ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ ന്യൂഡൽഹിയിൽ 'ടൂറിസം നേതൃത്വ ഉച്ചകോടി 2026'-നെ അഭിസംബോധന ചെയ്തു

പോസ്റ്റഡ് ഓണ്‍: 24 FEB 2026 3:25PM by PIB Thiruvananthpuram

ഇന്ത്യ-യുഎസ് പങ്കാളിത്ത ഫോറം, സങ്കല ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ടൂറിസം നേതൃത്വ  ഉച്ചകോടിയെ  ഉപരാഷ്ട്രപതി  ശ്രീ സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു.

ടൂറിസത്തിന്റെ സാധ്യതകളെ ആഘോഷിക്കുക മാത്രമല്ല, യാത്രാ-ആതിഥേയ മേഖലകളിൽ ഇന്ത്യ-യുഎസ് സാമ്പത്തിക ഇടനാഴി ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ രൂപരേഖ തയ്യാറാക്കുകയും ചെയ്യുന്ന ഇത്തരമൊരു വേദി ഒരുക്കിയതിന് സംഘാടകരെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.

ടൂറിസം ഒരു വ്യവസായം എന്നതിലുപരി, സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണെന്നും, സാമ്പത്തിക അവസരങ്ങളുടെ ചാലകശക്തിയാണെന്നും, മൃദു നയതന്ത്രത്തിന്റെ (soft diplomacy) ശക്തമായ ആയുധമാണെന്നും ശ്രീ സി.പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിനോദസഞ്ചാര മേഖലയിലെ വളർച്ച, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം, പങ്കിട്ട മൂല്യങ്ങൾ, സംരംഭകത്വ മനോഭാവം, അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ ഊർജ്ജസ്വലത എന്നിവയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ  ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കവെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് കീഴിൽ ഇന്ത്യ 'ടൂറിസം വിഷൻ 2029' പ്രഖ്യാപിച്ചതായി ഉപരാഷ്ട്രപതി പറഞ്ഞു. ഓരോ സംസ്ഥാനത്തും ലോകോത്തര നിലവാരത്തിലുള്ള കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് കേവലം സൗന്ദര്യവൽക്കരണമല്ലെന്നും, മറിച്ച് മികച്ച ഗതാഗത സൗകര്യങ്ങൾ, സ്മാർട്ട് സൗകര്യങ്ങൾ, സുരക്ഷ, സുസ്ഥിരത, ഡിജിറ്റൽ സംയോജനം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു വിനോദസഞ്ചാര ആവാസവ്യവസ്ഥയാണ് വിഭാവനം ചെയ്യുന്നതെന്നും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ നാഗരിക പൈതൃകം, വൈവിധ്യമാർന്ന ഭൂപ്രകൃതി,യുവജനശക്തി എന്നിവയെ പരാമർശിച്ച അദ്ദേഹം,ആഗോളതലത്തിൽ വിനോദസഞ്ചാരത്തെ പുനർനിർവചിക്കാൻ ഇന്ത്യ സജ്ജമാണെന്ന് പ്രസ്താവിച്ചു. ഇന്ത്യയിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും അവയെ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സന്ദർശക സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, വിവരണകേന്ദ്രങ്ങൾ , മികച്ച യാത്രാസൗകര്യങ്ങൾ, സുസ്ഥിര രീതികൾ, ഡിജിറ്റൽ കഥപറച്ചിൽ എന്നിവ ഇതിനായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാര മേഖലയിലെ വളർച്ച പരിസ്ഥിതി ലക്ഷ്യങ്ങളുമായി ചേർന്നുപോകണമെന്നും,അവ കാലാവസ്ഥാ അവബോധത്തോടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക ജനവിഭാഗങ്ങൾ നയിക്കുന്ന ടൂറിസം മാതൃകകൾ, സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവയെ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീ സി.പി. രാധാകൃഷ്ണൻ  ഊന്നിപ്പറഞ്ഞു.

ബഹിരാകാശ രംഗം,ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ,പുനരുപയോഗ ഊർജം,നൂതന നിർമ്മാണ മേഖല എന്നിവയിലെ ഇന്ത്യയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പുതിയ തലമുറ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.കൂടാതെ,ടൂറിസം അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിർമ്മിതബുദ്ധി(AI) പോലുള്ള പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളിൽ ഒന്നായി ടൂറിസത്തെ വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, സമഗ്രവും സമൂഹാധിഷ്ഠിതവുമായ വളർച്ച ഉറപ്പാക്കുന്നതിന് പരിശീലനം, സംരംഭകത്വം, സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ആഹ്വാനം ചെയ്തു.

സുസ്ഥിരത, നവീകരണം, ഉൾക്കൊള്ളൽ, പങ്കിട്ട സമൃദ്ധി എന്നിവയാൽ നിർവചിക്കപ്പെടുന്ന ഇന്ത്യ -അമേരിക്ക സഹകരണത്തിന്റെ പുതിയൊരു അധ്യായത്തിന് ഈ ഉച്ചകോടി തുടക്കമിടുമെന്നും ശ്രീ സി.പി. രാധാകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു.

***


( റിലീസ് ഐ.ഡി: 2232179) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Telugu