തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ദേശീയ-ഭരണഘടനാ താല്പര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളും ദേശീയ വട്ടമേശ സമ്മേളനത്തില്‍ തീരുമാനിച്ചു

പോസ്റ്റഡ് ഓണ്‍: 25 FEB 2026 4:18PM by PIB Thiruvananthpuram
  1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും ദേശീയ വട്ടമേശ സമ്മേളനം ഇന്നലെ (2026 ഫെബ്രുവരി 24 ചൊവ്വ) ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സമാപിച്ചു. 
  2. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന സമ്മേളനത്തിൽ 30 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  
  3. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയകരമായി സംഘടിപ്പിച്ച ദേശീയ വട്ടമേശ സമ്മേളനത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പ്രശംസിച്ചു. സമ്മേളനം എല്ലാ വർഷവും നടത്താൻ കേന്ദ്ര - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ തീരുമാനിച്ചു.  
  4. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ 'ദേശീയ പ്രഖ്യാപനം 2026'  നടപ്പാക്കാന്‍ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളും തീരുമാനിച്ചു. സംശുദ്ധ വോട്ടർ പട്ടിക തയ്യാറാക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമ്മേളനം വിലയിരുത്തി.
  5. ദേശീയ-ഭരണഘടനാ താല്പര്യങ്ങൾ മുൻനിർത്തി തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഏകോപിപ്പിക്കുന്നതിന് രാജ്യത്തെ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളുമായി ചേർന്ന് പരസ്പരം അംഗീകരിക്കാവുന്ന സംവിധാനങ്ങളും നിയമപരമായ ചട്ടക്കൂടുകളും വികസിപ്പിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചു. ഇതിലൂടെ ഇസിഐ-നെറ്റ്, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ, വോട്ടർ പട്ടികകൾ എന്നിവ പങ്കിടാനും ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിലെ (IIIDEM) ലോകോത്തര പരിശീലന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും.
  6. പഞ്ചായത്ത്, നഗരസഭ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും പാർലമെന്റ്,  നിയമസഭ  തിരഞ്ഞെടുപ്പ് നിയമങ്ങളും തമ്മിൽ ഏകോപനം കൊണ്ടുവരാനും ഭരണഘടനാ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സഹകരണം ശക്തിപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു. 
  7. കമ്മീഷന്റെ അന്താരാഷ്ട്ര  പരിപാടികളിൽ പങ്കെടുക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളോട്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യർത്ഥിച്ചു.
  8. സമ്മേളനത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നൽകിയ എല്ലാ നിർദേശങ്ങളും കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നേതൃത്വത്തില്‍ നിയമ-സാങ്കേതിക വിദഗ്ധരുടെ സംയുക്ത സംഘം വിശദമായി പരിശോധിക്കും. 
  9. ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭാവി പ്രവർത്തന പദ്ധതികൾ  മൂന്ന് മാസത്തിനകം കമ്മീഷന് സമർപ്പിക്കും.

***


( റിലീസ് ഐ.ഡി: 2232854) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Tamil