രാഷ്ട്രപതിയുടെ കാര്യാലയം
പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ നടന്ന ‘വായു ശക്തി-2026’ അഭ്യാസപ്രകടനം രാഷ്ട്രപതി വീക്ഷിച്ചു
പോസ്റ്റഡ് ഓണ്‍:
27 FEB 2026 8:46PM by PIB Thiruvananthpuram
രാജസ്ഥാനിലെ ജയ്‌സാൽമീറിൽ പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ നടന്ന ‘വായു ശക്തി-2026’ അഭ്യാസപ്രകടനം ഇന്നലെ (2026 ഫെബ്രുവരി 27) രാഷ്ട്രപതി ദ്രൗപദി മുർമു വീക്ഷിച്ചു. യുദ്ധസമാനമായ സാഹചര്യങ്ങളെ നേരിടാൻ സജ്ജമാക്കിയ ഒരു സംയോജിത പോരാട്ടവേദിയായാണ് വായു ശക്തി സംഘടിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ ധീരതയും അർപ്പണബോധവും പ്രൊഫഷണൽ മികവുമാണ് വായു ശക്തി-2026ൽ പ്രദർശിപ്പിച്ചത്. യുദ്ധസാഹചര്യങ്ങളിൽ അതിവേഗത്തിലും കൃത്യതയോടെയും ആക്രമണം നടത്താനുള്ള വ്യോമസേനയുടെ ശേഷി പ്രകടിപ്പിക്കുകയായിരുന്നു ഈ അഭ്യാസപ്രകടനത്തിൻ്റെ പ്രധാന ലക്ഷ്യം. വിവിധ യുദ്ധവിമാനങ്ങൾ, യാത്രാവിമാനങ്ങൾ, ആക്രമണ ഹെലികോപ്റ്ററുകൾ എന്നിവ അഭ്യാസത്തിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി ഇടപെട്ടു.

മരുഭൂമിയിൽ മുഴങ്ങിക്കേട്ട വിമാനങ്ങളുടെ ശബ്ദവും കൃത്യതയാർന്ന ബോംബാക്രമണവും ഇന്ത്യൻ വ്യോമസേനയുടെ ആധുനിക പോരാട്ടവീര്യത്തിൻ്റെയും പ്രവർത്തനക്ഷമതയുടെയും വ്യക്തമായ നേർക്കാഴ്ചയായിരുന്നു. റഫാൽ, സുഖോയ് Su-30MKI, എച്ച്.എ.എൽ തേജസ്, മിറാഷ് 2000 തുടങ്ങി വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ എയർ-ടു-ഗ്രൗണ്ട് ഗൈഡഡ് ബോംബുകളും മിസൈലുകളും ഉപയോഗിച്ച് ശത്രുക്കളുടെ ബങ്കറുകൾ, റൺവേകൾ, കമാൻഡ് സെൻ്ററുകൾ എന്നിവ തകർത്തു. ഇതിനുപുറമെ, ബോയിംഗ് അപ്പാച്ചെ, ബോയിംഗ് ചിനൂക്ക് ഹെലികോപ്റ്ററുകൾ താഴ്ന്നു പറന്നുള്ള റോക്കറ്റ്-ഗൺ ആക്രമണങ്ങളും, യുദ്ധഭൂമിയിൽ നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കലും, ദുർഘടമായ സ്ഥലങ്ങളിൽ യുദ്ധസാമഗ്രികളുടെ വിതരണവും വിജയകരമായി നിർവ്വഹിച്ചു.

ആയുധശേഷിയുടെ പ്രദർശനം എന്നതിലുപരി, സാങ്കേതികവിദ്യയുടെയും ഏകോപനത്തിൻ്റെയും ചടുലമായ പ്രതികരണ ശേഷിയുടെയും ഒത്തുചേരൽ കൂടിയായിരുന്നു ‘വായു ശക്തി-2026’. പകലും രാത്രിയും ഒരുപോലെ പോരാടാനുള്ള ശേഷി ഈ അഭ്യാസത്തിൽ പ്രകടമായി. വ്യോമാധിപത്യം, കരസേനയ്ക്കുള്ള പിന്തുണ, ലോജിസ്റ്റിക്കൽ സഹായം തുടങ്ങിയ സംയോജിത യുദ്ധതന്ത്രങ്ങൾ ഇതിൽ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ വ്യോമസേന ഒരു ബഹുമുഖ സൈനികശക്തിയാണെന്നും രാജ്യത്തിൻ്റെ പ്രതിരോധത്തിൻ്റെ പ്രധാന സ്തംഭമാണെന്നും വായുശക്തി-2026 വീണ്ടും അടിവരയിട്ടു.

***
( റിലീസ് ഐ.ഡി: 2233826)
സന്ദര്‍ശക കൗണ്ടര്‍ : 58