ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഔദ്യോഗിക ആധാർ കേന്ദ്രങ്ങൾ ഗൂഗിൾ മാപ്‌സിൽ പ്രദർശിപ്പിക്കാൻ യുഐഡിഎഐയും ഗൂഗിളും കൈകോർക്കുന്നു

പോസ്റ്റഡ് ഓണ്‍: 26 FEB 2026 2:48PM by PIB Thiruvananthpuram
രാജ്യത്തുടനീളം ജനങ്ങള്‍ക്ക് ആധാർ സേവനങ്ങൾ കൂടുതൽ സുഗമമായും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിന് ഔദ്യോഗിക ആധാർ കേന്ദ്രങ്ങൾ ഗൂഗിൾ മാപ്‌സിൽ പ്രദർശിപ്പിക്കാന്‍ യൂനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും  ഗൂഗിളും കൈകോർത്തു. മുതിർന്നവരുടെ ആധാര്‍ പേരുചേര്‍ക്കല്‍, കുട്ടികളുടെ പേരുചേര്‍ക്കല്‍,  വിലാസവും മൊബൈൽ നമ്പറും പുതുക്കൽ തുടങ്ങി ലഭ്യമായ സേവനങ്ങളനുസരിച്ച് ആധാർ കേന്ദ്രങ്ങൾ തിരിച്ചറിയാൻ ഈ സംരംഭം ജനങ്ങളെ സഹായിക്കും. കൂടാതെ ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിങ് സൗകര്യം, പ്രവർത്തന സമയം തുടങ്ങിയ വിവരങ്ങളും അവ ലഭ്യമായ ഇടങ്ങളിൽ കാണാം.  ഇത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും.വരും മാസങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പൊതുജനസൗകര്യം മെച്ചപ്പെടുത്താനും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും അത്യാധുനിക ആധാർ സേവാ കേന്ദ്രങ്ങൾ ഉൾപ്പെടെ രാജ്യത്തെ 60,000-ത്തിലേറെ ആധാർ കേന്ദ്രങ്ങളിലേക്ക് തടസരഹിത പ്രവേശനം ഉറപ്പാക്കാനുമാണ്  സഹകരണം വിഭാവനം ചെയ്തിരിക്കുന്നത്. ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ അംഗീകൃത ആധാർ കേന്ദ്രങ്ങളിലേക്ക്  തന്നെ നയിക്കുന്നുവെന്ന്  ഈ സംവിധാനം ഉറപ്പാക്കും.

ആധാർ കാർഡുടമകളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിലാണ് യുഐഡിഎഐ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും  ഔദ്യോഗിക ആധാർ കേന്ദ്രങ്ങൾ കണ്ടെത്തുന്നത് കൂടുതൽ ലളിതവും വേഗമാര്‍ന്നതും സുതാര്യവുമാണെന്ന് ഈ സഹകരണം ഉറപ്പാക്കുമെന്നും യുഐഡിഎഐ സിഇഒ ശ്രീ ഭുവനേഷ് കുമാർ പറഞ്ഞു.
 

 
സഹകരണത്തിന്റെ അടുത്ത ഘട്ടത്തിൽ കേന്ദ്രങ്ങളുമായി  ബന്ധപ്പെട്ട വിവരങ്ങൾ നിയന്ത്രിക്കാനും ജനങ്ങളുടെ പ്രതികരണങ്ങൾക്ക് നേരിട്ട് മറുപടി നൽകാനും യുഐഡിഎഐ 'ഗൂഗിൾ ബിസിനസ് പ്രൊഫൈൽ' ഉപയോഗിക്കും. ഇതിലൂടെ സുതാര്യവും പ്രതികരണാത്മകവുമായ സേവന സംവിധാനം ഉറപ്പാക്കാനാവും.  

ഭാവിയിൽ ഗൂഗിൾ മാപ്‌സ് വഴി നേരിട്ട് സമയക്രമം ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്നത് സംബന്ധിച്ചും പങ്കാളിത്തത്തിലൂടെ പരിശോധിക്കും.  ജനങ്ങള്‍ക്ക്  സന്ദർശനങ്ങൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ ഇത് വഴിയൊരുക്കും.  
അംഗീകൃത ആധാർ കേന്ദ്രങ്ങളെ സംയോജിപ്പിക്കാന്‍ യുഐഡിഎഐയുമായി കൈകോർക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് പേര്‍ക്ക് വിശ്വസനീയ  സേവനങ്ങൾ ആത്മവിശ്വാസത്തോടെ കണ്ടെത്താന്‍ ഗൂഗിള്‍ വഴിയൊരുക്കുന്നുവെന്നും  അവശ്യ സർക്കാർ അടിസ്ഥാന സൗകര്യങ്ങളും അവ ഏറ്റവുമധികം ആവശ്യമായ ജനങ്ങളും തമ്മിലെ അകലം കുറയ്ക്കാന്‍ ഇതുവഴി സാധിക്കുന്നുവെന്നും ഗൂഗിൾ ഇന്ത്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് ദേശീയ മേധാവി  ശ്രീമതി റോളി അഗർവാൾ പറഞ്ഞു.
 
SKY
 
*****

( റിലീസ് ഐ.ഡി: 2233084) സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu , Kannada