വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സ്വതന്ത്രവ്യാപാര കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ച് ഇന്ത്യയും ജിസിസി-യും

പോസ്റ്റഡ് ഓണ്‍: 24 FEB 2026 7:11PM by PIB Thiruvananthpuram

ഇന്ത്യയും ഗൾഫ് സഹകരണ സമിതിയും  (ജിസിസി) തമ്മിലെ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച  സംയുക്ത പ്രസ്താവനയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും ജിസിസി സെക്രട്ടറി ജനറൽ  ജസീം ബിന്‍  മുഹമ്മദ് അൽബുദൈവിയും 2026 ഫെബ്രുവരി 24-ന് ന്യൂഡൽഹിയിൽ  ഒപ്പുവെച്ചു. പരസ്പരം  പ്രയോജനകരമായ  സമഗ്ര കരാര്‍ സംബന്ധിച്ച ചർച്ചകൾക്ക് ഇതോടെ ഔദ്യോഗികമായി തുടക്കമായി. ഇരുപക്ഷത്തെയും വിശിഷ്ട പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെയ്ക്കല്‍ ചടങ്ങ്.

2026 ഫെബ്രുവരി 5-ന് ഒപ്പുവെച്ച മാര്‍ഗനിര്‍ദേശക തത്വങ്ങളും ഇന്നത്തെ സംയുക്ത പ്രസ്താവനയും ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലെ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ശ്രീ പിയൂഷ് ഗോയൽ വ്യക്തമാക്കി.  പങ്കിട്ട ചരിത്രത്തിലും സാംസ്കാരിക ബന്ധങ്ങളിലും അധിഷ്ഠിതമായ സൗഹൃദത്തിന്  വിപുലമായ സ്വതന്ത്ര വ്യാപാര കരാര്‍ കൂടുതൽ കരുത്തേകുമെന്ന്  അദ്ദേഹം പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങൾ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരസ്പര പൂരകമായ കഴിവുകൾ പ്രയോജനപ്പെടുത്തുന്ന ശക്തമായ  വ്യാപാര സംവിധാനത്തെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുന്നത്  സമയോചിതമാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.  

വ്യാപാരസംരംഭങ്ങള്‍ക്ക് കൂടുതൽ വ്യക്തതയും ഉറപ്പും നൽകുന്നതിലൂടെ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലെ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന  സുപ്രധാന ഉപാധിയായി സ്വതന്ത്ര വ്യാപാര കരാർ മാറുമെന്ന്  ജിസിസി സെക്രട്ടറി ജനറൽ ജസീം മുഹമ്മദ് അൽബുദൈവി അഭിപ്രായപ്പെട്ടു.

ഇന്ത്യ ചരിത്രപരമായി ദീർഘകാല ബന്ധം പുലര്‍ത്തുന്ന  സുപ്രധാന മേഖലയുമായി നടത്തുന്ന വ്യാപാരപ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന് കരാറില്‍ വലിയ സാധ്യതകളുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിത്ത കൂട്ടായ്മയാണ് ജിസിസി. 2024-25 സാമ്പത്തിക വർഷം ഇരുപക്ഷവും തമ്മിലെ ഉഭയകക്ഷി വ്യാപാരം 178.56 ബില്യൺ യുഎസ് ഡോളറിലെത്തി (കയറ്റുമതി: 56.87 ബില്യൺ ഡോളർ; ഇറക്കുമതി: 121.68 ബില്യൺ ഡോളർ). ഇത് ഇന്ത്യയുടെ ആഗോള വ്യാപാരത്തിൻ്റെ  15.42 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിട‌െ ജിസിസിയുമായി ഇന്ത്യയുടെ വ്യാപാരം പ്രതിവർഷം ശരാശരി 15.3 ശതമാനം വളർച്ചയോടെ സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്നു.

എന്‍ജിനീയറിങ് സാധനങ്ങൾ, അരി, തുണിത്തരങ്ങൾ, യന്ത്രസാമഗ്രികൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ജിസിസിയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ക്രൂഡ് ഓയിൽ, എൽഎൻജി, പെട്രോകെമിക്കൽസ്, സ്വർണം പോലുള്ള വിലയേറിയ ലോഹങ്ങൾ എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ജിസിസി രാജ്യങ്ങൾ ഒരുമിച്ച് 61.5 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന (2024)  വിപണിയാണ്. നിലവിലെ മൂല്യമനുസരിച്ച് 2.3 ട്രില്യൺ യുഎസ് ഡോളർ ജിഡിപി രേഖപ്പെടുത്തിയ  ജിസിസി മേഖല ഈ വിഭാഗത്തിൽ ആഗോളതലത്തിൽ ഒന്‍പതാം സ്ഥാനത്താണ്. 2025 സെപ്റ്റംബർ വരെ  ലഭ്യമായ കണക്കനുസരിച്ച് 31.14 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപവുമായി ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൻ്റെ    പ്രധാന സ്രോതസ്സുകൂടിയാണ് ജിസിസി രാജ്യങ്ങള്‍.

ഇരുപക്ഷവും തമ്മിലെ സജീവ ബന്ധത്തിൻ്റെ  കണ്ണിയായി പ്രവർത്തിക്കുന്ന ഏകദേശം ഒരു കോടിയോളം  ഇന്ത്യൻ പ്രവാസി സമൂഹം ജിസിസി രാജ്യങ്ങളിലുണ്ട്. ജനങ്ങൾ തമ്മിലെ  ഈ ശക്തമായ ബന്ധമാണ് ഇന്ത്യയ്ക്കും ജിസിസി രാജ്യങ്ങള്‍ക്കുമിടയിലെ  സൗഹൃദത്തിൻ്റെ  അടിത്തറ. മേഖലയിലുടനീളം ഇന്ത്യൻ കമ്പനികളുടെ ശക്തമായ സാന്നിധ്യം ഈ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെയ്ക്കുന്നതോടെ ഇരുപക്ഷവും തമ്മിലെ വ്യാപാരത്തിൻ്റെ  പൂർണ സാധ്യതകൾ പുറത്തെടുക്കാനും കയറ്റുമതി വൈവിധ്യവൽക്കരിക്കാനും സാമ്പത്തിക സംയോജനം ശക്തിപ്പെടുത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

***


( റിലീസ് ഐ.ഡി: 2232408) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Telugu