റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ റെയിൽവേയിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നവസംരംഭകരെയും സ്റ്റാർട്ടപ്പുകളെയും വ്യവസായ മേഖലകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുന്ന റെയിൽ ടെക് പോര്‍ട്ടലും ക്ലെയിംസ് ട്രിബ്യൂണലിലെ നടപടിക്രമങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണവും മൂന്നും നാലും പരിഷ്കാരങ്ങളായി പ്രഖ്യാപിച്ചു

52 ആഴ്ചകൾ 52 പരിഷ്കാരങ്ങൾ സംരംഭത്തിന് കീഴില്‍ റെയിൽ ടെക് നയം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്; റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിൻ്റെ സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണത്തിന് ഇ-ആർസിടി സംവിധാനവും ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 26 FEB 2026 3:54PM by PIB Thiruvananthpuram

സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഭരണനിർവഹണത്തിലേക്കും നൂതനാശയത്തിലൂന്നിയ പരിവർത്തനത്തിലേക്കും വലിയ മുന്നേറ്റം ലക്ഷ്യമിട്ട് 'റെയിൽ ടെക്' നയവും റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിൻ്റെ സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണവും കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ റെയിൽവേയുടെ അഭിമാനകരമായ "52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ" എന്ന സംരംഭത്തിന് കീഴിലെ മൂന്നാമത്തെയും നാലാമത്തെയും പരിഷ്കാരങ്ങളായാണ് ഇവ പ്രഖ്യാപിച്ചത്.

റെയിൽ ടെക് നയപരിഷ്കാരം

ഇന്ത്യൻ റെയിൽവേയിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നവസംരംഭകരെയും സ്റ്റാർട്ടപ്പുകളെയും വ്യവസായ മേഖലകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിക്കാനാണ് റെയിൽ ടെക് നയം ലക്ഷ്യമിടുന്നത്. നൂതനാശയക്കാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലളിതമാക്കുന്ന പുതിയ നയം ഇതിനായി പ്രത്യേക "റെയിൽ ടെക് പോർട്ടൽ" അവതരിപ്പിക്കുന്നു. നൂതനാശയങ്ങള്‍ കൊണ്ടുവരുന്നവര്‍ക്കും വകുപ്പുതല ഉപയോക്താക്കള്‍ക്കും ആശയങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക് ഒറ്റഘട്ടത്തില്‍ നിർദേശങ്ങൾ സമർപ്പിക്കാവുന്ന വിശദമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഉപയോക്തൃ സൗഹൃദ ഘടനയില്‍ പ്രവര്‍‍ത്തിക്കുന്ന ഈ നയത്തിലൂടെ ആശയ വിപുലീകരണ ധനസഹായം മൂന്ന് മടങ്ങിലധികം വർധിപ്പിക്കുകയും മാതൃകകള്‍ വികസിപ്പിക്കാനും പരീക്ഷണങ്ങൾക്കും നൽകുന്ന പരമാവധി തുക ഇരട്ടിയാക്കുകയും ചെയ്തു.

ആനകളുടെ സാന്നിധ്യം തിരിച്ചറിയുന്ന എഐ അധിഷ്ഠിത സംവിധാനം, ട്രെയിന്‍ കോച്ചുകളിലെ എഐ അധിഷ്ഠിത അഗ്നിശമന സംവിധാനം, റെയിൽപാതയിലെ വിള്ളൽ കണ്ടെത്താന്‍ ഡ്രോൺ അധിഷ്ഠിത സംവിധാനം, റെയിൽപാത സമ്മര്‍ദ നിരീക്ഷണ സംവിധാനം, പാർസൽ വാനുകളിലെ സെൻസർ അധിഷ്ഠിത ഭാര പരിശോധനാ ഉപകരണം, കോച്ചുകളിലെ സോളാർ പാനലുകൾ, എഐ അധിഷ്ഠിത കോച്ച് ശുചീകരണ നിരീക്ഷണ സംവിധാനം, മൂടൽമഞ്ഞിൻ്റെ സാഹചര്യങ്ങളിൽ തടസങ്ങൾ കണ്ടെത്തുന്ന സംവിധാനം, എഐ അധിഷ്ഠിത പെൻഷൻ - തർക്ക പരിഹാര സംവിധാനങ്ങൾ എന്നിവയാണ് പ്രധാന നൂതനാശയ മേഖലകൾ.

റെയിൽവേയിൽ സാങ്കേതികവിദ്യയുടെ വ്യാപകവും വ്യവസ്ഥാപിതവുമായ കടന്നുവരവിന് വഴിയൊരുക്കുന്ന രീതിയിലാണ് റെയിൽ ടെക് നയം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മൂന്നാം പരിഷ്കാരത്തെക്കുറിച്ച് വിശദീകരിച്ച ശ്രീ വൈഷ്ണവ് പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും നൂതനാശയക്കാര്‍ക്കും ലളിതവും അർത്ഥപൂര്‍ണവുമായ തരത്തില്‍ ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെടാനാവണമെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച സാങ്കേതിക ആശയങ്ങളുമായി ആർക്കും റെയിൽ ടെക് പോർട്ടലിലൂടെ റെയിൽവേയെ സമീപിക്കാം.  ഇത് പൂർണമായും ഡിജിറ്റലായ സംവിധാനമായിരിക്കുമെന്നും കരാറുകാരെ തിരഞ്ഞെടുക്കുന്നതിന് കർശന നിബന്ധനകളിലൂന്നിയ പഴയ രീതിയിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും നടപ്പാക്കാനും മുൻഗണന നൽകുന്ന ലളിതമായ ചട്ടക്കൂട് സൃഷ്ടിക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രതിരോധ രംഗത്തെ ഐ-ഡെക്സ് സംരംഭം, ഐടി-ടെലികോം മന്ത്രാലയങ്ങളിലെ സ്റ്റാർട്ടപ്പ് ചട്ടക്കൂടുകൾ തുടങ്ങിയ വിജയകരമായ മാതൃകകള്‍ പഠിച്ച ശേഷമാണ് റെയിൽ ടെക് നയം രൂപകല്പന ചെയ്തതെന്ന് ശ്രീ വൈഷ്ണവ് പ്രസ്താവിച്ചു. ഈ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് നടപടിക്രമങ്ങളിലെ തടസ്സങ്ങൾ നീക്കി സുതാര്യവും ലളിതവുമായ നൂതനാശയ- സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ് റെയിൽവേ ശ്രമിച്ചത്. ഇത് വിജയിക്കുന്നപക്ഷം മറ്റ് മേഖലകൾക്കും മാതൃകയാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സ്റ്റാർട്ടപ്പോ നൂതനാശയക്കാരനോ പ്രായോഗികമായ ഒരു സാങ്കേതിക പരിഹാരം (ഉദാഹരണത്തിന്, റെയിൽവേ ട്രാക്കുകൾക്ക് സമീപം ആനകളെ കണ്ടെത്താന്‍ സഹായിക്കുന്ന എഐ ക്യാമറ സംവിധാനം) നിർദേശിച്ചാൽ അതിൻ്റെ വികസനത്തിനാവശ്യമായ തുകയുടെ 50 ശതമാനം വരെ നല്‍കി റെയിൽവേ പിന്തുണയ്ക്കുമെന്ന് ധനസഹായ ഘടനയെക്കുറിച്ച് വിശദീകരിക്കവെ അദ്ദേഹം കുറിച്ചു. പദ്ധതി വിജയിച്ചാൽ  വൻതോതിൽ അവ നടപ്പാക്കാന്‍ ദീർഘകാല ഓർഡറുകൾ നൽകും. ഈ നയം കേവലം പരീക്ഷണമല്ലെന്നും  മറിച്ച് വിജയകരമായ നൂതനാശയങ്ങൾ വിപുലമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും  അദ്ദേഹം പറഞ്ഞു.  

യാത്രക്കാരുടെ സുരക്ഷയ്ക്ക് എഐ അധിഷ്ഠിത നിരീക്ഷണ ക്യാമറ സംവിധാനങ്ങൾ ഉൾപ്പെടെ മേഖലകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. കേരളത്തിലെ സമീപകാല സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കുറ്റവാളികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ച കാര്യം അദ്ദേഹം പരാമർശിച്ചു. കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തുന്ന സംവിധാനങ്ങൾക്കും യാത്രക്കാരുടെ സുരക്ഷയിലൂന്നിയ സാങ്കേതികവിദ്യകൾക്കും റെയിൽവേ സുരക്ഷ ശക്തമാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍പാളങ്ങളിലെ തകരാറുകൾ അപകടങ്ങളിലേക്ക് നയിക്കുന്നതിന് മുന്‍പുതന്നെ അവ കണ്ടെത്താൻ റഡാർ, എഐ, ഇൻഫ്രാറെഡ് ക്യാമറകൾ, അൾട്രാസോണിക് സാങ്കേതികവിദ്യ എന്നിവ ഉപയോഗപ്പെടുത്തുന്ന അത്യാധുനിക റെയില്‍പാള നിരീക്ഷണ സംവിധാനങ്ങളുടെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. റെയില്‍പാളങ്ങള്‍ക്ക് മേലെ വൈദ്യുതിസംവിധാനങ്ങളിലെ  തകരാറുകൾ മുൻകൂട്ടി കാണാനാവുന്ന പ്രവചനാത്മക സാങ്കേതികവിദ്യകളിൽ സ്റ്റാർട്ടപ്പുകൾ ഇതിനകം  പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

റെയിൽപാതകളിലെ വിള്ളലുകളും വൈദ്യുതോപകരണങ്ങളിലെ തകരാറുകളും ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തുന്ന രീതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വിരമിച്ച റെയിൽവേ ജീവനക്കാരുടെ പെൻഷൻ രേഖകളുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും സാങ്കേതിക വിദ്യകൾ ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവർത്തനപരവും ഭരണപരവുമായ മേഖലകളിൽ സമഗ്രമായ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുരോഗമന ചിന്താഗതിയോടെയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.   

ഇ-ആർസിടി: റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ കേസുകൾ തീർപ്പാക്കുന്നതിലെ പരിഷ്കാരം

റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിൻ്റെ സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണവും എഐ അധിഷ്ഠിത പരിവർത്തനവുമാണ് നാലാം പരിഷ്കാരമായി ശ്രീ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഇ-ആർസിടി സംവിധാനം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിൻ്റെ പ്രവർത്തനങ്ങളെ പൂർണമായി കമ്പ്യൂട്ടർവൽക്കരിക്കാനും ഡിജിറ്റലാക്കാനും സഹായിക്കും. നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതും വിധി പുറപ്പെടുവിക്കുന്നതും കൂടുതൽ വേഗത്തിലാക്കാനും സുതാര്യമാക്കാനും രാജ്യത്തിൻ്റെ ഏത് ഭാഗത്തുനിന്നും ലഭ്യമാക്കാനും ഇത് സഹായിക്കും.

രാജ്യത്തുടനീളം 23 ആർസിടി ബെഞ്ചുകളുണ്ടെന്നും നിലവിൽ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കുന്നത്  വലിയ വെല്ലുവിളിയാണെന്നും ശ്രീ വൈഷ്ണവ് പ്രസ്താവിച്ചു. പ്രത്യേകിച്ച് ഒരു അപകടം നടക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏത് അധികാരപരിധിയിലെ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് പലപ്പോഴും വലിയ പ്രശ്നമാകാറുണ്ട്.

നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കുന്നത് ലളിതവും ഡിജിറ്റലുമാക്കുകയെന്നതിനൊപ്പം  രാജ്യത്തെവിടെയും ഇത് ലഭ്യമാക്കുകയെന്നതും പരിഷ്കാരത്തിൻ്റെ ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.  പുതിയ സംവിധാനത്തിന് കീഴിൽ യാത്രക്കാർക്ക് അവരുടെ സ്ഥലം പരിഗണിക്കാതെ യാത്രയ്ക്കിടയിലോ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമോ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാം. ഇ-ഫയലിങ് മുതൽ കേസ് വിവര സംവിധാനം വരെ മുഴുവൻ പ്രക്രിയകളും ഡിജിറ്റലാക്കുകയും  എഐ അധിഷ്ഠിതമാക്കുകയും ചെയ്യും. അടുത്ത 12 മാസത്തിനകം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിൻ്റെ എല്ലാ ബെഞ്ചുകളും ഈ സംരംഭത്തിന് കീഴിൽ പൂര്‍ണമായി ഡിജിറ്റലായി മാറുമെന്ന് ശ്രീ വൈഷ്ണവ് വ്യക്തമാക്കി.

ഈ മാതൃക വിജയിക്കുന്നപക്ഷം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പോലെ മറ്റ് ട്രിബ്യൂണലുകളിലേക്കും സമാന ഡിജിറ്റൽ പരിഹാരങ്ങൾ വ്യാപിപ്പിക്കാനാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതിവേഗ നടപടികൾ, മെച്ചപ്പെട്ട സുതാര്യത, നീതി നിർവഹണത്തിൽ ജനകേന്ദ്രീകൃത സമീപനം എന്നിവ ഉറപ്പാക്കുകയാണ് ഇതിൻ്റെ  ലക്ഷ്യമെന്നും ശ്രീ വൈഷ്ണവ് വ്യക്തമാക്കി.  

ഭൗതിക ഫയലിങില്‍നിന്ന് ഡിജിറ്റൽ സേവനത്തിലേക്ക്

നേരത്തെ കേസുകൾ ഫയൽ ചെയ്യാനും രേഖകൾ സമർപ്പിക്കാനും കേസിൻ്റെ പുരോഗതി അറിയാനുമെല്ലാം നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരും അഭിഭാഷകരും ട്രിബ്യൂണൽ ഓഫീസുകളിൽ നേരിട്ട് എത്തണമായിരുന്നു. ഇത് യാത്രയ്ക്കും സമയനഷ്ടത്തിനും നടപടിക്രമങ്ങളിലെ കാലതാമസത്തിനും കാരണമായി. ഇ-ആർസിടി സംവിധാനം നിലവിൽ വരുന്നതോടെ എവിടെനിന്നും എപ്പോഴും ഓൺലൈനായി കേസുകൾ ഫയൽ ചെയ്യാനാവും. ഇത് കേസുകളിൽ ഉൾപ്പെട്ടവർക്ക് സൗകര്യവും സുതാര്യതയും വർധിപ്പിക്കുന്നു.

റെയിൽവേ അപകടങ്ങളിലെയും അനിഷ്ട സംഭവങ്ങളിലെയും മരണത്തിനും പരിക്കിനും ചരക്കുകൾ നഷ്ടപ്പെടുകയോ വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നതിനും നഷ്ടപരിഹാരം, ടിക്കറ്റ് നിരക്കിൻ്റെയും ചരക്ക് കൂലിയുടെയും റീഫണ്ട് തുടങ്ങിയ പരാതികളിലാണ് 1987-ലെ റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ നിയമപ്രകാരം രൂപീകരിച്ച ഈ ട്രിബ്യൂണൽ വിധി നിർണയിക്കുന്നത്. നിലവിൽ ഇന്ത്യയിലെ 21 നഗരങ്ങളിലായി 23 ബെഞ്ചുകളാണ് പ്രവർത്തിക്കുന്നത്. പ്രധാന ബെഞ്ച് ഡൽഹിയിലാണ്. ഓരോ ബെഞ്ചിലും ഒരു ജുഡീഷ്യൽ അംഗവും ഒരു സാങ്കേതിക അംഗവും ഉൾപ്പെടുന്നു.

കടലാസ് രഹിത കോടതികൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം

ഇ-ആർസിടി സംവിധാനം 23 ബെഞ്ചുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റലായി ബന്ധിപ്പിക്കുന്നു. ഇതിൻ്റെ സവിശേഷതകള്‍:

  • കടലാസ് രഹിത കോടതി പ്രവർത്തനം.

  • ഡിജിറ്റലാക്കിയ കേസ് നടപടിക്രമങ്ങൾ.

  • പരാതികളും നോട്ടീസുകളും ഓൺലൈനായി കൈമാറൽ.

  • ദൈനംദിന ഉത്തരവുകളും വിധിന്യായങ്ങളും ഓൺലൈനായി പുറപ്പെടുവിക്കൽ.

  • ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദേശങ്ങൾക്കനുസൃതമായി ഹൈബ്രിഡ് (നേരിട്ടും വെർച്വലായും) വാദംകേള്‍ക്കല്‍. 

കൂടാതെ എല്ലാ ആർസിടി ബെഞ്ചുകൾക്കും പരിഷ്കരിച്ച ഡൈനാമിക് മൈക്രോസൈറ്റും ഇതിൻ്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കി സുതാര്യത ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു..

ഇ-ആർസിടിയുടെ പ്രധാന ഘടകങ്ങൾ  

ഈ പ്ലാറ്റ്‌ഫോമിന് മൂന്ന് പ്രധാന ഭാഗങ്ങളുണ്ട്:

  1.  ഇ-ഫയലിങ് 

  • എവിടെനിന്നും ഏതു സമയത്തും ഓൺലൈനായി നഷ്ടപരിഹാരത്തിന് അപേക്ഷയും നിയമരേഖകളും സമർപ്പിക്കാം.   

  • ഹർജികൾ, സത്യവാങ്മൂലങ്ങൾ, അനുബന്ധ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യാന്‍ സൗകര്യം.   

  • എസ്.എം.എസ്, ഇ-മെയിൽ എന്നിവ വഴി അപ്പപ്പോൾ ലഭിക്കുന്ന രസീത്.

  • ഓൺലൈൻ പരിശോധനയ്ക്കും പിഴവുകൾ അറിയിക്കാനും വീണ്ടും സമർപ്പിക്കാനും സംവിധാനം.  

  1. കേസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 

  • എല്ലാ കേസുകളുടെയും കേന്ദ്രീകൃത വിവരശേഖരം. 

  • ഓട്ടോ-അലോക്കേഷനും കേസ് രജിസ്ട്രേഷനും.  

  • കേസ് ഫയൽ ചെയ്യുന്നത് മുതൽ അന്തിമ തീർപ്പാക്കൽ വരെ തത്സമയം നിരീക്ഷിക്കാന്‍ സൗകര്യം.   

  • സമയക്രമം നിശ്ചയിക്കല്‍, വാദംകേള്‍ക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പുരോഗതി വിലയിരുത്തൽ എന്നിവ.  

  1. ഡോക്യുമെൻ്റ് മാനേജ്‌മെൻ്റ് സിസ്റ്റം  

  • വാദമുഖങ്ങൾ, നോട്ടീസുകൾ, സമൻസുകൾ, ഉത്തരവുകൾ, വിധികൾ എന്നിവയുടെ ഡിജിറ്റൽ ശേഖരം.  

  • ഡിജിറ്റലായി ഒപ്പുവെച്ച രേഖകൾ. 

  • കേസ് ഫയലുകളും ഉത്തരവുകളും എളുപ്പത്തിൽ വീണ്ടെടുക്കാന്‍  സൗകര്യം.  

  • വീണ്ടെടുക്കല്‍ സംവിധാനത്തോടുകൂടിയ സുരക്ഷിതവും വിശ്വസനീയവുമായ റെക്കോർഡ് നിര്‍വഹണം.

ഹൈബ്രിഡ് ഇ-ഹിയറിങുകളും ഓട്ടോമേറ്റഡ് നടപടിക്രമങ്ങളും

ഓൺലൈൻ വാദംകേള്‍ക്കല്‍, ഡിജിറ്റൽ തെളിവുകള്‍ രേഖപ്പെടുത്തൽ, കക്ഷികളുമായി ഇലക്ട്രോണിക് ആശയവിനിമയം എന്നിവ ഈ സംവിധാനം സുഗമമാക്കുന്നു. മനുഷ്യ ഇടപെടൽ കുറയ്ക്കുന്ന ഈ സംവിധാനം കാര്യക്ഷമത വർധിപ്പിക്കുന്നു.  

അതിവേഗവും സുതാര്യവും ജനസൗഹൃദവുമായ നീതി നിർവഹണം

ഇ-ആർസിടി സംവിധാനം നൽകുന്ന നേട്ടങ്ങൾ:

  • ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ അതിവേഗ കേസ് നടപടികൾ.

  • യാത്രാ തടസ്സങ്ങളില്ലാതെ ഓൺലൈനായി വാദംകേള്‍ക്കലുകളില്‍ പങ്കെടുക്കാമെന്നതിനാൽ കേസുകൾ മാറ്റിവെക്കുന്നത് കുറയുന്നു.

  • ഡിജിറ്റൽ അറിയിപ്പുകളിലൂടെ കേസ് നില തത്സമയം അറിയാം.

  • ഉത്തരവുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കായി കാത്തിരിക്കാതെ അവ ഓൺലൈനായി ലഭ്യമാകും.

  • യാത്ര, പ്രിൻ്റിങ്, കൊറിയർ ചെലവുകൾ കുറയുന്നതിലൂടെ പണം ലാഭിക്കാം.

  • കേസുകളുടെ എണ്ണം, പ്രവണതകള്‍ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാകും.

പരിശോധന എളുപ്പമാക്കുന്നതിലൂടെയും മികച്ച സമയക്രമങ്ങളിലൂടെയും ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിലൂടെയും ഈ സംവിധാനം പരാതിക്കാര്‍ക്കും അഭിഭാഷകര്‍ക്കും റെയിൽവെയ്ക്കും  ട്രിബ്യൂണലുകള്‍ക്കും ഒരുപോലെ ഗുണകരമാകും. 

ജനറൽ കോച്ചുകളുടെ തുടർച്ചയായ ശുചീകരണം, ചരക്കുനീക്ക ശേഷി വർധിപ്പിക്കാന്‍ ഗതിശക്തി കാർഗോ ടെർമിനലുകൾ 500-ലധികം കേന്ദ്രങ്ങളായി വ്യാപിപ്പിക്കുന്നത് എന്നിങ്ങനെ മറ്റ് രണ്ട് പ്രധാന പരിഷ്കാരങ്ങൾ "52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ" എന്ന സംരംഭത്തിന് കീഴിൽ ഈ മാസം ആദ്യം കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്  പ്രഖ്യാപിച്ചിരുന്നു.

 

***

( റിലീസ് ഐ.ഡി: 2233266) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Marathi , English , Urdu , हिन्दी , Gujarati , Odia , Tamil , Kannada