റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

അടിസ്ഥാന സൗകര്യ ആധുനികവത്കരണം വേഗത്തിലാക്കാൻ 871 കോടി രൂപയുടെ പ്രധാന ശേഷി, കണക്റ്റിവിറ്റി പദ്ധതികൾക്ക് അനുമതി നല്കി ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും ശേഷി വർദ്ധിപ്പിക്കുന്നതിന് തുറവൂർ - മാരാരിക്കുളം പാത ഇരട്ടിപ്പിക്കലിനായി (21.10 കി.മീ), 450.59 കോടി രൂപ

പോസ്റ്റഡ് ഓണ്‍: 26 FEB 2026 5:18PM by PIB Thiruvananthpuram
ഭാവിയിലേക്ക് സജ്ജമായതും ഉയർന്ന ശേഷിയുള്ളതുമായ റെയിൽ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള പരിവർത്തനാത്മകമായ ശ്രമങ്ങൾ തുടർന്നുകൊണ്ട് നോർത്തേൺ, സതേൺ, ഈസ്റ്റേൺ റെയിൽവേ സോണുകളിലായി നിരവധി തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഇന്ത്യൻ റെയിൽവേ അനുമതി നല്കി. കോച്ച് അറ്റകുറ്റപ്പണി ആവാസവ്യവസ്ഥ ആധുനികവത്കരിക്കുക, തിരക്കേറിയ പാതകളിലെ തിരക്ക് കുറയ്ക്കുക, പ്രവർത്തനപരമായ തടസ്സങ്ങൾ ഇല്ലാതാക്കുക, യാത്രക്കാരുടെ സൗകര്യങ്ങളും ചരക്ക് നീക്കത്തിനുള്ള ശേഷിയും ഗണ്യമായി വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.

നോർത്ത് വെസ്റ്റേൺ റെയിൽവേയിലെ ശ്രീ ഗംഗാനഗർ സ്റ്റേഷനിൽ കോച്ച് അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ വികസനം (ഘട്ടം-I): 174.2644 കോടി രൂപ

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്റ്റേഷനിൽ ഒന്നാം ഘട്ടത്തിന് കീഴിലുള്ള കോച്ച് അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ വികസനത്തിന് 174.2644 കോടി രൂപ ഇന്ത്യൻ റെയിൽവേ അനുവദിച്ചു. എൽ.എച്ച്.ബി, വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ള ആധുനിക റോളിംഗ് സ്റ്റോക്കുകൾക്കായി അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന വിപുലമായ സംരംഭത്തിൻ്റെ ഭാഗമാണ് ഈ പദ്ധതി.

നിലവിൽ ലഭ്യമായ സൗകര്യങ്ങൾ ഇപ്പോഴത്തെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെങ്കിലും, ആധുനിക റെക്കുകളും  പുതിയ സർവ്വീസുകളും വർദ്ധിച്ചുവരുന്നതോടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ അത്യന്താപേക്ഷിതമായി മാറി. 600 മീറ്റർ നീളമുള്ള രണ്ട് വാഷിംഗ് ലൈനുകൾ, 650 മീറ്റർ നീളമുള്ള മൂന്ന് സ്റ്റേബ്ലിംഗ് ലൈനുകൾ, രണ്ട് പിറ്റ് ലൈനുകൾ, ഒരു വീൽ ലാത്ത് ലൈൻ, 650 മീറ്റർ നീളമുള്ള എഞ്ചിൻ എസ്കേപ്പ് ലൈൻ എന്നിവയുടെ നിർമ്മാണം അനുവദിക്കപ്പെട്ട പ്രവൃത്തികളിൽ ഉൾപ്പെടുന്നു. 120 മീറ്റർ നീളവും 24 മീറ്റർ വീതിയുമുള്ള ഒരു സിക്ക് ലൈൻ ഷെഡും വികസിപ്പിക്കും. കൂടാതെ, വാഷിംഗ് ലൈനിന് മുകളിലൂടെ കൺവെൻഷണൽ ഓവർ ഹെഡ് എക്യുപ്‌മെൻ്റ് (OHE) സിൻക്രോണൈസ്ഡ് ജാക്കുകൾ, ഫോർക്ക് ലിഫ്റ്റുകൾ, ഇലക്ട്രിക് ഓവർ ഹെഡ് ട്രാവലിംഗ് (EOT) ക്രെയിനുകൾ, ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാൻ്റ്  തുടങ്ങിയ ആധുനിക യന്ത്രസാമഗ്രികളും പ്ലാൻ്റുകളും സജ്ജീകരിക്കും.

പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ, ശരാശരി അറ്റകുറ്റപ്പണി ശേഷി പ്രതിദിനം ആറ് റെക്കുകൾ കൂടി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും തടസ്സമില്ലാത്ത റെക്ക് നീക്കത്തെ പിന്തുണയ്ക്കുകയും ഈ മേഖലയിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും.

നോർത്ത് വെസ്റ്റേൺ റെയിവേയിലെ ലാൽഗഡിൽ കോച്ച് അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ വർദ്ധനവ് (ഘട്ടം-II): 139.6820 കോടി രൂപ

ബിക്കാനീർ മേഖലയിൽ വന്ദേ ഭാരത്, എൽ.എച്ച്.ബി സർവ്വീസുകളുടെ വ്യാപനം മൂലം വർദ്ധിച്ചുവരുന്ന അറ്റകുറ്റപ്പണി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, രാജസ്ഥാനിലെ ലാൽഗഡിൽ രണ്ടാം ഘട്ടത്തിന് കീഴിലുള്ള കോച്ചിംഗ് അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ വർദ്ധനവിനായി 139.6820 കോടി രൂപ ഇന്ത്യൻ റെയിൽവേ അനുവദിച്ചു.

ബിക്കാനീറിൽ കൂടുതൽ വികസനത്തിനുള്ള പരിമിതമായ സാധ്യത കണക്കിലെടുത്ത്, അത്യാധുനിക ട്രെയിൻ സെറ്റുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള, എല്ലാ സജ്ജീകരണങ്ങളുമുള്ള ഒരു ആധുനിക കോച്ചിംഗ് അറ്റകുറ്റപ്പണി ഡിപ്പോയായി ലാൽഗഡിനെ വികസിപ്പിക്കുകയാണ്. 600 മീറ്റർ നീളമുള്ള വാഷിംഗ് ലൈനിൻ്റെ നിർമ്മാണം, നാല് വാഷിംഗ് ലൈനുകൾക്ക് മുകളിൽ മൂടിയ ഷെഡ് സ്ഥാപിക്കൽ, സിക്ക് ലൈൻ 120 മീറ്റർ x 16 മീറ്റർ ആയി നീട്ടൽ, 1000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സർവ്വീസ് കെട്ടിടത്തിൻ്റെ നിർമ്മാണം എന്നിവ അനുവദിക്കപ്പെട്ട പ്രവൃത്തികളിൽ ഉൾപ്പെടുന്നു. നാലാം നമ്പർ വാഷിംഗ് ലൈനിന് മുകളിലൂടെ റിട്രാക്റ്റബിൾ ഓവർ ഹെഡ് എക്യുപ്‌മെൻ്റ് (OHE), രണ്ട് സിൻക്രോണൈസ്ഡ് കോച്ച് ലിഫ്റ്റിംഗ് സിസ്റ്റങ്ങൾ, രണ്ട് ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാൻ്റുകൾ, 25 ടൺ ഭാരമുള്ള രണ്ട് ഇ.ഒ.ടി ക്രെയിനുകൾ എന്നിവയുടെ സ്ഥാപനവും  പദ്ധതിയിൽ ഉൾപ്പെടുന്നു.

ഈ വിപുലീകരണം കൂടുതൽ വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടേയും മറ്റ് റോളിംഗ് സ്റ്റോക്കുകളുടേയും അറ്റകുറ്റപ്പണി തയ്യാറെടുപ്പുകൾ ഗണ്യമായി വർദ്ധിപ്പിക്കുകയും, അതുവഴി ഈ മേഖലയിൽ മെച്ചപ്പെട്ട വിശ്വാസ്യതയും വേഗത്തിലുള്ള ടേൺ എറൗണ്ട് സമയവും മികച്ച യാത്രാ സേവന ഫലങ്ങളും ഉറപ്പാക്കുകയും ചെയ്യും.

തുറവൂർ - മാരാരിക്കുളം പാത ഇരട്ടിപ്പിക്കൽ (21.10 കി.മീ), സതേൺ റെയിൽവേ: 450.59 കോടി രൂപ

കേരളത്തിലെ റെയിൽവേ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംരംഭമെന്ന നിലയിൽ, സതേൺ റെയിൽവേയുടെ കീഴിലുള്ള 21.10 കിലോമീറ്റർ ദൈർഘ്യമുള്ള തുറവൂർ - മാരാരിക്കുളം സെക്ഷൻ ഇരട്ടിപ്പിക്കുന്നതിനായി 450.59 കോടി രൂപ ഇന്ത്യൻ റെയിൽവേ അനുവദിച്ചു. തുറമുഖങ്ങളുമായി ബന്ധപ്പെട്ട ചരക്കുനീക്കവും വൻതോതിലുള്ള യാത്രാ തിരക്കും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ എറണാകുളം - ആലപ്പുഴ - കായംകുളം ഇടനാഴിയിലാണ് ഈ സെക്ഷൻ സ്ഥിതി ചെയ്യുന്നത്.

പാത ഇരട്ടിപ്പിക്കൽ പദ്ധതി പൂർത്തിയാകുന്നതോടെ ഓരോ ദിശയിലേക്കും പ്രതിദിനം ഒമ്പത് വീതം അധിക പാസഞ്ചർ ട്രെയിനുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും. കൂടാതെ, പ്രതിവർഷം ഏകദേശം 2.88 ദശലക്ഷം ടൺ അധിക ചരക്ക് നീക്കവും ഇത് സുഗമമാക്കും. ചരക്ക് ട്രെയിനുകൾ പിടിച്ചിടുന്നത് 17 മുതൽ 19 മിനിറ്റ് വരെയും പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നത് ഏകദേശം 12 മുതൽ 15 മിനിറ്റ് വരെയും കുറയ്ക്കാൻ ഇതിലൂടെ സാധിക്കും, ഇത് ഗണ്യമായ സമയലാഭത്തിന് കാരണമാകും. നിലവിൽ ഈ സെക്ഷൻ അതിൻ്റെ പരമാവധി ശേഷി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നത് തിരക്ക് കുറയ്ക്കുന്നതിനും കൃത്യനിഷ്ഠ മെച്ചപ്പെടുത്തുന്നതിനും ഈ ഇടനാഴിയുടെ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട ചരക്ക് നീക്കത്തിന് ഈ പദ്ധതി വലിയ പിന്തുണ നല്കും. ഇത് സുഗമമായ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾക്കും മേഖലയുടെ സാമ്പത്തിക വികസനത്തിനും സംഭാവന നല്കും.

കാളിപഹാരി ബൈപാസ് ലൈൻ (4.75 കി.മീ), ഈസ്റ്റേൺ റെയിൽവേ: 107.10 കോടി രൂപ

പശ്ചിമ ബംഗാളിലെ അസൻസോൾ മേഖലയിലെ പ്രവർത്തനപരമായ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഈസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള 4.75 കിലോമീറ്റർ ദൈർഘ്യമുള്ള കാളിപഹാരി ബൈപാസ് ലൈനിൻ്റെ നിർമ്മാണത്തിന് 107.10 കോടി രൂപ ഇന്ത്യൻ റെയിൽവേ അനുവദിച്ചു.

നിലവിൽ, സൗത്ത് ഈസ്റ്റേൺ റെയിൽവേയ്ക്കും ഈസ്റ്റേൺ റെയിൽവേയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ എഞ്ചിൻ മാറ്റുന്നതിനായി അസൻസോൾ യാർഡിൽ പ്രവേശിക്കേണ്ടതുണ്ട്. ഇത് തിരക്കിനും അനാവശ്യമായി ട്രെയിനുകൾ പിടിച്ചിടുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമമല്ലാത്ത ഉപയോഗത്തിനും കാരണമാകുന്നു. നിർദ്ദിഷ്ട ബൈപാസ് ലൈൻ ഈ രണ്ട് സോണുകൾക്കിടയിൽ നേരിട്ടുള്ള കണക്റ്റിവിറ്റി നല്കുകയും യാർഡിലെ എഞ്ചിൻ മാറ്റത്തിൻ്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും.

ഈ പദ്ധതിയിലൂടെ പ്രതിദിനം ഏകദേശം ഒമ്പത് ചരക്ക് ട്രെയിനുകൾക്ക് ഏകദേശം 90 മിനിറ്റും എട്ട് കോച്ചിംഗ് ട്രെയിനുകൾക്ക് ഏകദേശം 30 മിനിറ്റും സമയലാഭം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാർഡിലെ തിരക്ക് കുറയ്ക്കുകയും പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യുന്നതിലൂടെ, ഈ ബൈപാസ് ലൈൻ ശേഷി വർദ്ധിപ്പിക്കുകയും ടേൺ എറൗണ്ട് സമയം കുറയ്ക്കുകയും ചെയ്യും. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ മേഖലകളിലൊന്നിലെ കാര്യക്ഷമത ഇത് ഗണ്യമായി മെച്ചപ്പെടുത്തും.

ഈ പദ്ധതികൾക്ക് അനുമതി നല്കുന്നതിലൂടെ ആധുനികവും കാര്യക്ഷമവും ഉയർന്ന ശേഷിയുള്ളതുമായ റെയിൽ ശൃംഖല എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യൻ റെയിൽവേ കൂടുതൽ മുന്നേറുകയാണ്. അറ്റകുറ്റപ്പണി ആധുനികവത്കരണം, പാത ഇരട്ടിപ്പിക്കൽ, തിരക്ക് കുറയ്ക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളിലൂടെ യാത്രക്കാർക്കും വ്യവസായങ്ങൾക്കും വേഗതയേറിയതും സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമായ സേവനങ്ങൾ നല്കാനുള്ള പ്രതിജ്ഞാബദ്ധത റെയിൽവേ ഉറപ്പിക്കുന്നു. ഒപ്പം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ല് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
 
***

( റിലീസ് ഐ.ഡി: 2233273) സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക: Tamil , English , हिन्दी , Gujarati , Kannada