഗവൺമെൻ്റ് ആരോഗ്യ സൗകര്യങ്ങൾ മാത്രം - പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പിഎച്ച്സി), കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ (സിഎച്ച്സി), ഉപജില്ലാ ആശുപത്രികൾ (എസ്ഡിഎച്ച്), ജില്ലാ ആശുപത്രികൾ (ഡിഎച്ച്), ഗവൺമെൻ്റ് മെഡിക്കൽ കോളേജുകളും ആശുപത്രികളും (ജിഎംസിഎച്ച്)
ഡോസും നൽകുന്ന രീതിയും: ഇടതു കൈയുടെ മുകൾ ഭാഗത്ത് ഒറ്റ ഡോസ് (0.5 മില്ലി) ആയി പേശിയ്ക്കുള്ളിൽ (ഐഎം) കുത്തിവയ്പ്പ്
സ്വയം താൽപര്യമുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്; കൂടാതെ ഇത് സൗജന്യവുമാണ്. മാതാപിതാക്കളുടെ/രക്ഷിതാവിൻ്റെ സമ്മതത്തോടെ മാത്രമേ വാക്സിൻ നൽകൂ.
ഗുണഭോക്താക്കൾക്ക് യു-വിൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അപ്പോയിൻ്റ് മെൻ്റുകൾ നിജപ്പെടുത്താം. അല്ലെങ്കിൽ നിയുക്ത ഗവൺമെൻ്റ് ആരോഗ്യ സൗകര്യങ്ങളിൽ നേരിട്ട് ചെന്നും വാക്സിൻ എടുക്കാനും കഴിയും. മാതാപിതാക്കളുടെ/രക്ഷിതാവിൻ്റെ സമ്മതം നിർബന്ധമാണ്. കൂടാതെ യു-വിൻ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യും. ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ, നിർദ്ദിഷ്ട മാതൃക അനുസരിച്ച് പേപ്പറിൽ സമ്മതം നേടാവുന്നതാണ്.
സെഷൻ ആസൂത്രണം, രജിസ്ട്രേഷൻ, രേഖപ്പെടുത്തൽ, റിപ്പോർട്ടിംഗ് എന്നിവയ്ക്കായി യു-വിൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. അതേസമയം വാക്സിൻ സംഭരണവും ലോജിസ്റ്റിക്സും ഇ-വിൻ പോർട്ടൽ വഴി കൈകാര്യം ചെയ്യും.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായി എല്ലാ സാങ്കേതിക, പ്രവർത്തന വശങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സുഗമമായ നിർവഹണം ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പങ്കുവെച്ചു.
കർശനമായ വൈദ്യശാസ്ത്ര മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് വാക്സിൻ നൽകുന്നത്. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ വാക്സിനേഷൻ മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും:
- മിതമായതോ ഗുരുതരമോ ആയ രോഗമുള്ള പെൺകുട്ടികൾക്ക് ഭേദമാകുന്നത് വരെ
- മുൻ വാക്സിനേഷനിൽ ഗുരുതരമായ അലർജി പ്രതികരണത്തിൻ്റെ ചരിത്രമുള്ള പെൺകുട്ടികൾ
- യീസ്റ്റിനോട് അലർജിയുള്ള പെൺകുട്ടികൾ
- ലക്ഷ്യ പ്രായപരിധിക്ക് പുറത്തുള്ള പെൺകുട്ടികൾ
എച്ച്പിവി വാക്സിൻ (ഗാർഡസിൽ, ഗാർഡാസിൽ-9, സെർവാരിക്സ്, അല്ലെങ്കിൽ സെർവവാക്) ഇതിനകം സ്വീകരിച്ച പെൺകുട്ടികൾക്ക്, അവരുടെ വാക്സിനേഷൻ സംബന്ധിച്ച് U-WIN പോർട്ടലിൽ വിവരം ഉൾപ്പെടുത്തും.
എല്ലാ വാക്സിനേഷൻ സെഷനുകളും പരിശീലനം ലഭിച്ച മെഡിക്കൽ ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. പ്രവർത്തനക്ഷമമായ കോൾഡ് ചെയിൻ പോയിൻ്റുകൾ (CCP-കൾ) ഉണ്ടായിരിക്കും. കൂടാതെ കുടിവെപ്പിനെ തുടർന്ന് അപൂർവമായി ഉണ്ടാകാവുന്ന പ്രതികൂല സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും ഗവൺമെൻ്റ് ആരോഗ്യ സൗകര്യങ്ങളുടെ പിന്തുണ സൗകര്യം ഉറപ്പാക്കും.
പ്രധാനമന്ത്രിയുടെ ദേശീയ ഉദ്ഘാടനത്തിന് ശേഷം, പ്രാദേശിക പരിപാടികളിലൂടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എച്ച്പിവി വാക്സിനേഷൻ കാമ്പെയ്ൻ ആരംഭിച്ചു.
രാജ്യവ്യാപകമായ എച്ച്പിവി വാക്സിനേഷൻ കാമ്പെയ്ൻ ഇന്ത്യയുടെ പ്രതിരോധ- ആരോഗ്യ സംരക്ഷണ തന്ത്രത്തിലെ ഒരു പരിവർത്തനാത്മക ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ ശാസ്ത്രീയ തെളിവുകളിലും കൃത്യമായ നടപ്പാക്കലിലും അടിസ്ഥാനമാക്കിയുള്ള സേവനവിതരണാധിഷ്ഠിത ഭരണത്തെ പ്രതിഫലിപ്പിക്കുന്നു.

കാമ്പെയ്ൻ കാലയളവിൽ 14 വയസ്സുള്ള പെൺമക്കൾക്ക് എച്ച്പിവി വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യർത്ഥിക്കുന്നു. എച്ച്പിവി വാക്സിനേഷൻ ഇന്ത്യയിലെ പെൺകുട്ടികളുടെ ജീവൻ സുരക്ഷിതമാക്കാനും ആരോഗ്യകരവും കാൻസർ രഹിതവുമായ ഭാവി ഉറപ്പാക്കാനും കഴിയുന്ന ശക്തമായ ഒരു പ്രതിരോധ ഇടപെടലാണ്.
***
( റിലീസ് ഐ.ഡി: 2233992)
സന്ദര്‍ശക കൗണ്ടര്‍ : 56